LoginRegister

റോണോയുടെ അമ്മ

ഷെരീഫ് സാഗര്‍

Feed Back


ലിസ്ബണിലെ ജോസ് അല്‍വാഡെ സ്‌റ്റേഡിയം. നാഷന്‍സ് ലീഗ് ഫുട്‌ബോള്‍ മത്സരം നടക്കുകയാണ്. സ്വിറ്റ്‌സര്‍ലാന്റിനെതിരെ ഏകപക്ഷീയമായ നാലു ഗോളുകള്‍ നേടിയാണ് അന്ന് പോര്‍ച്ചുഗീസ് പട കളം വിട്ടത്. ഫുട്‌ബോള്‍ ആരാധകരുടെ പ്രിയപ്പെട്ട കളിക്കാരന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടിയ മത്സരം. 35ാം മിനിറ്റിലും 39ാം മിനിറ്റിലും സ്വിസ് ഗോള്‍വല ചലിപ്പിച്ച സിആര്‍-7 എന്ന ലോകോത്തര ഫുട്‌ബോളറുടെ സ്‌ട്രൈക്കിങ് മികവ് കണ്ട് ലോകം അമ്പരന്ന ദിവസം. ആകാശത്തേക്ക് കൈ ഉയര്‍ത്തി നില്‍ക്കുന്ന റോണോയുടെ ചിത്രത്തോടൊപ്പം അന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായ മറ്റൊരു ചിത്രമുണ്ട്. ഗാലറിയില്‍ ചുവന്ന ജഴ്‌സി ധരിച്ച് പൊട്ടിക്കരയുന്ന റോണോയുടെ അമ്മ മരിയ ഡൊളോറെസ് ഡോ സാന്റോസ് അവെയ്‌റോ.
ഹൃദയം പൊട്ടുന്ന സന്തോഷം കൊണ്ടാണ് ആ അമ്മ കരഞ്ഞത്. വര്‍ഷങ്ങള്‍ക്കു മുമ്പ് റോണോയെ വളര്‍ത്താന്‍ പാടുപെട്ടതിന്റെ ഓര്‍മകളാണ് അവരെ കണ്ണീരണിയിച്ചത്. മദര്‍ കറേജ് എന്ന തലക്കെട്ടില്‍ ഡൊളോറസ് എഴുതിയ ആത്മകഥയില്‍ ആ കഥകള്‍ വിവരിക്കുന്നുണ്ട്. മുഴുക്കുടിയനായ ജോസ് ഡിനിസ് അവെയ്‌റോ എന്ന ഭര്‍ത്താവ് കാരണം കുടുംബം പട്ടിണിയിലായിരുന്നു. മൂന്നു മക്കള്‍ക്ക് ഒരു നേരത്തെ ആഹാരം പോലും കൊടുക്കാന്‍ പണമില്ലാതെ കഷ്ടപ്പെടുമ്പോഴാണ് നാലാമത്തവന്റെ വരവ്. ഡൊളോറസ് തൊട്ടടുത്തുള്ള ആശുപത്രിയില്‍ പോയി ഡോക്ടറെ ചെന്നു കണ്ടു. നാലാമത്തെ കുഞ്ഞിനെ പോറ്റാനുള്ള കഴിവില്ലെന്നും ആ കുഞ്ഞിനെ നശിപ്പിച്ചുതരണമെന്നും കണ്ണീരോടെ അപേക്ഷിച്ചു. എന്നാല്‍ ഡോക്ടര്‍ സമ്മതിച്ചില്ല. അങ്ങനെയൊരു കടുംകൈ ചെയ്യാന്‍ തനിക്ക് കഴിയില്ലെന്ന് തീര്‍ത്തു പറഞ്ഞു. മാത്രവുമല്ല, കാരുണ്യവാനായ ആ ഡോക്ടര്‍ കുറച്ച് പണം നല്‍കി അവരെ സഹായിക്കുകയും ചെയ്തു. വീണ്ടുമൊരിക്കല്‍കൂടി അമ്മ ഡോക്ടറെ കണ്ട് തന്റെ ആവശ്യം ആവര്‍ത്തിച്ചു. എന്നാല്‍ ഡോക്ടര്‍ ഇത്തവണയും അവരെ തിരിച്ചയച്ചു.
1985 ഫെബ്രുവരി 5 ചൊവ്വാഴ്ച പുലര്‍ച്ചെ ആ കുഞ്ഞ് പിറന്നു. ദാരിദ്ര്യം കൊടികുത്തി വാഴുന്ന വീട്ടില്‍ ജീവിച്ച കുഞ്ഞു റോണോ ചെറുപ്പം മുതലേ പ്രയാസങ്ങള്‍ ഏറെ സഹിച്ചാണ് വളര്‍ന്നത്. സഹോദരങ്ങള്‍ക്കൊപ്പം ഒറ്റ മുറിയിലായിരുന്നു താമസം. തന്നെ നശിപ്പിക്കാന്‍ ഒരുങ്ങിയ അമ്മയാണെന്ന യാതൊരു പരിഭവവും ഉള്ളില്‍ സൂക്ഷിക്കാതെ, ജനിച്ചതിനു ശേഷം തനിക്കായി ജീവിതം സമര്‍പ്പിച്ച മാതാവിനു വേണ്ടിയായി പിന്നീടുള്ള റോണോയുടെ ജീവിതം. മകന് ഫുട്‌ബോള്‍ കളിയില്‍ കമ്പമുണ്ടെന്നു കണ്ടെത്തിയത് അമ്മ തന്നെയാണ്. അവര്‍ അതിനുള്ള എല്ലാ പ്രോത്സാഹനവും നല്‍കി. വീടുകളില്‍ അടുക്കളപ്പണി ചെയ്തു കിട്ടുന്ന പണത്തില്‍ നിന്ന് ഒരു ചെറിയ തുക നീക്കിവെച്ച് റോണോയ്ക്കു വേണ്ടി ജഴ്‌സിയും ബൂട്ടുകളും വാങ്ങി.
രാത്രി കളി കഴിയുമ്പോള്‍ വിശന്നൊട്ടിയ വയറുമായി കുഞ്ഞുറോണോ ഏതെങ്കിലും റസ്‌റ്റോറന്റിന്റെ പിന്‍വാതിലിലേക്ക് പോകും. അവിടെ ബാക്കിയായി ഉപേക്ഷിക്കപ്പെടുന്ന ഭക്ഷണത്തില്‍ നിന്ന് ഒരു വിഹിതം ചോദിക്കും. 10-11 വയസ്സുള്ള സമയത്ത് തനിക്ക് സ്ഥിരമായി അത്താഴം തന്നിരുന്ന വീടിനടുത്തുള്ള മക്‌ഡൊണാള്‍ഡ് ഷോപ്പിലെ രണ്ട് പെണ്‍കുട്ടികളെപ്പറ്റി നിറഞ്ഞ കണ്ണുകളോടെ റോണോ തന്നെ പറഞ്ഞിട്ടുണ്ട്. ഷോപ്പിന്റെ പിന്‍വാതില്‍ മുട്ടുമ്പോള്‍ പതിയ വാതില്‍ തുറന്ന് ഒരു പൊതി തനിക്കു നേരെ നീട്ടുന്ന പെണ്‍കുട്ടികള്‍. റസ്റ്റോറന്റുകളിലെ ഉപേക്ഷിക്കപ്പെടുന്ന ഭക്ഷണപ്പൊതികള്‍ പലപ്പോഴും റോണോയുടെ കുടുംബത്തിന് അത്താഴമായി.
ക്രിസ്മസിനു പോലും അവനൊരു സമ്മാനം കിട്ടിയില്ല. ചേട്ടന്‍ ഉപേക്ഷിച്ച പഴയ ബൂട്ട് ഉപയോഗിച്ച് തെരുവുകളില്‍ പന്ത് തട്ടി. പഠിക്കാന്‍ അത്ര മിടുക്കനായിരുന്നില്ല റോണോ. രാത്രികാലങ്ങളില്‍ പഠിക്കാതെ പുറത്തിറങ്ങി ഫുട്‌ബോള്‍ കളിച്ചു. പിതാവ് ജോലി ചെയ്യുന്ന ക്ലബ്ബില്‍ എട്ടാം വയസ്സില്‍ അംഗത്വമെടുത്ത റോണോ 11ാം വയസ്സില്‍ സ്‌പോട്ടിങ് പോര്‍ച്ചുഗല്‍ എന്ന ക്ലബ്ബില്‍ കളിക്കാനായി ലിസ്ബണിലേക്ക് പോയി. 14ാം വയസ്സില്‍ പഠനം ഉപേക്ഷിച്ച് ഫുട്‌ബോളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ലിസ്ബണില്‍ ഒറ്റപ്പെട്ടു കഴിയുമ്പോഴും അമ്മയെ ഓര്‍ത്ത് കൊച്ചു റോണോ പലപ്പോഴും കരഞ്ഞുകൊണ്ടിരുന്നു.
15ാം വയസ്സില്‍ റോണോയുടെ ഹൃദയം പടപടാ മിടിച്ചു. വെറുതെയിരിക്കുമ്പോഴും ഹൃദയം അമിതമായി മിടിക്കുന്ന രോഗം. ഫുട്‌ബോള്‍ കരിയര്‍ പാടെ ഉപേക്ഷിക്കേണ്ടിവരുമോ എന്ന് ഭയപ്പെട്ട സമയം. ഒരു ലേസര്‍ സര്‍ജറിയിലൂടെ ഈ പ്രശ്‌നം പരിഹരിച്ച ശേഷം 2003ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി ക്രിസ്റ്റ്യാനോ കളത്തിലിറങ്ങി. 12 മില്യണ്‍ യൂറോ എന്ന സ്വപ്‌നസമാനമായ തുകയ്ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റോണോയെ വാങ്ങിയത്. ഏഴാം നമ്പര്‍ ജഴ്‌സിയില്‍ തിളങ്ങിയ ക്രിസ്റ്റ്യാനോ ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. 2005ല്‍ അച്ഛന്‍ മരിച്ചു. മാഞ്ചസ്റ്ററില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്കായിരുന്നു പിന്നെയുള്ള യാത്ര. ചരിത്രത്തിലെ വില കൂടിയ താരമായ റോണോ 2018ല്‍ ഇറ്റാലിയന്‍ ക്ലബ്ബായ ഇവന്റോസിലേക്ക് മാറി. 100 മില്യണ്‍ യൂറോയാണ് അപ്പോള്‍ ലഭിച്ച പ്രതിഫലം. പോര്‍ച്ചുഗല്‍ ടീമിന്റെ നായകനായ ക്രിസ്റ്റിയാനോയുടെ മിടുക്കില്‍ 2016ല്‍ ടീമിന് യൂറോ കപ്പ് ലഭിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട താരമാണ് ക്രിസ്റ്റ്യാനോ. ഗോള്‍ഡന്‍ ബൂട്ട് വിറ്റുകിട്ടിയ 1.5 മില്യണ്‍ യൂറോ ഗാസയിലെ കുട്ടികള്‍ക്ക് സ്‌കൂളുകള്‍ നിര്‍മിക്കാന്‍ അദ്ദേഹം സംഭാവന ചെയ്തു. ഭൂകമ്പത്തിലും സുനാമിയിലും ദുരിതം അനുഭവിച്ച ജനതക്ക് കൈത്താങ്ങായി മില്യണ്‍കണക്കിന് പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി. പതിവായി രക്തം ദാനം ചെയ്യുന്നതിനാല്‍ ഇന്‍ഫെക്ഷന്‍ ഒഴിവാക്കാന്‍ വേണ്ടി ശരീരത്തിലെവിടെയും പച്ചകുത്തിയില്ല. ലോകോത്തര താരമായി വളരുമ്പോഴും റോണോ അമ്മയെ മറന്നില്ല. 2007ല്‍ അര്‍ബുദം ബാധിച്ച ഡൊളൊറെസിനെ ലോകോത്തര ചികിത്സ നല്‍കിയാണ് റോണോ പരിചരിച്ചത്. 2020ല്‍ പക്ഷാഘാതത്തെ തുടര്‍ന്ന് അമ്മയെ മെദീരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്റെ നേട്ടങ്ങള്‍ ആസ്വദിക്കുന്നതിനിടെ ആരോഗ്യസംബന്ധമായ വെല്ലുവിളികളെല്ലാം അവര്‍ പുഞ്ചിരിയോടെ നേരിട്ടു.
റോണോ പട്ടിണിയും പരിവട്ടവുമായി അലഞ്ഞുനടന്ന ജന്മനാടാണ് മെദീര. ഇന്ന് അവിടത്തെ വിമാനത്താവളത്തിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നാണ് പേര്. അമ്മയാണ് ക്രിസ്റ്റിയാനോയുടെ എല്ലാം. ജീവിതത്തിലെ എല്ലാ നേട്ടങ്ങളും അമ്മയോടൊപ്പം അവന്‍ ആസ്വദിച്ചു. കണ്ണീരും വേദനകളും അമ്മയോടൊപ്പം പങ്കിട്ടു.
ഏതൊരു പ്രതിഭയുടെയും നേട്ടങ്ങള്‍ക്കു പിന്നില്‍ ഇങ്ങനെ ചില മനുഷ്യരുടെ ത്യാഗങ്ങളുണ്ടാകും. അത് ചിലപ്പോള്‍ അമ്മയാകാം, അച്ഛനാകാം, ഭാര്യയാകാം, ഭര്‍ത്താവാകാം. ഉയരങ്ങളിലെത്തുമ്പോള്‍ ചിലര്‍ തന്നെ കൈപിടിച്ച് നടത്തിയവരെ മറക്കും. എന്നാല്‍ ഓര്‍മകള്‍ ഊര്‍ജമായവന് അവരെന്നും ഹൃദയത്തില്‍ തന്നെയുണ്ടാകും. അമ്മ, അച്ഛന്‍ എന്നൊക്കെയുള്ള ചില തോളുകളില്‍ നിന്നാണ് നമ്മള്‍ ഉയരങ്ങളിലേക്ക് കയറുന്നത്. നമ്മുടെ ഉയരത്തിനു വേണ്ടി എത്ര നേരം വേണമെങ്കിലും അവര്‍ നില്‍ക്കും. എങ്ങനെ വേണമെങ്കിലും അധ്വാനിക്കും, ചെലവഴിക്കും. ‘അമ്മേ, നിങ്ങളുടെ തോളുകള്‍ക്ക് വേദനിക്കുന്നില്ലേ’ എന്ന് ഒരിക്കല്‍ പോലും നമ്മളാരും ചോദിക്കില്ല,
അമ്മ എന്നത് മഹത്വം പറഞ്ഞ് മാറ്റിനിര്‍ത്തേണ്ട വ്യക്തിത്വമല്ല. ബഹുമാനിച്ച് കൂടെ നിര്‍ത്തേണ്ട നേട്ടമാണ്. എന്നാല്‍ നവനാസ്തികരും സ്വതന്ത്ര ചിന്തകരുമായ ചിലര്‍ ആ പദത്തെ സാങ്കേതികം മാത്രമാക്കി അവതരിപ്പിക്കുന്നുണ്ട്. അമ്മയും അച്ഛനുമെല്ലാം ജന്മം നല്‍കാനുള്ള ഉപകരണങ്ങള്‍ മാത്രമാണ് എന്ന രീതിയിലാണ് അവരുടെ വ്യാഖ്യാനം. എന്നാല്‍, ഹൃദയത്തില്‍ കരുണയും അലിവുമുള്ള ആര്‍ക്കും അങ്ങനെയൊരു കാഴ്ചപ്പാടില്‍ അമ്മയെ അറിയാനാവില്ല. അറിവും ആനന്ദവും പകര്‍ന്ന് കുഞ്ഞിനെ വളര്‍ത്തുന്നവരാണ് അമ്മമാര്‍. അങ്ങനെയുള്ള അമ്മമാരെ ആ കുഞ്ഞുങ്ങള്‍ ഒരുകാലത്തും ഒറ്റപ്പെടുത്തില്ല. ഏത് പെരുമഴയത്തും തന്റെ സംരക്ഷണത്തിന്റെ കുടയിലേക്ക് ചേര്‍ത്തുനിര്‍ത്തും.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top