LoginRegister

രോഗീസന്ദര്‍ശനം പുണ്യമാണ്, പക്ഷേ...

ഷാനവാസ് പേരാമ്പ്ര

Feed Back


”കുറച്ച് ദിവസം നിങ്ങള്‍ക്ക് വീട്ടില്‍ വിശ്രമിക്കാം.” ഡോക്ടറുടെ വാക്കുകള്‍ കേട്ട് അയാള്‍ക്ക് സന്തോഷമായി.
പത്ത് ദിവസം… ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാം. തൊടിയിലൂടെ ഇറങ്ങി നടക്കാം. മതിയാവോളം ശുദ്ധവായു ആസ്വദിക്കാം. വായനയില്‍ മുഴുകാം… പേരക്കുട്ടികളുമായി സല്ലപിക്കാം.
മൂത്ത മകന്‍ കുടുംബവുമായി വിദേശത്തു നിന്ന് വരുന്നത് ഈയാഴ്ചയാണ്. അസുഖമായതിനു ശേഷം തന്നെ അവരാരും കണ്ടിട്ടില്ല. ക്ഷയിച്ചുപോയ ഈ മെല്ലിച്ച ശരീരം കാണുമ്പോള്‍ അവര്‍ക്കിനി തിരിച്ചറിയാന്‍ പറ്റുമോ?
”നിങ്ങള്‍ക്ക് ഇഷ്ടമുള്ളതെന്തുമാവാം. എന്നാല്‍ സന്ദര്‍ശകരെ കര്‍ശനമായി ഒഴിവാക്കണം.” ഡോക്ടര്‍ പറഞ്ഞത് അയാള്‍ക്ക് മനസ്സിലായി.
മക്കളെയും പേരക്കുട്ടികളെയും അടുത്ത് കാണാന്‍ താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. അനുജനാണ് ആശുപത്രിയുടെ ഡിസ്ചാര്‍ജ് നടപടിക്രമങ്ങള്‍ ചെയ്ത് ഓടിനടക്കുന്നത്. ആശുപത്രി റിസപ്ഷനു മുന്നില്‍ കാത്തിരിക്കുന്നതിനിടയില്‍ അഹമ്മദ്ക്ക തന്റെ കുടുംബ-സൗഹൃദ വാട്സാപ്പ് ഗ്രൂപ്പുകളില്‍ നേരിയ പ്രയാസത്തോടെ ഒരു പോസ്റ്റിട്ടു:
”ഏതാനും ദിവസങ്ങള്‍ ഞാന്‍ വീട്ടിലുണ്ടാവും. കര്‍ശനമായ സന്ദര്‍ശന വിലക്കുള്ളതിനാല്‍ പരമാവധി ഒരാളും വീട്ടിലേക്ക് വരാതെ എന്നെ സഹായിക്കണം. പ്രാര്‍ഥനയിലുണ്ടാവണം…”
ലൈക്കുകളും കമന്റുകളും എല്ലാം പോസിറ്റീവ്. അയാള്‍ക്ക് സന്തോഷമായി.
വൈകുന്നേരം കാര്‍ വീടിന്റെ പോര്‍ച്ചിലേക്ക് കയറുമ്പോള്‍ ഗേറ്റിനരികില്‍ ഏറ്റവുമടുത്ത അയല്‍വാസി ശങ്കരേട്ടനുണ്ടായിരുന്നു. ഏറെ നാളത്തെ ആശുപത്രിവാസത്തിനു ശേഷം കണ്ടുമുട്ടുന്നതിനാല്‍ തന്നില്‍ നിന്ന് എന്തൊക്കെയോ അറിയാനുള്ള ആധി ശങ്കരേട്ടന്റെ കണ്ണുകളില്‍ കാണാം.
”ശങ്കരേട്ടാ, എല്ലാവര്‍ക്കും സുഖമല്ലേ? ഞാനൊന്ന് വിശ്രമിക്കട്ടെ…”
കൈവീശിക്കാണിച്ച് നേരെ വീട്ടിലേക്ക് കയറുമ്പോള്‍ അഹമ്മദ്ക്കയുടെ ഭാര്യ ഡോക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ ശങ്കരേട്ടനെ ബോധ്യപ്പെടുത്തുന്നുണ്ടായിരുന്നു. സന്ദര്‍ശന വിലക്കുള്ളത് റസിഡന്‍സ് കൂട്ടായ്മയിലും കൂടി അറിയിക്കേണ്ട ഉത്തരവാദിത്തം ശങ്കരേട്ടനാണ് ഏറ്റെടുത്തത്.
പിറ്റേ ദിവസം പ്രഭാതം ഒരു പുതിയ ജീവിതത്തിന് നാന്ദികുറിക്കുന്നതു പോലെയായിരുന്നു അയാള്‍ക്ക്. ആശുപത്രിക്കിടക്കയിലെ എല്ലാ അലസതയും മരവിപ്പും എത്ര പെട്ടെന്നാണ് മാഞ്ഞുപോയത്.
കുറേ ദിവസമായി താനൊരു വിചിത്രമായ മരുന്നുകുപ്പി പോലെയായിരുന്നു. ഒരിക്കലും നിറയാത്ത ആ കുപ്പിയിലേക്ക് ഡ്രിപ്പായും ഇഞ്ചക്ഷനായും മരുന്നുകള്‍ ഒഴുകിക്കൊണ്ടിരുന്നു. അതും പോരാഞ്ഞ് വിവിധ വലുപ്പത്തിലും രൂപത്തിലും വര്‍ണത്തിലുമുള്ള ഗുളികകള്‍…
ആശുപത്രി കാന്റീനിലെ ഭക്ഷണമാണ് തീരെ ഒത്തുപോകാത്തത്. നാവിന്റെ രുചിമുകുളങ്ങളൊക്കെ മരുന്നുകളുടെ തീവ്രത കൊണ്ട് മാഞ്ഞുപോയിട്ടുണ്ട്. ഒപ്പം തീരെ രുചിയില്ലാത്തതും തണുത്താറിയതുമായ ചോറും പലഹാരങ്ങളുമൊക്കെ എങ്ങനെ കഴിക്കും?
സ്വന്തം വീട് സ്വര്‍ഗം തന്നെയാണ്. ഇഷ്ടഭക്ഷണം ഉണ്ടാക്കി കഴിപ്പിക്കുന്നതില്‍ ഭാര്യയും ഉമ്മയും മത്സരിക്കുന്നതുപോലെ തോന്നി. പ്രഭാതത്തിലെ മന്ദമാരുതനും നട്ടുച്ചയുടെ ചൂടിന്റെ തീവ്രതയും പ്രദോഷത്തിന്റെ കുളിരും അയാളെ ഹരം പിടിപ്പിച്ചു.
അടുക്കളയോട് ചേര്‍ന്ന് പിന്നാമ്പുറത്ത് കൊളുത്തിവെച്ച കൂട്ടിനുള്ളിലെ സ്‌നേഹപ്പറവകള്‍ വിശേഷങ്ങള്‍ പറഞ്ഞ് മതിയാകാത്തതുപോലെ ചിലച്ചുകൊണ്ടിരിക്കുന്നു. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ആ ചെറിയ കൂട്ടിനുള്ളില്‍ വിരിഞ്ഞിറങ്ങിയ പുതിയ അതിഥികളെ അയാള്‍ പരിചയപ്പെട്ടു. സമയം ഒന്നിനും മതിയാകാത്തപോലെ.
ഓരോ നിമിഷത്തെയും ആര്‍ത്തിയോടെ അദ്ദേഹം വാരിപ്പുണര്‍ന്നു. പത്തു ദിവസങ്ങള്‍ കൊണ്ട് ജീവിതത്തില്‍ വരാനിരിക്കുന്ന വലിയ മാറ്റങ്ങള്‍ ഓര്‍ത്ത് അയാള്‍ കോരിത്തരിച്ചു.
സന്ധ്യാ നമസ്‌കാരത്തിനുള്ള ബാങ്കുവിളി ഉയര്‍ന്നു. ദേഹശുദ്ധി വരുത്തി സാഷ്ടാംഗം വീണു കിടന്ന് നാഥനോട് അയാള്‍ നന്ദി പറഞ്ഞു. വായിക്കാനുള്ള പുസ്തകങ്ങള്‍ വൈകുന്നേരം തന്നെ തിരഞ്ഞുവെച്ചിട്ടുണ്ടായിരുന്നു.
അതിജീവനത്തിന്റെ ജീവിതകഥകളാണ് ഇപ്പോള്‍ വായിക്കാന്‍ കൂടുതല്‍ താല്‍പര്യം തോന്നുന്നത്. മനോഹരമായി അടുക്കിവെച്ച ബുക് ഷെല്‍ഫിനു മുന്നില്‍, ഏതില്‍ തുടങ്ങണമെന്നു ചിന്തിക്കുന്നതിനിടയില്‍ പെട്ടെന്ന് പുറത്ത് കുറച്ച് വാഹനങ്ങളുടെയും ആളുകളുടെയും ബഹളം കേട്ടു.
കോളിങ് ബെല്‍ കേട്ട് ഭാര്യ ജനലിലൂടെ പുറത്തേക്ക് നോക്കി. നാട്ടിലെ കാര്യപ്പെട്ട ഒരു നേതാവാണ്. മുതലാളിയും പരസഹായിയുമാണ്. രാഷ്ട്രീയത്തിലും നല്ല പിടിപാടുണ്ട്.
കൂടെ രോഗീസന്ദര്‍ശനത്തിന്റെ പോരിശ മനസ്സിലാക്കി ഇറങ്ങിപ്പുറപ്പെട്ട പരിവാരങ്ങളുമുണ്ട്. കുറേ പേര്‍ ആരോടൊക്കെയോ ഫോണിലൂടെ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. മറ്റു ചിലര്‍ സോഷ്യല്‍ മീഡിയയിലും. ആരോ ഒരാള്‍ മാസ്‌ക് ധരിച്ചിട്ടുണ്ട്. ആകെക്കൂടി ഒരു സല്‍ക്കാരവീട്ടിലെ ബഹളം.
അഹമദ്ക്ക പുസ്തകമെടുക്കാതെ മെല്ലെ കിടപ്പുമുറിയിലേക്ക് നീങ്ങി. ഭാര്യ വാതില്‍ തുറക്കേണ്ട താമസം, നേതാവും പരിവാരങ്ങളും ഉള്ളിലെത്തി.
അയാള്‍ എന്തിനെയും നേരിടാനെന്നോണം തന്റെ നേരിയ മാസ്‌ക്, വള്ളികള്‍ ചെവിയില്‍ തിരുകി മൂക്കിന് മുകളില്‍ നന്നായി അമര്‍ത്തിവെച്ചു മലര്‍ന്നു കിടന്നു. വന്നവരെല്ലാം ചുറ്റിലും കൂടി നില്‍ക്കുന്നു.
ഓരോരുത്തരും ആശ്വാസവാക്കുകളും പ്രാര്‍ഥനകളും ചൊരിഞ്ഞ് പോകാനിറങ്ങുമ്പോള്‍ ഒരു ചെറിയ പ്രമാണി പറഞ്ഞു: ”ഞങ്ങള്‍ പെട്ടെന്ന് ഇറങ്ങാണ്, ഇത്തരം രോഗികളുടെ അടുത്ത് കൂടുതല്‍ സമയം നില്‍ക്കരുതല്ലോ! അതുകൊണ്ട് ഇപ്പോള്‍ കുടിക്കാനൊന്നും വേണ്ട. പ്രാര്‍ഥനയിലുണ്ടാവും.”
അവരുടെ വാഹനങ്ങളുടെ ശബ്ദം, ഒരു പ്രദേശം മുഴുവന്‍ ബോംബിട്ട് ചുട്ടുചാമ്പലാക്കി കടന്നുപോകുന്ന ഏതോ അക്രമിസംഘത്തിന്റേതുപോലെ അയാള്‍ക്ക് തോന്നി.
ഫോണ്‍ റിങ് ചെയ്യുന്നു. തൊട്ടടുത്ത ഉമ്മറക്കോലായിലിരുന്ന് ശങ്കരേട്ടനാണ്:
”നിങ്ങളെ കാണാന്‍ ഒരു കുട്ടിയോടും വരണ്ടാന്ന് ഞാന്‍ എല്ലാവരോടും പറഞ്ഞത് വെറുതെയായല്ലോ അഹമ്മദ്ക്കാ…”
തിരിച്ചൊന്നും പറയാന്‍ കഴിയാതെ ആ വിളി അവസാനിച്ചു. തൊട്ടടുത്ത റൂമില്‍ ഭാര്യ മറ്റ് ചില അയല്‍വാസികളോട് സമാധാനം പറയുന്നു. ഉമ്മയുടെ ഫോണില്‍ ബന്ധുക്കളുടെ വിളികള്‍ വരുന്നു. വാട്സാപ്പ് തുറക്കാന്‍ പേടി തോന്നി. മുഖ്യ സന്ദര്‍ശകരുടെ വരവും പോക്കും ശ്രദ്ധിച്ച വഴിയാത്രികരില്‍ നിന്ന് വിവരം കാട്ടുതീ പോലെ പരക്കുന്നത് അയാളറിഞ്ഞു.
അഹമ്മദ്ക്ക അനുജനെ വിളിച്ച് ചില കാര്യങ്ങള്‍ പറഞ്ഞു. തല്‍ക്കാലം ഒന്നിനോടും പ്രതികരിക്കാതെ ഉറങ്ങാന്‍ ശ്രമിച്ചു. പ്രഭാത നമസ്‌കാരം കഴിഞ്ഞ ഉടനെ അനുജന്‍ വാഹനവുമായി വന്നു. സാധനസാമഗ്രികള്‍ കാറിലെടുത്തുവെച്ച് ഗേറ്റ് പൂട്ടി. തനിക്ക് നഷ്ടപ്പെട്ട സൗഭാഗ്യങ്ങളിലേക്ക് അയാള്‍ ഒന്നുകൂടി കണ്ണ് പായിച്ചു. ഒന്ന് പൊട്ടിക്കരയാന്‍ പോലും കഴിയുന്നില്ല.
വാഹനം വീണ്ടും ആശുപത്രിയിലേക്കു തന്നെ നീങ്ങുമ്പോള്‍ ഫേസ്ബുക്കില്‍ അയാള്‍ ഒരു പോസ്റ്റിട്ടു:
”രോഗീ സന്ദര്‍ശനം പുണ്യമാണ്, പക്ഷേ, അത് രോഗിയെ വീട്ടില്‍ നിന്ന് പുറത്താക്കുന്നതാവരുത്.”

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top