LoginRegister

ഷാര്‍ജ പുസ്തകമേള വായനയുടെ സര്‍ഗോത്സവം

ഹാറൂന്‍ കക്കാട്

Feed Back


ഒരു വായനക്കാരന്‍ മരണത്തിനു മുമ്പ് ആയിരക്കണക്കിന് ജീവിതങ്ങള്‍ ജീവിച്ചുതീര്‍ക്കുന്നു. എന്നാല്‍, ഒന്നും വായിക്കാത്തവന്‍ ഒരൊറ്റ ജീവിതം മാത്രം ജീവിക്കുന്നു എന്ന് എഴുതിയത് ‘എ സോങ് ഓഫ് ഐസ് ആന്റ് ഫയര്‍’ എന്ന പ്രശസ്ത കൃതിയുടെ കര്‍ത്താവായ അമേരിക്കന്‍ നോവലിസ്റ്റ് ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിനാണ്. അത്രമേല്‍ മഹാത്മ്യങ്ങളും കൗതുകങ്ങളും നിറത്ത അക്ഷയനിധിയാണ് വായന എന്ന പ്രക്രിയ!
വായന മനുഷ്യന് മാത്രം ലഭിച്ച മഹാസിദ്ധിയാണ്. ഗുഹാമനുഷ്യന്‍ മുതല്‍ ആധുനിക മനുഷ്യന്‍ വരെ ആശയവിനിമയത്തിന് സ്വീകരിക്കുന്ന മാധ്യമങ്ങള്‍ കൗതുകകരമാണ്. കല്ലിലും മണ്ണിലും എഴുതി വായിച്ചിരുന്ന മനുഷ്യന്‍ താളിയോലകളിലൂടെ സഞ്ചരിച്ച് കടലാസിലും പിന്നീട് മോണിറ്ററിലും ടാബുകളിലും ഉള്ളംകൈയിലെ മൊബൈല്‍ സ്‌ക്രീനിലുമായി വായന എന്ന പ്രക്രിയ തുടരുന്നു.
വായനയുടെയും എഴുത്തിന്റെയും അളവറ്റ ഗുണഫലങ്ങള്‍ ആസ്വദിക്കാന്‍ ഷാര്‍ജ പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സാധിക്കുന്നു. 1982ല്‍ എളിയ രീതിയില്‍ ആരംഭിച്ച ഷാര്‍ജ പുസ്തകോത്സവം ഒരു പതിറ്റാണ്ട് കൊണ്ട് തന്നെ അഭൂതപൂര്‍വമായ വളര്‍ച്ച നേടിയിരുന്നു. കല്ലച്ചിനും അച്ചടിക്കും മുമ്പ് ഹക്കാവത്തികളുടെ കഥ പറച്ചിലിലൂടെ മാത്രം പ്രപഞ്ചത്തെയും ലോകത്തെയും മനുഷ്യനെയും കേട്ടറിഞ്ഞിരുന്ന അറബ്‌നാടുകളിലെ ജനതയെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ വിസ്മയകഥയാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടേത്.
നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച മേള പ്രാദേശിക സമൂഹത്തെ മാത്രം ഉള്‍ക്കൊള്ളുന്നതായിരുന്നു. സംഘാടകരുടെ കഠിനാധ്വാനത്തിലൂടെ പിന്നീടത് ലോകത്താകെ വ്യാപിച്ചു. ഏറ്റവും മികച്ചതും പ്രധാനപ്പെട്ടതുമായ രാജ്യാന്തര പുസ്തകമേളയായി മാറി. പിന്നീട് ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയായി.
വര്‍ഷംതോറും നടക്കുന്ന പുസ്തകമേളകള്‍ക്ക് വേണ്ടി ഷാര്‍ജ ഭരണകൂടം തെരഞ്ഞെടുത്ത കാലം ശ്രദ്ധേയമാണ്. കടുത്ത ചൂടില്‍നിന്നു തണുപ്പിലേക്കു മാറുന്ന നവംബര്‍ മാസത്തിലെ 12 ദിവസങ്ങളിലാണ് എല്ലാ വര്‍ഷവും പുസ്തകമേള നടക്കുക. വിവിധ ഭൂഖണ്ഡങ്ങളില്‍നിന്നുള്ള എഴുത്തുകാരും മറ്റു പ്രമുഖരും എത്തുന്നതിനാലാണ് ഏറ്റവും മികച്ച കാലാവസ്ഥയുള്ള നവംബര്‍ മാസത്തില്‍ പുസ്തകമേള നിശ്ചയിക്കാന്‍ കാരണം.
എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ടാംവാരം മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഷാര്‍ജയിലേക്ക് വരുന്ന കപ്പലുകളിലും വിമാനങ്ങളിലും കൂടുതല്‍ എത്തുന്നത് പുസ്തകങ്ങളായിരിക്കും. വിവിധ ഭാഷകളിലുള്ള ലക്ഷക്കണക്കിനു പുസ്തകങ്ങള്‍. ഇവയ്ക്ക് കസ്റ്റംസ് പരിശോധനകളോ സെന്‍സറിങ്ങോ ഒന്നുമില്ല. പുസ്തകോത്സവം നടക്കുന്ന എക്‌സ്‌പൊ സെന്റര്‍ നഗരിയിലെ പവലിയനില്‍ പുസ്തകം എത്തിച്ചുകൊടുക്കുന്നതുവരെയുള്ള എല്ലാ നടപടികളും പൂര്‍ണമായും സൗജന്യമാണ്. ലാഭേച്ഛ ഇല്ലാതെ തികച്ചും സൗജന്യമായി അറിവിന്റെ ലോകത്തേയ്ക്ക് ആര്‍ക്കും പ്രവേശനം അനുവദിക്കുന്ന ലോകത്തിലെ ഏക അന്താരാഷ്ട്ര പുസ്തകോല്‍സവമാണിത്. 25 ശതമാനം വിലക്കുറവിലാണ് പുസ്തകങ്ങള്‍ വില്‍ക്കുന്നത്.
പുസ്തകമേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലൈബ്രറി സമ്മേളനവും പ്രസാധക സമ്മേളനവും ഏറെ മാതൃകാപരമാണ്. ലോകസാഹിത്യത്തിനും സമൂഹത്തിനും വേറിട്ട സംഭാവനകള്‍ നല്‍കുന്ന മികച്ച വ്യക്തിത്വങ്ങളെ അംഗീകരിക്കുന്നതിന്റെ ഭാഗമായി ഓരോ വര്‍ഷവും പുസ്തകോത്സവത്തില്‍ ലോകരാജ്യങ്ങളിലെ സാംസ്‌കാരിക വ്യക്തിത്വങ്ങളെ പുരസ്‌കാരം നല്‍കി ആദരിക്കുന്നു.
അറബ് മേഖലയില്‍ ആദ്യമായി വായനയെ പ്രോത്സാഹിപ്പിക്കാന്‍ ദേശീയ വായനാ നിയമം പ്രഖ്യാപിച്ച് ചരിത്രം കുറിച്ച രാജ്യമാണ് യുഎഇ. രാജ്യത്തെ എഴുത്തുകാര്‍ക്കും പത്രാധിപന്മാര്‍ക്കും പ്രസാധകര്‍ക്കും പിന്തുണ നല്‍കുന്നതാണ് 2017ല്‍ യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബ്ന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ച ദേശീയ വായനാ നിയമം. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലേക്കും അക്ഷരജ്ഞാനം ലക്ഷ്യമിടുന്നതാണ് ഈ നിയമം.
പുസ്തകോത്സവത്തെ കൂടാതെ രാജ്യത്തെ പൗരന്മാരില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഷാര്‍ജ ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമെന്ന നിലയില്‍ 2019ലെ ലോക പുസ്തക തലസ്ഥാനമായി ഷാര്‍ജയെ യുനെസ്‌കോ തെരഞ്ഞെടുത്തിരുന്നു. യുഎഇയുടെയും ജിസിസിയുടെയും സാംസ്‌കാരിക തലസ്ഥാനമായും ഷാര്‍ജ ഖ്യാതി നേടി.

2018 ഡിസംബറില്‍ ഷാര്‍ജയില്‍ ആരംഭിച്ച ‘ഹൗസ് ഓഫ് വിസ്ഡം’ എന്ന വിപുലമായ പുസ്തകശാല ഷാര്‍ജ എമിറേറ്റിന്റെ മറ്റൊരു നേട്ടമാണ്. Knowledge without borders എന്ന പേരില്‍ ഷാര്‍ജ എമിറേറ്റിലെ എല്ലാ സ്വദേശി ഭവനങ്ങള്‍ക്കും 50 പുസ്തകം വീതം ഓരോ വര്‍ഷവും സൗജന്യമായി നല്‍കുന്ന ഹോം ലൈബ്രറി സ്‌കീം ഭരണകൂടം നടപ്പാക്കിയിട്ടുണ്ട്.
വിവര്‍ത്തകര്‍ക്കും പ്രസാധകര്‍ക്കും ഗുണകരമായ നിരവധി പദ്ധതികള്‍ ഷാര്‍ജ പുസ്തകമേളയില്‍ ആവിഷ്‌കരിക്കാറുണ്ട്. 2011ല്‍ ആരംഭിച്ച മൂന്നു ലക്ഷം ഡോളറിന്റെ ഷാര്‍ജ ബുക് ഫെയര്‍ ഗ്രാന്റ് ഫണ്ട് വലിയ ഉണര്‍വാണ് വിവര്‍ത്തന മേഖലയ്ക്ക് നല്കിയത്.
പ്രസാധകലോകത്തെ ആദ്യത്തെ ഫ്രീസോണ്‍ പബ്‌ളിഷിങ് സിറ്റി എന്ന ചരിത്രനേട്ടവും ഷാര്‍ജ സ്വന്തമാക്കിയിട്ടുണ്ട്. ലോകത്തെ എല്ലാ പ്രസാധകര്‍ക്കും നികുതിരഹിതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന സ്വതന്ത്ര ഉടമസ്ഥാവകാശമുള്ള അച്ചടി പ്രസിദ്ധീകരണ കേന്ദ്രമായാണ് പബ്ലിഷിംഗ് സിറ്റി ഷാര്‍ജ ഫ്രീസോണില്‍ പ്രവര്‍ത്തിക്കുന്നത്.
പുസ്തകമേളയുടെ സൂത്രധാരന്‍
അക്ഷരധ്യാനം ജീവിതസപര്യയാക്കിയ ഒരു ഭരണാധികാരിയുടെ വിസ്മയ കഥ കൂടി ഉള്‍ച്ചേര്‍ന്നതാണ് ഷാര്‍ജ പുസ്തകോത്സവത്തിന്റേത്. ചരിത്രാതീത കാലം മുതല്‍ പുസ്തകങ്ങള്‍ നിരോധിക്കുകയും ഗ്രന്ഥശാലകള്‍ക്ക് തീയിടുകയും പുസ്തക രചയിതാക്കളെയും ചിന്തകന്മാരെയും തടവിലാക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുള്ള അക്ഷരവിരോധികളായ ഭരണാധികാരികളെ നമുക്ക് പരിചയമുണ്ട്. ഇക്കാലത്തും ഇത്തരം ചിന്താഗതികളുള്ള ഭരണാധികാരികള്‍ വിരളമല്ല. എന്നാല്‍ അതില്‍നിന്നു തികച്ചും വ്യത്യസ്തമായി വായനയും വിജ്ഞാനവുമാണ് ഒരു നാടിന്റെ വികസനത്തിലേയ്ക്കുള്ള യഥാര്‍ഥ ചവിട്ടുപടിയെന്ന് ബോധ്യമുള്ള ഭരണാധികാരിയാണ് ഷാര്‍ജ പുസ്തകമേളയുടെ ജീവനാഡിയായ ശൈഖ് സുല്‍ത്താന്‍ ബ്ന്‍ മുഹമ്മദ് ആല്‍ ഖാസിമി.
1971ല്‍ യുഎഇ രൂപീകൃതമായപ്പോള്‍ രാജ്യത്തിന്റെ വിദ്യാഭ്യാസമന്ത്രിയായാണ് ശൈഖ് സുല്‍ത്താന്‍ ചുമതലയേറ്റത്. രാജ്യത്തെ വിദ്യാഭ്യാസരംഗത്തിന് ശാസ്ത്ര സാങ്കേതിക വൈദഗ്ധ്യത്തിലും സാംസ്‌കാരിക നിലവാരത്തിലുമെല്ലാം കുതിക്കാനുള്ള അടിത്തറ പാകിയത് അദ്ദേഹമാണ്. വിദ്യാഭ്യാസമന്ത്രിയായിരിക്കെ 1972ലാണ് ഷാര്‍ജ ഭരണാധികാരിയായി അദ്ദേഹം ചുമതലയേറ്റത്. യുഎഇയുടെ ഭരണസാന്നിധ്യം വഹിക്കുന്ന സുപ്രിം കൗണ്‍സില്‍ അംഗം കൂടിയാണ് ശൈഖ് സുല്‍ത്താന്‍.
ജനപ്രിയ അക്ഷരോത്സവം
ഷാര്‍ജ പുസ്തകോത്സവം ഈ വര്‍ഷവും ജനപ്രിയമായതില്‍ വലിയ സന്തോഷമുണ്ടെന്ന് ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ശൈഖ ബദര്‍ ആല്‍ ഖാസിമി മേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ച പബ്ലിഷേഴ്‌സ് കോണ്‍ഫ്രന്‍സില്‍ പറഞ്ഞു. സര്‍ഗാത്മകത വളര്‍ത്തുന്ന, സംഭാഷണത്തെ പ്രോത്സാഹിപ്പിക്കുന്ന, നവീകരണത്തെ പിന്തുണയ്ക്കുന്ന ഒരു സംസ്‌കാരം സൃഷ്ടിക്കാന്‍ കഴിഞ്ഞ വര്‍ഷങ്ങളാണ് കടന്നുപോയതെന്നും ശൈഖ ബദര്‍ പറഞ്ഞു. നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്യര്‍ പ്രഭാഷണം എതിരേറ്റത്.
ഓരോ വര്‍ഷവും കൂടൂതല്‍ പ്രസാധകര്‍ പങ്കാളികളാകുന്നുവെന്നുള്ളതില്‍ സന്തോഷമുണ്ടെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി സിഇഒ അഹമദ് ബിന്‍ റക്കാദ് അല്‍ അമേരി പറഞ്ഞു. ഷാര്‍ജ ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണം നടപ്പിലാക്കുകയെന്നുള്ളതാണ് ഓരോ പുസ്തകോത്സവവും ലക്ഷ്യമിടുന്നത്. വരും വര്‍ഷങ്ങളിലും അത് തുടരും. അടുത്തവര്‍ഷത്തെ പുസ്തകോത്സവത്തിനായുള്ള ഒരുക്കത്തിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വര്‍ഷവും പുതുമ കൊണ്ടുവരാന്‍ പുസ്തകോത്സവം ശ്രമിക്കാറുണ്ടെന്ന് എസ് ഐ ബി എഫ് ജനറല്‍ കോര്‍ഡിനേറ്റര്‍ ഖൗല അല്‍ മുജൈനി പറഞ്ഞു.
ഞങ്ങള്‍, പുസ്തകങ്ങള്‍
പറയട്ടെ

12 ദിവസം നീണ്ടുനിന്ന പുസ്തകോത്സവം നടന്നത് ‘ഞങ്ങള്‍, പുസ്തകങ്ങള്‍ പറയട്ടെ’ എന്ന സന്ദേശത്തിലായിരുന്നു. ദക്ഷിണ കൊറിയയായിരുന്നു ഈ വര്‍ഷത്തെ അതിഥി. ഈ വര്‍ഷത്തെ സാംസ്‌കാരിക വ്യക്തിത്വമായി ആദരിച്ച ഇബ്രാഹിം ആല്‍ കോനി ഷാര്‍ജ ലിറ്റററി ഏജന്‍സിയുടെ ഭാഗമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇത്തവണ മേളക്ക് എത്തിയത് 25 ലക്ഷത്തിലധികം പേരാണ്. 95 രാജ്യങ്ങളില്‍ നിന്നായി 2213 പ്രസാധകര്‍ പങ്കെടുത്തു. 57 രജ്യങ്ങളിലെ എഴുത്തുകാര്‍ ഉള്‍പ്പടെ 130 പ്രമുഖര്‍ ഷാര്‍ജയിലെത്തി. 15 ലക്ഷത്തിലേറെ ശീര്‍ഷകങ്ങളോടെയുള്ള പുസ്തകങ്ങള്‍ മേളയില്‍ സ്ഥാനംപിടിച്ചു. 1047 സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി. ക്യൂബ, കോസ്റ്റാറിക്ക, ലൈബീരിയ, ഫിലിപ്പൈന്‍സ്, അയര്‍ലണ്ട്, മാള്‍ട്ട, മാലി, ജമൈക്ക, ഐസ്ലാന്റ്, ഹംഗറി തുടങ്ങി 10 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകര്‍ ആദ്യമായി ഷാര്‍ജ ബുക്ക്‌ഫെസ്റ്റിനെത്തി. ഇന്ത്യയില്‍ നിന്ന് 112 പ്രസാധകര്‍ പങ്കെടുത്തു. ഇതില്‍ കൂടുതല്‍ പ്രസാധകരും മലയാളത്തില്‍ നിന്നാണ്.
മറ്റെല്ലാ താല്‍പര്യങ്ങളും മാറ്റിവെച്ച് വായനക്കാരന് പ്രാധാന്യം നല്‍കുക, വായന വര്‍ധിപ്പിക്കുക എന്നീ രണ്ട് ലക്ഷ്യമേ മേളക്ക് ഉണ്ടാകാന്‍ പാടുള്ളൂ എന്നാണ് ഷാര്‍ജാ ഭരണാധികാരിയുടെ നിര്‍ദേശം. മേളയെ മുന്നില്‍ നിന്ന് നയിക്കുന്നത് അദ്ദേഹമാണ്. മേള തുടങ്ങുന്നതിന് മാസങ്ങള്‍ മുമ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അദ്ദേഹമുണ്ടാകും. ഉദ്ഘാടനത്തിന് മുമ്പുതന്നെ പുസ്തക നഗരി നേരില്‍ സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ നല്‍കും. ശൈഖ് സുല്‍ത്താന്റെ ഈ പുസ്തകപ്രേമം കണ്ട് ഇന്ത്യയുടെ മുന്‍രാഷ്ട്രപതിയായിരുന്ന എ പി ജെ അബ്ദുല്‍ കലാം ഉള്‍പ്പടെയുള്ളവര്‍ വിസ്മയം പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും മൂന്ന് ലക്ഷം ഡോളര്‍ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാനായി മാത്രം നീക്കിവെക്കാറുണ്ട്. ഏത് ഭാഷയിലുള്ള പുസ്തകമായാലും ഈ ഗ്രാന്റ് ലഭിക്കും. ഒറ്റ ഉപാധിയേയുള്ളൂ. ഷാര്‍ജ പുസ്തകമേളയില്‍ വെച്ചായിരിക്കണം ഈ കരാര്‍ ഒപ്പിടേണ്ടത്. കോടിക്കണക്കിന് ദിര്‍ഹമാണ് ഓരോ വര്‍ഷവും മേളയുടെ സുഗമമായ നടത്തിപ്പിന് ഷാര്‍ജാ ഭരണാധികാരി ചിലവഴിക്കുന്നത്.
ഈ ലോകോത്തര പുസ്തകമേളക്ക് പിന്നില്‍ ഒരു മലയാളിയുടെ കൈയൊപ്പുണ്ട്. പയ്യന്നൂര്‍ സ്വദേശിയായ പി വി മോഹന്‍കുമാര്‍. ഷാര്‍ജാ ബുക്ക് അതോറിറ്റി എക്‌സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ്, അറബികള്‍ മാത്രം നിയന്ത്രിക്കുന്ന ഷാര്‍ജാ പുസ്തകോത്സവത്തിലെ ഏക വിദേശി. മനസ്സും ശരീരവും പുസ്തകമേളക്കായി സമര്‍പ്പിച്ച ഈ ത്യാഗി ചരിത്രത്തിന്റെ ഭാഗമായ 42 അക്ഷരോത്സവത്തിലും പങ്കെടുത്ത ഭാഗ്യവാനാണ്.
ചരിത്രനിയോഗത്തിന്റെ
നിറവില്‍ യുവത


‘യുവത’ ബുക്‌സിന് ചരിത്രവിജയം സമ്മാനിച്ചാണ് 42ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് കൊടിയിറങ്ങിയത്. ഏഴാം നമ്പര്‍ ഹാളില്‍ അക്ഷരസ്‌നേഹികളുടെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളിലൊന്ന് ‘യുവത’ യുടെ സ്റ്റാളായിരുന്നു. 26 പുതിയ പുസ്തകങ്ങളുടെ പ്രകാശനചടങ്ങുകളും വിവിധ മത്സര പരിപാടികളും വിഷയാധിഷ്ഠിത സെമിനാറുകളും പുസ്തക ചര്‍ച്ചകളുമൊക്കെയായി ‘യുവത’ എപ്പോഴും സജീവതയുടെ വര്‍ണ രാജികള്‍ വിടര്‍ത്തി. വിവിധ മേഖലകളില്‍ പ്രശസ്തരായ 80ല്‍ പരം പ്രമുഖര്‍ യുവതയുടെ പുസ്തക പ്രകാശന പരിപാടികളില്‍ പങ്കെടുത്തു. മേളയുടെ ഭാഗമായി ‘യുവത’ സംഘടിപ്പിച്ച പുസ്തക ആസ്വാദനം, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവയിലെ സമ്മാനദാന പരിപാടികളിലും ശ്രദ്ധേയരായ അതിഥികളെത്തി വിജയികള്‍ക്ക് ആവേശം പകര്‍ന്നു.
പുസ്തക ആസ്വാദനമത്സരത്തില്‍ ജമാല്‍ അത്തോളി, നജ്‌ന മമ്പാട് എന്നിവരാണ് വിജയികളായത്. 140ല്‍ പരം പ്രമുഖര്‍ 12 ദിവസത്തെ മേളക്കിടയില്‍ ‘യുവത’ സ്റ്റാള്‍ സന്ദര്‍ശിക്കുകയും വിസിറ്റേഴ്‌സ് ഡയറിയില്‍ നല്ല വാചകങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.
‘യുവത’യുടെ പ്രത്യേക അതിഥികളായി മേളയില്‍ പങ്കെടുത്ത പ്രമുഖ ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനുമായ അബ്ദുറഹ് മാന്‍ മങ്ങാട്, ഭാര്യ പി വി സുലൈഖ എന്നിവരുടെ സാന്നിധ്യം മേളയിലെത്തിയ അക്ഷരപ്രേമികള്‍ക്കു മധുരിക്കുന്ന അനുഭവങ്ങള്‍ പകര്‍ന്നു. ‘യുവത’യുടെ ശക്തിസംഭരണ സ്രോതസ്സായ കേരളക്കരയിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെയും പോഷകഘടകങ്ങളുടെയും സാരഥികള്‍ മേളയില്‍ വിരുന്നെത്തി ‘യുവത’ ബുക്‌സിന്റെ തിളക്കമാര്‍ന്ന മുന്നേറ്റത്തില്‍ കണ്ണികളായി. നേതൃനിരയിലെ സ്‌നേഹാദരണീയരായ സി പി ഉമര്‍ സുല്ലമി, കെ എല്‍ പി യൂസുഫ്, എം അബ്ദുല്‍ജബ്ബാര്‍, എം ടി മനാഫ്, കെ എല്‍ പി ഹാരിസ്, ഡോ. ജാബിര്‍ അമാനി, ഷരീഫ് കോട്ടക്കല്‍, സജ്‌ന പട്ടേല്‍ത്താഴം, കാസിം കൊയിലാണ്ടി തുടങ്ങിയവരുടെ ധന്യമായ സാന്നിധ്യം ‘യുവത’ക്ക് ആവേശം പകര്‍ന്നു. കഥാകൃത്ത് മുഖ്താര്‍ ഉദരംപൊയിലിന്റെ ഹൃദ്യമായ ഇടപെടലുകളും സാന്നിധ്യവും ‘യുവത’ക്ക് വലിയ മുതല്‍ക്കൂട്ടായി. പുസ്തകവില്‍പ്പനയിലും ‘യുവത’ക്ക് മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. എല്ലാ അര്‍ഥത്തിലും പുസ്തകമേളയിലെ ഏഴാം നമ്പര്‍ ഹാളില്‍ ആസൂത്രണമികവില്‍ മികച്ചുനിന്ന ‘യുവത’ എണ്ണമറ്റ സന്ദര്‍ശകരുടെയും വിവിധ പ്രസാധകരുടെയും ഇടയില്‍ ഖ്യാതി നേടുകയും മേളയിലെ ഐക്കണായി മാറുകയും ചെയ്തതതിന് അക്ഷര നഗരി സാക്ഷിയായി. പുസ്തകമേളയില്‍ ‘യുവത’യുടെ നടത്തിപ്പിനായി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ ചെയര്‍മാന്‍ ഉസ്മാന്‍ കക്കാട്, ജനറല്‍ കണ്‍വീനര്‍ അബ്ദുസ്സലാം തറയില്‍, വനിതാവിംഗ് ഭാരവാഹികളായ ഫൗസിയ ഹുസൈന്‍, മുനീബ നജീബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആസൂത്രണ മികവോടെ സര്‍വസജ്ജരായ അമ്പതോളം പേരുടെ നിസ്വാര്‍ഥമായ ടീം വര്‍ക്കാണ് യുവതയെ ചരിത്രവിജയത്തിലേക്ക് ഉയര്‍ത്തിയത്.
വികാരനിര്‍ഭരമായിരുന്നു രണ്ടാഴ്ചയോളം നീണ്ട പുസ്തക നഗരിയില്‍ നിന്നുള്ള വിടവാങ്ങല്‍. അത്രമേല്‍ മലയാളികളുടെ ഹൃദയങ്ങള്‍ പരസ്പര സ്‌നേഹവായ്പുകളുടെയും കരുതലുകളുടെയും കൊടുക്കല്‍ വാങ്ങലുകളാല്‍ പ്രണയാര്‍ദ്രമായിരുന്നു. മരിക്കുന്നില്ല പുസ്തകങ്ങള്‍, വാടിപ്പോകില്ല അക്ഷരപ്പൂക്കള്‍ വാരിവിതറിയ പുഷ്പവാടികള്‍!

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top