LoginRegister

ശവപ്പറമ്പിലെ പൂക്കള്‍

ഷെരീഫ് സാഗര്‍

Feed Back


ദുരിതം പെയ്യുന്ന നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ്. അര്‍ധരാത്രിയില്‍ അവിടെയൊരാള്‍ പൊട്ടിച്ചിരിക്കുന്നു. അയാളുടെ പേര് വിക്ടര്‍ ഇ ഫ്രാങ്കിള്‍.
ഹിറ്റ്‌ലര്‍ ജൂതന്മാരെ കൊന്നൊടുക്കുന്ന കാലത്താണ് വിക്ടര്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെത്തിയത്. അവിശ്വസനീയമായ ക്രൂരതകള്‍ക്ക് അദ്ദേഹം സാക്ഷിയായി.
പട്ടിണി, രോഗം, ഭയം, അവഹേളനം, നിര്‍ബന്ധിത ജോലി, കൊടിയ പീഡനം… ചുറ്റും ഇയ്യാംപാറ്റകളെപ്പോലെ മനുഷ്യര്‍ മരിച്ചുകൊണ്ടിരിക്കുന്നു.
വിക്ടര്‍ ഫ്രാങ്കിള്‍ അവരില്‍ ഒരാള്‍ മാത്രം. നഗ്നനായ തടവുകാരന്‍. ശരിയായ ഭക്ഷണമില്ലാതെ അസ്ഥികൂടങ്ങളെപ്പോലെ കുറേ മനുഷ്യര്‍ക്കിടയില്‍ ഒരാള്‍. ദുരിതം അവിടെ തീര്‍ന്നില്ല. വിക്ടറിന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും ഭാര്യയെയും നാസികള്‍ കൊന്നു.
വിയന്നയിലെ ഒരു ജൂതകുടുംബത്തില്‍ ജനിച്ച വിക്ടര്‍ മനഃശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹം കീഴടങ്ങാന്‍ തയ്യാറായില്ല. എങ്ങനെ തടങ്കലില്‍ പാര്‍പ്പിച്ചാലും തന്റെ മനസ്സിന്റെ സ്വാതന്ത്ര്യത്തെ അദ്ദേഹം തിരിച്ചറിഞ്ഞു. ചിന്തകളെ തടവിലാക്കാന്‍ ആര്‍ക്ക് കഴിയും? സ്വന്തം ഹൃദയത്തില്‍ അഗ്നിനാളമുണ്ടെന്ന വിശ്വാസം വിക്ടര്‍ നഷ്ടപ്പെടുത്തിയില്ല. ഭീകര പീഡനങ്ങള്‍ക്കിടയിലും സന്തോഷം കണ്ടെത്തുന്ന കാര്യങ്ങള്‍ക്കായി അദ്ദേഹം സമയം ചെലവഴിച്ചു. തടവുകാരുടെ സന്തോഷ നിമിഷങ്ങള്‍ ഏതൊക്കെയാണെന്ന് നിരീക്ഷിച്ചറിഞ്ഞു. വിഷാദരോഗികളായ തടവുകാരെ അദ്ദേഹം ചികിത്സിച്ചു. ലോഗോ തെറാപ്പി എന്നൊരു മാനസികാരോഗ്യ പദ്ധതി തന്നെ അദ്ദേഹം കണ്ടെത്തി.
നാസി പട്ടാളത്തിന്റെ അടി കൊള്ളുമ്പോഴും വിക്ടര്‍ ചിരിച്ചു.
”നീ എന്തിന് ചിരിക്കുന്നു?”- കലി കയറി അവര്‍ ചോദിച്ചു.
”അതെന്റെ ഇഷ്ടം” എന്നായിരുന്നു മറുപടി.
ശവപ്പറമ്പിലെന്ന പോലെ ജീവിക്കുമ്പോഴും സന്തോഷം കണ്ടെത്താന്‍ കഴിയുന്നതിന്റെ രഹസ്യം താന്‍ ലോകത്തെ അറിയിക്കുമെന്ന് വിക്ടര്‍ ഫ്രാങ്കിള്‍ തീരുമാനിച്ചു. ചുറ്റും മരണം നൃത്തം ചെയ്യുന്ന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലും പ്രതീക്ഷകളുടെ പൂക്കളുണ്ടെന്ന് അദ്ദേഹം കരുതി. ബെര്‍ലിന്‍ മതിലുകള്‍ ഭേദിച്ച് റഷ്യന്‍ പട ജര്‍മനിയിലെത്തുകയും രണ്ടാം ലോകമഹായുദ്ധം അവസാനിക്കുകയും ചെയ്തതോടെ രണ്ടര വര്‍ഷത്തെ തടവുജീവിതത്തില്‍ നിന്ന് വിക്ടര്‍ മോചിതനായി. സ്വാതന്ത്ര്യം കിട്ടിയ 1945ല്‍ തന്നെ അദ്ദേഹം ഒരു പുസ്തകമെഴുതി. ‘ജീവിതത്തോട് അതെ എന്ന് പറയുക’ എന്നതായിരുന്നു ആ പുസ്തകത്തിന്റെ തലക്കെട്ട്. ‘സേ യെസ് ടു ലൈഫ്.’
മുന്നേറാനുള്ള തടസ്സം സാഹചര്യങ്ങളാണെന്ന് പറയുന്നവര്‍ക്കുള്ള ഗംഭീര മറുപടിയാണ് ഓസ്ട്രിയന്‍ സൈക്കോളജിസ്റ്റും ഫിസിഷ്യനുമായ വിക്ടര്‍ ഫ്രാങ്ക്‌ളിന്റെ ജീവിതം. മരണം മാത്രം മുന്നില്‍ കാണുന്ന സാഹചര്യത്തിലും ജീവിതത്തെ തിരിച്ചുപിടിക്കാന്‍ നടത്തിയ മനഃശാസ്ത്ര യുദ്ധം മനുഷ്യ ചരിത്രത്തിലെ മഹാത്ഭുതം തന്നെയാണ്. വിക്ടര്‍ സാഹചര്യങ്ങളെ പഴിച്ചില്ല.
എന്നെ തടയുന്നത് അവനാണ്, എനിക്ക് പാര പണിയുന്നത് മറ്റവനാണ്, എന്റെ ജീവിതം അവനെക്കൊണ്ട് നശിച്ചു, എനിക്ക് ജയിക്കാനുള്ള സാഹചര്യമുണ്ടായില്ല എന്നൊക്കെ പറഞ്ഞ് ഉള്‍വലിഞ്ഞു പോയവര്‍ വിക്ടര്‍ ഫ്രാങ്കിളിന്റെ പുസ്തകം വായിക്കണം. സ്വന്തം ജീവിതം നിസ്സാരമല്ലെന്നും അതിനൊരു അര്‍ഥമുണ്ടെന്നും തിരിച്ചറിയുക എന്നതാണ് മനുഷ്യന്റെ വലിയ അറിവെന്ന് വിക്ടര്‍ പറയുന്നുണ്ട്. ”ജീവിതത്തിന് അര്‍ഥമുണ്ടെന്നുള്ള അറിവുപോലെ, ഏറ്റവും വഷളായ അവസ്ഥകളെപ്പോലും അതിജീവിക്കാന്‍ വളരെ ഫലപ്രദമായി ഒരുവനെ സഹായിക്കുന്ന മറ്റൊന്നും ലോകത്തിലില്ലെന്ന് എനിക്ക് പറയാനാകും”- വിക്ടര്‍ ഫ്രാങ്കിള്‍ പറയുന്നു.
ജീവിതത്തില്‍ എത്ര പ്രയാസകരമായ സാഹചര്യമുണ്ടായാലും അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം. വിക്ടര്‍ ഫ്രാങ്കിളിന്റെ പുസ്തകം ലോകം മുഴുവന്‍ വായിച്ചു. ജീവിതത്തെ തീരുമാനിക്കുന്നത് സാഹചര്യങ്ങളല്ലെന്നും മറിച്ച് നമ്മളാണെന്നും വിക്ടര്‍ ജീവിതം കൊണ്ട് തെളിയിച്ചു. സാഹചര്യത്തെയും വിധിയെയും തടുക്കാന്‍ നമുക്ക് കഴിയില്ല. പക്ഷേ, മനസ്സിനെ മാറ്റിയെടുക്കാന്‍ നമുക്ക് മാത്രമേ സാധിക്കൂ. സാഹചര്യങ്ങളും മനസ്സും തമ്മിലാണ് യുദ്ധം. ആ യുദ്ധത്തില്‍ ജയിക്കേണ്ടത് സാഹചര്യങ്ങളല്ല, നമ്മളാണ്. ഓരോരുത്തരുടെയും മനസ്സിന്റെ തെരഞ്ഞെടുപ്പ് അനുസരിച്ച് വിജയത്തിന്റെ ദിശ നിര്‍ണയിക്കപ്പെടുന്നു.
ചിലര്‍ എപ്പോഴും സാഹചര്യങ്ങളെ പഴിക്കുന്നു. ഓഫീസില്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട് എന്ന് കരുതുക. രാവിലെ നേരത്തേ ഓഫീസിലേക്ക് പുറപ്പെടേണ്ടയാള്‍ എഴുന്നേല്‍ക്കാന്‍ അര മണിക്കൂര്‍ വൈകുന്നു. അതോടെ അന്നത്തെ സാഹചര്യങ്ങളോട് യുദ്ധം ചെയ്യേണ്ടിവരുന്നു. പൈപ്പ് തുറക്കുമ്പോള്‍ വെള്ളം വരുന്നില്ല. തലയിലേക്ക് ദേഷ്യം അരിച്ചുകയറുന്നു. പുറത്തിറങ്ങിയപ്പോള്‍ വാഹനം കേടാണ്. വണ്ടിക്കിട്ട് രണ്ട് ചവിട്ട് ചവിട്ടാന്‍ അതു മതി. റോഡിലിറങ്ങി ഓട്ടോറിക്ഷ പിടിച്ച് പോകുമ്പോള്‍ വഴിയില്‍ ട്രാഫിക് ബ്ലോക്ക്. സകല നിയന്ത്രണവും നഷ്ടപ്പെടാന്‍ മറ്റൊന്നും വേണ്ട. ഓഫീസില്‍ വൈകിയെത്തിയപ്പോള്‍ ബോസിന്റെ വക ശകാരം. അന്നത്തെ ദിവസം മുഴുവന്‍ അയാള്‍ മറ്റുള്ളവരെ പഴിക്കുന്നു. സാഹചര്യങ്ങളെ ശപിക്കുന്നു.
സത്യത്തില്‍ ആരാണ് ഇതിനെല്ലാം ഉത്തരവാദി? ആ മനുഷ്യന്‍ വൈകി ഉണര്‍ന്നതോ ലോകത്ത് സംഭവിക്കുന്ന സാധാരണ കാര്യങ്ങളോ?
സ്വന്തം കുറ്റത്തിനാണ് മറ്റുള്ളവരെ പഴിക്കുന്നതെന്നു പോലും പലരും തിരിച്ചറിയുന്നില്ല. നേരത്തേ ഉണര്‍ന്നിരുന്നെങ്കില്‍, പൈപ്പില്‍ വെള്ളമില്ലെങ്കില്‍ ശാന്തമായി മോട്ടോറിന്റെ സ്വിച്ചിടാം. വാഹനം കേടാണെങ്കില്‍ ശാന്തമായിത്തന്നെ മെക്കാനിക്കിനെ വിളിച്ച് നന്നാക്കുകയോ അതല്ലെങ്കില്‍ സമാധാനത്തോടെ ഓട്ടോറിക്ഷ വിളിച്ചു പോവുകയോ ചെയ്യാം. നേരത്തേ ഇറങ്ങിയിരുന്നെങ്കില്‍ ട്രാഫിക് ബ്ലോക്കാണെങ്കിലും കൃത്യസമയത്ത് ഓഫീസില്‍ എത്താമായിരുന്നു. സന്തോഷത്തോടെയും സമാധാനത്തോടെയും മീറ്റിങില്‍ ഇരുന്ന് ബോസിന്റെ അഭിനന്ദനം നേടാമായിരുന്നു. മീറ്റിങ് കഴിഞ്ഞ് പുറത്തിറങ്ങി ഇഷ്ടത്തോടെ ഒരു കോഫി കുടിക്കാമായിരുന്നു. അപ്പോള്‍ നമുക്ക് ലോകം നമ്മളെ സ്‌നേഹിക്കുന്നതായി തോന്നുമായിരുന്നു. അപ്പോള്‍ നമുക്ക്, ലോകത്തെ നമ്മള്‍ സ്‌നേഹിക്കുന്നതായി തോന്നുമായിരുന്നു.
ലോകം നമ്മെ തെരഞ്ഞെടുക്കുന്നില്ല എന്നാണ് നമ്മുടെ പരാതി. എന്നാല്‍ അതിന് ആദ്യം നാം നമ്മെ തെരഞ്ഞെടുക്കണം. നമ്മള്‍ ആരെന്ന് നമ്മളറിയുക. നമ്മുടെ കഴിവും പ്രാപ്തിയും തിരിച്ചറിയുക. അതിനെ ഉരച്ചുരച്ചു മിനുക്കി ലോകത്തിന് വേണ്ടതാക്കി മാറ്റുക. അപ്പോള്‍ ലോകം നമ്മെ തെരഞ്ഞെടുക്കുന്നു.
വിക്ടര്‍ ഫ്രാങ്കിള്‍ പറയുന്നു: ”വ്യക്തി ഒരു വിമാനത്തിന് സമാനമാണ്. വിമാനത്തിന് നിലത്തുകൂടി സഞ്ചരിക്കാന്‍ കഴിയും. എന്നാല്‍ അത് ഒരു വിമാനമാണെന്നു തെളിയിക്കാന്‍ പറന്നുയരുക തന്നെ വേണം. അതുപോലെ, നമ്മള്‍ സ്വയം ഉയരുന്നില്ലെങ്കില്‍, നമുക്ക് പറക്കാന്‍ കഴിയുമെന്ന് ആര്‍ക്കും മനസ്സിലാകില്ല.”
വലിയൊരു വിമാനമായിട്ട് കാര്യമില്ല. ലോകത്തെയും സാഹചര്യങ്ങളെയും പഴിക്കാതെ പറക്കണോ, അതോ നിലത്തുകൂടി ഇഴയണോ എന്ന് സ്വയം തീരുമാനിക്കുക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top