LoginRegister

അനുമോന്റെ പുള്ളിക്കോഴി

കെ എ മജീദ്

Feed Back


കുഞ്ഞാപ്പയെയും ഉമ്മയെയും സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഒറ്റനോട്ടത്തില്‍ കുറവുകളൊന്നും തോന്നാത്ത വിധം എല്ലാം ക്ലീനാക്കി. സാധനങ്ങളെല്ലാം ഒതുക്കി വെച്ചു. കുഞ്ഞാപ്പയുടെ ഉമ്മക്ക് അത് ഇഷ്ടമായെന്ന് തോന്നുന്നു. സ്വീകരണവും ഭക്ഷണവും കഴിഞ്ഞ് കുശലാന്വേഷണത്തിനിടയില്‍ അവര്‍ അക്കാര്യം വ്യക്തമാക്കി.
”ഇത്ര വൃത്തിയും അടക്കവും ഒതുക്കവും ഞാന്‍ എവിടെയും കണ്ടിട്ടില്ല.”
അതു കേട്ടപ്പോള്‍ ഉമ്മയുടെ മുഖത്ത് അഭിമാനകരമായ ഒരു പുഞ്ചിരി തെളിയുന്നത് അനുമോന്‍ ശ്രദ്ധിച്ചു. എല്ലാം നിങ്ങള്‍ക്കു വേണ്ടി ഒരുക്കിയതാണെന്ന് അവന്റെ മനസ്സ് മന്ത്രിച്ചു. അവന്‍ സന്തോഷത്തോടെ കുഞ്ഞാപ്പയെയും കൂട്ടി പുറത്തേക്കു നടന്നു. അമ്മായി വരാന്തയിലെ ചാരു കസേരയില്‍ ഇരിക്കുന്നുണ്ടായിരുന്നു.
”എങ്ങോട്ടാ രണ്ട് ചങ്ങാതിമാരും കൂടി?” അവര്‍ പുറത്തു പോകുന്നതു കണ്ട് അമ്മായി ചോദിച്ചു.
”കുഞ്ഞാപ്പക്ക് പുള്ളിക്കോഴിയെ കാണണം.” അനുമോന്‍ പറഞ്ഞു.
അനുമോനെ കണ്ടപ്പോള്‍ പുള്ളിക്കോഴി അടുത്തേക്ക് ഓടി വന്നു. അവന്‍ അതിന്റെ അടുത്തിരുന്ന് തലയിലും തൂവലുകളിലും തലോടി. എത്ര അനുസരണയുള്ള കോഴി? അല്ലെങ്കില്‍ കോഴികളെ ഇങ്ങനെ അടുത്തിരുന്ന് തൊടാന്‍ കിട്ടുമോ? തന്റെ വീട്ടിലെ കോഴികള്‍ അടുത്തേക്കു ചെല്ലുമ്പോഴേക്ക് ഓടി മറയും. എന്നിട്ടല്ലേ തൊടുന്നത്?
”ഇവനെ നോക്കാനാണോ നീ അമ്മായിയെ കൂട്ടിക്കൊണ്ടു വന്നത്?”
കുഞ്ഞാപ്പ ചോദിച്ചത് അമ്മായി കേട്ടു. അവര്‍ ചിരിച്ചു.
”അതാ ഞാന്‍ പറഞ്ഞത് അവനെ നോക്കാനിപ്പോള്‍ ആള്‍ വേണ്ടെന്ന്. ഇന്നാള് ഒരു പൂച്ച വന്ന് ഇവന്റെ മുന്നില്‍പ്പെട്ട കഥ കേള്‍ക്കണോ?” അമ്മായി ചിരിയടക്കാന്‍ ശ്രമിച്ചു കൊണ്ട് ചോദിച്ചു.
കഥയെന്നു കേട്ടപ്പോള്‍ കുഞ്ഞാപ്പക്കു ജിജ്ഞാസയായി. അവന്‍ അമ്മായിയുടെ അടുത്തേക്കു ചെന്നു.
”അടുത്ത വീട്ടിലെ പൂച്ചയാണ്. മഹാ കള്ളി. ആരും ഇല്ലാത്ത തക്കം നോക്കി അടുക്കളയില്‍ കയറാന്‍ വന്നതാണ്. പാത്തും പതുങ്ങിയും ചെന്നു പെട്ടത് പുള്ളിക്കോഴിയുടെ മുന്നിലാണ്. പേടിച്ചു വിറച്ച പൂച്ച ഈ പേരമരത്തിലേക്കു പാഞ്ഞു കയറി. ഇവനുണ്ടോ വിടുന്നു? കൂടെ ഇവനും കയറി. പൂച്ച താഴേക്കു ചാടി പുറകെ ഇവനും. അവസാനം പൂച്ച വേലി ചാടി ഒരു വിധം രക്ഷപ്പെടുകയായിരുന്നു.”
അതു കേട്ട് കുഞ്ഞാപ്പ ചിരിച്ചു. അവന്‍ പേര മരത്തിലേക്കു നോക്കി. ഹായ്! മൂത്തു പഴുത്ത പേരക്കകള്‍!
”ഈ പേരക്കകള്‍ പറിക്കാറില്ലേ?” കുഞ്ഞാപ്പ ചോദിച്ചു.
”ഉണ്ട്, ഇക്കാക്കയാണ് പറിക്കുന്നത്. അവനേ അതില്‍ കയറാന്‍ കഴിയൂ.”
”ആരു പറഞ്ഞു. ഞാന്‍ പറിച്ചു തരാം.”
ഞൊടിയിടയില്‍ കുഞ്ഞാപ്പ മരത്തിന്റെ മുകളിലെത്തി. മരം കയറ്റത്തില്‍ അവന്‍ ഇക്കാക്കയേക്കാള്‍ വിദഗ്ധനാണെന്ന് അനുമോന് തോന്നി.
പെട്ടന്ന് അകത്തു നിന്ന് ഒരു പൊട്ടിച്ചിരി ഉയര്‍ന്നു. ഉമ്മമാരാണ്. അവര്‍ ഏതോ പഴയ സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് ചിരിക്കുകയാണ്. അവര്‍ വന്നതു മുതല്‍ താനത് ശ്രദ്ധിക്കുന്നുണ്ട്. രണ്ടു പേരും പഴയ ഓര്‍മകള്‍ പലതും അയവിറക്കി ചിരിക്കുന്നു. കേട്ടു കൊണ്ടിരിക്കാന്‍ രസമുണ്ട്. പക്ഷേ, കുഞ്ഞാപ്പ സമ്മതിക്കണ്ടേ? അവന്‍ തന്നെ പിടിച്ചു വലിച്ചു പുറത്തേക്കിറങ്ങുകയായിരുന്നു.
കുഞ്ഞാപ്പ മൂന്നു നാല് പേരക്കകള്‍ പറിച്ചെടുത്ത് അനുവിന് ഇട്ടു കൊടുത്തു. ഒന്ന് പിടി കൊട്ടുക്കാതെ അവന്റെ കൈയില്‍ നിന്ന് ഊര്‍ന്നു ചാടി.
”ഹായ്! നല്ല മധുരം!”
മരത്തില്‍ നിന്ന് താഴെ ഇറങ്ങിയ കുഞ്ഞാപ്പ പേരക്ക കടിച്ചു രസിച്ചു.
അവര്‍ കുറ്റിക്കാടുകളും പാറകളും നിറഞ്ഞ മേലെ കണ്ടത്തിലേക്കു നടന്നു. അതിനപ്പുറം വയലാണ്. വയലിനോടു ചേര്‍ന്നു ആണിത്തോട് ഒഴുകുന്നു.
”നമുക്ക് എങ്ങോട്ടാണ് പോകേണ്ടത്? വയലിലേക്കോ? പാറപ്പുറത്തേക്കോ?” അനുമോന്‍ ചോദിച്ചു.
രണ്ടും ഒരു പോലെ ഹൃദ്യമാണ്.
”വരൂ, നമുക്ക് ആ പാറപ്പുറത്തിരിക്കാം. അവിടെയിരുന്നാല്‍ വയലും കാണാം.”
അനുമോന്‍ കുഞ്ഞാപ്പയെയും കൂട്ടി മേലെ കണ്ടത്തിലേക്കു നടന്നു.
”ഇവിടെ ഒരു കുറുക്കനുണ്ട്. അവനെ പേടിക്കണം.” നടക്കുന്നതിനിടയില്‍ അനുമോന്‍ പറഞ്ഞു.
”അതെന്താ?” കുഞ്ഞാപ്പ ചോദിച്ചു.
”മഹാ സൂത്രശാലിയാണവന്‍. പതുങ്ങിയിരുന്ന് കോഴികളെ പിടിക്കാന്‍ മിടുക്കന്‍. എന്റെ പുള്ളിക്കോഴിയെയാണ് അവനിപ്പോള്‍ നോട്ടമിട്ടിരിക്കുന്നത്. അതു കൊണ്ടാ ഞാന്‍ അമ്മായിയോട് വരാന്‍ പറഞ്ഞത്.”
”അമ്മായിക്കു എന്തു ചെയ്യാനാനാവും?”
”കുറുക്കന്‍ വരുന്നത് അവര്‍ക്കു നേരത്തെ മനസ്സിലാക്കാന്‍ കഴിയും.”
”അതെങ്ങനെ?”
”അതാണ് അമ്മായി. ഒരു ഇലയനക്കം കേട്ടാല്‍ അത് ഏതു ജീവിയാണെന്ന് അവര്‍ക്കറിയാം.”
”ഈ സ്ഥലമെല്ലാം നിങ്ങളുടെതാണോ?” വിശാലമായ കുറ്റിക്കാടിലേക്കു നോക്കി കുഞ്ഞാപ്പ ചോദിച്ചു.
”അല്ല, ഇത് ഒരു വലിയ മുതലാളിയുടേതായിരുന്നു. അയാള്‍ മരിച്ചു. ഇപ്പോള്‍ അയാളുടെ മക്കളുടേതാ. അവര്‍ തമ്മില്‍ തര്‍ക്കത്തിലാ. കേസ് കോടതിയിലാണെന്നും അടുത്ത് വിധിയാകുമെന്നുമെല്ലാം ഉപ്പ പറയുന്നത് കേട്ടു. വിധിയായാല്‍ ഈ സ്ഥലം ഇതു പോലെയുണ്ടാവില്ല. ഇവിടെ കരിങ്കല്‍ ഫാക്ടറി തുടങ്ങുമത്രെ.”
അതു കേട്ടപ്പോള്‍ കുഞ്ഞാപ്പയുടെ മുഖം വാടി. എത്രയെത്ര മലകളും പാറകളുമാണ് സ്വാര്‍ഥ താല്‍പര്യത്തിനു വേണ്ടി മനുഷ്യന്‍ നശിപ്പിക്കുന്നത്.
”ഏതായാലും അടുത്ത കാലത്തൊന്നും ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.” അനുമോന്‍ പറഞ്ഞു.
കുഞ്ഞാപ്പ സംശയ ദൃഷ്ടിയോടെ അവനെ നോക്കി.
”ഒരാള്‍ക്കു വിധിയായാല്‍ മറ്റെയാള്‍ വേറെ കേസ് കൊടുക്കും.”
”ഹ…ഹ…ഹാ…!”
കുഞ്ഞാപ്പ പൊട്ടിച്ചിരിച്ചു.
”കുഞ്ഞാപ്പാ!” വീട്ടില്‍ നിന്ന് ഉമ്മയുടെ വിളി.
”അനൂ, ഉമ്മ വിളിക്കുന്നു. നമുക്ക് പോകാം.”
”നിനക്ക് ആണിത്തോട്ടില്‍ നിന്ന് മീന്‍ പിടിക്കണ്ടേ?” അനുമോന്‍ ചോദിച്ചു.
”അതിനു ഞാന്‍ പിന്നീട് വരാം.”
അവര്‍ ഒന്നും ഉരിയാടാതെ താഴേക്കിറങ്ങി. മനസ്സില്‍ നിറയെ സങ്കടമായിരുന്നു. അനുവിന് കുഞ്ഞാപ്പ പോകുന്നതിലുള്ള സങ്കടം. കുഞ്ഞാപ്പക്ക് അനുമോന്റെ കൂടെ കളിച്ചത് മതിയാവാത്ത സങ്കടം.
(തുടരും)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top