LoginRegister

ഹസ്ബിയല്ലാഹ്‌

റഹീമ ശൈഖ് മുബാറക്ക്

Feed Back


തന്നെ തൊട്ട് കടന്നുപോകുന്ന വെയില്‍ വെളിച്ചത്തിന്റെ ചൂടില്‍ ഇബ്രാഹീം മയങ്ങി. ഗാഢമായ മയക്കം.
ഉപ്പയുമൊത്ത് ആടുമേയ്ക്കുന്ന ബാല്യം സ്വപ്‌നങ്ങളില്‍ നിറഞ്ഞുവന്നു. അദ്ദേഹം തന്റെ നീണ്ട താടിരോമങ്ങള്‍ തടവുകയാണ്. നെറ്റിത്തടത്തില്‍ നിന്ന് വിയര്‍പ്പുതുള്ളികള്‍ നിസ്‌കാരത്തഴമ്പിനു മുകളിലൂടെ ആ വെളുത്ത മുഖത്ത് സഞ്ചരിക്കുന്ന കാഴ്ചയിലേക്ക് ഇമവെട്ടാതെ ഇബ്രാഹീം നോക്കിയിരുന്നു. ഉപ്പയുടെ ആടുകള്‍ ദുന്‍യാവിന്റെ പച്ചപ്പുകളില്‍ നിന്നും അവര്‍ക്ക് അവകാശപ്പെട്ടത് സംതൃപ്തിയോടെ ഭക്ഷിക്കുന്നു.
ആകാശത്തിന്റെ ചൂട് ഇബ്രാഹീമിന്റെ ഇരുണ്ട തൊലിയില്‍ തിളക്കത്തോടെ പൊഴിഞ്ഞുകൊണ്ടിരുന്നു.
”ഇബ്രാഹീം…”
ഉപ്പയുടെ ദൃഢമായ ശബ്ദം, ഏതോ കാലം അതിന്റെ സ്‌നേഹബന്ധങ്ങളില്‍ കുരുങ്ങിക്കിടക്കുന്നു. കരുണയുടെ ശബ്ദമാണത്. വെയിലും മഴയും കാലവും അനേകം കടന്നുപോയി. ഉപ്പ മാത്രം സംസാരിച്ചു. എന്തായിരുന്നുവത്?
ആ വാക്കുകളില്‍ നംറൂദിന്റെ തീക്കുണ്ഡം ആളിക്കത്തി.
”തീ അതിന്റെ ഉഗ്രഭാവത്തിലായിരിക്കെ ഇബ്രാഹീം നബി അതിലേക്ക് എറിയപ്പെട്ടു. ഖലീലുല്ലാഹ് സ്രഷ്ടാവിനോടുള്ള വിശ്വാസത്തിന്റെ കുളിര്‍മയാല്‍ ‘ഹസ്ബിയല്ലാഹ്’ എന്ന് മൊഴിഞ്ഞു. നംറൂദിന്റെ തീച്ചൂടിനാല്‍ കരിയുന്നതല്ലല്ലോ ഇബ്രാഹീമിന്റെ വിശ്വാസം. തീയിതാ തണുപ്പായിത്തീരുന്നു… ആശ്വാസങ്ങളുടെ തണുപ്പ്…”
ഉപ്പയുടെ ശബ്ദം മുറിഞ്ഞു. ഇബ്രാഹീം ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നു. കണ്ണുകള്‍ക്കു മുന്നില്‍ നിന്ന് അത്രയൊന്നും അകലത്തിലല്ലാതെ ആടുകള്‍ മേയുന്നു.
സ്വപ്‌നം മാഞ്ഞുപോയതില്‍ ഇബ്രാഹീമിന് നിരാശ തോന്നിയില്ല. ജീവിതത്തില്‍ നിന്നു വേദനകളില്ലാതെ കടന്നുപോകാന്‍ സ്വപ്‌നങ്ങള്‍ക്കു മാത്രമല്ലേ കഴിയൂ.
അതൊരു ചൂടുകാലമായിരുന്നു. ഇബ്രാഹീമിന് അന്ന് ആറു വയസ്സാണ് പ്രായം.
ഉപ്പയുടെ ദയനീയമായ കരച്ചില്‍ കേട്ടാണ് പതിവ് ഉച്ചമയക്കത്തില്‍ നിന്ന് അവന്‍ എഴുന്നേറ്റത്. ആടുകള്‍ ശബ്ദകോലാഹലങ്ങളോടെ വട്ടം ചുറ്റുന്ന കുന്നിന്‍ചരിവില്‍ പതിയെ ഉപ്പയുടെ ശബ്ദം നിശ്ചലമാകുന്നത് ഇബ്രാഹീം വേദനയോടെ നോക്കിനിന്നു. കാലു തെന്നി കുന്നിനു താഴേക്ക് പതിച്ച ആട്ടിന്‍കുഞ്ഞിനെ രക്ഷിക്കാന്‍ നടത്തിയ ശ്രമത്തിന്റെ പരാജയം ഉപ്പയുടെ ജീവന്‍ കവര്‍ന്നെടുത്തു. ശേഷം ഇബ്രാഹീമിന്റെ ജീവിതം അതിന്റെ സഞ്ചാരഗതി തന്നെ മാറ്റി. ഉമ്മയുടെ പുനര്‍വിവാഹം, ഏക സഹോദരന്റെ തിരോധാനം, യത്തീംഖാനയിലെ രാപകലുകള്‍… അങ്ങനെ ജീവിതം അതിന്റെ വിറകുകള്‍ ഓരോന്നായി ഒതുക്കത്തില്‍ അടുക്കിപ്പെറുക്കിയിട്ടു. എപ്പോഴൊക്കെയോ സര്‍വ വേദനയോടും കൂടി അതിലേക്ക് തീ പകര്‍ന്നു. വിറകുകള്‍ എരിഞ്ഞു കത്തി.
പൊള്ളലുകളില്ല, വേദനകളും. പകരം തണുപ്പ്. വിശ്വാസത്തിന്റെ തണുപ്പ്. കണ്ണുകള്‍ അടച്ചാല്‍ ഉപ്പ സംസാരിക്കും.

അദ്ദേഹം അപ്പോള്‍ ഇബ്രാഹീം നബിയുടെ ചരിത്രം പറയുകയായിരിക്കും. പതുക്കെ പതുക്കെ ഉപ്പയുടെ ശബ്ദം നഷ്ടപ്പെട്ട ശൂന്യതയില്‍ തണുപ്പ് മാത്രം ശേഷിക്കും.
ഉപ്പ മരിച്ചുകഴിഞ്ഞപ്പോള്‍ ആടുകള്‍ ഓരോന്നായി വിറ്റുപോയി. ആടുകള്‍ പടിയിറങ്ങിപ്പോകുമ്പോള്‍ ഇബ്രാഹീം അവയുടെ ശിരസ്സില്‍ തലോടും.
”മറക്കരുത്”- ആടുകളെ അവന്‍ ഓര്‍മിപ്പിക്കും.
”ഇല്ല”- അനുസരണയോടെ തലയാട്ടിക്കൊണ്ട് അവ കടന്നുപോകും. ശേഷിച്ച ഏക ആട് ഉപ്പയുടെ ജ്യേഷ്ഠന്റെ അരികില്‍ വളര്‍ന്നു. യത്തീംഖാനയില്‍ നിന്നുള്ള അവധികളില്‍ ഇബ്രാഹീം ആടിന്റെ അരികില്‍ ഓടിയെത്തും. ഗാഢമായ ആശ്ലേഷങ്ങളില്‍ അവര്‍ മുഴുകും. ആ സമയങ്ങളില്‍ നഷ്ടപ്പെട്ടുപോയ കാലത്തിന്റെ സ്മരണകള്‍ക്കു മുന്നില്‍ ദുഃഖം കറുത്തുകിടക്കും.
ഒരവധിക്ക് ഇബ്രാഹീം മടങ്ങിയെത്തുമ്പോള്‍ ആ ആടും വിറ്റുപോയിരുന്നു. അകന്നുപോകാന്‍ വിസമ്മതിക്കുന്ന ഓര്‍മകളുടെ കുരുക്കില്‍ ദുര്‍ബലനായി ഇബ്രാഹീം നിന്നു. കാലത്തിന് യാതൊരു മാറ്റങ്ങളും കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഇബ്രാഹീം നഷ്ടബോധത്തോടെ വളര്‍ന്നു. ജോലി സമ്പാദിച്ചു. വിവാഹം കഴിച്ചു. മൂന്ന് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി.
ഉപ്പയുടെ ആടുകളെപ്പോലെ പന്ത്രണ്ടെണ്ണം സ്വന്തമാക്കി. വൈകുന്നേരങ്ങളില്‍ ആടുകളെ മേയ്ക്കാന്‍ സമയം കണ്ടെത്തി. ഒഴിവുദിവസങ്ങളില്‍ അയാള്‍ വെയില്‍വെളിച്ചത്തിന്റെ ചൂടുമേറ്റുകൊണ്ട് ഉപ്പയുടെ അവസാന മിടിപ്പ് തൊട്ടറിഞ്ഞ കുന്നിന്‍ചരുവിലേക്ക് ആടുകളെയും മേയ്ച്ച് ഇറങ്ങും. ആ ദിവസങ്ങളിലാണ് ഇബ്രാഹീം പതിവായി ഉപ്പയെ സ്വപ്‌നം കാണുന്നത്.
പതിവ് തെറ്റാതെ ആവര്‍ത്തിക്കപ്പെട്ട സ്വപ്‌നം. ഏതോ കാലത്തിന്റെ ഓര്‍മപ്പിശകുപോലെ പൊഴിഞ്ഞുവീഴുന്ന വെയില്‍ക്കഷണങ്ങള്‍. ആടുകള്‍ മേയുന്നു. കൂട്ടം തെറ്റിയ ആട്ടിന്‍കുട്ടി ഭൂതകാലത്തിന്റെ സ്മരണകളിലേക്ക് പതിയെ നടന്നടുക്കുന്നത് ഇബ്രാഹീം നിശ്ചലനായി നോക്കിയിരുന്നു.
വര്‍ഷങ്ങള്‍ മുപ്പത് പിന്നിടുന്നു. കുന്ന് പടുകിഴവനായിരിക്കുന്നു. വഴികള്‍ പിഴക്കാതെ ആട്ടിന്‍കുട്ടി കുന്നിനു മുകളില്‍ നിന്നു മരണത്തിന്റെ ആഴത്തിലേക്ക് കുതിച്ചു. ഇബ്രാഹീമിന് അദ്ഭുതമോ ആശങ്കയോ തോന്നിയില്ല.
ആരോ ഉള്ളില്‍ മന്ത്രിച്ചു: ”ഇബ്രാഹീം, നിനക്ക് ഉപ്പയുടെ പ്രായമായിരിക്കുന്നു… മരണത്തിന്റെ പ്രായം.”

ആട്ടിന്‍കുഞ്ഞ് അത്രയൊന്നും അകലത്തിലല്ലാതെ തടിച്ച വേരിന്‍കൂട്ടങ്ങള്‍ക്ക് നടുവില്‍ സുരക്ഷിതമായിട്ടിരിക്കുകയാണ്. ഇബ്രാഹീമിന്റെ ഉള്ളില്‍ ഭയത്തിന്റെ നിഴലുകള്‍ പതിയെ സഞ്ചരിച്ചുതുടങ്ങിയിരുന്നു. ശ്രദ്ധയോടുകൂടി സാവധാനം അയാള്‍ ആട്ടിന്‍കുഞ്ഞിനെ ലക്ഷ്യമാക്കി താഴേക്ക് ഇറങ്ങി. വേരുകള്‍ക്കിടയില്‍ നിന്നു തന്റെ വലതുകൈയില്‍ ആട്ടിന്‍കുഞ്ഞിനെ താങ്ങിയെടുക്കുമ്പോള്‍ കാലുകള്‍ ബലത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ഇബ്രാഹീം ശ്രദ്ധിച്ചതാണ്. എന്നിട്ടും…
ഇബ്രാഹീമിന് എല്ലാം നഷ്ടമാവുകയാണ്. അയാള്‍ ആഴങ്ങളുടെ മരണവെപ്രാളങ്ങളിലേക്ക് കുതിച്ചു.
ഉപ്പയുടെ വെളുത്ത ദേഹം പാറയിടുക്കുകളില്‍ അനക്കമറ്റു കിടക്കുകയാണ് ഇപ്പോള്‍. ഉപ്പയുടെ മുറിപ്പാടുകളില്‍ നിന്നും രക്തം പൊടിയുന്നു.
”ഇബ്രാഹീം… ഇബ്രാഹീം…”
ഉപ്പ വിളിച്ചു. അദ്ദേഹം അയാളുടെ നെറ്റിയില്‍ ചുംബിച്ചു. ഉപ്പയുടെ വിയര്‍പ്പിന് നിസ്‌കാരപ്പായയുടെ ഗന്ധം, സുജൂദിന്റെ ആനന്ദം…
”ഇബ്രാഹീം, നീ ആ വള്ളിപ്പടര്‍പ്പ് കാണുന്നില്ലേ? നിന്റെ ഉപ്പാക്ക് എത്തിപ്പിടിക്കാന്‍ കഴിയാതെപോയ ജീവിതത്തിന്റെ വള്ളിപ്പടര്‍പ്പുകള്‍…”
ഇബ്രാഹീം കണ്ണുകള്‍ തുറന്നു. അയാളുടെ കാഴ്ചയില്‍ വള്ളിപ്പടര്‍പ്പുകള്‍ തെളിഞ്ഞുനിന്നു.
ജീവിതത്തിന്റെ വള്ളിപ്പടര്‍പ്പുകള്‍.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top