സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാകുന്ന പല ആളുകളെയും നമുക്ക് കാണാം. മതങ്ങൾ സ്ത്രീകളെ അടിച്ചമർത്തുകയാണെന്നും അവരെ മതത്തിന്റെ കെട്ടുപാടുകളിൽ നിന്ന് മോചിപ്പിച്ചാൽ മാത്രമേ സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ എന്നും പറയുന്നവരുണ്ട്. പലപ്പോഴും ഈ വാദക്കാരുടെ പ്രധാന റോൾമോഡലുകൾ സിനിമാമേഖലയിൽ നിന്നുള്ളവരായിരിക്കും. സിനിമകളാകട്ടെ, കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ ഉദാത്തമായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വാഴ്‌ത്തുപാട്ടുകളാവും. ഓരോ സ്ത്രീക്കും സ്വന്തം ശരീരം ഇഷ്ടം പോലെ ഉപയോഗിക്കാൻ അവസരം നൽകണം എന്ന സന്ദേശം നൽകാനാണ് മിക്ക സിനിമകളും ശ്രമിക്കാറുള്ളത്.
സ്വതന്ത്ര–ഉദാര ലോകത്തുള്ളവർ തങ്ങളുടെ പാഷനായി കൊണ്ടുനടക്കുന്ന വ്യവസായവും സിനിമയാകും. വാണിജ്യ സിനിമയിൽ അഭിനയിക്കാനും മോഡലിംഗിലൂടെ ശരീരം പ്രദർശിപ്പിക്കാനും വെമ്പൽ കൊള്ളുന്നവരാണ് പലരും. എന്നാൽ സർവതന്ത്ര സ്വാതന്ത്ര്യത്തിന്റെ ഇടം എന്ന് കൊട്ടിഘോഷിച്ച ഈ വ്യവസായമേഖലയിൽ സ്ത്രീ ജീവിതങ്ങൾ ഹോമിക്കപ്പെടുകയാണ്. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപോർട്ട് ഇപ്പോൾ വലിയ ചർച്ചയാണ്. സ്‌ക്രീനുകളിൽ വലിയ സ്വാതന്ത്ര്യവും മനുഷ്യാവകാശവും നീതിയും ഉദ്ഘോഷിക്കുന്ന താരങ്ങളുടെ പൊയ്‌മുഖമാണ് റിപോർട്ട് തുറന്നുകാണിക്കുന്നത്. പറയപ്പെടുന്ന സ്വാതന്ത്ര്യവും ആഘോഷമൊന്നും യഥാർഥ ജീവിതത്തിലില്ല എന്നതാണ് ഇപ്പോൾ വെളിപ്പെടുന്ന കാര്യം. ലിബറൽ ലോകത്തെ സ്ത്രീജീവിതത്തിന്റെ ഒരു ഉദാഹരണമായി അതിനെ കാണാവുന്നതാണ്.
സോഷ്യൽ മീഡിയകളിലും മറ്റും നമ്മളിടങ്ങൾ, ഇറങ്ങിനടക്കാം എന്നൊക്കെയുള്ള ടാഗ് ലൈനിൽ വരുന്ന പല കാര്യങ്ങളും സ്ത്രീകളുടെ സ്വൈരജീവിതത്തിന് ഭംഗം വരുത്തുന്നതാണ്. സ്വാതന്ത്ര്യം പ്രതീക്ഷിച്ച് ഇത്തരം മേഖലകളിലേക്ക് കടന്നുചെല്ലുന്നവരെ ചൂഷണം ചെയ്താണ് ആൺമേൽക്കോയ്‌മ നിലനിർത്തുന്നത്. ആണുങ്ങൾക്ക് ചൂഷണം മറച്ചുപിടിക്കാനുള്ള ഒരു മാർഗമായി മാത്രമാണ് ഇത്തരം അതിസ്വാതന്ത്ര്യവാദങ്ങൾ മുഴങ്ങിക്കേൾക്കുന്നത്. സ്ത്രീസ്വാതന്ത്ര്യമെന്നാൽ ഏത് പുരുഷനും വാതിലിൽ മുട്ടാനുള്ള അവകാശമാണ് എന്നു കരുതുന്ന ചിലരാണ് ഇപ്പോൾ വെളിച്ചത്തുവന്നിരിക്കുന്നത്. സൂപ്പർ താരങ്ങളൊന്നും അത്ര സൂപ്പറല്ല എന്നതാണ് ചുരുക്കം. ഫാൻസെന്നും റോൾമോഡലെന്നും പറഞ്ഞ് ആഘോഷിക്കാൻ മാത്രം വെടിപ്പുള്ളതല്ല വാണിജ്യ സിനിമാലോകമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചുവെന്നതാണ് ഹേമ കമ്മിറ്റി റിപോർട്ടിന്റെ പ്രത്യേകത.
കലയുടെ വാണിജ്യവത്കരണമാണ് സിനിമാ വ്യവസായം. അവിടെ ലാഭത്തിനു മാത്രമേ സ്ഥാനമുള്ളൂ. കൂടുതൽ അവസരവും പണവും ലഭിക്കാൻ വ്യക്തിത്വവും അഭിമാനവും പണയം വെക്കണമെന്നതാണ് സ്ഥിതി. സ്‌കൂൾ കലാമേള പോലും വാണിജ്യവത്കരിക്കപ്പെടുന്ന വിപത്തിനെ സംബന്ധിച്ച് ഖാദർ കമ്മിറ്റി റിപോർട്ട് പറയുന്നുണ്ട്. കലാമേളകൾ ജില്ലാതലത്തിൽ അവസാനിപ്പിക്കണമെന്നാണ് നിർദേശം നൽകിയത്. കൗമാര ഉത്സവം പണക്കൊഴുപ്പിന്റെ മേളയായി മാറിയെന്നതാണ് യാഥാർഥ്യം. രക്ഷിതാക്കളുടെ മത്സരമാണ് കലാമേളയിലുണ്ടാവുന്നത്. ആരോഗ്യകരമായ മത്സരത്തിന് പകരം വിധികർത്താക്കളെ സ്വാധീനിക്കാനുള്ള ശ്രമവും സമ്മർദ തന്ത്രങ്ങളുമാണ് വേദിക്കു പിറകിൽ അരങ്ങേറുന്നത്.
.