എനിക്ക് ഏറെ പ്രിയപ്പെട്ട പുടവക്ക്,
നാലു വർഷത്തിലേറെയായി തുടരുകയാണ് നമ്മൾ തമ്മിലുള്ള എഴുത്തുകുത്തുകൾ! നിറഞ്ഞ ചാരിതാർഥ്യം തോന്നുന്നു. ആയിരങ്ങൾ ഈ താളുകളിലൂടെ കടന്നുപോയല്ലോ, എന്നെ വായിച്ചല്ലോ, എനിക്ക്
അഭിപ്രായങ്ങളും അനുമോദനങ്ങളും അനുഗ്രഹവും ചൊരിഞ്ഞല്ലോ.
വാക്കുകൾ എന്നും ഹൃദയത്തെ നിറച്ചിട്ടേയുള്ളൂ.
വിങ്ങലിനെ, വിതുമ്പലിനെ പങ്കുവെച്ച് കരയാനും അലിയാനും സഹായിച്ചിട്ടേയുള്ളു.
പുടവയുടെ താളുകൾ മറിച്ച് ‘അടയാള നക്ഷത്രം’ വായിക്കുന്ന ഓരോ മനസ്സിനെയും കണ്ണുകളെയും ഞാൻ അറിയാതെ തലോടിക്കാണും, ആശ്വസിപ്പിച്ചുകാണും എന്ന ചിന്ത പോലും എന്നെ ആഹ്ലാദിപ്പിക്കുന്നു.
‘ഓരോ വ്യക്തിയും ഓരോ രാജ്യമാണ്’, ‘സ്ത്രീ ഡ്രൈവർ’ എന്നീ രണ്ടു പുസ്തകങ്ങൾ പുടവയിൽ പിറന്ന രണ്ടു കുഞ്ഞുങ്ങളാണ്. ഇത്രയും കാലം പുടവയിൽ പൊതിഞ്ഞ് നിങ്ങളോട് പങ്കുവെച്ച വാക്കിന്റെ വെളിച്ചം ആ പുസ്തകങ്ങളെ നോക്കുമ്പോൾ എന്നിൽ പ്രകാശിക്കും!
യുവതയുടെ സാരഥി ഹാറൂൻ കക്കാട്, അതിന്റെ പിറകിലുള്ള മറ്റെല്ലാവരെയും നന്ദിപൂർവം ഓർക്കുന്നു. എന്നെ എഴുതാൻ വിളിച്ചുണർത്തുന്ന അലാറം ആയിരുന്നു മുഖ്താർ ഉദരംപൊയിൽ. ഓരോ കുറിപ്പുകൾക്കും വരകളുടെ അർഥം ചമച്ചത് അദ്ദേഹത്തിലെ കലാകാരനാണ്. ‘സ്ത്രീ ഡ്രൈവർ’ എന്ന എന്റെ പുസ്തകത്തിന്റെ കവർ കൂടി ചെയ്തു മുഖ്‌താർ എന്ന പ്രിയ സുഹൃത്ത്.
ഓരോ ലക്കങ്ങളിലും എനിക്കേറെ പ്രിയപ്പെട്ട പുടവയിലെ വരികൾ ഇവിടെയൊന്നു നിവർത്തി വിരിക്കട്ടെ!
. ഒറ്റപ്പെടുക എന്നത് മറ്റുള്ളവരെ സഹായിക്കാനും സംരക്ഷിക്കാനുമാവുമ്പോൾ നാം നന്മയുടെ ആൾക്കൂട്ടമായി മാറും.
. നമ്മുടെ മാനസിക സംഘർഷങ്ങൾക്ക് മേഞ്ഞു നടക്കാനുള്ള ഇടമല്ല കുഞ്ഞുങ്ങൾ.
. പണവും അധികാരവും നന്മ നിറഞ്ഞ ഒരാളുടെ കൈവശമാണെങ്കിൽ അത് പ്രകൃതിക്കും സർവ ചരാചരങ്ങൾക്കും ഗുണമായി ഭവിക്കുന്നു.
. വീട്ടിൽ നല്ലപിള്ള ചമഞ്ഞു പുറത്തു ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ സുന്ദരമായി പറ്റിക്കുന്നവരെ അറിയാം. ഇത്തരം ഒരു ജീവിതം നിലനിർത്തുന്നതിന് ഇവർക്ക് പറയാനുള്ള പ്രധാന കാരണം മക്കൾക്കു വേണ്ടി എന്നതാണ്. എന്നാൽ ഇന്ത്യ- പാകിസ്താൻ യുദ്ധമുഖത്തു കാറ്റു കൊണ്ടിരുന്നോ എന്നു പറയുന്നപോലെയാണിത്.
. കാണാമറയത്തു നിന്ന് തങ്ങളുടെ തെറ്റുകുറ്റങ്ങൾ കണ്ടുപിടിക്കാനും നരകം എന്ന അഗ്നിയിൽ ചുട്ടെരിക്കാനുമുള്ള പേടിപ്പിക്കുന്ന ഒരു രൂപമായിരിക്കരുത് കുഞ്ഞുമനസ്സിൽ ദൈവം.
. അപ്രതീക്ഷിത സംഭവങ്ങൾക്ക് സാഹചര്യം വലിയ പങ്കുവഹിക്കുന്നു. സ്നേഹവും സ്വപ്നവും ബുദ്ധിയും വിവേകവുമെല്ലാം അവിടെ നോക്കുകുത്തികളാവും.
. സ്വപ്നം കാണാനുള്ള വിടർന്ന കണ്ണുകളുമായി പിറന്നുവീഴുന്ന ഓരോ കുഞ്ഞും ജീവിതത്തിലേക്ക് പിച്ചവെക്കുമ്പോൾ കണ്ണിലെ തിളക്കം മങ്ങിത്തുടങ്ങുന്നത് എന്തുകൊണ്ടാവും?
. നമ്മുടെ മക്കൾ സ്വയം തിരിച്ചറിയുന്നതിലൂടെയാണ് പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കേണ്ടത്. അന്നോളം അവർ ജീവിച്ചതിനെയെല്ലാം തട്ടിമാറ്റുന്നതോ തട്ടിയെടുക്കുന്നതോ ആവരുത് വൈവാഹിക ജീവിതം. അത് ഒരു ജീവിതത്തുടർച്ചയാവണം.
. ഒരു തിരിയിൽ നീ തൊടും. അത് നാളമാകും. ജ്വാലയായി പടർത്തും. കത്തിയമരാൻ കൂട്ടുപോരും.
. ഓരോ ആഘോഷവും ഓരോ വിട്ടുകൊടുക്കലാണ്. എനിക്കും നിനക്കും അവർക്കും വഴിപോക്കനും.
. അഹങ്കാരികളും അഹംഭാവികളുമായി ഒരു കുഞ്ഞും ജനിക്കുന്നില്ല. നമ്മൾ അവരെ വളർത്തുന്ന രീതി, ചുറ്റുപാട്, നമ്മൾ എങ്ങനെ ജീവിക്കുന്നു എന്നതെല്ലാം അവരെ സ്വാധീനിക്കും.
. നമുക്ക് നഷ്ടപ്പെടുന്നത്, ഗൃഹാതുരത്വമുണർത്തുന്നത് ജനിച്ചു വളർന്ന വീടോ സ്ഥലമോ അല്ല, അവിടം നമുക്ക് പ്രിയപ്പെട്ടതാക്കിയ ആളുകളാണ്.
. ഓരോ പ്രിയപ്പെട്ട വ്യക്തിയും ഒരു ഗ്രാമമോ നഗരമോ രാജ്യമോ പ്രപഞ്ചമോ ആയി വളരുന്നത് അവരുടെ സ്നേഹത്തിലൂടെയും കരുതലിലൂടെയുമാണ്.
. സ്പർശം വാക്കുകളേക്കാൾ സംവദിക്കുന്ന ചിലയിടങ്ങളുണ്ട്. മരണവീട് അങ്ങനെയൊരിടമാണ്.
. ഒരു ഇണ വേണമെന്ന മോഹം, തുണ വേണമെന്ന ആഗ്രഹം പ്രണയത്തിൽ ഇഴ ചേർന്നുവരുമ്പോഴേ അതിന് ഭംഗിയുള്ളൂ. അവിടെ മാത്രമേ സ്നേഹം മിഴിവാർന്നതാവൂ. അവർ തന്റെ ഇണയെ മറ്റൊന്നിനും വേണ്ടി കൈവിട്ടു കളയില്ല. മറ്റൊന്നും തന്റെ ഇണയ്ക്ക് പകരവുമാവില്ല.
. കുട്ടികൾ എത്ര മുതിർന്നാലും നമുക്ക് കുട്ടികൾ മാത്രമാവരുത്. കുഞ്ഞുങ്ങളോടൊപ്പം മാതാപിതാക്കളും വളരുകയാണ് വേണ്ടത്.
. തിരുത്താനാവാത്ത കുറ്റബോധം പേറേണ്ടിവരുന്നത് വധശിക്ഷയേക്കാൾ കഠിനമാണ്. അത് ഇഞ്ചിഞ്ചായി നിങ്ങളെ നശിപ്പിച്ചുകൊണ്ടേയിരിക്കും.
. അന്യരെ വേദനിപ്പിക്കാതെ നമുക്ക് സമാധാനം ലഭിക്കുന്ന രീതിയിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകണം. നമ്മുടെ ദൈനംദിന ജീവിതം സമൂഹത്തെ ഭയന്നുകൊണ്ടാവരുത്.
. ഒരു മനുഷ്യന്റെ ഏറ്റവും വലിയ ബലഹീനത സാഹചര്യങ്ങളെ ധൈര്യപൂർവം അഭിമുഖീകരിക്കാനാവാത്തതാണ്.
. രണ്ടു പേർ ചേർന്ന് പ്രണയപൂർവം നോക്കുമ്പോൾ മാത്രമാണ് മുമ്പിൽ ഒരേ നിറമുള്ള കടൽ തെളിയുന്നത്.
. ഇന്ന് ഉറക്കെ ചിരിച്ചാൽ നാളെ കരയേണ്ടിവരുമെന്ന് ശങ്കിച്ചുനിൽക്കുന്നതിനു പകരം ഇന്നലത്തെ സങ്കടങ്ങൾക്ക് പകരമാണ് ഇന്ന് നാം പൊട്ടിച്ചിരിക്കുന്നതെന്നു മാറ്റി ചിന്തിക്കുക.
. സ്വന്തമായി വാഹനമോടിക്കാൻ സാധിക്കുന്നവർ, പ്രത്യേകിച്ച് സ്ത്രീകൾ ജീവിതത്തിന്റെ എല്ലാ അതിരുകളെയും തൊട്ടുവരാൻ തക്ക ആത്മവിശ്വാസമാണ് ആർജിക്കുന്നതെന്നു പറയാതെ വയ്യ.
. എല്ലാം ഒന്നിൽ മാത്രം കേന്ദ്രീകരിക്കുമ്പോൾ ജീവിതം ആ ഒന്നിന്റെ സാഫല്യം മാത്രമായി ചുരുങ്ങുന്നു. അതില്ലാതാവുമ്പോൾ ജീവിതം വേണ്ടെന്നു തോന്നുന്നു.
. വിവാഹത്തിന്റെ കാര്യത്തിലെങ്കിലും ഈഗോ മുൻനിർത്തിയും വ്യവസ്ഥാപിത ചട്ടക്കൂട്ടിൽ നിന്ന് എങ്ങനെ മാറുമെന്ന് ആശങ്കപ്പെട്ടും തീരുമാനം എടുക്കാതിരിക്കുക.
. കുട്ടികളുടെ ജൈവിക ചോദനകളെ, സർഗാത്മക കഴിവുകളെയൊന്നും അളന്നു മുറിക്കാതിരിക്കുന്ന, അവരെ പ്രോത്സാഹിപ്പിക്കുന്ന കുടുംബവും അധ്യാപകരുമാണ് ഈ ലോകത്തെ അവരുടെ ഏറ്റവും വലിയ പുണ്യം.
. ബന്ധങ്ങളിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും ഏറ്റവും കൂടുതൽ കിട്ടാത്തതും ഒന്ന് മാത്രം, സ്നേഹസാമീപ്യം.
. വ്യക്തികൾ വിവാഹത്തോടെ ഇല്ലാതാവുന്നില്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. പങ്കാളിയോടുള്ള സ്നേഹം അവർക്കു പ്രിയപ്പെട്ട എല്ലാറ്റിനെയും അകറ്റിനിർത്താൻ നിർബന്ധിച്ചുകൊണ്ടാവരുത്.
. ഭർത്താവ് എന്ന സ്ഥാനം സ്ത്രീയുടെ മേൽ എന്തും ചെയ്യാനുള്ള ലൈസൻസല്ല. സഹവർത്തിത്വമാണ് വിവാഹ ജീവിതം, അധിനിവേശമല്ല.
. കുറ്റബോധം ഒരു വ്യക്തിയെ വേരോടെ തകർത്തു കളയുന്ന വികാരമാണ്. മരിച്ചു ജീവിക്കേണ്ടിവരും.
. വർത്തമാനകാലത്തെ ജീവസ്സുറ്റതാക്കാൻ ഭൂതകാലത്തെ അവഗണിക്കുകയല്ല, മറിച്ച് അതിൽ നിന്ന് പാഠമുൾക്കൊള്ളുകയും കൂടുതൽ മികവോടെ ഇന്നിനെ കൈകാര്യം ചെയ്യുകയുമാണ് വേണ്ടത്.
. അങ്ങനെ ചെയ്യരുതായിരുന്നു എന്ന കുറ്റബോധത്താൽ നീറുന്നതിനു പകരം, അങ്ങനെ സംഭവിക്കാതിരിക്കാനുള്ള മുൻകരുതൽ നമ്മുടെ ബോധത്തെ വെളിച്ചമുള്ളതാക്കട്ടെ.
. ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് കൊടുക്കാൻ പറ്റാത്ത, കാരണമറിയാത്ത എന്തോ ഒരു ഉൾവലിവ് നാം മനുഷ്യരിലുണ്ട്.
. കരുണയോടൊപ്പം യാത്ര ചെയ്യാൻ ടിക്കറ്റ് പോലും ആവശ്യമില്ല. സഹയാത്രികരായി ആരൊക്കെയോ ഏതൊക്കെയോ അപരിചിത സ്റ്റോപ്പുകളിൽ നിന്ന് നമ്മോടൊപ്പം കൂടും.
. സഹജീവികൾക്ക് ഭയവും പരിഭ്രമവും വേദനയും അസ്വസ്ഥതയും നൽകുന്നുണ്ടോയെന്ന് ഒരു നിമിഷം ചിന്തിക്കുന്നിടത്താണ് മനുഷ്യത്വം പൂർണമാവുക എന്നറിയുക.
. അവനും അവൾക്കും അവർക്കും വഴിപോക്കനും നമ്മെ കൊടുക്കുന്നതോടൊപ്പം നമുക്കും നമ്മെ നൽകണം.
. എല്ലാം ഉള്ളിലൊതുക്കുന്ന സ്ത്രീയോ പുരുഷനോ ദാമ്പത്യത്തിൽ ജീവിക്കുകയല്ല, ദിനേന ആത്മഹത്യ ചെയ്യുകയാണ്.
. അതിരുകൾക്കെതിരെ നമ്മുടെ ഹൃദയം പോരാടേണ്ടതുണ്ട്. ഏക ലോകം വരാൻ ഒപ്പം ശബ്ദമുയർത്തേണ്ടതുണ്ട്.
. അവാർഡുകളും അംഗീകാരങ്ങളും പിൽക്കാലത്തു നമ്മെ തേടിയെത്തുമ്പോഴും കലാലയ ജീവിതം നല്കിയ ചേർത്തുപിടിക്കലുകൾ, പ്രോത്സാഹനങ്ങൾ, സുഹൃദ്ബന്ധങ്ങൾ എന്നും നെഞ്ചോടു ചേർന്നു നിൽക്കുന്നവയാണ്. നമ്മെ നാമാക്കാൻ അത് ഒരുപാട് സഹായിക്കും. ഒരിക്കലും ഒന്നിനു വേണ്ടിയും ആ ജീവിതം വേണ്ടെന്നുവെക്കരുത്. പിറകിൽ ഉപേക്ഷിക്കരുത്.
. നമ്മുടെ ജൈവികമായ ഇച്ഛകൾക്ക് വിഘാതമാവുന്ന എന്തിനെയും കാലക്രമേണ നമ്മൾ വെറുക്കുകയും അകറ്റുകയും ചെയ്യും.
. ജന്മം നൽകി എന്ന കാരണത്താൽ കാലാകാലം മക്കളുടെ ഉത്തരവാദിത്തം മാതാപിതാക്കളുടേതല്ല. പക്ഷിക്കുഞ്ഞുങ്ങൾ പറക്കമുറ്റുമ്പോൾ പുതിയ ആകാശത്തേക്ക് പറന്നുയരുക തന്നെ വേണം.
. നിയമം പാലിക്കപ്പെടാനുള്ളതാണെന്ന ഉറച്ച നിയമം എന്നാണ് നമ്മുടെ രാജ്യത്ത് നടപ്പിൽ വരിക?
. വ്രതം മനസ്സിലെയും ശരീരത്തിലെയും അഴുക്കുകൾ എല്ലാം കഴുകിക്കളഞ്ഞ് വൃത്തിയുള്ളവരാകുവാൻ വേണ്ടിയുള്ളതാണെന്ന ഉറച്ച ഉൾബോധത്താൽ നോമ്പ് അനുഷ്ഠിക്കുന്നവരിൽ നമ്മളും ഉൾപ്പെടുമോ എന്ന് ഇനിയെങ്കിലും ഒന്ന് വിശകലനം ചെയ്യാൻ സമയമായി.
. നമ്മുടെ മാതാപിതാക്കൾക്ക് പ്രായമാവുകയല്ല, മറിച്ചു രണ്ടാം ബാല്യത്തിലേക്ക് അവർ എത്തിയിരിക്കുകയാണ് എന്ന തിരിച്ചറിവ് നമ്മിൽ ഉണ്ടാവണം. നമ്മുടെ ഏതു ആവശ്യവും വാശിയും ആഗ്രഹവും കഴിവോളം നിവൃത്തിച്ചു തന്നവരുടെ രണ്ടാം ബാല്യത്തെ നാം വാത്സല്യത്തോടെ വരവേൽക്കേണ്ടതുണ്ട്.
. രാഷ്ട്രീയം ഒരു വ്യക്തിയല്ല, മനുഷ്യരാശിയാണ്.
. പലരും ചോദിക്കാറുള്ള ഒരു ചോദ്യം: കാരണം പറയാനാവാത്ത ഒരു സങ്കടം നമ്മെ വന്നു മൂടുന്നത് എന്തുകൊണ്ടാണ്?
ഉത്തരം: മനസ്സ് നമ്മോടു പറയുകയാണ്: ‘ഒരു നിമിഷം നിൽക്കൂ. നിന്നെയും കാണൂ.’
ഏതു സാഹചര്യത്തിലും വേദനയിലും സംഘർഷത്തിലും നമ്മെ കൈവിടാതിരിക്കുക. നമ്മുടെ കൈയിലും മുറുകെപ്പിടിക്കുക.
സ്വയം സ്നേഹിച്ചുകൊണ്ട് മറ്റുള്ളവരെയും സ്നേഹിക്കുക.
ഇപ്പോൾ ഇത്രമാത്രം!
മംഗളം. .