LoginRegister

യൽദ ജവാരിയ

ഡോ. മുഹ്‌സിന കെ ഇസ്മായില്‍; വര: മറിയംബീവി പുറത്തീല്‍

Feed Back

”ഉപ്പ ആശുപത്രിയിലാണ്. നെഞ്ചുവേദന. ഉപ്പക്കു വല്ലതും സംഭവിച്ചാല്‍ നിന്നെ ഞാന്‍ വെച്ചേക്കില്ല”- സാഹിലിന്റെ ശബ്ദം എന്റെ ചെവി തുരന്നു ട്രെയിനിലെ ബോഗി മുഴുവനും പരക്കുന്നതുപോലെ എനിക്കു തോന്നി.
”അയ്യോ! എന്നാ ഞങ്ങളിപ്പൊത്തന്നെ വരാം.”
”നീ വരേണ്ടെടീ. നിന്നെ കണ്ടാല്‍ ഉപ്പാക്ക് ഇനിയും വരും നെഞ്ചുവേദന. ഓരോന്ന് വരുത്തിവെച്ചിട്ട് ഇപ്പോ അഭിനയിക്കുന്നോ?”
ഞാന്‍ ഒന്നും പറയാതെ ഫോണ്‍ കട്ടു ചെയ്തു. അപ്പോഴും എന്റെ ഹൃദയമിടിപ്പ് വേഗത്തിലായിരുന്നു. തീവണ്ടിയുടെ ചക്രങ്ങള്‍ പാളത്തിലുരസി യാത്രക്കാരെയെല്ലാം ഒന്നു മുന്നോട്ടുലച്ചു നിശ്ചലമായി.
സാഹിലിന് ഈ ദേഷ്യം പതിവുള്ളതാണ്. എന്നാല്‍, ഇതിപ്പോ കുറച്ചു കൂടുതലായിപ്പോയി. ഞാന്‍ അങ്ങനെ മനസ്സില്‍ പോലും വിചാരിച്ചിട്ടില്ല. ശത്രുക്കള്‍ക്കു പോലും നല്ലതേ വരാവൂ എന്നു വിചാരിക്കുന്ന ഒരാളാണ് ഞാന്‍. ആ എന്നെ എന്തിന് കുറ്റപ്പെടുത്തണം? എന്റെ മനസ്സ് എന്തിനാണ് ന്യായീകരണങ്ങള്‍ കണ്ടെത്തുന്നതെന്നു മനസ്സിലായില്ല.
”എന്താ മമ്മാ?” ഉഴുന്നുവട കുത്തിനിറച്ച വായില്‍ ഹയ ചോദിച്ചു.
”ഒന്നുമില്ല. മോളത് കണ്ടോ? അതാണ് അന്ന് ഞാന്‍ പറഞ്ഞ ഫ്‌ളൈഓവര്‍. സോ ദാറ്റ്, റെയില്‍പ്പാളം ക്രോസ് ചെയ്യാന്‍ എളുപ്പമാണ്. ബിരിയാണിപ്പൊതികളുമായി ഒരാള്‍ ജനാലയ്ക്കല്‍ പ്രത്യക്ഷപ്പെട്ടു. നമ്മുടെ ഫുഡ് അടിക്കുന്ന ചേച്ചി മൂന്നാലു ബിരിയാണി വാങ്ങി അട്ടിയട്ടിയായി വെച്ചു കൈ കഴുകാന്‍ പോയി. പേരു പോലുമറിയാത്തവരെക്കുറിച്ച് നാം എന്തൊക്കെയാണ് ആലോചിച്ചുണ്ടാക്കുന്നതെന്ന് ഞാന്‍ അദ്ഭുതപ്പെട്ടു.
ആരെയും നിസ്സാരരായിക്കാണരുതെന്നു പണ്ട് വല്യുമ്മ പറയുമായിരുന്നു. വല്യുമ്മ ചെറുതായിരുന്നപ്പോള്‍ ബ്രിട്ടീഷ് പട്ടാള ക്യാമ്പുകളിലെ മിന്നല്‍ റെയ്ഡുകളില്‍ നിന്ന് അവരെ രക്ഷിച്ചിരുന്നത് പണ്ട് വല്യുപ്പ സ്ഥിരമായി കളിയാക്കാറുള്ള വിക്കുള്ള ഒരു പയ്യനായിരുന്നു. രാത്രിയാകുമ്പോഴാണ് ഇവരുടെ കൊള്ള. പട്ടാളക്കാര്‍ റെയ്ഡിനു വരുമ്പോള്‍ വീട്ടിലെ വിളക്കുകളെല്ലാം കെടുത്താന്‍ പറഞ്ഞിട്ട് മൂപ്പര്‍ വീടിനു മുമ്പിലങ്ങനെ കാവല്‍ നില്‍ക്കുന്നുണ്ടാകും. പട്ടാളക്കാര്‍ എന്തെങ്കിലും ചോദിച്ചാല്‍ മൂപ്പര്‍ കൂടുതല്‍ വിക്കങ്ങ് അഭിനയിക്കും. പിന്നെപ്പിന്നെ മൂപ്പരെ കാണുമ്പോള്‍ അവര്‍ വഴിമാറിപ്പോകാന്‍ തുടങ്ങി.
നമ്മുടെ ചരിത്രത്തിലുമുണ്ടല്ലോ കാവല്‍ക്കാര്‍ രക്ഷിച്ച കഥകള്‍. നബി മക്കാ മുശ്‌രിക്കുകളില്‍ നിന്നു രക്ഷ തേടി ഗുഹയില്‍ ഒളിച്ചിരുന്നപ്പോള്‍ രക്ഷയ്‌ക്കെത്തിയത് ചിലന്തിവലയാണ്. വീടുകളില്‍ ഏറ്റവും ദുര്‍ബലമായ വീട് എന്നാണല്ലോ ഖുര്‍ആന്‍ അതിനെ വിശേഷിപ്പിച്ചത്.
ഫോണ്‍ വൈബ്രേറ്റ് ചെയ്തപ്പോഴാണ് എടുത്തുനോക്കിയത്. വാട്‌സ്ആപ്പില്‍ മെസേജ് വന്നിട്ടുണ്ടായിരുന്നു. മോള്‍ടെ ക്രിക്കറ്റ് ക്യാമ്പില്‍ കൊണ്ടുപോകേണ്ട സാധനങ്ങളെക്കുറിച്ചാണ്. നമ്പറിട്ട ബൂട്ടും ബാറ്റും മുതല്‍ അവിടെ നില്‍ക്കുമ്പോള്‍ ഉപയോഗിക്കേണ്ട സോപ്പും ടൗവലുകളും വരെയുണ്ട്. നേരത്തേ പറഞ്ഞിരുന്നെങ്കില്‍ അതെല്ലാം നാട്ടില്‍ നിന്നുതന്നെ വാങ്ങി പായ്ക്ക് ചെയ്യാമായിരുന്നു. ഇതിപ്പോ അന്യനാട്ടില്‍ ചെന്ന് ഇതെല്ലാം തേടിയലയണം. കൂട്ടത്തില്‍ സാഹില്‍ എന്ന പേരിലൊരു സന്ദേശം കണ്ടപ്പോള്‍ തന്നെ മനസ്സിനെ ഒരു ഭാരം വന്നു മൂടി. ഡിവോഴ്‌സ് എന്ന കയറെന്റെ കഴുത്തില്‍ മുറുകുന്നത് ഞാനറിഞ്ഞു. അത് ഏത് നിമിഷവുമെന്നെ ശ്വാസം മുട്ടിക്കുമെന്നറിഞ്ഞിട്ടും ഞാന്‍ ആ സന്ദേശം തുറന്നുനോക്കി.
”എളാപ്പ മഷിനോക്കിയപ്പോള്‍ അപകടം തെക്കാണെന്ന് മനസ്സിലായി. അതിനു പ്രതിവിധികള്‍ കുറിച്ചു തന്നിട്ടുണ്ട്. ഹയയെ പ്രത്യേകം ശ്രദ്ധിക്കണം.”
എനിക്കു ചിരിയാണ് വന്നത്. ഉപ്പ മഷിനോക്കിയപ്പോ ഈ അപകടത്തെക്കുറിച്ചൊന്നും അറിയാന്‍ കഴിഞ്ഞില്ലേ ആവോ! ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇങ്ങനത്തെ ആളുകളുണ്ടല്ലോ എന്നത് എനിക്ക് കല്യാണം കഴിച്ചു വന്ന നാളുകളിലൊക്കെ അദ്ഭുതമായിരുന്നു. വിശ്വാസമില്ലാത്തതിലും അപകടമാണ് തെറ്റായ വിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്നത്.

ആകാശം മഞ്ഞയും ഓറഞ്ചും ചുവപ്പും നിറങ്ങളാല്‍ അലങ്കരിക്കപ്പെട്ടു. അതിലെ വര്‍ണക്കടലില്‍ നീന്തുന്ന മേഘങ്ങള്‍ക്കു പിറകിലൊളിച്ച സൂര്യനെയും നോക്കിയിരിപ്പാണ് ഹയ. അവള്‍ എന്താണ് ചിന്തിക്കുന്നതെന്നറിഞ്ഞുകൂടാ. ചിലപ്പോള്‍ ഇങ്ങനെയാണ്. കുറേ നേരം മിണ്ടാതിരിക്കും. അത് വിരളമാണെന്നു മാത്രം. രാത്രിയാകുംതോറും മുകളിലെ ബര്‍ത്തിലേക്കു വലിഞ്ഞുകയറി ട്രെയിനിന്റെ കുലുക്കത്തിനിടയില്‍ ഉറങ്ങാന്‍ പറ്റുമോ എന്ന ചിന്ത മനസ്സിന്റെ കോണില്‍ മിന്നിമറഞ്ഞു.
ചുറ്റുമുള്ള യാത്രക്കാര്‍ അപരിചിതത്വത്തെ ഭേദിച്ചു സംസാരിച്ചു തുടങ്ങിയിരിക്കുന്നു. സ്വന്തം കുടുംബം, തന്റെ സുഹൃത്തുക്കള്‍ എന്ന അതിരുകള്‍ ഭേദിച്ച് ഭക്ഷണവും അഭിപ്രായങ്ങളും പങ്കുവെക്കുന്നു. തങ്ങളുടെ സ്റ്റേഷനിലെത്തുമ്പോള്‍ ഈ താല്‍ക്കാലിക സൗഹൃദങ്ങളെ പുല്ലുപോലെ വലിച്ചെറിഞ്ഞുപോകുന്നവരാണ് മിക്കവരും.
നാളെ വൈകുന്നേരത്തോടുകൂടി മുംബൈ നഗരത്തിലെത്തുമായിരിക്കും. തനിക്കെല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റുമോ എന്ന ആശങ്ക മനസ്സിനെ വന്നു മൂടി. ഏറ്റെടുക്കുമ്പോള്‍ ആലോചിക്കാത്ത കുറേ പ്രതിസന്ധികള്‍ നേരിടേണ്ടിവരുമെന്നറിയാം. പെണ്ണുങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യമുള്ള നാട്ടില്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായിരിക്കുമെന്ന് മനസ്സ് അതിനൊരു വിശദീകരണം കണ്ടെത്തി.
ഹയ ഫുഡ് ആന്റിയോടും ഒന്നുരണ്ടു വലിയ കുട്ടികളോടും പെട്ടെന്ന് അടുത്തു. അവര്‍ നമ്മുടെ പഴയ കണ്ണുപൊത്തിക്കളിയുടെയും കള്ളനും പോലീസും കളിയുടെയും മോഡിഫൈഡ് വേര്‍ഷന്‍ കളിക്കുന്നുണ്ടായിരുന്നു. പുതിയ വീഞ്ഞ് പഴയ കുപ്പിയില്‍, അത്രയേയുള്ളൂ.
പിറ്റേ ദിവസം പെട്ടെന്ന് കഴിഞ്ഞുപോയതുപോലെ തോന്നി. എന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി ഉച്ചയോടുകൂടിത്തന്നെ ഹയക്ക് തീവണ്ടിയാത്ര ഏതാണ്ട് മതിയായിത്തുടങ്ങി. അവള്‍ ജനലിലൂടെ വിദൂരതയിലേക്ക് നോക്കിയിരിക്കുന്നുണ്ടായിരുന്നു. എല്ലാവരും ഇനി വരാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകളില്‍ മുഴുകിയതുപോലെ.
വൈകുന്നേരത്തോടെ ട്രെയിന്‍ മുംബൈ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. കമനീയമായ സ്റ്റേഷന്‍. എല്ലാവരും സ്റ്റേഷനു പുറത്തിറങ്ങി ഓരോ വഴിക്കു പുറപ്പെട്ടു. ഞങ്ങള്‍ക്ക് ക്രിക്കറ്റ് ട്രെയിനിങ് സെന്റര്‍ കണ്ടുപിടിക്കണമായിരുന്നു. റെയില്‍വേ സ്റ്റേഷനിലെ പ്രീ ബുക്ഡ് ടാക്‌സിയില്‍ കയറി ക്രിക്കറ്റ് അക്കാദമിയുടെ അഡ്രസ് ഡ്രൈവറെ കാണിച്ചു. അയാളുടെ മുഖം ചുളിഞ്ഞു.

”വഹാ? നഹീ ജായേഗാ, ഉതരോ”- അയാള്‍ തറപ്പിച്ചുപറഞ്ഞു.
”ചലോ ഭായീ, പ്രീ ബുക് കിയാ ഹേ നാ?” അവിടെ നിന്നു ഞങ്ങളോട് ഒന്നും പറഞ്ഞില്ലല്ലോ? പണ്ട് പഠിച്ച മുറിഹിന്ദിയില്‍ പറഞ്ഞൊപ്പിക്കുന്നതിനിടയില്‍ ഞാന്‍ എന്നോടു തന്നെ പറഞ്ഞു.
”നഹി നഹി, നഹി ജാവൂങ്കാ, ഉതരോ”- അയാള്‍ അല്‍പം ഗൗരവത്തില്‍ തന്നെ പറഞ്ഞു. അയാള്‍ പുറത്തിറങ്ങി ഒരു ദയയുമില്ലാതെ ഞങ്ങളുടെ പെട്ടിയും ഭാണ്ഡവും ഡിക്കിയില്‍ നിന്നു പുറത്തിറക്കിവെച്ചു.
എന്റെ നെഞ്ചിലൂടെ ഒരു മിന്നല്‍ പ്രവാഹമുണ്ടായി. ഇനിയെന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ലായിരുന്നു. വരുന്നിടത്തു വെച്ചു കാണാമെന്ന് വിചാരിച്ചുകൊണ്ട് ടാക്‌സി ഓഫീസില്‍ പോയി ബില്ലു കാണിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു. അവര്‍ കടലാസ് എടുത്തുനോക്കിയിട്ടു പൈസ തിരിച്ചുതന്നു. എന്റെ ചോദ്യങ്ങള്‍ ഉത്തരം തേടി നാലു ദിക്കിലും പാഞ്ഞു. അയാള്‍ നല്ല തിരക്കിലായിരുന്നു. ഞാന്‍ ചോദിച്ചതൊന്നും അയാള്‍ കേട്ടില്ലെന്നു തോന്നുന്നു. ഇനി അയാള്‍ അഭിനയിക്കുകയാണോ?
എന്റെ മനസ്സ് പുകഞ്ഞു. ഇത്രയും പ്രശ്‌നമുള്ള ഒരു സ്ഥലത്താണോ ഈ ക്രിക്കറ്റ് അക്കാദമി? ഹയക്ക് നടന്നു മടുത്തിരുന്നു. എന്നാല്‍ ഹയയെ ഒന്ന് എടുക്കാന്‍ പോലും കൈയില്‍ സ്ഥലമില്ലായിരുന്നു. എന്ത് ചെയ്യുമെന്ന് ഒരു രൂപവുമില്ല. ഇനി ക്രിക്കറ്റ് അക്കാദമിക്കുള്ളിലെ താമസസൗകര്യം പ്രതീക്ഷിച്ചിരുന്നിട്ട് കാര്യമില്ല. രാത്രിയാകുന്നതിനു മുമ്പ് തല്‍ക്കാലം താമസിക്കാന്‍ മറ്റൊരു സ്ഥലം അന്വേഷിക്കാനായി ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനിനകത്തേക്കു കയറി. ഹിന്ദിയിലും കൊങ്കിണിയിലുമുള്ള സംസാരം എന്നെ വട്ടുപിടിപ്പിച്ചു.
മുറിയിംഗ്ലീഷുകാരോട് കാര്യം പറഞ്ഞു മനസ്സിലാക്കുന്നതിനിടയില്‍ ആരോ ഒരാള്‍ എന്നെ പിറകില്‍ നിന്നു തട്ടി. ഭയമെന്നെ ഒരു തീവണ്ടി കണക്കെ ചുറ്റി. ഞാന്‍ മകളെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഞെട്ടിത്തിരിഞ്ഞു.
(തുടരും)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top