വിവാഹവും ദാമ്പത്യവുമെല്ലാം ആത്മീയോത്കര്‍ഷത്തിനു നിരക്കാത്ത കാര്യമായാണ് പല പ്രബല മതസമൂഹങ്ങളും കാണുന്നത്. എന്നാല്‍ ഇസ്‌ലാമില്‍ ഇവ ഏറെ പുണ്യകരമായ നന്മയാണ്. ബ്രഹ്മചര്യവും സന്യാസവും ഇസ്‌ലാം വിരുദ്ധമാണ് (ഖുര്‍ആന്‍ 16:72). അതിന്റെ പ്രധാന ഭാഗം അവിവാഹിത ജീവിതമാണല്ലോ. അതിനാല്‍ തന്നെ വിവാഹശേഷി ലഭിച്ചവര്‍ക്ക് വിവാഹരഹിത ജീവിതം നിഷിദ്ധമാണെന്നുവരെ അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്.
വിവാഹശേഷിയെന്നാല്‍ ദാമ്പത്യ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുള്ള മാനസിക-ശാരീരിക-സാമ്പത്തിക ഭാഗങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നുണ്ട്. അതിനാല്‍ തന്നെ ബാലവിവാഹം, ലൈംഗിക ശേഷിയില്ലാത്തവരുടെ വിവാഹം, ഇണയുടെ അനിവാര്യ ജീവിതച്ചെലവുകള്‍ നിര്‍വഹിക്കാന്‍ കഴിയാത്തവരുടെ വിവാഹം എന്നിവ സാധുവല്ല (ഖുര്‍ആന്‍ 24:33).
പാടില്ലാത്ത വിവാഹങ്ങള്‍
മനുഷ്യ പ്രകൃതിയുടെ അനിവാര്യ ഭാഗമായ ലൈംഗിക കേളികള്‍ അനുവദിക്കപ്പെടുന്ന ഏക ബന്ധം വിവാഹമാണ്. എല്ലാ കാലത്തും സമൂഹത്തിലും വിവാഹം സംസ്‌കാരവും ആദര്‍ശവുമാണ്. അതിനാല്‍ തന്നെ ഇസ്‌ലാമില്‍ വിവാഹം സാധുവാകാനുള്ള പ്രഥമ നിബന്ധന ദമ്പതികള്‍ മുസ്‌ലിംകളാകണമെന്നതാണ് (ചില സന്ദര്‍ഭങ്ങളില്‍ വധു വേദക്കാരിയാകുന്നതിനും കുഴപ്പമില്ല). ദൈവനിഷേധികള്‍, ബഹുദൈവാരാധകര്‍ എന്നിവര്‍ ഒരു സാഹചര്യത്തിലും മുസ്‌ലിമുമായി വിവാഹബന്ധത്തില്‍ ചേരുകയില്ല (ഖുര്‍ആന്‍ 2:221).
അതുപോലെ നിലവില്‍ മറ്റൊരാളുടെ ഭാര്യയായ സ്ത്രീ, മറ്റു സ്ത്രീപുരുഷന്മാരുമായി കാമുകീ-കാമുക ബന്ധത്തിലുള്ളവര്‍, സ്വതന്ത്ര ലൈംഗികതാവാദികള്‍, സ്വവര്‍ഗാനുരാഗികള്‍ (ഘഏആഠഝ+) (ഖുര്‍ആന്‍ 4:24) തുടങ്ങിയവരും ഇങ്ങനെ ഇസ്‌ലാമിക വിവാഹ മേഖലയില്‍ അനുവദിക്കപ്പെടുകയില്ല. അടുത്ത രക്ത-വിവാഹ ബന്ധുക്കള്‍ വിവാഹം നിഷിദ്ധമാക്കപ്പെട്ടവരില്‍ ഉള്‍പ്പെടും (ഖുര്‍ആന്‍ 4:23). ഇസ്‌ലാം മുന്നോട്ടുവെക്കുന്ന വിശ്വാസ-ധാര്‍മിക-സദാചാര നിയമങ്ങളാണ് ഇവിടെ ബാധകമാകുന്നത്.
പുണ്യവും മനുഷ്യസമൂഹത്തിന്റെ സമാധാനപൂര്‍ണമായ നിലനില്‍പ്, വളര്‍ച്ച എന്നിവയ്ക്ക് അനിവാര്യവും മനുഷ്യനെ ഏറെ പ്രലോഭിപ്പിക്കുന്ന ലൈംഗിക വികാരങ്ങളുടെ വിഹിത പ്രകാശനവുമായ വിവാഹം എല്ലാവര്‍ക്കും സാധ്യമാകണമെന്ന് ഇസ്‌ലാമിന് നിര്‍ബന്ധമുണ്ട്. അതിനാല്‍ തന്നെ വിവാഹത്തിന് തടസ്സമാകുന്ന കാര്യങ്ങളെല്ലാം സാധ്യമാകുന്ന അളവില്‍ നീക്കിക്കൊടുക്കുക എന്നത് അനിവാര്യമാണ്. വിവാഹം സാധുവാകാന്‍ അനിവാര്യമായ മഹ്ര്‍ എന്ന വിവാഹമൂല്യം പോലും തടസ്സമാകാതിരിക്കാന്‍ ഇസ്‌ലാം ശ്രദ്ധിക്കുന്നുണ്ട്. ആവശ്യക്കാരനെ ഈ രംഗത്ത് ദാനത്തിലൂടെ സഹായിക്കാന്‍ വരെ മതം പ്രോത്സാഹിപ്പിക്കുന്നു. ദാരിദ്ര്യഭയത്താല്‍ വിവാഹത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരോട്, അത് പ്രശ്‌നമാക്കേണ്ട, അല്ലാഹു ഐശ്വര്യമുണ്ടാക്കും എന്നും ഖുര്‍ആന്‍ സമാധാനിപ്പിക്കുന്നുണ്ട് (ഖുര്‍ആന്‍ 24:32).
വിവാഹേതരവും സ്ത്രീയും പുരുഷനും എന്ന ദ്വന്ദ്വത്തിനു പുറത്തുള്ളതുമായ എല്ലാ ലൈംഗിക ബന്ധങ്ങളെയും ഒരു സാഹചര്യത്തിലും അനുവദിക്കാത്ത ഇസ്‌ലാം സമൂഹത്തിലെ പ്രയാസമനുഭവിക്കുന്ന, ശേഷിയുള്ള സദാചാരമുള്ളവരെ വിവാഹം ചെയ്തുകൊടുക്കേണ്ടത് രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും ബാധ്യതയാക്കുന്നു (ഖുര്‍ആന്‍ 24:32). വിധവാവിവാഹം പ്രോത്സാഹിപ്പിക്കുകയും (2:234,235) ബഹുഭാര്യാത്വം നിബന്ധനകള്‍ക്ക് വിധേയമായി അനുവദിക്കുകയും ചെയ്യുന്നു (ഖുര്‍ആന്‍ 4:3).
അന്വേഷണം, കാണല്‍
മനുഷ്യര്‍ ഉണ്ടാക്കുന്ന പരസ്പര കരാറുകളില്‍ ഏറ്റവും പ്രബലമായ കരാറാണ് വിവാഹം. പക്ഷേ ഏറെ ലളിതമാണ് ചടങ്ങുകള്‍. രക്ഷിതാക്കളോ ബന്ധു മിത്രാദികളോ വധൂവരന്മാരാകേണ്ടവര്‍ തമ്മിലോ മതം, ധര്‍മബോധം, മനഃസംതൃപ്തി എന്നിവയിലൂന്നി പരസ്പരം നടത്തുന്ന അന്വേഷണമാണ് തുടക്കം. ഇവിടെ പരസ്പരം പൊരുത്തങ്ങള്‍ അറിയാനും പങ്കുവെക്കാനും വധൂവരന്മാര്‍ക്ക് കാണലും പറയലുമാകാം. ആണും പെണ്ണും ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങി വിവാഹിതരാകരുതെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു.
വലിയ്യ്
സ്ത്രീകള്‍ക്ക് പിതാവോ പിതൃബന്ധത്തിലെ പുരുഷബന്ധുക്കളോ രക്ഷിതാവായി (വലിയ്യ്) നിന്നെങ്കിലേ വിവാഹം ഇസ്‌ലാമികമാകൂ. ന്യായമല്ലാത്ത കാരണങ്ങളാല്‍ ഇവര്‍ വിസമ്മതിക്കുന്നതടക്കം ചില പ്രത്യേക സാഹചര്യങ്ങളില്‍ സമുദായ നേതൃത്വത്തിലെ ജഡ്ജിക്ക് (ഖാദി) ആ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാനോ, സ്ത്രീക്ക് സ്വയം തന്റെ വിവാഹ രക്ഷാകര്‍തൃത്വം മറ്റൊരു പുരുഷനെ ഏല്‍പിക്കാനോ അധികാരമുണ്ട്. ഇത് അവരുടെ സുരക്ഷയുടെ ഭാഗമായി സ്രഷ്ടാവ് സംവിധാനിച്ചതാണ്.
വിവാഹമൂല്യം
വരന്‍ മഹ്ര്‍ (വിവാഹമൂല്യം) വധുവിന് നല്‍കണം (ഖുര്‍ആന്‍ 4:4). ഇത് മൂല്യമുള്ള എന്തുമാകാം, എത്രയുമാകാം. വധുവാണ് അത് നിശ്ചയിക്കേണ്ടതും അംഗീകരിക്കേണ്ടതും. ഇതാണ് ഇസ്‌ലാം ആവശ്യപ്പെടുന്ന സ്ത്രീധനം. വധുവില്‍ നിന്ന് ഇതുപോലെ എന്തെങ്കിലും ഭര്‍ത്താവ് ആവശ്യപ്പെടുന്നത് അനിസ്‌ലാമികവും നിഷിദ്ധവുമാണ്.
വിവാഹച്ചടങ്ങ്
ഇത് ഏറെ ലളിതമാണ്. നിര്‍ബന്ധമായി ഹാജരാകേണ്ടത് വരന്‍/ചുമതലപ്പെടുത്തിയവന്‍, വലിയ്യ്/ചുമതലപ്പെടുത്തിയവന്‍/പകരക്കാരന്‍, വിശ്വസ്തരായ രണ്ടു സാക്ഷികള്‍ എന്നിവരാണ്. വലിയ്യ്, നിശ്ചിത മഹ്‌റിന് എന്റെ രക്ഷാകര്‍തൃത്വത്തിലുള്ള ഇന്ന സ്ത്രീയെ ഞാന്‍ നിങ്ങള്‍ക്ക് വിവാഹം ചെയ്തു നല്‍കുന്നു എന്ന് പറയുകയും, വരന്‍ അത് ഞാന്‍ സ്വീകരിച്ചു എന്നു പറയുകയും ചെയ്യുന്നതോടെ നികാഹ് എന്ന വിവാഹത്തിന്റെ ഏറ്റവും പ്രധാനമായ ഭാഗം കഴിഞ്ഞു. ശേഷം അവിടെ സന്നിഹിതിരായവര്‍ക്കും പിന്നീട് പുതുദമ്പതികളെ കാണുന്നവര്‍ക്കുമെല്ലാം ഇവര്‍ക്കു വേണ്ടി നബിചര്യയില്‍ കാണുന്നതുപോലെ അനുഗ്രഹ പ്രാര്‍ഥന നടത്താം.
സദ്യ, പുതുക്കം
ഇനി വധുവിനെ വരന്റെ വീട്ടില്‍ എത്തിച്ചുകൊടുക്കുന്ന ചടങ്ങുകൂടി(പുതുക്കം) നബിചര്യയില്‍ കാണാവുന്നതാണ്. പുരുഷന്‍ വിവാഹസന്തോഷമെന്ന നിലയില്‍ തന്റെ ശേഷിക്കനുസരിച്ച് ഒരു സദ്യ നല്‍കുന്നതും നബിചര്യയാണ്.