LoginRegister

ശിർക്കിൽ നിന്ന് രക്ഷ നേടാൻ

നദീർ കടവത്തൂർ

Feed Back


اللهم إني أعوذُ بك أن أشرِكَ بك و أنا أعلمُ ، و أستغفِرُك لما لا أَعلمُ
”അല്ലാഹുവേ അറിഞ്ഞുകൊണ്ട് നിന്നോട് പങ്കു ചേര്‍ക്കുന്നതില്‍ നിന്ന് ഞാന്‍ രക്ഷ തേടുന്നു. അറിയാതെ എന്നില്‍ നിന്ന് സംഭവിച്ച് പോകുന്നതില്‍ ഞാന്‍ നിന്നോട് പൊറുക്കലിനെ തേടുന്നു” (അല്‍ബാനി, സ്വഹീഹുല്‍ അദബുല്‍ മുഫ്‌റദ്: 551).

ഇസ്‌ലാമിന്റെ അടിസ്ഥാന തത്വമാണ് തൗഹീദ്. ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്ന വിശ്വാസത്തെ ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും മുറുകെപ്പിടിക്കാനും അതിനനുസൃതമായ ജീവിതം നയിക്കാനും വിശ്വാസി ബാധ്യസ്ഥനാണ്. തൗഹീദില്‍ നിന്ന് ഒരല്‍പം പോലും വ്യതിചലിക്കില്ല എന്ന തീരുമാനം ഉള്ളവരാവും എല്ലാവരും. എന്നാല്‍ ജീവിതത്തില്‍ നമ്മള്‍ അറിഞ്ഞും അറിയാതെയുമെല്ലാം ശിര്‍ക്ക് കടന്ന് വരാന്‍ സാധ്യതകളുണ്ട്. അവ മനസ്സിലാക്കി അത്തരം സന്ദര്‍ഭങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ നമുക്ക് സാധിക്കണം.
അറിഞ്ഞും അറിയാതെയും ജീവിതത്തില്‍ ശിര്‍ക്ക് സംഭവിക്കാതിരിക്കാന്‍ നബി(സ) അബൂബക്കർ(റ)ന് പഠിപ്പിച്ചു കൊടുത്ത പ്രാര്‍ഥനയാണിത്. ശിര്‍ക്ക് കടന്നു വരുക കറുത്ത ഉറുമ്പിനേക്കാള്‍ അവ്യക്തമായിട്ടായിരിക്കും. ഈ പ്രാര്‍ഥന ചൊല്ലിയാല്‍ ശിര്‍ക്കില്‍ നിന്നുള്ള വലുതോ ചെറുതോ ആയവ അകലുന്നതാണെന്നും നബി(സ) ആ സന്ദര്‍ഭത്തില്‍ അബൂബക്കർ(റ)നെ ഉപദേശിക്കുന്നുണ്ട്.
ശിര്‍ക്കിന്റെ ഗൗരവം ഓര്‍മപ്പെടുത്തുന്ന ധാരാളം വചനങ്ങള്‍ ഖുര്‍ആനില്‍ കാണാന്‍ കഴിയും. ”ആരെങ്കിലും അല്ലാഹുവോട് പങ്കു ചേര്‍ക്കുന്ന പക്ഷം അവന്‍ ബഹുദൂരം വഴിപിഴച്ചു” (ഖുര്‍ആന്‍ 4:116). എത്ര നന്മകള്‍ ചെയ്താലും ശിര്‍ക്ക് സംഭവിച്ചിട്ടുണ്ടെങ്കില്‍ നന്മകളൊന്നും സ്വീകാര്യമല്ല എന്ന് ഖുര്‍ആന്‍ അഭിസംബോധന ചെയ്ത് പറഞ്ഞത് നബി(സ) യോടാണ്.
സത്കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടത് അല്ലാഹുവിന്റെ പ്രീതി ലക്ഷ്യം വെച്ചാകണം. ഇതിനപ്പുറം ആരെങ്കിലും കാണുവാനും കാണിക്കുവാനും പ്രവര്‍ത്തനങ്ങള്‍ ചെയ്താല്‍ അത് ഗോപ്യമായ ശിര്‍ക്കാണെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. അഭൗതികമായ കാര്യങ്ങളില്‍ ഉപകാരം നല്‍കുവാനും ഉപദ്രവം നീക്കുവാനും കഴിയുന്നവന്‍ അല്ലാഹു മാത്രമാണെന്നതാണ് ഇസ്‌ലാമിക വിശ്വാസം. അല്ലാഹു അല്ലാത്ത ശക്തികള്‍ക്കോ വ്യക്തികള്‍ക്കോ ഇവ കഴിയുമെന്ന് വിശ്വസിച്ചാല്‍ അത് ശിര്‍ക്കായി മാറും. ഇതുപോലെ തെറ്റായ അദൃശ്യ ജ്ഞാന വിശ്വാസം, അല്ലാഹു അല്ലാത്തവര്‍ക്കുള്ള നേര്‍ച്ച, അല്ലാഹു അല്ലാത്തവര്‍ക്കുള്ള ബലി, അല്ലാഹു അല്ലാത്തവരുടെ പേരില്‍ സത്യം ചെയ്യല്‍, അനുഗ്രഹങ്ങളില്‍ അഹങ്കരിക്കല്‍ തുടങ്ങി ജീവിതത്തിലേക്ക് ശിര്‍ക്ക് വരുന്ന വഴികളെ സൂക്ഷിക്കുവാനും പ്രാര്‍ഥനയോടെ അല്ലാഹുവിലേക്ക് മടങ്ങാനും നമുക്ക് കഴിയണം. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top