LoginRegister

അനുമോന്റെ പുള്ളിക്കോഴി

കെ എ മജീദ്

Feed Back


വിജനമായ സ്‌കൂള്‍. മൂകത തളംകെട്ടിനില്‍ക്കുന്ന അന്തരീക്ഷം. ഗേറ്റ് തള്ളിത്തുറന്ന് റഊഫ് സ്‌കൂള്‍ വളപ്പിലേക്ക് പ്രവേശിച്ചു. മുറ്റത്ത് കാക്കകള്‍ അവശിഷ്ടങ്ങള്‍ കൊത്തിപ്പെറുക്കി നടക്കുന്നുണ്ട്. അവനെ കണ്ടപ്പോള്‍ അവ അകലേക്കു പാറിയിരുന്നു. വരാന്തയില്‍ രണ്ടു ചെല്ലപ്പട്ടികള്‍. അല്‍പനേരം അവനെ സംശയദൃഷ്ടിയോടെ നോക്കിനിന്ന് അവര്‍ ഓടിമറഞ്ഞു.
”അനൂ…!” റഊഫ് ഉറക്കെ വിളിച്ചുനോക്കി. അവന്റെ ശബ്ദം സ്‌കൂള്‍ച്ചുവരുകളില്‍ തട്ടി പ്രതിധ്വനിച്ചു. അനുവിന്റെ ഒരു മറുപടിയുമില്ല. റഊഫ് വരാന്തയിലൂടെ നടന്നു. ജനലുകളും വാതിലുകളും ഭദ്രമാണ്. പാചകപ്പുരയിലെത്തി. പഴയ ഓര്‍മകള്‍ മനസ്സിലേക്കു കടന്നുവന്നു.
താനും അപ്പുണ്ണിയും കഞ്ഞിത്താത്തയെ പറ്റിച്ചു കടല വാരി വായിലിട്ടു. ചില കുട്ടികള്‍ അതു കണ്ടുപിടിച്ചു ഹെഡ് മാസ്റ്ററോട് പരാതി പറഞ്ഞു. കൈവെള്ളയില്‍ നല്ല പെട കിട്ടി. വലിയ പാഠമാണ് അന്നു പഠിച്ചത്. അന്യരുടെ സാധനങ്ങള്‍ എത്ര നിസ്സാരമാണെങ്കിലും സമ്മതം കൂടാതെ എടുക്കരുത്.
പെട്ടെന്ന് പരിസരബോധം വീണ്ടെടുത്തു. അവന്‍ ചിന്തയില്‍ നിന്നുണര്‍ന്നു. താന്‍ അനുവിനെ അന്വേഷിച്ചാണ് ഇവിടെ വന്നത്. വീണ്ടും ഒന്നുരണ്ടു തവണ ഉറക്കെ വിളിച്ചു. കിണറിനടുത്തേക്കു നടന്നു. പടച്ചോനേ, ഇതില്‍ അവനെ കാണരുതേ! നെഞ്ചിടിപ്പോടെ കിണറിലേക്കു നോക്കി. ഇല്ല, ആശ്വാസത്തോടെ പുറത്തേക്കു നടന്നു.
അപ്പോള്‍ അനു എവിടെ? കൂട്ടുകാരുടെ വീട്ടിലേക്കു പോയിട്ടുണ്ടാകുമോ? കുഞ്ഞാപ്പയാണ് അവന്റെ അടുത്ത ചങ്ങാതി. അവനോട് ചോദിച്ചു നോക്കാം. റഊഫ് കുഞ്ഞാപ്പയുടെ വീട് ലക്ഷ്യമാക്കി നടന്നു.
കാലികള്‍ മേയുന്ന വിജനമായ കുതിരേടത്ത് പറമ്പിലെത്തിയപ്പോള്‍ പള്ളിയില്‍ നിന്ന് മഗ്‌രിബ് ബാങ്ക് കേട്ടു. അടുത്ത നിമിഷം ഇരുട്ട് പരക്കും. എന്തു ചെയ്യണം? റഊഫ് ചുറ്റും നോക്കി. അകലെ കുഞ്ഞാപ്പയുടെ വീട്. ധൃതിയില്‍ അങ്ങോട്ടു നടന്നു. ചുറ്റും മരങ്ങള്‍ പച്ചക്കുട നിവര്‍ത്തി നില്‍ക്കുന്നതുകൊണ്ടാകാം ഇവിടെ ഇരുട്ട് നേരത്തെ സ്ഥാനമുറപ്പിച്ചത്.
കോളിങ് ബെല്ലില്‍ വിരലമര്‍ത്തിയപ്പോള്‍ ഒരു സ്ത്രീ വന്നു വാതില്‍ തുറന്നു. റഊഫിനെ അവര്‍ സംശയത്തോടെ നോക്കി. അനുമോന്റെ ഇക്കാക്കയാണെന്നു പറഞ്ഞപ്പോള്‍ സന്തോഷത്തോടെ മുറ്റത്തേക്കിറങ്ങിവന്നു സ്വീകരിച്ചു. അനുമോന്‍ വീട്ടിലെത്തിയില്ലെന്നു പറഞ്ഞപ്പോള്‍ അവര്‍ക്കും പരിഭ്രമമായി.
”അവന്‍ ഇവിടെ നിന്നു നേരത്തെ പോന്നിട്ടുണ്ടല്ലോ. ആ വീട്ടില്‍ അന്വേഷിച്ചോ? അവിടെ അമ്മായി ഉണ്ടെന്നു പറഞ്ഞ് അങ്ങോട്ടാണ് പോയത്.” സൈദുക്കായുടെ വീടിനു നേരെ വിരല്‍ ചൂണ്ടി അവര്‍ പറഞ്ഞു.
റഊഫ് സൈദുക്കായുടെ വീടിനു നേരെ നടന്നു. വീടിന്റെ വരാന്തയിലിരിക്കുന്ന ആളെ മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല. അമ്മായി!
ഇരുട്ടില്‍ മുറ്റത്തേക്കു കയറി വന്ന ആളെ തിരിച്ചറിയാനാവാതെ അമ്മായി തുറിച്ചു നോക്കി.
”അമ്മായീ, ഇത് ഞാനാ.” റഊഫ് പരിചയപ്പെടുത്തി.
”ആര്? റഊഫ് മോനോ? നീ അനുമോനെ അന്വേഷിച്ചു വന്നതാകും അല്ലേ?” അമ്മായി വിസ്മയത്തോടെ ചോദിച്ചു.
“അതെ, അവനെവിടെ?”
“അവനിവിടെയുണ്ട്. ഞാന്‍ കുറേ പറഞ്ഞതാ ഉമ്മ ബേജാറാകുംന്ന്.”
റഊഫിനു ശ്വാസം നേരെ വീണു. അവന്‍ ഇവിടെയുണ്ടല്ലോ. ആശ്വാസമായി.
ശബ്ദം കേട്ട് അനുമോന്‍ പുറത്തേക്കു വന്നു. അവന്‍ ഇക്കാക്കയെ നോക്കി ചിരിച്ചു. റഊഫിനു ചിരിയല്ല വന്നത്, ദേഷ്യമാണ്. ഇങ്ങനെയെല്ലാം മനുഷ്യനെ വട്ടം കറക്കിയിട്ട് ചിരിക്കുന്നോ?
പുറത്ത് ഇരുട്ട് കനക്കുകയായിരുന്നു. അവന്‍ ഇരുട്ടിലേക്കു നോക്കി. എത്രയും വേഗം വീട്ടിലെത്തണം. ഇല്ലെങ്കില്‍ ഉമ്മയും ഇത്താത്തയും പേടിക്കും. അവര്‍ ബഹളം വെച്ച് ആളുകളെ വിളിച്ചുകൂട്ടും. അതിനു മുമ്പ് വീടെത്തണം.
”വേഗം പോര്. നമുക്ക് പോകാം.” അവന്‍ അനുമോന്റെ നേരെ നോക്കി.
”അമ്മായിയുമുണ്ട്.” അനുമോന്‍ പറഞ്ഞു.
റഊഫ് അമ്മായിയുടെ നേരെ നോക്കി.
”പോരാതെ പറ്റില്ലല്ലോ. അതിനല്ലേ അവനിവിടെ വന്നത്?” അമ്മായി പറഞ്ഞു.
വീട്ടുകാര്‍ കൊണ്ടുവന്ന ചായ പോലും കുടിക്കാതെ റഊഫ് അമ്മായിയെയും അനുവിനെയും കൂട്ടി അവിടെ നിന്നിറങ്ങി.
”ഇതാ, ഈ ടോര്‍ച്ച് കൊണ്ടുപൊയ്‌ക്കോളൂ.” വീട്ടുകാരി ഓടിവന്ന് ഒരു ടോര്‍ച്ച് റഊഫിന്റെ കൈയില്‍ കൊടുത്തു. ടോര്‍ച്ച് തെളിച്ച് അവര്‍ വേഗം നടന്നു.
ഉമ്മയുടെ മനസ്സിലെ ഭാരവും കൂടിക്കൊണ്ടിരുന്നു. അനുമോനെ തിരഞ്ഞുപോയ റഊഫ് മോനെയും കാണുന്നില്ല. എന്തു പറ്റി? വല്ല അപകടത്തിലും പെട്ടോ? ഉമ്മയുടെ നിയന്ത്രണങ്ങളെല്ലാം നഷ്ടപ്പെടുകയാണ്. അവര്‍ മുറ്റത്തേക്കിറങ്ങി.
”ഉമ്മ എങ്ങോട്ടാ?” കുഞ്ഞുമോള്‍ ചോദിച്ചു.
”അവരെ കാണുന്നില്ല.” ഉമ്മയുടെ സ്വരം ഇടറുന്നുണ്ടായിരുന്നു.
”അവര്‍ വരും ഉമ്മാ. റഊഫ് പോയിട്ടുണ്ടല്ലോ.” ഇരുട്ടിലേക്കു നടക്കാന്‍ തുനിഞ്ഞ ഉമ്മയെ അവള്‍ പിടിച്ചുനിര്‍ത്തി.
”പടച്ചോനേ, എന്റെ കുട്ടികളെ കാക്കണേ!” ഇരുട്ടിലേക്കു തുറിച്ചുനോക്കി ഉമ്മ നെഞ്ചത്ത് കൈ വെച്ചു.
പെട്ടെന്ന് അകലെ നിന്ന് ടോര്‍ച്ചിന്റെ വെളിച്ചം. അത് അവരാകുമോ? ഉമ്മയും കുഞ്ഞിമോളും പ്രതീക്ഷയോടെ നോക്കി. അത് ഇങ്ങോട്ടു തന്നെയാണ് വരുന്നത്. പക്ഷേ, മൂന്നു പേരുണ്ടല്ലോ. മുന്നിലുള്ളത് ഒരു സ്ത്രീയാണെന്ന് തോന്നുന്നു. അവരുടെ പിറകിലായി രണ്ടു കുട്ടികളും. കണ്ണിമ പൂട്ടാതെ ഉമ്മ നോക്കിനിന്നു.
അവര്‍ അടുത്തെത്തിയപ്പോള്‍ സംശയത്തിന്റെ നിഴലുകള്‍ നീങ്ങി. മുന്നിലുള്ളത് അമ്മായിയാണ്. സന്തോഷത്തോടെ മുന്നോട്ടു ചെന്ന് അമ്മായിയുടെ കൈ പിടിച്ചു.
”ആരിത്? ഇത്താത്തയോ? ഇത്താത്തയ്ക്ക് എവിടന്നാ ഇവരെ കിട്ടിയത്?”
”ആ വര്‍ത്തമാനമൊന്നും പറയേണ്ട. ഒരു കോഴിയുടെ പേരില്‍ എന്തെല്ലാം പുകിലുകളാ ഈ അനുമോന്‍ വരുത്തി വെക്കുന്നത്?”
അമ്മായി ക്ഷീണത്തോടെ കസേരയിലിരുന്നു. ഉമ്മ വേഗം അകത്തു നിന്ന് വെള്ളം കൊണ്ടുവന്ന് അവര്‍ക്കു കൊടുത്തു.
”എന്റെ റഊഫ് മോന്‍ നല്ല കുട്ടിയാ.” റഊഫിനെ ചേര്‍ത്തുപിടിച്ചുകൊണ്ട് അമ്മായി പറഞ്ഞു.
(തുടരും)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top