തസ്രാക്ക് ഇന്നും ഇതിഹാസ കഥയിലെ അതേ നൈര്‍മല്യത്തോടെ ഗ്രാമ്യ ഭംഗിയില്‍ കുളിച്ചു നില്‍പ്പാണ്. പുതുനഗരം അങ്ങാടിയില്‍ നിന്ന് കുറച്ച് മുമ്പോട്ടു പോയാല്‍ വലതു ഭാഗത്തൊരു കവാടം കാണാം, അതാണ് തസ്രാക്കിലേക്കുള്ള വഴി. പാലക്കാടന്‍ ഗ്രാമങ്ങളുടെ വശ്യ മനോഹര ഹരിത കാന്തി പ്രഭചൊരിയുന്ന പാതയോരത്തുനിന്ന് സിമെന്റില്‍ തീര്‍ത്ത പണിപൂര്‍ത്തിയാവാത്ത കവാടം കടന്ന് രവിയുടെയും മൈമൂനയുടെയും അള്ളാപിച്ചാ മൊല്ലാക്കയുടെയും അപ്പുക്കിളിയുടെയും ഗ്രാമത്തിലേക്ക് പ്രയാണം തുടങ്ങി. ഇടുങ്ങിയ ഇരുണ്ട പാതകള്‍ക്കിരുവശവും മണ്‍മതിലുകളും മുള്‍വേലികളും അതിരിട്ടിരിക്കുന്നു. ഒരു തമിഴ് ഗ്രാമത്തിന്റെ ചേലുണ്ട് ചെറിയ കൂരകള്‍ക്കും പെട്ടിക്കടകള്‍ക്കും. കാലത്തിന്റെ രഥവേഗങ്ങളേല്‍ക്കാത്ത മണ്‍പാത കടന്ന് ഒ വി വിജയന്‍ സ്മാരകത്തില്‍ എത്താം.
പാലക്കാട് ജില്ലയിലെ കിണാശ്ശേരിയിലാണ് ഒ.വി വിജയന്‍ സ്മാരക ഗ്രാമം. സ്മാരക മന്ദിരത്തിന് ചുറ്റും പ്രശസ്ത ശില്‍പികളായ വി കെ. രാജന്‍, ജോസഫ് എം വര്‍ഗീസ്, ജോണ്‍സ് മാത്യു, ഹോച്മിന്‍ എന്നിവര്‍ ഒരുക്കിയ ശില്‍പങ്ങളുണ്ട്. കെട്ടിടത്തിന്റെ ചുമരില്‍ ഖസാക്കിന്റെ ഇതിഹാസം വരച്ചുവെച്ചിട്ടുണ്ട്.
മണ്‍ചുമരുകള്‍ക്ക് മേലെ മരക്കൂട്ടിനു മുകളില്‍ ഓട് പാകിയ കളപ്പുര കാലത്തിന്റെ പോറലുകളേല്‍ക്കാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അകത്തു കഥാകൃത്തിന്റെ കാര്‍ട്ടൂണുകളും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇടനാഴികളിലൂടെ നടക്കുമ്പോള്‍ കഥാപാത്രങ്ങള്‍ ഓരോന്നായി വന്ന് തോണ്ടി വിളിക്കുന്ന പോലെ.
മജീദ്ക്കയാണ് ഈ സ്മാരക സൗധത്തിന്റെ കാവല്‍ക്കാരന്‍. ഒ വി വിജയന്റെ പെങ്ങള്‍ ശാന്ത തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയത്തില്‍ പഠിപ്പിച്ചിരുന്ന കാലം മജീദ്ക്കാക്ക് വയസ് അഞ്ചാണ്. ടീച്ചര്‍ താമസിച്ചിരുന്ന മാധവന്‍ നായരുടെ ഈ ഞാറ്റുപുരയില്‍ 22 ദിവസമാണ് വിജയന്‍ പെങ്ങളുടെ കൂടെ താമസിച്ചത്. ചെറുപ്പക്കാരനായ കഥാകൃത്ത് കളപ്പുരയുടെ ചാരുപടിയിലിരുന്ന് കാര്‍ട്ടൂണ്‍ വരച്ചത് ഇന്നലെ പോലെ മജീദ്ക്ക ഓര്‍ത്തെടുക്കുന്നു. ഇന്നത്തെ മദ്രസയുടെ സ്ഥാനത്തായിരുന്നു ആ പള്ളിക്കൂടം. ഒമ്പത് ദിവസം വിശ്വ കഥാകൃത്തിനോടൊപ്പം കഴിഞ്ഞതിന്റെ മധുരിക്കുന്ന സ്മരണകളിലാണ് എഴുപതിലും മജീദ്ക്ക സ്മാരകത്തിന്റെ എല്ലാമെല്ലാമായി നില്‍ക്കുന്നത്.
മജീദ്ക്കയുടെ പതിനേഴാം വയസിലാണ് ‘ഖസാക്കിന്റെ ഇതിഹാസം’ പുറത്തിറങ്ങിയത്. അതിനും കൊല്ലങ്ങള്‍ക്ക് ശേഷമാണത്രെ തസ്രാക്കിന്റെ കഥയാണിതെന്ന് ഇവിടത്തുകാര്‍ തിരിച്ചറിയുന്നത്. അന്ന് മുതല്‍ മജീദ്ക്ക കഥാകാരനെ തേടി നടപ്പായി, ഒടുവില്‍ തസ്രാക്കിന്റെ കഥാഭൂമികയില്‍ കഥാകാരനെത്തി, കഥാപാത്രങ്ങള്‍ കാലത്തിന്റെ ചാക്രികതയില്‍ കറങ്ങിനടന്നുതുടങ്ങിയിരുന്നു. മരിക്കുന്നതിന് ഏഴ് ദിവസം മുമ്പും ഒ വി ഖസാക്കിലെത്തിയിരുന്നെന്ന് മജീദ്ക്ക.
കളപ്പുരയും ചുറ്റുമുള്ള സ്ഥലവും അറബിക്കുളവും ഇന്ന് സ്മാരക സമിതിയുടെ ഉടമസ്ഥതയിലാണ്. ഖസാക്കിലെ രവി പഠിപ്പിച്ചിരുന്ന ഏകാധ്യാപക വിദ്യാലയം ഇപ്പോഴും അവിടെ തന്നെയുണ്ട്. ഒ.വി. വിജയന്‍ സ്മാരക മന്ദിരത്തിനടുത്ത്.
മനോഹരമായ ഒരു ചെറിയ ഗ്രാമമാണ് തസ്രാക്ക്. കുഞ്ഞു വീടുകളും വയലും നിറയെ മരങ്ങളും പച്ചപ്പുമുള്ള തനി നാടന്‍ ഗ്രാമം. ‘ഖസാക്കിന്റെ ഇതിഹാസം’ വായിച്ചവര്‍ക്ക് തസ്രാക്കിലേക്കുള്ള യാത്ര വേറിട്ട അനുഭവമായിരിക്കും. കഥയും കഥാപാത്രങ്ങളുമുള്ള ഒരു ഗ്രാമത്തിലൂടെ കുട്ടികളുമൊത്ത് നടന്നുകാണുന്നത് വലിയ അനുഭവമായിരിക്കും.
യാത്രകള്‍ കാഴ്ചകള്‍ കാണാനുള്ളത് മാത്രമല്ലല്ലോ.