LoginRegister

ദാമ്പത്യ ജീവിതത്തിലെ സാമ്പത്തിക ആസൂത്രണം

Feed Back


ജീവിതത്തിന്റെ രസച്ചരട് പൊട്ടിപ്പോകുന്നതില്‍ നിര്‍ണായകമാകുന്ന ഒന്നാണ് ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ സാമ്പത്തിക പ്രതിസന്ധികള്‍. മാറിയ ലോക സാഹചര്യത്തില്‍ ഈ പ്രശ്നത്തെ അഭിമുഖീകരിക്കാത്ത കുടുംബങ്ങള്‍ തുലോം കുറവാണെന്നു തന്നെയാണ് വിലയിരുത്താനാകുന്നത്. യഥാര്‍ഥത്തില്‍ ഈ പ്രതിസന്ധിയും അതിനെത്തുടര്‍ന്ന് ഉണ്ടാകുന്ന കുടുംബ ശൈഥില്യങ്ങളും കൂടുതല്‍ ചര്‍ച്ചയാവേണ്ടതുണ്ട്. നമ്മുടെ സാമ്പത്തിക അച്ചടക്കമില്ലായ്മകളും ഉള്ള പണത്തെ ഉപയോഗപ്പെടുത്തുന്നതില്‍ നമുക്ക് കിട്ടാതെ പോകുന്ന വിദഗ്ധ ഉപദേശങ്ങളുടെ അഭാവവുമാണ് പ്രശ്‌നങ്ങളില്‍ മുഖ്യം. ഒരാള്‍ ദാമ്പത്യത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായും തൊട്ടുടനെയും അവര്‍ പുലര്‍ത്തുന്ന സാമ്പത്തിക വിനിമയ-സമ്പാദന മാര്‍ഗങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. അത്തരം പഠനങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളിലൂടെ കടന്നുപോകുന്നത് നമ്മുടെ ജീവിതത്തെയും കുടുബങ്ങളെയും കൂടുതല്‍ ഇമ്പമുള്ളതാക്കിത്തീര്‍ക്കും. വിവാഹത്തിലേക്ക് പ്രവേശിച്ച ആദ്യനാളുകളായിരിക്കും ദമ്പതികള്‍ അവരുടെ ജീവിതത്തെക്കുറിച്ച സ്വപ്നങ്ങള്‍ നെയ്യുന്ന ഏറ്റവും സുന്ദരകാലഘട്ടമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇത്തരം വേളകളില്‍ തങ്ങളുടെ സാമ്പത്തിക ശേഷിയെക്കുറിച്ച കൃത്യമായ വിലയിരുത്തലുകളും സങ്കല്‍പങ്ങളും പങ്കുവെക്കുന്നതില്‍ പൊതുവേ വിമുഖത കാണിക്കുന്നവരാണ് മിക്ക ദമ്പതികളും. എന്നാല്‍ അത് രൂപപ്പെടുത്താന്‍ ഏറ്റവും അനുയോജ്യമായ കാലഘട്ടം ആരംഭകാലം തന്നെയാണ്്.
ദമ്പതികള്‍ക്കിടയിലെ
ആശയവിനിമയം

സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് ദമ്പതികള്‍ ആശയവിനിമയം നടത്തേണ്ടത് വളരെ പ്രധാനമാണ്. വ്യക്തിഗതമായും ദമ്പതികളായും തങ്ങളുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന ആശയവിനിമയം നടത്തി അവര്‍ക്ക് ആരംഭിക്കാം. അവരുടെ ജീവിതത്തില്‍ നിന്ന് അവര്‍ക്ക് എന്താണ് വേണ്ടത്, അവരില്‍ ആരെങ്കിലും കൂടുതല്‍ പഠിക്കാനോ കരിയര്‍ മാറ്റത്തിനോ ആഗ്രഹിക്കുന്നുണ്ടോ, അവരുടെ വരുമാന സ്രോതസ്സുകളെക്കുറിച്ചും അവര്‍ എത്രമാത്രം സമ്പാദിക്കുന്നു, ചെലവഴിക്കുന്നു, ലാഭിക്കുന്നുവെന്നും ചര്‍ച്ച ചെയ്യണം. അവര്‍ ഷോപ്പിംഗിനായി ധാരാളം പണം ചെലവഴിക്കാറുണ്ടോ അല്ലെങ്കില്‍ പണം ചെലവഴിക്കുന്നതില്‍ ശ്രദ്ധാലുക്കളാണോ എന്നതുപോലുള്ള കാര്യങ്ങള്‍ പങ്കാളിയോട് നന്നായി ആശയവിനിമയം നടത്തേണ്ടതുണ്ട്. അവര്‍ അവരുടെ പ്രതിമാസ ചെലവുകള്‍ക്ക് ആവശ്യമായ വരുമാനം കണ്ടെത്തേണ്ടതിന് ആവശ്യമായ വഴികള്‍ ചര്‍ച്ച ചെയ്യുകയും അങ്ങനെ അവരുടെ ജീവിത ബജറ്റ് ആസൂത്രണം ചെയ്യാന്‍ ആരംഭിക്കുകയും ചെയ്യുക.
ലക്ഷ്യങ്ങള്‍ക്ക്
മുന്‍ഗണന നല്‍കുക

ഓരോരുത്തര്‍ക്കും വ്യക്തികള്‍ എന്ന നിലയിലും ദമ്പതികള്‍ എന്ന നിലയിലും ഒരുകൂട്ടം ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കും. അവര്‍ ചില സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്നുമുണ്ടാവും. അതിനാല്‍ എല്ലാ ലക്ഷ്യങ്ങളും പട്ടികയായി രൂപപ്പെടുത്തി അവയ്ക്ക് മുന്‍ഗണനാ ക്രമം നല്‍കുക. ഹ്രസ്വ-ദീര്‍ഘകാല ലക്ഷ്യങ്ങളായി അവയെ വിഭജിക്കുക. മുന്‍ഗണന അനുസരിച്ച് ഓരോന്നിനും ആവശ്യമായ തുക മാറ്റിവെച്ചുതുടങ്ങുകയും ചെയ്യുക.
പങ്കാളിത്ത പെന്‍ഷന്‍ പോലുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ജോലിക്കാരല്ലാത്തവര്‍ക്കും ചേരാവുന്ന കാലമായതിനാല്‍ ദീര്‍ഘകാല പ്ലാനുകളില്‍ അതിന് പ്രാധാന്യം നല്‍കുന്നത് ഏറെ ഫലപ്രദമായിരിക്കും. ബന്ധങ്ങളുടെ ഊഷ്മളത നിലനിര്‍ത്തുന്നതില്‍ ദമ്പതികള്‍ നടത്തുന്ന യാത്രകള്‍ക്ക് ഏറെ പ്രാധാന്യമുള്ളതിനാല്‍ വര്‍ഷത്തിലോ രണ്ടു വര്‍ഷം കൂടുമ്പോഴോ നടത്താന്‍ ഉദ്ദേശിക്കുന്ന യാത്രയ്ക്കും ഒരു നിശ്ചിത സംഖ്യ മാറ്റിവെക്കാവുന്നതാണ്.
അവശ്യവസ്തുക്കളില്‍
നിന്ന് ആരംഭിക്കുക

ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവ ജീവിതത്തില്‍ അനിവാര്യമാണ്. അതുപോലെ പ്രാധാന്യമുള്ളതാണ് ധനകാര്യവും. ധനകാര്യത്തില്‍ നമുക്ക് മുന്നില്‍ നിരവധി ആവശ്യങ്ങളുണ്ട്. ആദ്യം ഈ ആവശ്യങ്ങള്‍ നിറവേറ്റുകയും പിന്നീട് മറ്റ് ലക്ഷ്യങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നതാണ് നല്ലത്. സാമ്പത്തിക ആസൂത്രണത്തിന്റെ ആദ്യപടിയാണ് എമര്‍ജന്‍സി ഫണ്ട്. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരു എമര്‍ജന്‍സി ഫണ്ട് ഉള്ളത് അനിശ്ചിതത്വങ്ങളുടെ സമയങ്ങളില്‍ നമ്മെ സഹായിക്കുകയും ധാരാളം അമിത ചെലവുകള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
രണ്ടാമത്തെ സാമ്പത്തിക ആവശ്യം ഇന്‍ഷുറന്‍സാണ്. ഒരു ബാങ്ക് അക്കൗണ്ട് ഉള്ളതുപോലെ പ്രധാനമാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. അടിയന്തര ഘട്ടങ്ങളില്‍ ഇന്‍ഷുറന്‍സ് ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ സഹായിക്കും. ഇന്‍ഷുറന്‍സ് എടുക്കുക. നിലവില്‍ ഉണ്ടെങ്കില്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top