LoginRegister

അടിക്കുറിപ്പുള്ള ചിത്രം

സി കെ റജീഷ്‌

Feed Back


പ്രസിദ്ധനായ ചിത്രകാരനായിരുന്നു അദ്ദേഹം. നിമിഷ നേരം കൊണ്ട് മനോഹരമായ ചിത്രങ്ങള്‍ അദ്ദേഹം വരച്ചു. ആ ചിത്രങ്ങളുടെ ഭംഗി കണ്ട് പലരും അദ്ദേഹത്തെ പുകഴ്ത്തി. ആളുകള്‍ തന്നെ പ്രശംസിക്കുന്നതില്‍ എന്തുമാത്രം യാഥാര്‍ഥ്യമുണ്ടെന്ന് പരിശോധിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.
ഒരിക്കല്‍ വരച്ച ചിത്രം പൊതുസ്ഥലത്ത് അദ്ദേഹം പ്രദര്‍ശിപ്പിച്ചു. ഒപ്പം ഒരു അടിക്കുറിപ്പും എഴുതി: ‘ഈ ചിത്രത്തില്‍ എന്തെങ്കിലും തെറ്റ് കണ്ടെത്തുന്നവര്‍ അവിടെ ഒരു അടയാളം ഇടുക.’ വൈകുന്നേരം അദ്ദേഹം ചെന്നു നോക്കിയപ്പോള്‍ ആ ചിത്രം മുഴുവന്‍ അടയാളങ്ങള്‍ ആയിരുന്നു.
താന്‍ വരയ്ക്കുന്ന ചിത്രത്തില്‍ കാര്യമായ പോരായ്മകള്‍ ഉണ്ടെന്ന് അയാള്‍ മനസ്സിലാക്കി. അതോടെ ഇനി ചിത്രരചന നിര്‍ത്തിവെക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഈ വിവരം അറിഞ്ഞ സുഹൃത്ത് പറഞ്ഞു: ‘നീ മറ്റൊരു ചിത്രം കൂടി അവിടെ പ്രദര്‍ശിപ്പിച്ച് അടിക്കുറിപ്പ് ഇങ്ങനെ എഴുതണം: ‘ഈ ചിത്രത്തില്‍ എന്തെങ്കിലും തെറ്റ് കണ്ടെത്തുന്നവര്‍ അത് തിരുത്തണം.’
സുഹൃത്ത് പറഞ്ഞതുപോലെ അദ്ദേഹം ചെയ്തു. വൈകുന്നേരം ആയിട്ടും ആ ചിത്രത്തില്‍ ഒരു അടയാളം പോലും വീണില്ല. സുഹൃത്ത് പറഞ്ഞു: ‘തെറ്റ് കണ്ടെത്താന്‍ ഏത് വിഡ്ഢിക്കും കഴിയും. എന്നാല്‍ തിരുത്താന്‍ അറിവുള്ളവര്‍ക്കേ സാധിക്കൂ.’ ചിത്രകാരന്‍ വീണ്ടും വരയ്ക്കാന്‍ തുടങ്ങി.
ഓരോ കര്‍മത്തിലും പ്രതിഫലിക്കുന്നത് അത് ചെയ്യുന്നവന്റെ കഴിവും സാധ്യതയുമാണ്. അധ്വാനവും ആത്മാവും അതിനു വേണ്ടി സമര്‍പ്പിച്ച് പൂര്‍ണതയിലേക്ക് എത്തിക്കാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. എങ്കിലും അതില്‍ പോരായ്മകള്‍ സ്വാഭാവികമാണ്. പോരായ്മകള്‍ ചൂണ്ടിക്കാട്ടി അധിക്ഷേപിക്കാന്‍ എളുപ്പമാണ്. ഒരൊറ്റ വാക്കിലൂടെയോ നോട്ടത്തിലൂടെയോ ഒരാളുടെ കഴിവിനെ ഇകഴ്ത്തിക്കാണിക്കാനാവും.
ഒരാളുടെ കഴിവിലുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടാല്‍ ഒരായുസ്സ് മുഴുവന്‍ ശ്രമിച്ചാലും അത് തിരിച്ചുകിട്ടണമെന്നില്ല. ഒരാളുടെ കഴിവിനെ നല്ല വാക്കുകള്‍ കൊണ്ട് പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞാല്‍ അയാളുടെ പുരോഗതിയുടെ ഭാഗമാവാനുള്ള ഭാഗ്യമാണ് നമുക്ക് ലഭിക്കുന്നത്.
അവഹേളനങ്ങളല്ല അഭിനന്ദനങ്ങളും അംഗീകാരങ്ങളുമാണ് മുന്നോട്ടുള്ള പ്രയാണത്തിന് ആക്കം കൂട്ടുന്നത്. വിമര്‍ശനം ഉന്നയിക്കുന്നവര്‍ ആഗ്രഹിക്കേണ്ടത് നന്മയും പുരോഗതിയുമാണ്. തെറ്റ് ചൂണ്ടിക്കാണിക്കുന്നവര്‍ അത് തിരുത്താനുള്ള വഴി കൂടി നിര്‍ദേശിക്കുമ്പോഴാണ് ഗുണകാംക്ഷ നിഴലിക്കുന്നത്. പരിപൂര്‍ണതയുടെ ഉച്ചിയില്‍ നില്‍ക്കുന്ന സൃഷ്ടിയാണെങ്കിലും ഒരാള്‍ കല്ലെറിയാന്‍ തുടങ്ങിയാല്‍ പിന്നെ കല്ലുമഴയായിരിക്കും.
തെറ്റ് ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് അത് തിരുത്താനുള്ള വഴി കൂടി പറയാനുള്ള ധാര്‍മിക ബാധ്യതയുണ്ട്. ആരും പൂര്‍ണരല്ല എന്ന് അംഗീകരിക്കുന്ന നമ്മെ നന്മയില്‍ ചാലിച്ച വര്‍ത്തമാനങ്ങള്‍ കൊണ്ട് ഒരാള്‍ തിരുത്തിയാല്‍ അയാളോട് നമുക്ക് അപ്രിയമുണ്ടാവില്ല. അങ്ങനെയുള്ളവരുടെ അഭിപ്രായങ്ങളായിരിക്കും നമുക്ക് മുന്നോട്ടുപോകാനുള്ള അഭിപ്രേരണ.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top