ഇംഗ്ലീഷ് ഭാഷയില്‍ ഞാന്‍ ആദ്യമായി എഴുതിയ ‘ആംനസ്റ്റി’ എന്ന നോവലിന്റെ പ്രകാശനം മാര്‍ച്ച് 11-ന് കൊച്ചിയില്‍ വെച്ചു സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങളാണ് നിര്‍വഹിച്ചത്. ആംനസ്റ്റി അഥവാ പൊതുമാപ്പ് എന്ന വാക്ക് എത്രമേലാണ് മനുഷ്യകുലത്തിന് ആശ്വാസമാകേണ്ടത് എന്ന മുനവ്വറിന്റെ വാക്കുകള്‍ ചര്‍ച്ചയാവേണ്ടത് എന്നത്തേക്കാളും അത്യന്താപേക്ഷിതമായിരിക്കുന്ന ഒരു കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്.
നമ്മള്‍ ദേശത്തെ, ഭാഷയെ എല്ലാം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ പ്രകൃതിയെ, ജീവജാലങ്ങളെ, മനുഷ്യനെയൊക്കെ സ്‌നേഹിക്കാന്‍ ചില ചട്ടക്കൂടുകള്‍ ഉണ്ടാക്കുന്നവരുമാണ്. അതിരുകള്‍ കെട്ടി അതിനുള്ളിലേക്ക് ആരെങ്കിലും പ്രവേശിക്കുന്നത് താങ്ങാനാവാതെ പ്രതികരിക്കുന്നവര്‍. സ്വന്തം സ്ഥലത്തുള്ള ഒരു മാവില്‍ നിന്നു മാങ്ങ പഴുത്തു ചീഞ്ഞു താഴെ വീണുപോയാലും അതിലെ പോകുന്ന ഒരു കൊച്ചുകുട്ടി അത് എടുത്തു കഴിച്ചാല്‍ വാളെടുത്ത് അങ്കത്തിനു പോകുന്നവര്‍.
വീടകങ്ങളില്‍ പോലും അതിരുകള്‍ നിശ്ചയിച്ചു വര്‍ഷങ്ങളോളം ശീതയുദ്ധം നടത്തുന്നവര്‍. അച്ഛനും അമ്മയും കുട്ടികളും തമ്മില്‍ പരസ്പരം മുഖം നോക്കി ഒന്ന് ക്ഷമ പറയാനോ, പോട്ടെ സാരമില്ല എന്നു പറയാനോ പോലും സാധിക്കാത്ത ഈഗോ ഉള്ളവര്‍.
മുമ്പെന്നോ ലംഘിച്ച ഒരു അതിര്‍ത്തിയുടെ പേരില്‍ മരണം വരെ മിണ്ടാതെ നടക്കുന്നവര്‍, ഞാന്‍ മരിച്ചാല്‍ എന്റെ മയ്യിത്തു പോലും അവനെ അല്ലെങ്കില്‍ അവളെ കാണിക്കരുതെന്നു ശട്ടം കെട്ടുന്നവര്‍… ദേശസ്‌നേഹം ഉള്ളതുപോലെ മനുഷ്യസ്‌നേഹം നമുക്കിടയില്‍ എന്നാണ് ഉണ്ടാവുക എന്ന് ആ പ്രകാശനച്ചടങ്ങില്‍ മുനവ്വര്‍ ചോദിച്ചു.
സഹിഷ്ണുതയും ക്ഷമയും സ്‌നേഹവുമെല്ലാം നമ്മുടെ നിത്യജീവിതത്തില്‍ നമ്മോടു ചേര്‍ന്നുനില്‍ക്കുന്നവരോട് കാണിക്കാന്‍ മനുഷ്യന് എന്താണ് സാധിക്കാത്തതെന്ന് എഴുത്തുകാരനും പ്രിയ സുഹൃത്തുമായ ഷൗക്കത്ത് വേവലാതിപ്പെട്ടു.
നമുക്കിടയില്‍ ആര്‍ക്കെങ്കിലും ഒരു കുടിയൊഴിപ്പിക്കല്‍ വന്നാല്‍ എത്ര പേര്‍ അവരോടൊപ്പം നില്‍ക്കും എന്ന് പ്രിയ സുഹൃത്തായ എഴുത്തുകാരന്‍ അജയ് പി മങ്ങാട് ചോദിച്ചു.
അഭയാര്‍ഥികളാവുക എന്നത് ഇന്ന് നിനക്കും നാളെ എനിക്കും സംഭവിക്കാന്‍ സാധ്യതയുള്ള ഒന്നാണെന്ന് നാം തിരിച്ചറിയുന്നുണ്ടോ എന്നതായിരുന്നു പ്രിയ കവി റോസി തമ്പിയുടെ ആകുലത.
അതിരുകള്‍ ഇല്ലാത്ത ഒരു ലോകത്തെ സ്വപ്‌നം കണ്ടുകൊണ്ടാണ്, ആഴത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടാണ് എന്റെ ആംനസ്റ്റി എഴുത്തുകാലം കടന്നുപോയത്. നീണ്ട 14 വര്‍ഷത്തെ ദുബൈ ജീവിതത്തില്‍ നേരില്‍ കണ്ട തീക്ഷ്ണമായ അനുഭവങ്ങള്‍, ജീവിതങ്ങള്‍… ആരാണ് ഈ അതിരുകള്‍ തീരുമാനിച്ചത് എന്ന ഒരു മുറവിളി എന്റെ ഉള്ളില്‍ നിന്നു നിര്‍ത്താതെ മുഴങ്ങുന്നുണ്ടായിരുന്നു.
ഒരായുഷ്‌കാലം മുഴുവന്‍ സ്വന്തം വീട് ജയിലാക്കി തള്ളിനീക്കേണ്ടിവന്ന മനുഷ്യര്‍. തങ്ങളുടെ ജനല്‍പ്പാളികളിലൂടെ മാത്രം കാണാനാവുന്ന ആകാശത്തിന്റെ ഒരു കീറും ഭൂമിയുടെ ഒരു അരികും മാത്രം കണ്ടു നെടുവീര്‍പ്പിട്ടവര്‍.
സ്‌കൂളുകള്‍ എന്തെന്ന് അറിയാത്ത അവരുടെ കുഞ്ഞുങ്ങള്‍. സമപ്രായക്കാരുടെ സഹവാസം സ്വപ്‌നം പോലും കാണാന്‍ ആവാത്തവര്‍. അസുഖം വന്നാല്‍ പോലും ഒരു ഡോക്ടറെ സമീപിക്കാന്‍ നിവൃത്തി ഇല്ലാത്തവര്‍. പോലീസ് വാഹനത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ശ്വാസം മുട്ടി ഭയചകിതരാകുന്നവര്‍.
മാപ്പു നല്‍കാനാവാത്ത എന്ത് പാതകമാണ് ഈ ജന്മങ്ങള്‍ ചെയ്തത്? അതിരുകള്‍ ഇല്ലാത്തൊരു ലോകം സാധ്യമാവാന്‍ ഒരു സാധ്യതയുമില്ലേ?
മനുഷ്യര്‍ ജാതി-മത-വര്‍ഗ-വര്‍ണ വെറിയില്‍ മറ്റൊരു മനുഷ്യനെ അടിച്ചുകൊല്ലുന്നത്, കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പാര്‍പ്പിക്കുന്നത്, വിശപ്പും ദാഹവും ജീവന്‍ പോലും അപായത്തിലാക്കി പലായനം ചെയ്യേണ്ടിവരുന്നവര്‍ ഒടുവില്‍ എത്തിച്ചേരുന്ന തീരങ്ങള്‍ പോലും അവര്‍ക്കു മുമ്പില്‍ മുള്‍വേലി കെട്ടി ആട്ടിയോടിക്കുന്ന കാഴ്ച അതിദാരുണമാണ്. അതിരുകള്‍ക്കെതിരെ നമ്മുടെ ഹൃദയം പോരാടേണ്ടതുണ്ട്. ഏകലോകം വരാന്‍ ഒപ്പം ശബ്ദമുയര്‍ത്തേണ്ടതുണ്ട്.
ഈ പുണ്യ മാസത്തില്‍ നമുക്കു ചുറ്റുമുള്ള ഒരാളോടെങ്കിലും പൊറുക്കാന്‍, മാപ്പു നല്‍കാന്‍ നമുക്കു സാധിക്കുമോ എന്ന് സ്വയം ഒന്ന് വിശകലനം ചെയ്യുന്നതില്‍ നിന്നാവട്ടെ അതിരുകളില്ലാത്ത ലോക സാക്ഷാത്കാരത്തിനു വേണ്ടിയുള്ള നമ്മുടെ ആദ്യ ചുവടുവെപ്പ്.