LoginRegister

അതിരുവിടലല്ല സ്വാതന്ത്ര്യം

Feed Back


സ്വാതന്ത്ര്യത്തെക്കുറിച്ച് ഒട്ടേറെ കാഴ്ചപ്പാടുകൾ നിലവിലുണ്ട്. ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യവും വ്യക്തിയുടെ സ്വാതന്ത്ര്യവും രണ്ട് വിധത്തിലുള്ളതാണ്. എല്ലാവിധ നിയമ നിയന്ത്രണങ്ങളിൽ നിന്നും കുതറിമാറുന്നതിനെ സ്വാതന്ത്ര്യം എന്ന് വിളിക്കാനാവില്ല. വ്യക്തിസ്വാതന്ത്ര്യത്തെ അങ്ങനെ കരുതുന്ന ചിലരുണ്ട്. വിലക്കുകളില്ലാത്ത ലോകമാണ് അവരുടെ സ്വപ്നം. പക്ഷെ, യഥാർഥത്തിൽ ആ ലോകം ഒട്ടും സന്തോഷം നൽകുന്നതല്ല. ഒരു രാജ്യത്തെ തന്നെ ഉദാഹരണമായി നോക്കൂ. നീതിപൂർവകമായ നിയമ വ്യവസ്ഥ ഇല്ലാതിരുന്ന ഒരു കാലം നമ്മുടെ രാജ്യത്തുണ്ടായിരുന്നു. ബ്രിട്ടീഷുകാർ നാട് ഭരിച്ചത് ഇന്ത്യക്കാരെ രണ്ടാം പൗരന്മാരാക്കിയാണ്. ഇന്ത്യയിലെ മനുഷ്യവിഭവശേഷിയും മറ്റും ചൂഷണം ചെയ്താണ് അവർ അധികാരം നിലനിർത്തിയത്. ഇതിനെതിരെ നമ്മുടെ പൂർവികർ പോരാട്ടം നടത്തി. ഇന്ത്യയുടെ ഭരണഘടന ഇന്ത്യക്കാർ തയ്യാറാക്കുമെന്നായിരുന്നു നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ പ്രഖ്യാപനം. ഈ രാജ്യത്തിന് വേണ്ടി ഈ രാജ്യക്കാർ നിയമമുണ്ടാക്കി. ആ ഭരണഘടന അനുസരിച്ച് മുന്നോട്ടുപോകുമ്പോൾ മാത്രമാണ് ഈ രാജ്യത്ത് ശാന്തിയും സമാധാനവും ഉണ്ടാവുന്നത്. അതായത് നിയമങ്ങളും നിയന്ത്രണങ്ങളുമാണ് യഥാർഥ ജീവിതം നമുക്ക് സമ്മാനിക്കുന്നത്.
വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ നിയന്ത്രണങ്ങളെ ഇല്ലാതാക്കിയാൽ നമുക്ക് ജീവിതം സന്തോഷകരമാവുമോ? ഇല്ലെന്നാണ് അനുഭവങ്ങൾ നമ്മോട് പറയുന്നത്. വിലക്കുകളില്ലാത്ത ജീവിതം നടുക്കടലിൽ പെട്ട പോലെയാണ്. അപ്പോൾ, രാജ്യത്തിന് ഭരണഘടന എന്ന പോലെ വ്യക്തികൾക്ക് ജീവിതനിയമങ്ങൾ വേണം. നിയമങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യമല്ല നാം ആഘോഷിക്കുന്നത്. മറിച്ച്, നിയമങ്ങളെ ആദരിക്കാനും പാലിക്കാനുമുള്ള നമ്മുടെ മനസ്സിന്റെ ഇച്ഛയാണ് നാം ആഘോഷിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ചുവെന്നതിനർഥം ജീവിത നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ നിയമങ്ങൾ നമുക്ക് ലഭ്യമായി എന്നാണ്. ഏത് നിയമസംഹിതയാണ് നല്ലത് എന്ന് തിരഞ്ഞെടുക്കാനുള്ള നമ്മുടെ കഴിവാണ് യഥാർഥ സ്വാതന്ത്ര്യം. രാജ്യമായിരുന്നാലും വ്യക്തിയായിരുന്നാലും നല്ലത് ഏതെന്ന് മനസ്സിലാക്കാനുള്ള കഴിവ് പ്രധാനമാണ്. ആ കഴിവ് ഉപയോഗപ്പെടുത്തുന്നവർക്കേ സ്വാതന്ത്ര്യം അനുഭവിക്കാനാവൂ.
സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ നന്മകളെ തിരിച്ചറിയാനുള്ള ശേഷി നാം നേടിയിട്ടുണ്ടോ എന്ന് ആത്മവിചിന്തനം ചെയ്യുന്നത് നല്ലതാണ്. എങ്കിൽ മാത്രമേ ആത്യന്തികമായ നന്മയും തിന്മയും തിരിച്ചറിഞ്ഞ് സ്വാതന്ത്ര്യം അനുഭവിക്കുന്നവരായി മാറാൻ നമുക്ക് സാധിക്കുകയുള്ളൂ.

എഡിറ്റർ

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top