മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ഏറ്റവും വലിയ അനുഗ്രഹമാണത്. ജീവിതയാത്രയിലെ പരീക്ഷണ കാലം കരുത്തോടെ നേരിടാന്‍ മനഃശക്തി കൂടിയേ തീരൂ. മനക്കരുത്തും ഇച്ഛാശക്തിയുമില്ലാത്തവരെ സംബന്ധിച്ച് നിസ്സാര പ്രശ്നങ്ങളില്‍ പോലും ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടം ആഗ്രഹിക്കും. അടിക്കടിയുള്ള പരീക്ഷണങ്ങളില്‍ തളര്‍ന്നു രോഗിയായിപ്പോകുന്നവരെയും കാണാം. എന്നും എല്ലാം വളരെ ഭംഗിയായി പോകണമെന്നത് നമ്മുടെ എല്ലാവരുടെയും സ്വപ്നവും ആഗ്രഹവുമാണ്. റോഡിലുള്ള വാഹനങ്ങളെല്ലാം ഒഴിവായാല്‍ വളരെ നന്നായി വേഗത്തില്‍ വാഹനമോടിച്ചു പോകാമെന്ന് കൊതിക്കുന്നതു പോലെയാണത്. അത് അപൂര്‍വമായി മാത്രം നടക്കുന്ന കാര്യമാണ്. ജീവിതം അങ്ങനെയാണ്. പ്രശ്നങ്ങളില്ലെങ്കില്‍ വളരെ നന്നായി കയറിപ്പോകാനും വിജയിക്കാനും സാധിക്കുമെന്ന് നാം കണക്കുകൂട്ടുന്നു. മത്സരിക്കാനും തടസ്സമാകാനും ആരുമില്ലെങ്കില്‍ എല്ലാം എളുപ്പമാകുമെന്ന്, എല്ലാം നേടിയെടുക്കാനാകുമെന്നും ധരിക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലല്ലോ നടക്കുന്നത്. ചെറുതും വലുതുമായ പ്രശ്നങ്ങളൊഴിഞ്ഞ നേരമില്ല. ഓരോന്നും എങ്ങനെ മറികടക്കുമെന്ന്, അതിജയിക്കുമെന്ന് നാം ചിന്തിക്കുകയും അതിന്റെ വഴിയും പരിഹാരവും കണ്ടെത്തുകയും ചെയ്യുന്നു. നമ്മുടെ ജീവിതാനുഭവങ്ങളെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കുക. എത്രവലിയ കനല്‍പഥങ്ങളാണ് നാം ചവിട്ടിക്കടന്നത്. അന്ന് എങ്ങനെയാണ്, വല്ലാതെ സങ്കടപ്പെടുകയും സംശയിക്കുകയും ചെയ്ത കാര്യങ്ങള്‍ മറികടക്കുവാനും ജയിക്കാനും സാധിച്ചത്?.
വിശ്വാസം ഒരു തോട്ടമാണ്. നിരന്തരമായ മടുപ്പില്ലാത്ത തോട്ടം. മനസ്സ് എന്നും സൗന്ദര്യത്തോടെയും അതോടൊപ്പം കരുത്തോടെയും സൂക്ഷിക്കാന്‍ നിരന്തരമായ പരിശ്രമം ഉണ്ടാക്കുമ്പോള്‍ തന്നെ ഒരിക്കലും ഒഴിവാക്കാത്ത പ്രാര്‍ഥന അവനിലുണ്ട്.
വിശ്വാസം ഒരു ആയുധമാണ്. കലുഷിതമായ ലോകത്ത് മനസ്സിനു ഒട്ടും കാലുഷ്യം ബാധിക്കാതെ സ്ഥൈര്യതയോടെ നിലനിര്‍ത്താന്‍ കഴിയുന്ന തുരുമ്പെടുക്കാത്ത ആയുധം. പ്രതിസന്ധികളില്‍ അതവനെ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടത്തിനല്ല പ്രാപ്തനാക്കുന്നത്. മറിച്ച് പരീക്ഷണങ്ങള്‍ മുന്നോട്ടു പോകാനുള്ള ഊര്‍ജവും ഊന്നുവടിയുമായി മാറി വാടാതെ പിടിച്ചുനില്‍ക്കാന്‍ ശക്തനാക്കുന്നു.
മരണമില്ലാതെ എന്നെന്നും ജീവിക്കുന്നവനിലേക്ക് നീ തവക്കുല്‍ ചെയ്യുക എന്ന വേദവചനത്തിന്റെ ആഹ്വാനം, വിശ്വാസി ജീവിതത്തിലുടനീളം പാലിക്കുന്നു. അവന്‍ ജീവിത ഭാരങ്ങളും സങ്കടങ്ങളും ആവശ്യങ്ങളും നീങ്ങിക്കിട്ടാനുള്ള കഠിന പ്രയത്നത്തിലേര്‍പ്പെടുമ്പോഴും, താങ്ങാനാവാത്ത ഭാരം തന്ന് തളര്‍ത്തരുതേ എന്നു നിരന്തര യാചനയും അവനില്‍ നിന്നുണ്ടാകുന്നു. മനസ്സിലെ താറുമാറാക്കുന്ന ഏത് രോഗങ്ങളില്‍ നിന്നും ശുദ്ധമാവാന്‍ വിശ്വാസം അവനെ പ്രാപ്തനാക്കുന്നു.
മനസ്സിനെ കീറിമുറിച്ചു കൊണ്ടിരിക്കുന്ന കോപം, അന്യന്റെ സന്തോഷത്തിലുള്ള അസ്വസ്ഥത, യഥാര്‍ഥ മുഖം ഒളിപ്പിച്ചു വെക്കുന്ന കാപട്യം, കനിവിന്റെ ഉറവ പൊട്ടിയൊഴുകാത്ത വരണ്ട ഹൃദയം, സ്വന്തം നിസ്സാരത ബോധ്യപ്പെടാത്ത ഗര്‍വ്.. ഇതില്‍ നിന്നെല്ലാം മുക്തി നേടി പരിശുദ്ധമായിരിക്കണം വിശ്വാസിയുടെ ഉള്ളം. അതിനാല്‍ എന്നും അകം ശുദ്ധമായിരിക്കാനുള്ള പരിശീലനവും പ്രാര്‍ഥനയും അവനില്‍ നിന്നൊഴിയുന്നില്ല.
ഓരോ മനസ്സിനും (മനുഷ്യനും) താങ്ങാനാവുന്നത്, അതിന്റെ സാധ്യത അനുസരിച്ചല്ലാതെ യാതൊരു നിര്‍ബന്ധവും ബലാല്‍ക്കാരവുമില്ല. തന്റെ കഴിനുമപ്പുറം ഭാരം എടുത്ത് നടക്കാനും സ്രഷ്ടാവ് അനുവദിക്കുന്നില്ല. എല്ലാം അവനിലേക്ക് ഭരമേല്‍പിച്ചു കൊണ്ട് മനസ്സ് ശാന്തമാക്കാന്‍ അവന്‍ ആവശ്യപ്പെടുന്നു. ധീരതയ്ക്കും കരുത്തിനും ആരോഗ്യത്തിനും വേണ്ടി അവനോട് പ്രാര്‍ഥിക്കാന്‍ തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ട്. ശരീരത്തിലും മനസ്സിലുമുള്ള സൗഖ്യത്തിനും വേണ്ടി നിരന്തരമായ പ്രാര്‍ഥന ആവശ്യമാണ്. മനസ്സിന്റെ നിയന്ത്രണം നമ്മുടെ കൈകളിലല്ല. അതിനാല്‍ അഗാധമായ ദു:ഖം, ദുര്‍ബലത, ഭീരുത്വം, അലസത, ഇവയില്‍ നിന്നെല്ലാം മോചനം നേടാനുള്ള നിരന്തര പ്രാര്‍ഥനയും പരിശ്രമവും വിശ്വാസിയില്‍ ഉണ്ടാക്കണമെന്ന് തിരുനബി ഉണര്‍ത്തി.
റൂസൂലിനോടുള്ള സ്നേഹവായ്പും കരുണയുമായി അല്ലാഹു പറയുന്നത്, നിന്റെ മനസ്സിനെ നാം വിശാലമാക്കിത്തരികയും നിന്റെ മുതുകിനെ ഞെരുക്കിക്കളഞ്ഞതായ നിന്റെ ഭാരത്തെ നാം ഇറക്കിവെക്കുകയും ചെയ്തില്ലേ എന്നാണ്. മനസ്സിനു യാതൊരു ഭാരവുമില്ലാതെ ജീവിക്കാനാവുക എന്നത് മുന്നോട്ടുള്ള വഴിയും ദൗത്യവും എളുപ്പമാക്കുന്നു. അനാവശ്യ ചിന്തികളുടെ ഭാരത്തില്‍ നിന്നൊഴിഞ്ഞ തെളിഞ്ഞ മനസ്സ് ജീവിത വിജയത്തിന് അത്യാവശ്യമാണ്. എന്നും ജീവസുറ്റ മനസ്സ് കാത്തുസൂക്ഷിക്കാന്‍ വിശ്വാസിക്ക് സാധിക്കുന്നു. ദുര്‍ബലനായ വിശ്വാസിയെയല്ല ശക്തവാനായ വിശ്വാസിയെയാണ് അല്ലാഹു പ്രിയപ്പെടുന്നത്. മാനസികാരോഗ്യമുള്ളവര്‍ തന്റെ ചുറ്റുമുള്ളവര്‍ക്ക് മാനസികോല്ലാസവും മാത്രം പകരുന്നു. വെറുപ്പും അലസതയും നെഗറ്റീവ് ചിന്തകളും അവനില്‍ നിന്നുണ്ടാവുന്നില്ല.
ഏതവസ്ഥയിലും പിടിച്ചുനില്‍ക്കാനുള്ള മനശക്തിയും ക്ഷമയും വിശ്വാസികളുടെ മാത്രം പ്രത്യേകതയാണ്. വിശ്വാസിയുടെ കാര്യം അത്ഭുതമാണെന്ന് തിരുനബി പ്രസ്താവിക്കുന്നു. മോശമായത് എന്ത് സംഭവിച്ചാലും ക്ഷമയാണ് അവന്റെ നിലപാട്. തന്റെ കൂടെയുള്ളവര്‍ക്കു കൂടി നേട്ടങ്ങളും സന്തോഷങ്ങളുമുണ്ടാകുമ്പോള്‍ മാത്രമാണ് വിശ്വാസിയുടെ സന്തോഷം പൂര്‍ണമാകുന്നത്.
ഒരിക്കലും ക്ഷയിക്കാത്ത മാനസിക ആരോഗ്യത്തിലൂടെ വിശ്വാസി കടന്നു പോകുന്നു. അവനെ തളരാനും പരാജിതനാകാനും സമ്മതിക്കാത്തത് ആരാധനാ കര്‍മങ്ങളും ദിക്റുകളും അനുഷ്ഠാനങ്ങളുമാണ്. അവ അവനു നല്‍കുന്ന കരുത്ത് വലമതിക്കാനാകാത്തതാണ്. ഇബാദത്തുകള്‍ പരിശീലനമാണ്. മനസ്സ് എന്നും ഫ്രഷായി നില്‍ക്കാനും കരുത്തോടെ നില്‍ക്കാനുമുള്ള പരിശീലനം. നിത്യമായി അതനുഷ്ഠിക്കുന്ന വിശ്വാസി പോലുമറിയുന്നില്ല, മാനസികവും ശാരീരികവുമായി നല്ല ആരോഗ്യമുള്ളവനായി കാത്തുസൂക്ഷിക്കുന്നതില്‍ തന്റെ ഇബാദത്തുകള്‍ക്ക് ഇത്രമേല്‍ പങ്കുണ്ടെന്ന്.
ബദറിലെ വിജയമാണ് പലതിനുമുള്ള ഉദാഹരണായി നാം പറയുക. ബദറ് നിഷ്‌കളങ്ക മനസ്സിന്റെ, മനക്കരുത്തിന്റെ, ആത്മവിശ്വാസത്തിന്റെ, അചഞ്ചലമായ ഭയഭക്തിയുടെ വിജയമാണ്. അടിപതറാത്ത മനക്കരുത്ത് കൊണ്ട് എത്ര വലിയ സംഘത്തേയും ജയിക്കാന്‍ ചെറുസംഘങ്ങള്‍ക്ക് സാധിക്കുമെന്ന് ബദര്‍ ചരിത്രം നമ്മെ ഉണര്‍ത്തുന്നു. ആയുധബലവും സംഘശക്തിയും കൂടുതലുള്ളവരെ ജയിക്കാന്‍ മാനസികാരോഗ്യത്തിന്റെ കോപ്പ് കയ്യിലുണ്ടായിരുന്നു വിശ്വാസികള്‍ക്ക്. ദ്വന്ദയുദ്ധത്തില്‍ ജയിക്കുന്നവല്ല ശക്തവാന്‍, കോപം അടക്കിവെക്കാന്‍ കെല്‍പുള്ളവനാണ് ശക്തവാന്‍ എന്ന് തിരുനബി ഉണര്‍ത്തുമ്പോള്‍ മാനസിക നില താറുമാറാക്കുന്ന ഏത് സ്വഭാവത്തില്‍ നിന്നും ശീലത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നമ്മോട് ആവശ്യപ്പെടുന്നു.
വിശ്വാസത്തിന്റെ ഉള്‍ക്കരുത്തിലും നിര്‍ഭയത്വത്തിലും വാടാതെ, കൊഴിയാതെ, തളരാതെ പിടിച്ചുനിന്ന അനേക ജീവിതങ്ങള്‍ ചരിത്രത്തില്‍ നാമറിഞ്ഞിട്ടുണ്ട്. തവക്കുലും മനശ്ശക്തിയും സുന്ദരമാക്കിയ ജീവിതങ്ങള്‍ എത്രയാണ്. ബാഹ്യമായി അവരെ ശക്തിപ്പെടുത്തുന്ന ഒരു ഘടകവുമില്ലാതെ, താന്‍ ശക്തനാണ്, ധന്യവാനാണ് എന്ന്് ഉറക്കെപ്പറയാനും മറ്റുള്ളവരില്‍ സ്വാധീനം ചെലുത്തുവാനും ഉപയുക്തമായ ജീവിതങ്ങള്‍. കൂടെ അല്ലാഹു ഉണ്ടായാല്‍ പിന്നെന്തു ഭയം. ഹിജ്റ യാത്രയ്ക്ക് ഏകയായി തിരിച്ച ഉമ്മു സലമ(റ)യോട് തനിച്ചാണോ എന്നു ചോദിച്ച ഉസ്മാന്‍ബ്നു ത്വല്‍ഹയോട്, അല്ല അല്ലാഹു കൂടെയുണ്ട് എന്നായിരുന്നു മഹതിയുടെ മറുപടി.
വിശ്വാസികളെക്കുറിച്ച് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറഞ്ഞ കാര്യമാണ് അവര്‍ക്ക് ഭയപ്പെടേണ്ടി വരികയോ, ദു:ഖിക്കേണ്ടി വരികയോ ഇല്ലായെന്ന്.
ആണി തറക്കപ്പെട്ട ശരീരഭാഗങ്ങളില്‍ നിന്ന് രക്തമൊഴുകാന്‍ തുടങ്ങി. ശരീരം തളര്‍ന്നു തൂങ്ങിക്കിടന്നപ്പോഴും ഉറച്ചു നിന്ന ഖബ്ബാബ്ബ്(റ). അദ്ദേഹത്തിന്റെ മരണഭയം കാണാന്‍ വന്ന ശത്രുക്കള്‍ക്ക് ഞെട്ടലുണ്ടാക്കി വിശ്വാസത്തിന്റെ ഉള്‍ക്കരുത്ത് കൊണ്ട് അദ്ദേഹമപ്പോള്‍ പാടി., ഛിന്നഭിന്നമാക്കപ്പെട്ട ശരീരഭാഗങ്ങളുടെ ഓരോ അണുവിലും രക്ഷിതാവ് വിചാരിച്ചാല്‍ അനുഗ്രഹം വര്‍ഷിക്കും എന്ന്.
ജീവിതം സ്രഷ്ടാവില്‍ അര്‍പ്പിക്കുന്നതോടെ വരുന്ന ആത്മസുഖങ്ങള്‍ അനവധിയാണ്. അതില്‍ മഹത്തരമായതാണ് സന്തോഷം നിറഞ്ഞ മനസ്സ്, വിശ്വാസത്താല്‍ ദൃഢമായ നിലപാടുകള്‍, പതിരുകള്‍ തിരിച്ചറിയാനുള്ള അറിവ്.
വിശ്വാസം ആശ്വാസമാണ്. സങ്കടകരമായ ജീവിതത്തില്‍ പോലും സന്തോഷത്തെ, അറിയാനും വേര്‍തിരിച്ചെടുക്കാനുമുള്ള പ്രത്യേക സിദ്ധി വിശ്വാസിയെ എന്നും ഉന്മേഷവാനാക്കുന്നു. മനസ്സിന് യാതൊരു രോഗവും ബാധിക്കാതെ കാത്തുസൂക്ഷിക്കാനുള്ള വിദ്യ അവനു കൈമുതലായുണ്ട്.
ഇടുങ്ങിയ ചിന്തകളില്‍ നിന്ന് രക്ഷ നേടി, സുരക്ഷിത ഹൃദയത്തോടെ ജീവിച്ചു വിജയത്തിലേക്കടുക്കുക. അവനോടു തൃപ്തിയുള്ള മനസ്സാണ് ആവശ്യം. പരിപാലകനെ തിരിച്ചറിയാത്തവര്‍ക്ക് നിലനില്‍ക്കുന്ന സൗഖ്യം നേടാനാകുമോ? നല്‍കുന്നവനെ അറിയുക. ഭാരങ്ങള്‍ അവനിലേക്ക് വിടുക. അവന്‍ കൂടെയുണ്ടാകും. അപ്പോള്‍ രോഗം ബാധിക്കാത്ത മനസ്സുമായി ചെറിയ കാലത്തെ ജീവിതത്തില്‍ വലിയ അടയാളപ്പെടുത്തലുകളും നേട്ടങ്ങളുമായി നമുക്ക് തിരിച്ചു പോകാം.