പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്.സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കാനാണാഗ്രഹം. സി.യു.ഇ.ടി യു.ജിയെ പരിചയപ്പെടുത്താമോ ?
– ഹിബ കരുവാരക്കുണ്ട്
ഇന്ത്യയിലെ വിവിധ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളടക്കം മികച്ച സ്ഥാപനങ്ങളിലെ വിവിധ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയാണ് സി.യു. ഇ.ടി (കോമണ്‍ യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്). ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് സി.യു.ഇ.ടി യു.ജിയും ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് സി.യു.ഇ.ടി പി.ജിയുമാണ് എഴുതേണ്ടത്. എന്‍.ടി.എയാണ് (നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി) പരീക്ഷകള്‍ നടത്തുന്നത്.
പ്ലസ് ടു വിദ്യാർഥികള്‍ക്ക് ഏറെ പ്രധാനപ്പെട്ട പരീക്ഷയാണ് സി.യു.ഇ.ടി യുജി.
എന്ത് കൊണ്ട് സെന്‍ട്രൽ
യൂനിവേഴ്‌സിറ്റി ?
മികച്ച ഭൗതിക സാഹചര്യങ്ങള്‍, സമർഥരായ അധ്യാപകര്‍, വിശാലമായ കാമ്പസുകള്‍, മികവുറ്റ ലൈബ്രറികള്‍, മിതമായ ഫീസ്, ഉയര്‍ന്ന പ്ലേസ്‌മെന്റ് സാധ്യതകള്‍, പുതിയ ജീവിതരീതികള്‍ പരിചയപ്പെടാനും ഉള്‍കൊള്ളാനുമുള്ള അവസരങ്ങള്‍, വിവിധ പ്രദേശങ്ങളിലുള്ള വിദ്യാർഥികളുമായുള്ള സൗഹൃദങ്ങള്‍ തുടങ്ങി സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികള്‍ക്ക് നിരവധി സവിശേഷതകളുണ്ട്.
വ്യത്യസ്തമായ
പ്രോഗ്രാമുകള്‍
വിവിധ ബിരുദ പ്രോഗ്രാമുകള്‍ക്ക് പുറമേ ഇന്റഗ്രേറ്റഡ് പി.ജി, ഇന്റഗ്രേറ്റഡ് ബി.എഡ്, ഇന്റഗ്രേറ്റഡ് എം.ബി.എ, ബി.ടെക്, ബിഫാം, ഡിഫാം, എം.എല്‍.ടി, ബി.വോക് തുടങ്ങി നിരവധി പ്രോഗ്രാമുകള്‍ക്ക് വിവിധ സെന്‍ട്രല്‍, സ്റ്റേറ്റ്, ഡീംഡ്, പ്രൈവറ്റ് യൂനിവേഴ്‌സിറ്റികളില്‍ സി.യു.ഇ.ടി വഴി പ്രവേശനം നേടാവുന്നതാണ്. അഗ്രികള്‍ച്ചര്‍ അനുബന്ധ കോഴ്‌സുകളുടെ 20 ശതമാനം ആള്‍ ഇന്ത്യാ ക്വാട്ടയുടെ പ്രവേശനവും സി.യു.ഇ.ടി യു.ജി വഴിയാണ്. കേരള കേന്ദ്ര സര്‍വകലാശാലയില്‍ ബി.എ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്ന ബിരുദ പ്രോഗ്രാം മാത്രമേയുള്ളൂ.
സ്ഥാപനങ്ങള്‍
ഡല്‍ഹി, ഹൈദരാബാദ്, അലിഗഡ് മുസ്‌ലിം, ബനാറസ് ഹിന്ദു, ആന്ധ്ര പ്രദേശ്, സൗത്ത് ബീഹാര്‍, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍പ്രദേശ്,ജമ്മു, ജാര്‍ഖണ്ഡ്, കര്‍ണാടക, കാശ്മീര്‍, കേരള, ഒഡിഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, മിസോറാം, നാഗാലാന്‍ഡ്, ഡോക്ടര്‍ ഹരി സിംഗ് ഗൗര്‍, മൗലാനാ ആസാദ് നാഷണല്‍ ഉറുദു, ദ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റികളുള്‍പ്പടെ 46 സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലേക്ക് സി.യു.ഇ.ടി വഴിയാണ് പ്രവേശനം .
കൂടാതെ 41 സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികളും 30 ഡീംഡ് യൂണിവേഴ്‌സിറ്റികളും 160 പ്രൈവറ്റ് യൂണിവേഴ്‌സിറ്റികളും കഴിഞ്ഞ വര്‍ഷം സി.യു. ഇ.ടി വഴി പ്രവേശനം നല്‍കിയിട്ടുണ്ട്.
ഫൂട്ട് വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ കളിനറി ഇന്‍സ്റ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവല്‍ മാനേജ്‌മെന്റ്, ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളും വിവിധ പ്രോഗ്രാമുകള്‍ക്ക് സി.യു.ഇ.ടി സ്‌കോര്‍ പരിഗണിക്കാറുണ്ട്.
യോഗ്യത
പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. മൂന്ന് വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമയും പരിഗണിക്കും. പ്രായപരിധിയില്ല.യോഗ്യതകള്‍ പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനങ്ങളിലെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും.
പരീക്ഷ
ഹൈബ്രിഡ് മോഡിലാണ് പരീക്ഷ. അതായത് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷക്ക് (CBT) പുറമേ ഒ.എം.ആര്‍ രീതിയിലുള്ള പെന്‍ & പേപ്പര്‍ പരീക്ഷയും നടത്തും.
കൂടുതല്‍ രജിസ്‌ട്രേഷനുള്ള വിഷയങ്ങളിലാണ് എഴുത്ത് പരീക്ഷ നടത്തുക. ചോദ്യങ്ങള്‍ ഒബ്ജക്റ്റീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലായിരിക്കും. ഓരോ ചോദ്യത്തിനും 5 മാര്‍ക്ക്. തെറ്റുത്തരത്തിന് ഒരു മാര്‍ക്ക് നഷ്ടപ്പെടും. 13 ഭാഷകളില്‍ ചോദ്യപേപ്പര്‍ ലഭ്യമാകും. കേരളത്തിലും ലക്ഷദ്വീപിലും താല്‍പര്യമുള്ളവര്‍ക്ക് മലയാളത്തിലും പരീക്ഷ എഴുതാം.
ജനറല്‍ ടെസ്റ്റിന് പുറമേ 33 ഭാഷാ വിഷയങ്ങളിലും 27 ഡൊമൈന്‍ സ്‌പെസിഫിക് വിഷയങ്ങളിലും പരീക്ഷയുണ്ട്.പരമാവധി ആറ് പരീക്ഷകള്‍ വരെ എഴുതാം.
വിദ്യാർഥികള്‍ ചേരാന്‍ ആഗ്രഹിക്കുന്ന പ്രോഗ്രാമുകളുടെ പ്രവേശന രീതിക്ക് അനുയോജ്യമായ പരീക്ഷകള്‍ മാത്രം എഴുതിയാല്‍ മതി.
exams.nta.ac.in/CUET-UG എന്ന വെബ്‌സൈറ്റില്‍ സി.യു.ഇ.ടി വഴി പ്രവേശനം ലഭ്യമാകുന്ന സര്‍വകലാശാലകളുടെ ലിസ്റ്റ് ലഭ്യമാണ്. ഓരോ സര്‍വകലാശാലയുടെയും ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അവിടുത്തെ പ്രോഗ്രാമുകള്‍, ഓരോ പ്രോഗ്രാമിന്റെയും പ്രവേശനത്തിന് വേണ്ട യോഗ്യത, എഴുതേണ്ട പരീക്ഷകള്‍ എന്നിവ അറിയാന്‍ സാധിക്കും. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. .