LoginRegister

രുചിയുടെ ആവർത്തനപ്പട്ടികയും രാസസൂത്രങ്ങളും

ബഹിയ

Feed Back


പതിവില്ലാതെ രാവിലെ തന്നെ ഒരുത്തി വിളിച്ച് ഇന്ന് കൃത്യം ഒമ്പത് മണിക്ക് തന്നെ തന്റെ വീട്ടില്‍ ഹാജരാവണം എന്ന് മറ്റൊരുത്തിയോട് പറഞ്ഞാല്‍ എന്തായിരിക്കും കേട്ടവന്റെ അവസ്ഥ? അതും ഭര്‍ത്താവിന്റെ അടുത്ത ബന്ധുവും സ്ഥാനംകൊണ്ട് അമ്മായിയമ്മയുടെ നാത്തൂനായി വരുന്നവളുമായ ഒരുത്തി! തീര്‍ന്നില്ല; ഞാന്‍ വിളിച്ചിട്ടാണ് വന്നതെന്നോ നമ്മള്‍ തമ്മില്‍ ഈ അടുത്ത ദിവസങ്ങളില്‍ സംസാരിച്ചിട്ടുണ്ടെന്നോ ആരും അറിയരുതെന്നും വൈകീട്ടേ തിരികെ പോകാന്‍ കഴിയൂ എന്നും അടുക്കളയില്‍ ഉപയോഗിക്കാന്‍ പറ്റിയ ഒരു ജോഡി വസ്ത്രം കൂടി ഹാന്‍ഡ്ബാഗില്‍ കരുതിക്കോളൂ എന്നും കൂടി കേട്ടതോടെയാണ് അവള്‍ക്ക് ഏതാണ്ട് അപകടം തിരിച്ചറിയാന്‍ കഴിഞ്ഞത്.
”ഈശ്വരാ, ഞാനിനി എന്ത് ചെയ്യും?” ദില്‍നയുടെ അടിവയറ്റില്‍ നിന്നൊരു ഷോക്ക് ശരീരമാസകലം പടര്‍ന്നു കയറി. തൊണ്ട വരണ്ടു, കൈകാലുകള്‍ കുഴഞ്ഞു. എല്ലാം വരുത്തിവച്ച അമ്മായിയമ്മയോട്- ഋഷിന്റെ അമ്മയോട് ആദ്യമായവള്‍ക്ക് വല്ലാത്ത നീരസം തോന്നി.
അവരാണ്; അവരൊറ്റ ഒരുത്തിയാണ് തന്റെയീ അവസ്ഥക്ക് കാരണം എന്ന തിരിച്ചറിവില്‍ അവള്‍ നിന്ന് പുകഞ്ഞു. മറ്റുള്ളവര്‍ക്ക് മുന്നില്‍ വീമ്പു കാണിക്കാന്‍ വേണ്ടി മാത്രം ‘എന്റെ മരുമകള്‍ പൊളിയാണ്, പാചകറാണിയാണ്, അടുക്കള അവള്‍ക്ക് പുല്ലാണ്, തേങ്ങയാണ്’ എന്നൊക്കെ കെട്ടിയെഴുന്നെള്ളിക്കുമ്പോള്‍ ഒരു ഓളത്തിനങ്ങ് നിന്നുകൊടുത്തതായിരുന്നു. അമ്മ തന്നെ ഉണ്ടാക്കി, അമ്മ തന്നെ പാക്ക് ചെയ്ത സ്‌പെഷ്യല്‍ ഐറ്റംസ് തന്റെ പേരില്‍ ബന്ധുവീടുകളില്‍ കൊടുത്തു വിടുന്നത് കാണുമ്പോഴൊക്കെയും വല്ലാത്തൊരു രോമാഞ്ചമായിരുന്നു; ‘എന്തു നല്ല അമ്മ’ എന്ന അഹങ്കാരവും.
കഴിച്ചവരൊക്കെ അഭിനന്ദിക്കുന്നത് കേട്ടു കേട്ട് ഇതെല്ലാം ഉണ്ടാക്കുന്നത് താന്‍ തന്നെയാണ് എന്നുവരെ തോന്നിപ്പോയി. എല്ലാം തകരാന്‍ പോകുന്നു… ആരോടും പറയരുതെന്ന് സെറാന്റി പറഞ്ഞ സ്ഥിതിക്ക് അമ്മയോട് പറയാനും വയ്യ. ദില്‍നയാകെ തളര്‍ന്ന് കട്ടിലിലേക്ക് ചാരിയിരുന്നു പോയി.
ദില്‍നയെ വിളിച്ചു വെച്ച ഉടനെതന്നെ സെറ അന്നത്തെ മെനുവിന് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ തുടങ്ങി. പാവം ദില്‍ന! അവളാകെ പേടിച്ചിട്ടുണ്ടാവും. പക്ഷേ, ഇനിയും ഇങ്ങനെ മുന്നോട്ട് പോകാന്‍ വയ്യ. ഓര്‍ക്കും തോറും അവളില്‍ വെറുപ്പ് തിളച്ചു. തിളച്ചു തൂവിയ വെറുപ്പ് വീണ് അടുപ്പണഞ്ഞു, കത്താത്ത ബര്‍ണറിന്റെ റോളുകളില്‍ നിന്ന് ഗ്യാസ് പുറത്തേക്ക് പരന്നു. അവളുടെ മാനസികനില പോലെത്തന്നെ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന, കത്തിപ്പടരാവുന്ന ഒരവസ്ഥ അടുക്കളയിലും സംജാതമായി.
”സെറാ, എന്താ അവ്‌ടൊരു മണം? ഗ്യാസ് ഓഫാക്കീല്ലേ യ്യീ?” അമ്മയുടെ -അല്ല അമ്മായിയമ്മയുടെ ശബ്ദം കേട്ടവള്‍ പെട്ടെന്ന് സ്വബോധം വീണ്ടെടുത്തു. പൊടുന്നനെ ചാടിക്കേറി ഗ്യാസ് ഓഫാക്കവേ അമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
”എന്താപ്പത്? കഴിഞ്ഞ പ്രാശ്യം തന്നെ കഷ്ടി ഒരു മാസം തേക്കാന്‍ പറ്റീല്ല ഒരു കുറ്റി. ഇപ്രാശ്യം അരമാസം എത്തോണാവോ… പണ്ടൊക്കെ മൂന്നും നാലും മാസം എത്ത്യേര്‍ന്ന ഗ്യാസാ… അന്നാണെങ്കി കുറ്റിക്ക് ഇരുനൂറും മുന്നൂറൊക്കെ കൊട്ത്താ മത്യേര്‍ന്ന്… ഇത് പ്പോ വെല കൂട്യേപ്പോ അയ്‌ന്റെ ഉള്ളീള്ളതൊക്കെ ആവ്യായിപ്പോവാന്നാ തോന്നണ്…”
“തള്ളേടൊരു കണക്കുകൂട്ടല്‍… അവള്‍ക്കാകെ പെരുത്ത് കയറി. പണ്ടത്തെ ഒരു നാല് മാസക്കണക്ക്… കേക്കണ്ട നിക്ക്. അന്ന് വീട്ടീ പണിക്കാളുണ്ട്. അരക്കാനും നുറുക്കാനും മുറ്റത്തെ അടുപ്പത്ത് വെള്ളംതെളപ്പിക്കാനും അടുപ്പൂതാനും വെറക്‌പേരെന്ന് അടുക്കളയിലേക്ക് വെറക് കൊണ്ട് വരാനും ഒക്കെ എപ്പളും ഒരാള്ണ്ട്. ആഴ്ചയില്‍ ഒന്നോ രണ്ടോ വട്ടം നിത്യകൂലിക്ക് വന്ന് പറമ്പിലെ വെറകപ്പടി പറക്കിയൊരുക്കി വെറക്‌പെരേല് അടക്കിവെക്കാനും ഇടക്കിടെ വാങ്ങുന്ന മുട്ടിവിറകും തെകയാത്ത ബാക്കി വെറകേളും വണ്ടിയില്‍ കൊണ്ടന്ന് റോഡ് തീരുന്നേടത്ത് കൊട്ടിയത് പെറുക്കി കൊണ്ടരാനുമൊക്കെയായി മറ്റൊരാള്‍. പോരാത്തതിന് കണ്ട മാവും പ്ലാവും അയ്‌നീം ഞാവലും ശീമക്കൊന്നകളും എന്ന് വേണ്ട പറമ്പിലെ സകലമാന മരങ്ങളും കൊമ്പുകള്‍ വെട്ടിയൊതുക്കി, ആഞ്ഞൊരുക്കി, അവയും മുറിച്ചതും വീണതുമായ തെങ്ങേളെ കടേം മുട്ടീം ഉണക്കി- കോടാലിക്ക് വെട്ടിപ്പൊളിക്കാനും മറ്റുമായി വരണ അണ്ണന്മാര്‍ വേറെ… ആ ചെലവൊക്കെ ഇല്ലാതായിട്ടാണ് ഇപ്പഴും ഈ എച്ചിക്കണക്ക്. പോരാത്തതിന് രണ്ടു നേരോം കുളിക്കാനും തെളിക്കാനും ഗ്യാസീ വച്ച് തെളപ്പിച്ച വെള്ളോം വേണം. എന്നാലും ഗ്യാസ് തീരാന്‍ പാടില്ല. വല്ലാത്ത കേട് തന്നെ.”
അവള്‍ മനസ്സില്‍ പിറുപിറുത്തു.

അല്ലെങ്കില്‍ തന്നെ മനസ്സില്‍ പറയാനല്ലേ പറ്റൂ. പുറത്തോട്ടെങ്ങാന്‍ ഒരു മുത്ത് പൊഴിഞ്ഞാല്‍ പിന്നെ അതുമതി വീട് യുദ്ധക്കളമാവാന്‍. അതോടെ അവധി ദിവസത്തിന്റെ സകല മൂഡും പോവും. തന്റേത് മാത്രമല്ല; മക്കളുടേതും. അവധി ദിനമെന്നാണ് വെപ്പെങ്കിലും ഒടുക്കത്തെ പണി ദിവസമാണ്. അതും എടുത്താലും എടുത്താലും തീരാത്ത പണി… അതും മനസ്സും കലങ്ങി വെറുതെ എന്തിനാണ്. ഒന്നും കാണേം കേള്‍ക്കേം ചെയ്യാതിരിക്കലാണ് എല്ലാവരുടെയും ആരോഗ്യത്തിന് നല്ലത്. അതിനാല്‍ തന്നെ അവള്‍ ടെലഗ്രാം എടുത്ത് മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്തുവെച്ചിരുന്ന സിനിമ ഓണാക്കി അത്യാവശ്യം നല്ല ശബ്ദത്തില്‍ കാണാന്‍ തുടങ്ങി.
അടുക്കളയില്‍ ഉപയോഗിക്കാന്‍ പറ്റിയ ഒരു ജോഡി വസ്ത്രം കൂടി ഹാന്‍ഡ്ബാഗില്‍ കരുതിക്കോളൂ എന്ന ഒരൊറ്റ ഡയലോഗ് കൊണ്ട് തന്നെ അപകടം മണത്ത ദില്‍ന ആകെ വെപ്രാളത്തിലായിരുന്നു. ആരോടും പറയരുതെന്ന വാക്കുകളില്‍ ഒരു ഡവറ കഞ്ഞിയില്‍ കലക്കിയ ഒരു നുള്ള് ഉപ്പ് കണക്കെ കലര്‍ത്തിയിട്ടുള്ള നേരിയ ഭീഷണി, അവളുടെ പ്രസരിപ്പിന്റെ രുചി തന്നെ മാറ്റിക്കളഞ്ഞു. ഒടുവിലവള്‍ ഋഷില്‍ തന്നെ അഭയം തേടി.
”ചേട്ടായീ, സെറാന്റീടെ വാക്കില്‍ എന്തോ ഉണ്ട്. ഞാന്പ്പ ന്താ ചെയ്യാ?” പാതി കരച്ചിലോളം എത്തിയ ശബ്ദഭാവാധികളോടെ അവള്‍ വീഡിയോകോളില്‍ പൊരിഞ്ഞു.
”ഡീ… സംഭവം ഇച്ചിരി സീനാന്നാ തോന്നണത്. മ്മടെ അമ്മ അവര്‍ക്ക് വന്ന കാലത്ത് ഒത്തിരി പണി കൊടുത്തതാ… ഇപ്പൊ അമ്മ നിന്നോടീ കാണിക്കണ പാചകറാണി എഫക്റ്റ് വരെ അത്തരം പണികള്‍ തിരിച്ച് കിട്ടാതിരിക്കാനുള്ള അടവാ. തറവാട്ടീ തന്നെ ആര്‌ടെയെങ്കിലും കല്ല്യാണം കഴിഞ്ഞ് ഒര് പെണ്ണ് വന്ന് കേറിയാ അപ്പ തൊടങ്ങും അമ്മേം ഗ്യാങ്ങും അങ്കം. അവരെക്കൊണ്ട് പല പല വിഭവങ്ങള്‍ ഉണ്ടാക്കിക്കുക, ഒക്കെ കൊളായീന്ന് വാദിക്കുക, ലോകത്തെ സകല പെമ്പിള്ളേരുമായും താരതമ്യം ചെയ്ത് അവരെ അടപടലം വെറ്പ്പിക്കുക. ഇതൊക്കെയായിരുന്നു സീന്‍. ന്നട്ടിപ്പോ നിന്റെ മര്യോളോ എന്നേയ് ചോദ്യം വരാതിരിക്കാനാ ഒരു ചായ വെക്കാന്‍ പോലും അറിയാത്ത നിന്നെ വലിയ പാചക വിദഗ്ധയായി അവതരിപ്പിക്കണത്. അല്ലാതെ മോളോട്ള്ള ഇഷ്ടക്കൂടുതലോണ്ടൊന്ന്വല്ലാ. ആരേം അങ്ങനെ വല്ലാണ്ടെ സ്‌നേഹിക്കാനൊന്നും അമ്മേ കിട്ടൂലാ…”
അതും കൂടെ കേട്ടതോടെ അവളാകെ വല്ലാതായി.
”ഞാന്‍ പോണില്ല. പോയില്ലാന്ന് വെച്ച് അവരിപ്പോ എന്നെപ്പിടിച്ച് തിന്നൊന്നൂല്ലല്ലോ…” അവള്‍ ഉറച്ച് പറഞ്ഞു.
“സാരല്ല, നീ പൊയ്‌ക്കോ. അമ്മേം ബാക്കി പെണ്ണ്ങ്ങളും പറേണ പോലെ അവരത്രെ പ്രശ്‌നമൊന്നുമല്ല. അവര്‍ക്ക് നമ്മള് ന്യൂജന്‍ പിള്ളാരെ നന്നായി മനസ്സിലാവും. ഏറി വന്നാല്‍ രഹസ്യായി രണ്ട് തുള്ളി കണ്ണീര് കാട്ടിയാ മതി. സംഗതി ക്ലീന്‍. അവര്‍ക്ക് പിള്ളാരെയൊക്കെ ഭയങ്കര ഇഷ്ടാ. അവരൊരു ന്യൂജന്‍ ആന്റിയാടീ… പാവാ…”
ഋഷ് അവളെ സമാധാനിപ്പിച്ചു വിട്ടു.
സെറ ടെലഗ്രാമില്‍ സിനിമ കണ്ട് ഉപ്പുമാവും കൂട്ടി അടുക്കളയിലിരുന്ന് ചായ കുടിക്കുമ്പോഴാണ് ചൂടുവെള്ളത്തില്‍ വീണ പൂച്ചയെ പോലെ ദില്‍ന കയറി വന്നത്. പിന്നീടങ്ങോട്ട് ഗംഭീര അഭിനയമായിരുന്നു. അതുവരെ അങ്ങാടിയില്‍ വെച്ച് കണ്ട ഭാവം പോലുമില്ലാതെ അവര്‍ അഭിനയിച്ചു തകര്‍ത്തു. ചുമ്മാ വീട് വരെ ഒന്ന് പോവാനിറങ്ങിയതാണെന്നും വീടെത്തും മുമ്പ് എല്ലാവരെയും ഒന്ന് കാണാന്‍ തോന്നിയപ്പോള്‍ സ്‌കൂട്ടി നേരെ ഇങ്ങോട്ട് വിട്ടെന്നുമുള്ള ദില്‍നയുടെ വാദത്തിലേക്ക് സെറ ദില്‍ന പേടിച്ചിരുന്നതെന്തോ അതെടുത്ത് പ്രയോഗിച്ചു.
”നീ വന്നത് നന്നായി, ഇവിടെള്ളോര്‍ക്കിന്ന് നല്ല വയറു ഭാഗ്യമാന്ന് തോന്നണ്. ഇന്നേ ഞങ്ങടെ വെഡ്ഡിംഗ് ആനിവേഴ്‌സറിയാ… മക്കളാണേല്‍ കൊറേ ദിവസായി സ്‌പെഷ്യല്‍ എന്തെങ്കിലും വാങ്ങാന്‍ പറയണൂ. അതിപ്പോ മാറ്റി നിന്റെ പ്രിപറേഷനാവട്ടെ ഇന്ന്. നീയൊന്ന് വീട്ടീ വിളിച്ച് ഊണൊക്കെ കഴിഞ്ഞേ വരാന്‍ പറ്റൂ എന്നങ്ങ് പറ. ഞാനേ സാധനങ്ങള്‍ കൊണ്ട് വരാന്‍ ഷോപ്പിലേക്ക് വിളിക്കട്ടെ.”
ഒരു നിമിഷത്തേക്ക് ഇപ്പൊ ഒന്ന് മരിച്ചു പോയെങ്കില്‍ എന്ന് വരെ ചിന്തിച്ചു പോയി ദില്‍ന. എങ്ങനെയെങ്കിലും മുങ്ങണം എന്ന് കരുതി വാ തുറക്കാന്‍ ആഞ്ഞതും സെറയവളെ ആവി പറക്കുന്ന ഒരൊറ്റ നോട്ടം കൊണ്ട് നിശ്ശബ്ദയാക്കി. ഇനിയിപ്പോ രഹസ്യമായി രണ്ടിറ്റ് കണ്ണീര്‍ വിളമ്പാം, അതേയുള്ളൂ രക്ഷ എന്ന നിലയില്‍ ദില്‍ന സെറാന്റിയോട് ഒന്ന് സ്വകാര്യം പറയാനുണ്ടെന്ന് കണ്ണുകള്‍ കൊണ്ട് പ്രഖ്യാപിച്ചു. അവളുടെ കഥകളി കണ്ട് സെറ നിറഞ്ഞു ചിരിച്ചു.

”ഒരു ഫ്രൈഡ് റൈസും ചില്ലി ചിക്കനും പിന്നെ ഇച്ചിരി പായസോം. അത്രയല്ലേ കൊച്ചേ ഞാന്‍ പറഞ്ഞുള്ളൂ. അതിനെന്തിനാ നീയീ ഇഷ്ടമല്ലാത്ത പാവക്കാ ജ്യൂസ് കുടിച്ച മാതിരി കണ്ണും തള്ളി നില്‍ക്കണേ? നീയെന്താ ഓര്‍ക്കണേന്ന് നിക്ക് നന്നായറിയാം. നിനക്ക് പണിയെടുക്കുമ്പോ ചെല കണ്ടീഷന്‍സുള്ളത് എങ്ങനെ പറയും ന്നല്ലേ? അതൊക്കെ നിന്റെ അമ്മ പറഞ്ഞ് നിക്ക് നന്നായറിയാം. നമ്മുക്കേ അടുക്കള വാതിലൊക്കെ അങ്ങ് അടച്ച് പൂട്ടാമെന്നേ… വേറാരും ആ വഴി വരേയില്ല. പാട്ടും വെക്കാം വേണേല്‍ ഡാന്‍സും ചെയ്യാം. പിന്നെ നീ വെട്ടണ പോലെ കൃത്യം ക്യൂബും സിലിണ്ടറും വൃത്തോം വരെ ഒത്തില്ലേലും അത്യാവശ്യം വേണ്ട നുറുക്കലും ചതക്കലുമൊക്കെ നീ പറേണ പോലെ ഞാന്‍ ചെയ്തും തരാം, പിന്നെന്താ…”
സെറ ദില്‍നയെയും കൊണ്ട് അടുക്കളയില്‍ കയറി വാതിലടച്ചു. വിശാലമായ അടുക്കള. ഫ്രിഡ്ജും വാഷിങ്‌മെഷീനും എക്‌സര്‍സൈസ് സൈക്കിളും മാത്രമല്ല; ഗ്രില്ലിട്ട വര്‍ക്ക് ഏരിയയില്‍ നിന്ന് കാറ്റൊഴുകിയെത്തുന്ന, ഉദയവും അസ്തമയവും ഇരുവശങ്ങളിലുമായി ആകാശത്ത് കാണാന്‍ കഴിയുന്ന സ്ഥലം നോക്കി ഒരു കുഞ്ഞുകട്ടിലും അതിലിരുന്ന് ഉപയോഗിക്കാന്‍ കഴിയുന്ന ഒരു കൊച്ചു സ്റ്റഡി ടേബിളും ഇച്ചിരി പുസ്തകങ്ങളും നിറങ്ങളും നിറച്ച ഡ്രോയറുകളും ചേര്‍ന്ന് അവിടമാകെ ഒരു പ്രത്യേകത തോന്നി ദില്‍നക്ക്.
”ആന്റി… ഞാന്‍…” ദില്‍ന പറയാനുള്ളത് എങ്ങനെ പറയും എന്ന ഭാവത്തില്‍ ഉമിനീരിറക്കി.
“ഒന്നും പറയണ്ട, ഒന്നും ചെയ്യേം വേണ്ട. തല്ക്കാലം ആ ഡ്രസ്സ് മാറ്റി വീട്ടിലിടണ ഉടുപ്പും ഇട്ട് ചായേം കുടിച്ച് പോയി അവിടെ കിടന്നോ. അരീം സാധനങ്ങളും കിച്ചണില്‍ എത്തി കഴിഞ്ഞാല്‍ പിന്നെ ഫോണില്‍ തോണ്ടേ പുസ്തകം വായിക്കേ ഉറങ്ങേ എന്താച്ചാ ചെയ്‌തോ. എല്ലാം റെഡിയായാല്‍ ഞാന്‍ വിളിക്കാം. എണീറ്റ് വന്ന് ഇച്ചിരി ക്ഷീണം അഭിനയിച്ചാ മാത്രം മതി.”
അവള്‍ക്കൊന്നും കൃത്യമായി മനസ്സിലായില്ല. ആകെപ്പാടെ നേരത്തെ സെറ കുടിച്ച് മുഴുമിക്കാതെ ബാക്കി വെച്ച ചായക്കടുത്ത്, അടുക്കളയിലെ സ്ലാബില്‍ സെറ അപ്പോള്‍ വിളമ്പിയ ചായയും ഉപ്പുമാവും തനിക്കാണെന്ന് മാത്രം തിരിഞ്ഞു. അവള്‍ സെറാന്റീടെ അടുത്തിരുന്നു ചായ കുടിച്ചു.
”മോള്‍ക്ക് ഉപ്പുമാവിഷ്ടാണോ?” ഉപ്പുമാവ് കോരി വായില്‍ വെച്ച അവളോട് സെറ ചോദിച്ചു.
”വല്യ ഇഷ്ടൊന്നൂല്ല, പക്ഷേ ഇത് ഇഷ്ടായി.” നിഷ്‌കളങ്കമായ ഭാവത്തില്‍ ദില്‍ന പറഞ്ഞു.
”ഇവിടെ ഈയിടെ മിക്കപ്പോഴും ഉപ്പുമാവാ. ഈ ഉപ്പ് കൊറഞ്ഞൂന്ന് പറയാന്‍ ഏറ്റവും ബെസ്റ്റ് ഉപ്പുമാവാണേയ്; കൂടീന്ന് പറയാനും… നിനക്ക് തന്ന ഉപ്പുമാവ് ഉപ്പ് പാടേ കൊറഞ്ഞ നേരത്ത് മാറ്റി വച്ചതാ. ഇവിടുത്തെ ടേസ്റ്റ് ദാ ഇതാണ്.”
ഉപ്പേറി, എരിവ് കുറഞ്ഞ് ‘വികാരമില്ലാത്ത’ ഒരു ടീസ്പൂണ്‍ ഉപ്പുമാവിനെ നോണ്‍സ്റ്റിക് കടായിയില്‍ നിന്ന് തോണ്ടിയെടുത്ത് ദില്‍നയുടെ കയ്യിലേക്ക് സെറ കുടഞ്ഞിട്ടു. ടേസ്റ്റ് നോക്കിയ ദില്‍നയുടെ മുഖം ചുളിഞ്ഞു. ഒരു സിപ്പ് ചായ കൊണ്ട് അവളാ രുചി കഴുകിയിറക്കി.
”ഇപ്പൊ പിടികിട്ടിയോ കാര്യങ്ങള്‍? നീ ആദ്യം കഴിച്ചത് എന്റെ ടേസ്റ്റ്, എന്റെ ഫുഡിന്റേം. ഇവിടുത്തെ അച്ഛന് അത് വലിയ ഇഷ്ടായിരുന്നു. അച്ഛന്‍ എപ്പഴും പറയും അച്ഛന്റെ ഓഫീസിലെ സ്റ്റാഫൊക്കെ ഞാന്‍ കൊടുക്കണ പച്ചവെള്ളത്തിന് പോലും നല്ല സ്വാദാണെന്ന് പറയുമെന്ന്. പക്ഷേ വേറാര്‍ക്കും ഇവിടെ ആ ടേസ്റ്റുകള്‍ പറ്റിയില്ല. ഉപ്പില്ല, പുളിയില്ല, എരു കൂടി, കട്ടി കൂടി എന്നിങ്ങനെ നിത്യം കേട്ട് കേട്ട് അവരുടെ ടേസ്റ്റായി ഫുഡിന്. എന്നാലും പരാതി തീരില്ല…”
സെറാന്റീടെ കണ്ണീരിന്റെ ഉപ്പാവും രണ്ടാമത് തന്ന ഉപ്പുമാവിനെ ഇത്രയേറെ ഉപ്പിപ്പിച്ചതെന്ന് തോന്നിപ്പോയി ദില്‍നക്ക്.
അപ്പോഴേക്കും ഷോപ്പില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ഐറ്റംസെല്ലാം ഡെലിവറി ബോയ്- ബോയല്ല സാമാന്യം പത്തറുപത് വയസ്സ് തോന്നിക്കുന്ന ആളാണ്- അടുക്കളയിലെത്തിച്ചതിനാല്‍ അവരുടെ സംസാരം അവിടെ മുറിഞ്ഞു. ദില്‍ന വേഗം ചായ കുടിച്ചെണീറ്റു, പാത്രം കഴുകാന്‍ പക്ഷേ ആന്റി സമ്മതിച്ചില്ല. വര്‍ക്കേരിയയിലെ ബാത്ത്‌റൂമില്‍ പോയി ഡ്രസ്സ് മാറി വന്ന് കട്ടിലിലിരിക്കെ ആ സെറ്റപ്പിന്റെ അർഥം ദില്‍നക്ക് ശരിക്കും മനസ്സിലായി. സ്വന്തമായൊരു റൂമില്ലാത്ത പെണ്ണിന് അടുക്കളയെങ്ങനെ വീടാവുന്നു എന്ന സൂത്രവാക്യം അവള്‍ തിരിച്ചറിയുകയായിരുന്നു. രുചിഭേദങ്ങളിലെ ഇല്ലാപ്പാട്ടും ഏറിപ്പാട്ടും കേള്‍ക്കാതെ സ്വസ്ഥമായി ഭക്ഷണം കഴിക്കാന്‍ അടുക്കളയോളം നല്ല ഇടം വേറെ ഏതാണ്? ലൈറ്റണക്കലും ശബ്ദം അടക്കലും ഒന്നും ബാധിക്കാതെ ഒഴിവുസമയങ്ങളില്‍ ഇഷ്ടമുള്ളത് ചെയ്യാനും അടുക്കളയേക്കാള്‍ മികച്ച മറ്റേതിടമുണ്ട്? ‘അക്ഷരാര്‍ത്ഥത്തില്‍ സെറാന്റി ഒരു ന്യൂജന്‍ ആന്റി തന്നെ…’ അവള്‍ ഋഷിന് മെസ്സേജ് അയച്ചു.
ഒരു ഉള്ളിയെടുക്കാന്‍ വരെ അവളെ അനുവദിക്കാതെ സെറ സിനിമയും പാട്ടുമായി പണിയില്‍ മുഴുകി. എത്ര പെട്ടെന്നാണ് ആന്റി ഫുഡൊരുക്കുന്നത്! അവള്‍ അത്ഭുതപ്പെട്ടു. ഈ വേഗതയില്‍ ഒട്ടും വിശ്വാസം വരാത്തവരവാണ് അവരെ പണിയെടുക്കാതെ വെറുതെ നടക്കുന്നവളെന്നും മടിച്ചിയെന്നും വിളിക്കുന്നതെന്നോര്‍ത്ത് അവള്‍ക്ക് ചിരിവന്നു.
”അല്ലാന്റീ… ഇന്ന്‌പ്പോ എന്തിനാ എന്നെ ഇങ്ങോട്ട് വിളിച്ചേ? വെറുതെ ഇങ്ങനെ ഇരിക്കാനാച്ചാ…”
“നിന്നെ മാത്രല്ല, നിന്റെ അമ്മേം ചെറ്യമ്മേം കൂടെ വിളിച്ചട്ട്ണ്ട്. ന്റെ നാത്തൂന്മാരല്ലിയോ! ഇന്നുച്ചയ്ക്ക് വിളമ്പാന്‍ പോണ ഈ ഫുഡ് എല്ലാര്‌ടേം കണ്ണില്‍ നിന്റെ പ്രിപറേഷനാ… എന്ന് എങ്ങനെ നന്നായി ഞാന്‍ വെച്ചാലും ഉപ്പും പുളീം ശര്യാവാത്ത ന്റെ അമ്മേം മോനും പിന്നെ ആ നാത്തൂന്മാരും ആളറിയാതെയാണേലും ഞാന്‍ ഉണ്ടാക്ക്യേതൊന്ന് കുറ്റം പറയാതെ തിന്നണത് കാണാലോ… മാത്രല്ല, നന്നായീന്ന് പറയണേതും കേള്‍ക്കാം. അതൊരു രസല്ലേ? ഈ വെഡ്ഡിംഗ് ആനിവേഴ്‌സറിക്കൊക്കെ ഇങ്ങനെ എന്തേലും ചെയ്തില്ലേല്‍ പിന്നെ എന്ന് ചെയ്യാനാ ഈ ചെറിയ ചെറിയ പ്രതികാരങ്ങളൊക്കെ…”
സെറാന്റിയുടെ മുഖഭാവം പ്രതികാരദാഹിയായ പ്രേതത്തിന്റേതുപോലെ മാറുന്നത് ദില്‍ന ശ്രദ്ധിച്ചില്ല. മറിച്ച് അത് അവളുടെ കൂടെ പ്രതികാരമായിതീര്‍ന്നതുപോലെയാണ് അവള്‍ക്ക് തോന്നിയത്. അതിനാല്‍ തന്നെ അവള്‍ പണിയെടുത്ത് വലഞ്ഞവളെപ്പോലെ നന്നായി അഭിനയിച്ചു.
അന്ന് ദില്‍നയുടെ പരസ്യമായ നിര്‍ബന്ധത്തിന് വഴങ്ങി പതിവില്ലാതെ എല്ലാവര്‍ക്കുമൊപ്പം സെറയും ടേബിളില്‍ ഭക്ഷണം കഴിക്കാനിരുന്നു. ഋഷിന്റെ അമ്മയൊഴികെ മറ്റെല്ലാവരും സന്തോഷത്തിലായിരുന്നു, ‘ദില്‍നയുടെ പാചകം’ എന്ന വാക്കിന്റെ അർഥം പിടികിട്ടാത്തതിനാല്‍ ഋഷിന്റെ അമ്മയുടെ ഹൃദയം ചൂട്ടടുപ്പത്തെ കടുക് പോലെ പൊട്ടിത്തെറിച്ചുകൊണ്ടേയിരുന്നു. മുളകുപഴുക്കും പോലെ ടെന്‍ഷന്‍ ചുവന്ന അമ്മയുടെ കവിളില്‍ തട്ടി.
”അമ്മാ; ഡോണ്ട് വറി” എന്ന് അവള്‍ പറഞ്ഞതിന്റെ അർഥം ആ സ്ത്രീക്ക് പിടികിട്ടിയില്ല.
“നന്നായിട്ടുണ്ട്, എന്ത് രസാ ഇതൊക്കെ, മോളിതെങ്ങനാ പഠിച്ചേ, ഇതാണ് കൈപ്പുണ്യം, കണ്ട് പഠിക്ക്, ഇന്നെങ്കിലും വായക്ക് രുചിയുള്ള ഭക്ഷണം കഴിക്കാന്‍ പറ്റി, എത്ര കാലായി ഇങ്ങനെ ഒരു ടേസ്റ്റി ഫുഡ് കഴിച്ചിട്ട്…”
അനേകം പ്രശംസകള്‍ കേട്ട് സെറാന്റിയും ദില്‍നയെയും അവര്‍ക്ക് മാത്രമറിയുന്ന എതോ നേത്രഭാഷയാല്‍ നിറഞ്ഞ സന്തോഷവും സ്‌നേഹവും കൈമാറുന്നത് മറ്റുള്ളവര്‍ക്കാര്‍ക്കും മനസ്സിലായില്ല.
”ഇങ്ങക്കൊക്കെ ഇത്ര ഇഷ്ടായീച്ചാ ഞാനിനി ഇടക്കിടെ ഇങ്ങോട്ട് വരും, അറിയാത്തതൊക്കെ വേണ്ടോര്‍ക്ക് പഠിക്കാലോ, അല്ലേ സെറാന്റീ…” എന്ന് പ്രഖ്യാപിച്ചു കൊണ്ട് ദില്‍ന പായസത്തിന്റെ ഗ്ലാസ് അമ്മക്ക് നേരെ നീട്ടി. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top