സമാധാനം
ഓരോ കാലത്തും ഓരോ സമയത്തും മനുഷ്യന്‍ ഓരോ തരത്തിലാണ് ചിന്തിക്കുക. ഒരു പ്രായത്തില്‍ കരുതിയിരുന്നു സന്തോഷമാണ് ജീവിതത്തിന്റെ അവിഭാജ്യ ഘടകമെന്ന്. പിന്നൊരു കാലത്ത് തോന്നി, സൗകര്യങ്ങളാണ് നല്ലൊരു ജീവിതത്തിന്റെ അടിസ്ഥാനമെന്ന്. പക്ഷേ, ഇപ്പോഴും ഇനിയെപ്പോഴും ഞാനറിഞ്ഞുകൊണ്ടേയിരിക്കും സമാധാനത്തോളം വലുതല്ല ജീവിതത്തില്‍ മറ്റൊന്നുമെന്ന്.
ജീവിതം
ആലോചിക്കാറുണ്ട്, ഈ ജീവിതം ജീവിച്ചുതീര്‍ക്കാന്‍ എന്തൊരു പ്രയാസമാണെന്ന്. കുന്നോളം മോഹങ്ങളുമായി, തലയുയര്‍ത്തിപ്പിടിച്ച് അതിലേക്കുള്ള സഫലീകരണത്തിനായി ഇറങ്ങിനടക്കാന്‍ ആഗ്രഹിക്കുന്നുണ്ട് ഓരോ വ്യക്തിയും. പക്ഷേ, അതത്ര എളുപ്പമാണോ? പാട്രിയാര്‍ക്കി കൊടികുത്തി വാഴുന്ന കേരളത്തില്‍ സ്വപ്നങ്ങള്‍ ബലികൊടുത്ത് ജീവിക്കുന്നത് കേവലം സ്ത്രീകള്‍ മാത്രമല്ല. അന്യരുടെ ഇടപെടലുകളാല്‍ കുടുബത്തിനകത്തോ പുറത്തോ ഉള്ള ജീവിതത്തില്‍ യാതൊന്നും സാധിക്കാനാവാതെപോയ ധാരാളം പുരുഷന്മാര്‍ കൂടി ഉള്‍പ്പെട്ടതാണ് ഈ സമൂഹം.
സന്തോഷം
മറ്റൊരാളുടെ നുറുങ്ങ് സന്തോഷത്തെപ്പോലും നുള്ളിയെറിഞ്ഞ് ആര്‍ക്കാണ് ഇവിടെ ആഹ്ലാദത്തോടെ ജീവിക്കാനാവുക? ആലോചിക്കേണ്ട ഒരു വസ്തുതയാണിത്. ആര്‍ക്കും ഉപദ്രവമില്ലാത്ത തന്റേതായ ഇഷ്ടങ്ങളെ, തനിക്കിഷ്ടമുള്ളതുപോലെ ചെയ്യാനാവുന്ന കുറേ മനുഷ്യരുള്ള ഈ ഭൂമി എത്ര സുന്ദരമായിരിക്കും! അതില്‍ വളരുന്ന ഒരു പാഴ്‌ച്ചെടിയുടെ ജന്മം പോലും എത്ര അനുഗ്രഹിക്കപ്പെട്ടതായിരിക്കും!
കരുതല്‍
തങ്ങള്‍ക്കൊപ്പമുള്ളവരുടെ ആഗ്രഹങ്ങളെ മനസ്സിലാക്കാനായില്ലെങ്കിലും അതിനെ തടസ്സപ്പെടുത്താതിരിക്കാനുള്ള ഒരു മനോഭാവം എല്ലാവരും വളര്‍ത്തിയെടുത്തിരുന്നെങ്കില്‍ എന്നാശിക്കുകയാണ്. അനാവശ്യ സമ്മര്‍ദങ്ങളുടെ തലച്ചുമടുമേന്തിയല്ലാതെ നമ്മുടെ സ്വന്തം മനുഷ്യരിവിടെ സമാധാനത്തോടെ ജീവിക്കട്ടെ.
.