LoginRegister

അതിജീവിതയുടെ ജീവിതം

സഹീറാ തങ്ങള്‍

Feed Back


ഈയിടെയായി ധാരാളം സ്ത്രീകള്‍ തങ്ങളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുകയോ അതിനുള്ള ശ്രമം നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് മുമ്പോട്ടു വരുന്നത് കാണുന്നുണ്ട്.
സാമൂഹികമോ സാമ്പ്രദായികമോ ആയ വ്യവസ്ഥാപിത ചിന്താരീതികളെ ‘ബ്രേക്ക്’ ചെയ്യുന്ന അത്തരം മുന്നേറ്റങ്ങള്‍, തങ്ങള്‍ എന്ത് പോക്രിത്തരം കാണിച്ചാലും അവള്‍ സഹിച്ചോളും എന്ന പുരുഷ ധാര്‍ഷ്ഠ്യത്തിനു കൊടുക്കുന്ന കനത്ത പ്രഹരങ്ങള്‍ തന്നെ എന്നതില്‍ സംശയമില്ല.
അത്തരം പീഡാനുഭവങ്ങള്‍ ഏറ്റു വാങ്ങേണ്ടി വരുന്ന സ്ത്രീകളെ മുന്‍പ് ‘ഇരകള്‍’ എന്നു വിളിച്ചിരുന്നത് ഇപ്പോള്‍ ‘അതിജീവിത’ എന്ന് നാമമാറ്റം നടത്തി എന്നതിലുപരി എന്ത് പോസിറ്റീവ് പരിഹാരമാണ് അവള്‍ക്കു ലഭിക്കുന്നത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
ശക്തമായ ഇന്ത്യന്‍ നിയമവ്യവസ്ഥയെ പോലും ദുരുപയോഗം ചെയ്യുന്നത് നാം കാണുന്നു. ഇതുമായി ഇനിയും മുന്നോട്ടു പോവണോ എന്ന നിസ്സഹകരണവും നിരുല്‍സാഹപരവുമായ പ്രതികരണങ്ങള്‍ വീട്ടിലും നാട്ടിലും കൂടി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ എന്താണ് അതിജീവനത്തിനുള്ള അടുത്ത മാര്‍ഗം?
പേര് വെളുപ്പെടുത്തരുത് എന്നതൊഴിച്ചു സ്വന്തങ്ങളിലും ബന്ധങ്ങളിലും അവള്‍ വീണ്ടും വീണ്ടും ‘ഇര’ മാത്രമായി ഒതുങ്ങുമ്പോള്‍ എന്താണ് അടുത്ത വഴി?
‘സ്വയം രക്ഷ’ എന്നതിനുള്ള മുന്‍കരുതലാണ് ആദ്യ വഴി. ഏതു ഉന്നത നിലയില്‍ ഉള്ളവരായിരുന്നാലും, സ്ത്രീയെ ബഹുമാനിക്കണം, ആദരിക്കണം, വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കണം എന്നെല്ലാം ബോധമുള്ള ആണ്‍ സുഹൃത്തോ സഹപാഠിയോ കൂടെ ജോലി ചെയ്യുന്നവനോ വീട്ടിനുള്ളില്‍ നമ്മെ കാക്കുമെന്നുറച്ചു വിശ്വസിക്കുന്നവനോ ആരുമായിക്കൊള്ളട്ടെ. അവരോടൊപ്പം പൂര്‍ണമായും നീണ്ട സമയങ്ങള്‍ ഒറ്റക്ക് ചിലവഴിക്കുന്നത് ഒഴിവാക്കുക.
സഹോദരിയെ, അമ്മയെ, മകളെ പോലും ശാരീരികമായി പ്രാപിക്കുകയും ലൈഗികതൃഷ്ണയോടെ സ്പര്‍ശിക്കുകയും ചെയ്തവര്‍, അവരുടെ ഇരകളായവരെ അടുത്തറിയാവുന്നത് കൊണ്ട് കൂടി പറയട്ടെ, അതിന്റെ അനന്തരഫലം ഭയാനകം തന്നെ.
സാഹചര്യം നമ്മിലെ പിശാചിനെ പതിയെ, നാം പോലും അറിയാതെയാണ് പലപ്പോഴും പുറത്തേക്കു വലിച്ചിടുന്നത്. മദ്യപാനം കൊണ്ടോ മറ്റെന്തെങ്കിലും ലഹരി വസ്തുക്കളുടെ അഡിക്ഷന്‍ കൊണ്ടോ മാത്രമല്ല ഇത്തരം ക്രൂരതകള്‍ അണിയറയില്‍ നടക്കുന്നത് . അതിനെല്ലാം അപ്പുറം ശക്തിയുള്ള ഒരു വ്യാളി ഒരോ മനുഷ്യനെയും സുബോധത്തില്‍ നിന്നും അകറ്റിക്കളയും. ‘സാഹചര്യം’ ആണ് ആ വ്യാളി .
അത്തരം അനുകൂല സാഹചര്യങ്ങള്‍ മനഃപൂര്‍വമല്ലാതെ തന്നെ നമ്മുടെ ഓരോരുത്തരുടെ ജീവിതത്തിലും, എപ്പോള്‍ വേണമെങ്കിലും വില്ലനായി വന്നു ഭവിക്കാം . അത് ഭീമാകാരം പൂണ്ട് നമ്മെ വലിച്ചു പുറത്തേക്കിറക്കും.
ഈയിടെ എനിക്ക് കൗണ്‍സല്‍ ചെയ്യേണ്ടി വന്ന ഒരു 25വയസുകാരി മിടുക്കി പെണ്‍കുട്ടി അത്തരം ഒരു സാഹചര്യത്തിന്റെ ക്രൂരത ഏറ്റു വാങ്ങേണ്ടി വന്നവളാണ്. അവളുടെ അച്ഛന് സുഖമില്ലാത്ത സാഹചര്യത്തില്‍ പലപ്പോഴും അമ്മക്ക് അവളെ തൊട്ടടുത്തുള്ള വല്യച്ഛന്റെ (സ്വന്തം അച്ഛന്റെ ജേഷ്ഠന്‍) വീട്ടില്‍ ആക്കിയിട്ടു പോവേണ്ടി വന്നു .

വര്‍ഷങ്ങള്‍ക്കിപ്പുറം അവള്‍ക്കു സ്വന്തം അച്ഛനോട് വല്ലാത്ത ഒരു പകയും വിദ്വേഷവും. അത് പലപ്പോഴും നിയന്ത്രണാതീതമായി. പൊട്ടിത്തെറികള്‍ വീട്ടില്‍ പതിവായി. ആ അച്ഛനും അമ്മയും വല്ലാതെ തളര്‍ന്നു. കുഞ്ഞുനാളില്‍ അവള്‍ക്കു അമ്മയേക്കാള്‍ പ്രിയം അച്ഛനോടായിരുന്നു. മാരകമായ അസുഖത്തിന്റെ പിടിയില്‍ നിന്നും കഷ്ടിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്ന ആ മനുഷ്യന് ഏക മകളുടെ അവഗണനയും വെറുപ്പും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അങ്ങനെയാണ് അവര്‍ എന്റെ അടുത്ത് വരുന്നത്.
വല്യച്ഛന്‍ ആ പത്തു വയസ്സുള്ള കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു, പലവട്ടം. അച്ഛനോടും അമ്മയോടും പറയാനുളള ധൈര്യം അവള്‍ക്കുണ്ടായില്ല. അച്ഛന് സുഖമില്ലാത്തതല്ലേ എന്നോര്‍ത്തു ആ കുഞ്ഞു കുട്ടി എല്ലാം സഹിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം തനിക്കേറ്റ ശാരീരികവും മാനസികവുമായ കൊടിയ ക്രൂരത, തന്റെ അച്ഛന്‍ കാരണമാണെന്നുള്ള ചിന്ത അച്ഛനെ കാണുമ്പോള്‍ തന്നെ അവളുടെ സമനില തെറ്റിച്ചു.
എത്ര ഉറ്റവരായിട്ടും രക്തബന്ധമുള്ളവരായിട്ടും കാര്യമില്ല. ‘സാഹചര്യം’ അതിനിടയില്‍ കയറി പൈശാചിക നൃത്തം ചവിട്ടാന്‍ മനുഷ്യനെ പ്രേരിപ്പിച്ചു കൊണ്ടിരിക്കും.
സഹോദരീ സഹോദരന്മാര്‍ ആണെങ്കില്‍ കൂടി പ്രായം ആയാല്‍ ഒരേ കിടക്കയില്‍ ഒരുമിച്ച് കിടത്തരുത്, അവിടെ മൂന്നാമന്‍ ആയി ഒരാള്‍ കൂടി കാണും. അത് പിശാച് ആണ്.
നമ്മില്‍ ഓരോരുത്തരിലും ഉറപ്പായും ഉണ്ടെന്നു നമ്മള്‍ ധരിച്ചു വെച്ചിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും തെറ്റിച്ചു കളയാന്‍ നമ്മുടെ ഉള്ളില്‍ തക്കം പാര്‍ത്തിരിക്കുന്ന നെഗറ്റിവിറ്റി ക്ക് നിമിഷങ്ങള്‍ മതി. അത് എത്ര വലിയവരായാലും.
അനുകൂല സാഹചര്യത്തിലും തങ്ങളെ ശാന്തമായി നിലനിര്‍ത്താന്‍, ശരീര കാമനകളുടെ, അനര്‍ഹമായ ലൗകിക നേട്ടങ്ങളുടെ പിടിയില്‍ പെട്ടുപോവാതിരിക്കാന്‍; അത്രമേല്‍ ഉറച്ച സംയമനം, തെളിഞ്ഞ ബോധം, ബന്ധങ്ങളെ വേര്‍തിരിച്ചുള്ള അറിവ് എന്നിവയുള്ള ചുരുക്കം ചിലര്‍ക്ക് സാധിക്കുമായിരിക്കും.
ആരും കാണില്ലല്ലോ, സാരമില്ല, മനുഷ്യരല്ലേ തെറ്റ് പറ്റും എന്നിത്യാദി ന്യായീകരണങ്ങളില്‍ സ്വയം ആശ്വസിച്ചു നടന്നു നീങ്ങുന്ന വെറും ഇരുകാലി മൃഗങ്ങളാണ് ഭൂരിഭാഗവും എന്ന് തിരിച്ചറിയുക . അത്തരം സാഹചര്യങ്ങള്‍ ബുദ്ധിപൂര്‍വം ഒഴിവാക്കുകയാണ് ഉത്തമം.
അരുതാത്ത എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞതിനു ശേഷമേ, അത്തരം സാഹചര്യം ഒഴിവാക്കാമായിരുന്നല്ലോ എന്ന് നാം ഓര്‍മിക്കുക. പ്രത്യകിച്ചു കുട്ടികളുടെ കാര്യത്തില്‍. ഏറ്റവും സുരക്ഷിതരാണെന്ന് നാം കരുതിന്നിടത്താവും സാഹചര്യം എന്ന വില്ലന്‍ മൂര്‍ഖന്‍ പാമ്പായി പത്തി വിടര്‍ത്തുക.
”അവള്‍ ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഉണര്‍ന്നേനെ” എന്ന് സാഹചര്യവശാല്‍ സ്വന്തം ശിഷ്യയെ പ്രാപിച്ച ഗുരുനാഥന്‍, അതിനു ശേഷം കുറ്റബോധം താങ്ങാന്‍ ആവാതെ കരഞ്ഞു പറയുന്ന ഒരു സിനിമാരംഗമുണ്ട്. ആ സാഹചര്യത്തില്‍ അവള്‍ക്കു കരയാന്‍ ആയില്ല , അയാളുടെ ബോധം ഉണര്‍ന്നതുമില്ല .
കുറ്റബോധം നമ്മുടെ ജീവന്റെ പച്ചപ്പിനെ തന്നെ വേരോടെ അറുത്തുകളയാന്‍ തക്ക ശക്തിയുള്ളതാണ്. അങ്ങനെ ചെയ്യരുതായിരുന്നു, എന്ന കുറ്റബോധത്താല്‍ നീറുന്നതിനു പകരം, അങ്ങനെ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നമ്മുടെ ബോധത്തെ വെളിച്ചമുള്ളതാകട്ടെ.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top