LoginRegister

അഗ്നിക്കിരയായ വീട്‌

സി കെ റജീഷ്‌

Feed Back


ബസറ നഗരത്തില്‍ വലിയൊരു തീപിടത്തമുണ്ടായി. ഒട്ടനവധി വീടുകളും കടകളും കത്തിനശിച്ചുകൊണ്ടിരുന്നു. കൂട്ടത്തില്‍ മാലിക് ബിന്‍ ദീനാറിന്റെ വീടും അഗ്നിക്കിരയായി. ആളുകളെല്ലാം തീ അണച്ച് വീടുകളും അവയിലുള്ള സാധനങ്ങളും രക്ഷിക്കാന്‍ പാടുപെടുകയായിരുന്നു. ആ ബഹളങ്ങള്‍ക്കും വെപ്രാളങ്ങള്‍ക്കുമിടയില്‍ മാലിക്ബ്‌ന് ദീനാര്‍ തന്റെ ഊന്നുവടിയും പുതപ്പും ചെരിപ്പുമെടുത്ത് വീട്ടില്‍ നിന്ന് പുറത്തിറങ്ങി വന്നു. ആളുകള്‍ ചോദിച്ചു. ”ശൈഖ് വീട് കത്തുന്നത് കണ്ടില്ലേ? എങ്ങോട്ടാണ് പോകുന്നത്? എങ്ങനെയെങ്കിലും തീയണച്ച് വീടിനെ രക്ഷിക്കാന്‍ നോക്കണം”. മാലിക്ബ്‌ന് ദീനാറിന്റെ മറുപടി ഇപ്രകാരമായിരുന്നു. ”വീട്ടില്‍ ഇനിയൊന്നുമില്ല. ചെറിയ ഭാരമുള്ളവര്‍ രക്ഷപ്പെടുന്നു. വലിയ ഭാരമുള്ളവര്‍ കഷ്ടപ്പെടുന്നു.”
ലാളിത്യത്തിന്റെ മഹിതമാതൃകയാണ് മാലിക് ബ്‌ന് ദീനാറിന്റെ ജീവിതത്തെ മനോഹരമാക്കിത്തീര്‍ത്തത്. അദ്ദേഹത്തിന് നഷ്ടപ്പെടാനായി വീട്ടില്‍ വലിയ സമ്പാദ്യങ്ങളൊന്നുമില്ലായിരുന്നു. അതുകൊണ്ട് ആകുലതകള്‍ അദ്ദേഹത്തെ അലട്ടിയില്ല. വീട് ആഢംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രതീകമാണിന്ന്. വീടകങ്ങളെ ആര്‍ഭാടം കൊണ്ടു ചേതോഹരമാക്കാനുള്ള വ്യഗ്രതയാണ് മിക്കവര്‍ക്കും. വീടിനകത്തെ ജീവിതത്തിന്റെ നന്മയിലല്ല, വീട്ടിനുള്ളിലെ ഭൗതിക വിഭവങ്ങളുടെ മോടികളിലാണ് നമ്മുടെ ശ്രദ്ധ. വീടകങ്ങളില്‍ കളിയാടേണ്ട സംതൃപ്തിയും സമാധാനവും നമുക്ക് അന്യമാവുകയും ചെയ്യുന്നു. പുകയില്ലാത്ത അടുപ്പുകളും കലഹിക്കാത്ത പാത്രങ്ങളും തൂത്തുവാരിയാല്‍തീരാത്ത മുറികളും ശാന്തിജന്യമായ ഒരിടമാക്കി വീടകങ്ങളെ മാറ്റുന്നുണ്ടോ? വലുപ്പം കൂടുംതോറും ചെറുപ്പമാകുന്നുണ്ട് നമ്മുടെ ജീവിതം. ഉണ്ണാനും ഉറങ്ങാനും മാത്രമുള്ള ഒരിടം ആയി വീടിനെ നമുക്ക് കാണാന്‍ കഴിയില്ല. വീട് ഒരോ മനുഷ്യന്റെയും സ്വപ്‌നവും സ്വാതന്ത്ര്യവുമാണ്. കുടുംബത്തിന് കാവലാവുന്ന ആ കൂട് വിട്ടൊഴിയാന്‍ ആരും കൂട്ടാക്കില്ല.
കുടുംബമാണ് ജീവിതത്തിന്റെ ആദ്യ പാഠശാല. വീടകങ്ങളെ ജീവസുറ്റതാക്കുന്നത് കുടുംബത്തിലെ അംഗങ്ങളാണ്. വീടകങ്ങളെ ശ്മശാന തുല്യമാക്കരുതെന്ന് നബിയുടെ ഒരു ഉപദേശമുണ്ട്. വസിക്കാനുള്ള ഒരിടം എന്നതിലുപരി നന്മ നുകര്‍ന്നും പകര്‍ന്നും വീടകങ്ങളില്‍ സന്തോഷം വിളയിക്കേണ്ടത് വീട്ടുകാരാണ്. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top