LoginRegister

അലക്‌സാണ്ടറുടെ അന്ത്യാഭിലാഷം

സി കെ റജീഷ്‌

Feed Back


ബി സി നാലാം നൂറ്റാണ്ടില്‍ ജീവിച്ച പ്രശസ്ത ഭരണാധിപനായിരുന്നു അലക്‌സാണ്ടര്‍ ചക്രവര്‍ത്തി. അദ്ദേഹം മരണശയ്യയില്‍ കിടക്കുമ്പോള്‍ മൂന്ന് അന്ത്യാഭിലാഷങ്ങള്‍ പ്രകടിപ്പിച്ചു. തന്റെ ബന്ധുക്കളുടെ അറിവിലേക്കായി അദ്ദേഹം അത് രേഖപ്പെടുത്തിയത് ഇങ്ങനെയാണ്:
1. എന്റെ ശവമഞ്ചം ശ്മശാനത്തിലേക്ക് വഹിച്ചുകൊണ്ടുപോകേണ്ടത് എന്നെ ചികിത്സിച്ച ഭിഷഗ്വരന്മാരായിരിക്കണം. അതൊരു ശിക്ഷയായോ മറ്റോ കരുതരുത്. അത് ഒരു സത്യം വെളിപ്പെടുത്താനാണ്. ഒരു ഭിഷഗ്വരനും അന്തിമമായി ഒരാളുടെ ജീവന്‍ എന്നന്നേക്കുമായി നിലനിര്‍ത്താന്‍ കഴിയില്ല. മരണത്തിനു മുന്നില്‍ എല്ലാവരും നിസ്സഹായരാണ് എന്ന് ലോകം അറിയട്ടെ. ഈ ജീവിതത്തെ ലാഘവബുദ്ധിയോടെ നേരിടാന്‍ ഇടയാകരുത്.
2. ശ്മശാനത്തിലേക്ക് മൃതശരീരം കൊണ്ടുപോകുമ്പോള്‍ ഞാന്‍ സമ്പാദിച്ചതും സൂക്ഷിച്ചതുമായ വെള്ളിയും സ്വര്‍ണവും രത്‌നങ്ങളുമെല്ലാം ആ വീഥിയില്‍ വിതറട്ടെ. അങ്ങനെ മനുഷ്യരെല്ലാം അറിയട്ടെ, ഞാന്‍ സമ്പാദിച്ചതിന്റെ ഒരു തരി പോലും എനിക്ക് അങ്ങോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. പണത്തിനു പിന്നാലെ പാഞ്ഞ് സമയവും അധ്വാനവും വൃഥാവിലാക്കാന്‍ പാടില്ലെന്ന് ജനം മനസ്സിലാക്കട്ടെ.
3. എന്റെ ഇരുകൈകളും നിവര്‍ത്തിയ വിധത്തില്‍ ശവമഞ്ചത്തിന്റെ ഇരുവശങ്ങളിലേക്കും തൂങ്ങിക്കിടക്കട്ടെ. ഞാന്‍ ലോകത്ത് ശൂന്യമായ കരങ്ങളോടെ പിറന്നുവീണു. ഇവിടെ നിന്നു പോകുമ്പോഴും ശൂന്യമായ കരങ്ങളോടെ വിടപറഞ്ഞു എന്ന് മനുഷ്യരെല്ലാം അറിയട്ടെ.
മരണത്തിനു മുമ്പിലാണ് മനുഷ്യരെല്ലാം നിസ്സഹായരായി മാറുന്നത്. മരണത്തെക്കുറിച്ച് ഓര്‍ത്ത് മനുഷ്യന്‍ സദാ ഭീരുവാകുകയല്ല വേണ്ടത്. നമ്മുടെ ഈ ജീവിതത്തെ ഗൗരവപൂര്‍വം സമീപിക്കണമെന്ന് നമ്മെ പഠിപ്പിക്കുന്നത് മറ്റൊരാളുടെ മരണമാണ്. അന്തിമമായി മരണക്കയത്തില്‍ നിന്ന് ഒരാളെയും ആര്‍ക്കും രക്ഷപ്പെടുത്താനാകില്ല. മരണത്തെക്കുറിച്ചു ചിന്തിക്കുന്നവര്‍ക്ക് ജീവിതത്തെക്കുറിച്ച് യാഥാര്‍ഥ്യബോധമുണ്ടായിരിക്കും.
സമ്പാദ്യങ്ങള്‍ നല്ല നാളേക്കുള്ള നീക്കിയിരിപ്പാണ്. സമ്പാദ്യങ്ങളെ സുകൃതങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ ആ സമ്പാദ്യങ്ങള്‍ക്കാണ് ദീര്‍ഘായുസ്സുണ്ടാവുക.
അസൂയയും അഹങ്കാരവും അപരവിദ്വേഷവുമൊക്കെ മനസ്സിനെ മലീമസമാക്കുമ്പോള്‍ തെളിമയുള്ളതാക്കി മനസ്സിനെ കാത്തുവെക്കാന്‍ ഒന്നേ വഴിയുള്ളൂ. ശൂന്യമായ കരങ്ങളോടെ ഈ ഭൂമിയില്‍ വാസം തുടങ്ങിയവര്‍ ശൂന്യമായ കരങ്ങളോടെയും നിറഞ്ഞ മനസ്സോടെയും സ്രഷ്ടാവിലേക്ക് തിരിച്ചുചെല്ലേണ്ടവര്‍ ഓരോ നിമിഷവും ആത്മപരിശോധന നടത്തണമെന്ന് അല്ലാഹു പറയുന്നു. ”ഹേ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക, നാളേക്ക് എന്ത് മുന്നൊരുക്കമാണ് ചെയ്തുവെച്ചതെന്ന് ഓരോരുത്തരും ഒന്ന് ആലോചിച്ചുനോക്കട്ടെ” (ഖുര്‍ആന്‍ 59:18).

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top