LoginRegister

ഹജ്ജ്, ഹാജറ ബലിപെരുന്നാള്‍

ആയിശ സി ടി

Feed Back


കോവിഡിന്റെ നിയന്ത്രണങ്ങള്‍ക്കു ശേഷം വിശ്വാസിസമൂഹം വീണ്ടും വമ്പിച്ച ഒരു സജ്ജനസമ്മേളനത്തിനു തയ്യാറാവുകയാണ്. ഓരോ മുസ്ലിമിനും അവനെ സ്വയം വിലയിരുത്താനാകുന്ന ഏറ്റവും വലിയ വാര്‍ഷിക സമ്മേളനം. ശരീരവും മനസ്സും സമ്പത്തും കൊണ്ട് പുണ്യ ഹജ്ജിന് ഒരുങ്ങുമ്പോള്‍ എല്ലാ ഒരുക്കത്തേക്കാളുമുപരി അതിലേക്കുള്ള പാഥേയമായി നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് തഖ്വയാണെന്ന് ദയാലുവായ രക്ഷിതാവ് ഉണര്‍ത്തുന്നു.
ഹജ്ജ് എന്ന മഹത്തായ കര്‍മത്തിലൂടെ ആയുസ്സിലൊരിക്കല്‍ വിശ്വാസി ഏറ്റവും വലിയ കഴുകലിനും ശുദ്ധീകരണത്തിനും തയ്യാറാവുകയാണ്. നമസ്‌കാരത്തിലൂടെ ദിനേനയും വ്രതത്തിലൂടെ വാര്‍ഷത്തിലൊരിക്കലും, സകാത്തിലൂടെ സമ്പത്തിനെയും ശുദ്ധീകരിച്ചു കഴിഞ്ഞാലും ബാക്കിയാകുന്നത് ഹജ്ജിലൂടെ പരിപൂര്‍ണമായ കഴുകലിനു വിധേയമായിക്കൊണ്ട് തിരിച്ചുപോക്ക് എളുപ്പമാക്കുകയും സ്വര്‍ഗപ്രവേശനം ഉറപ്പിക്കുകയും ചെയ്യുന്നു.
സൃഷ്ടികള്‍ക്ക് സ്രഷ്ടാവിനോടുള്ള അനിര്‍വചനീയമായ പ്രണയത്തിന്റെ പ്രകടനമാണ് ഓരോ ആരാധനയും. അതിലെ അങ്ങേയറ്റത്തെ പ്രകടനമാണ് പരിശുദ്ധ ഹജ്ജ്. അത് പ്രകടിപ്പിക്കാനായി എത്ര കാതം കടന്നും ഏതു കാലാവസ്ഥയിലും ആ പരിശുദ്ധ ഗേഹത്തെ ലക്ഷ്യമാക്കി അവരെത്തും.
പ്രിയ നേതാവിലൂടെ പണികഴിക്കപ്പെട്ട പരിശുദ്ധ ഗേഹത്തിലേക്കെത്തുമ്പോള്‍ വിശ്വാസികള്‍ ആയിരക്കണക്കിനു വര്‍ഷം മുമ്പ് നടന്ന പ്രവാചകന്‍ ഖലീലുല്ലാ ഇബ്രാഹീം നബിയുടെ, മകന്‍ ഇസ്മാഈല്‍ നബിയുടെ, മാതൃകാ മഹിള ഹാജറാബീവിയുടെ ചരിത്രങ്ങളിലേക്ക് മനസ്സുകള്‍ പായിച്ചുകൊണ്ട് അല്ലാഹു കല്‍പിച്ച കാര്യങ്ങള്‍ അത് ഏതായാലും എന്തായാലും പ്രശ്നമില്ലാതെ ശിരസാവഹിക്കുന്നു. അങ്ങനെ സമ്പൂര്‍ണമായി തന്നെ സമര്‍പ്പിക്കുന്ന ഒരിടമായി വിശ്വാസി കാണുന്നതും ആഗ്രഹിക്കുന്നതും പുണ്യകഅ്ബാലയത്തിലേക്കാണ്. ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന മക്കയിലും മിനായിലും അറഫയിലും മുസ്ദലിഫയിലും ഏതു രൂപത്തില്‍, എത്ര സമയം കഴിച്ചുകൂട്ടാനാണോ ആഹ്വാനം, അതുപോലെ വിശ്വാസി സമൂഹം അനുസരിക്കുന്നു. ഓരോ പ്രവര്‍ത്തനത്തിലും നടത്തത്തിലും രാപാര്‍ക്കലിലും കല്ലെറിയലിലും സഫാ-മര്‍വക്കിടയിലുള്ള നടത്തത്തിലും ബലികര്‍മത്തിലും ചില ഓര്‍മകള്‍ അയവിറക്കുന്നുണ്ട്.
അല്ലാഹുവിന്റെ കല്‍പന നടപ്പാക്കാന്‍ ശ്രമിക്കവെ പിശാച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആ ശപിക്കപ്പെട്ടവനെ ഇബ്രാഹീം(അ) കല്ലെറിയാനായിരുന്നു സ്രഷ്ടാവിന്റെ കല്‍പന. അതോര്‍ത്ത് ലോകാവസാനം വരെയുള്ള വിശ്വാസികള്‍ അവരുടെ മനസ്സകം കൊണ്ട് പിശാചിനെ കല്ലെറിയുന്ന പ്രകടമായ ഒരു രൂപമാണ് ഹജ്ജിലെ കല്ലെറിയലിലൂടെ നടക്കുന്നത്.
കഅ്ബയും പരിസരവും മനസ്സിലേക്ക് വരുമ്പോള്‍ തന്നെ വിവിധങ്ങളായ ഓര്‍മകളുടെ വികാരങ്ങളും വിശ്വാസിയെ തഴുകുന്നുണ്ട്. ഒന്ന് ഓടിയണഞ്ഞ് പൊട്ടിക്കരയാനും പശ്ചാത്തപിക്കാനും ആ ഒരു ബിന്ദുവിലേക്ക് അണയാന്‍ ആശിക്കാത്തവരാരുണ്ട്! ലോക ജനതയുടെ ഹൃദയങ്ങള്‍ ആശിക്കുന്ന കേന്ദ്രമാക്കി ഇതിനെ മാറ്റേണമേയെന്ന ഇബ്രാഹീം നബിയുടെ പ്രാര്‍ഥയുടെ സാക്ഷാത്കാരമാണ് നമ്മുടെ മനസ്സുകള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും. ഇബ്രാഹീം(അ) പ്രാര്‍ഥിക്കുന്ന കാലത്ത് ലോകത്തെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായി കഅ്ബാലയം മാറുമെന്ന് ആര് കണ്ടു?
പരിശുദ്ധ ജലം സംസം പാനം ചെയ്യുമ്പോള്‍ ഓര്‍മകളില്‍ പരീക്ഷിക്കപ്പെട്ട വേളയില്‍ ആശയോടെ പ്രതീക്ഷയോടെ അങ്ങോട്ടുമിങ്ങോട്ടും ഓടിയ ആ പ്രിയ മാതാവിനെ ഒരിക്കലും മറക്കാനാവില്ലല്ലോ നമുക്ക്. സംസം, അതൊരു ദാഹമകറ്റിയ ജലം മാത്രമായിരുന്നില്ല. ആശ നശിക്കാത്തൊരു വനിതയുടെ കെട്ടുപോകാത്ത പ്രതീക്ഷയ്ക്ക് ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്കു മുന്നില്‍ പ്രതീക്ഷയറ്റുപോകാതെ ജീവിക്കണമെന്നും പ്രാര്‍ഥിക്കണമെന്നും വറ്റാത്ത സംസം കിണര്‍ നമ്മെ ഉണര്‍ത്തുന്നു. സഫക്കും മര്‍വക്കുമിടയില്‍ ധൃതിയിലുള്ള നടത്തം നാം നടന്നുതീര്‍ക്കുമ്പോള്‍ നമ്മിലൊരു ഹാജറയുണ്ടാകുന്നു, നമ്മിലൊരു മാതാവുണ്ടാകുന്നു. ഹാജറയെ സ്നേഹിക്കാന്‍ അവരെ കാണേണ്ടതില്ല. സ്വയം സമര്‍പ്പിക്കുന്ന മുസ്‌ലിമിനോട് ആ ചരിത്രാവശിഷ്ടങ്ങള്‍ പറയുന്ന കാര്യങ്ങള്‍ എത്രയാണ്! നമ്മെ മോഹിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു ഹാജറ.

ഇസ്മായീലെന്ന പിഞ്ചുബാലന്റെ അനുസരണയും സമര്‍പ്പണവും ഓര്‍ത്തു കണ്ണീരണിയാത്തവരുണ്ടോ? ബലിയര്‍പ്പണം, ഒരു പിഞ്ചുകുഞ്ഞിന്റെ അക്ഷമയും കണ്ണീരുമില്ലാത്ത മുഖം. ജീവിതസായാഹ്നത്തിലുണ്ടായ പ്രിയ സന്തതിയെ ബലിയറുക്കാനുണ്ടായ കല്‍പന ഒട്ടും ആശ്ചര്യപ്പെടാതെ, നൊമ്പരപ്പെടാതെ, ചോദ്യം ചെയ്യാതെ ഏറ്റെടുത്തൊരു പിതാവിന്റെ മുഖവും, ക്ഷമയെന്നാല്‍ ഹാജറയാണെന്നു മനസ്സിലാക്കുന്ന പ്രസന്നമായ വദനവും മുന്നില്‍ തെളിയുമ്പോഴാണ് അതൊരു ബലിയര്‍പ്പണമാകുന്നത്. ഏറ്റവും പ്രിയപ്പെട്ടതിനെ ഉപേക്ഷിക്കാന്‍ വിശ്വാസി എന്നും ഒരുക്കമാണെന്ന് തെളിയിച്ച നേതാവിന്റെ മില്ലത്തിനെ പിന്‍പറ്റിക്കൊണ്ട് പ്രിയപ്പെട്ടതിനെ വിട്ടേച്ച് പ്രയാണം ചെയ്ത ഹിജ്റയെന്ന തുല്യതയില്ലാത്ത ഉപേക്ഷിക്കല്‍ സംഭവിച്ചതും അവിടെയാണ്.
ഹജ്ജ് എന്ന മഹത്തായ കര്‍മം സത്യത്തില്‍ സ്ഥാപക നേതാവായ ഇബ്രാഹീം നബിയും മകന്‍ ഇസ്മായീല്‍ നബിയും വരച്ചുകാണിച്ച പാദമുദ്രകള്‍ സംരക്ഷിക്കുക എന്നതുകൂടിയാണ്.
ഹജ്ജിന്റെ ഏറ്റവും പ്രധാന ഭാഗമായ അറഫാ സമ്മേളനം പശ്ചാത്താപവിവശരും വിനയാന്വിതരുമായവരുടെ ഒത്തുചേരലാണ്. ഒറ്റ വികാരവും വിചാരവും മാത്രമുള്ള ആ കാരുണ്യതേട്ടം കാരുണ്യവാനായ നാഥന്‍ ഒരിക്കലും തട്ടിമാറ്റുന്നില്ല. അവിടെ നിന്ന് അവനിലേക്ക് ആത്മാര്‍ഥമായി കൈയുയര്‍ത്തിയവനെ അവന്‍ തട്ടിമാറ്റുകയില്ല. അറഫാ ദിനത്തിലേതുപോലെ പിശാച് നിന്ദ്യനും വഷളനുമാകുന്ന വേറൊരു ദിനവുമില്ല.
നബി(സ)യുടെ അറഫാദിന പ്രസംഗം യഥാര്‍ഥത്തില്‍ മനുഷ്യാവകാശങ്ങളെ ഏതു കാലത്തും സംരക്ഷിച്ചുനിര്‍ത്താനുള്ള ആഹ്വാനം കൂടിയായിരുന്നു. ഒരറബിക്കും അനറബിയേക്കാളും അനറബിക്ക് അറബിയേക്കാളും യാതൊരു ശ്രേഷ്ഠതയുമില്ല. ശ്രേഷ്ഠതയുടെ അടിസ്ഥാനം ജീവിതത്തിലെ സൂക്ഷ്മതയാണ്. നിങ്ങളുടെ രക്തവും സമ്പത്തും പവിത്രമാണ്. ഈ രാജ്യത്തിന്റെ പവിത്രത പോലെ, ഈ മാസത്തിന്റെ, ഈ ദിനത്തിന്റെ പവിത്രത പോലെ. അതായിരുന്നു നബി(സ)യുടെ വിടവാങ്ങല്‍ പ്രസംഗവും. മനുഷ്യരെല്ലാവരും ഒരു ചീര്‍പ്പിന്റെ പല്ലുകള്‍ പോലെയാണ്, സഹജീവികളാണ്, സഹോദരങ്ങളാണ് എന്ന് റസൂല്‍ പഠിപ്പിച്ചു. മതങ്ങള്‍, ആശയങ്ങള്‍, ദര്‍ശനങ്ങള്‍ വ്യത്യാസപ്പെടുമ്പോഴും നമുക്ക് മറ്റുള്ളവരെ ഉള്‍ക്കൊള്ളാനും ആദരിക്കാനുമാകണം.
തൗഹീദിന്റെ സംസ്ഥാപനത്തിനായി നിര്‍മിതമായ ആ പുരാതന മന്ദിരത്തിലേക്ക് എത്താന്‍ ദാഹിക്കുന്ന ഏകദൈവ വിശ്വാസികളെ ‘ലബ്ബൈക’ ചൊല്ലിയണയാന്‍ മാടിവിളിക്കുന്നു. നിര്‍ഭയത്വമേകുന്ന മക്ക. അവിടെ നടക്കുന്ന ഹജ്ജ് കര്‍മങ്ങളുടെ തുടക്കവും ഒടുക്കവും ലോകത്തിലെ എല്ലാ വിശ്വാസികളും ദുല്‍ഹജ്ജ് ഒന്നു മുതല്‍ അയ്യാമുത്തശ്‌രീഖിന്റെ ദിനങ്ങള്‍ വരേക്കും അറിയുകയും അനുഭവിക്കുകയും ചെയ്യുന്നു. ഹാജിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോകത്തെ എല്ലാ കോണുകളിലും പ്രവര്‍ത്തിക്കുന്നു. ഉളുഹിയ്യത്ത് ഉദ്ദേശിക്കുന്നവര്‍ ദുല്‍ഹജ്ജ് 1 മുതല്‍ മനസാ അതിനൊരുങ്ങുന്നു. അറഫാ സമ്മേളന ദിവസം ഹാജിമാരല്ലാത്തവര്‍ അറഫാ നോമ്പെടുത്തുകൊണ്ട് പുണ്യപാതയൊരുക്കുന്നു. ദുല്‍ഹജ്ജ് 10നു ബലിപെരുന്നാളായി ആഘോഷിച്ചുകൊണ്ട് ലോകമൊന്നായിത്തീരുന്നു.
പുണ്യഗേഹത്തെ ഉദ്ദേശിച്ചു പോയവരുടെ ഹജ്ജിലൂടെ നേടിയെടുത്ത പരിശുദ്ധിയും നിര്‍വൃതിയും, പുണ്യഗേഹത്തിലേക്ക് ചെന്നണയാന്‍ ആഗ്രഹിക്കുന്നവരുടെ പ്രാര്‍ഥനയും പ്രതീക്ഷയും- അതാണ് ബലിപെരുന്നാള്‍.
രണ്ട് പെരുന്നാളാഘോഷവേളകളിലും കൂടെയുള്ളവരെ ചേര്‍ത്തുപിടിക്കാനുള്ള, അറിയാനുള്ള സത്കര്‍മങ്ങള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു കാരുണ്യവാന്‍. ഫിത്വ്ര്‍ സകാത്തിലൂടെയും ബലികര്‍മത്തിലൂടെയും എല്ലാവര്‍ക്കും സന്തോഷിക്കാനുള്ള വകയേകുന്നു മതം.
ഹജ്ജ് മഹത്തായ ഒരു വികാരം കൂടിയാണ്. പുണ്യപ്രവാചകന്മാര്‍ ചരിത്രം രചിച്ച മണ്ണിലേക്കുള്ള യാത്ര. അവിടം നമുക്ക് പ്രിയപ്പെട്ടവരുടെ പാദസ്പര്‍ശമേറ്റ മണ്ണാണ്. കഠിന പരീക്ഷണങ്ങള്‍ക്കിടയിലും ആടിയുലയാതെ ഇലാഹിലെല്ലാം അര്‍പ്പിച്ച് വിജയം നേടിയ, മരിക്കാത്ത സ്മരണകള്‍ ബാക്കിവെച്ച പരിശുദ്ധയിടം.
ആരാധനാ കര്‍മങ്ങള്‍ സഹിഷ്ണുതയും സാഹോദര്യവും ഐക്യവും സ്നേഹവും വിശാലതയും ദയയും കാരുണ്യവും എക്കാലവും ഇവിടെ ബാക്കിയാക്കുന്നു. എല്ലാ കര്‍മങ്ങളുടെയും ഫലങ്ങള്‍ അകവും പുറവും മധുരമാണ്. ബലിപെരുന്നാളും നമ്മില്‍ മധുരമുള്ള, നിറമുള്ള ഓര്‍മകളും വറ്റാത്ത പ്രതീക്ഷയും ബാക്കിയാക്കുന്നു.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top