ആയിശാത്താക്ക് കുറച്ച് ദിവസമായിട്ട് മനസ്സിനകത്ത് വല്ലാത്തൊരു ആധി പിടികൂടിയിരിക്കുകയാണ്. കാര്യം മറ്റൊന്നുമല്ല. ഇത് മുഹര്‍റം മാസമാണ്. നഹ്സിന്റെ മാസം. എങ്ങാനും കഷ്ടകാലത്തിന് മാസമൊന്ന് വല്ല മരത്തിനിടയിലൂടെയോ മറ്റോ മറഞ്ഞുകണ്ടാല്‍ പിന്നെ പുലിവാലായി. മകള്‍ അസ്മാബിയാണെങ്കില്‍ കടിഞ്ഞൂല്‍ പ്രസവത്തിനു കാത്തിരിക്കുകയാണ്. അവളെ പ്രസവത്തിന് കൂട്ടിക്കൊണ്ടുവരണമെങ്കില്‍ അതിനും മുഹര്‍റം 10 കഴിയണം. എല്ലാം കൂടി ആലോചിച്ചിട്ട്് വല്ലാത്ത ബേജാറ്.
മുസ്‌ലിം സമൂഹത്തില്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ ഇന്നും ഒരുപാടുണ്ട്. ദിനങ്ങള്‍, മാസങ്ങള്‍, പക്ഷിയുടെ ശബ്ദങ്ങള്‍, പിശാചുക്കള്‍ എന്നിവയുടെ പേരില്‍ നിരവധി ഊഹാപോഹങ്ങള്‍ വെച്ചുപുലര്‍ത്തുകയാണവര്‍. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാം ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് ഇരയാകുന്നു. ചില പ്രത്യേക മാസങ്ങള്‍ക്കും ദിവസങ്ങള്‍ക്കും അവര്‍ നഹ്‌സ് അഥവാ ശകുനം സങ്കല്‍പിക്കുന്നു. പക്ഷികളുടെ ശബ്ദങ്ങള്‍, മാസം മറഞ്ഞു കാണല്‍, ഒരു സംഗതിക്കു വേണ്ടി ഇറങ്ങിപ്പുറപ്പെടുമ്പോള്‍ ഇടയ്ക്ക് തിരിച്ചുവരാന്‍ കാരണമുണ്ടാകല്‍, എന്തെങ്കിലും ജീവികള്‍ എതിരെ സഞ്ചരിക്കല്‍, കുട്ടികളോ മറ്റോ വീണ് അപകടമുണ്ടാകല്‍ മുതലായവ ശകുനവും അപലക്ഷണവുമായി അവര്‍ കാണുന്നു.
അല്ലാഹു പവിത്രമെന്ന് വിശുദ്ധ ഖുര്‍ആനില്‍ വിശേഷിപ്പിച്ച മാസങ്ങളിലൊന്നാണ് മുഹര്‍റം. ഹിജ്റ വര്‍ഷത്തിന്റെ പ്രാരംഭമാസം കൂടിയാണത്. ഈ മാസത്തിലെ ഒന്നു മുതല്‍ പത്തു വരെയുള്ള ദിവസങ്ങള്‍ക്ക് നഹ്സ് സങ്കല്‍പിക്കാന്‍ ശിര്‍ക്കുപരമായ ഊഹാപോഹങ്ങള്‍ ഇവര്‍ക്ക് ധൈര്യം നല്‍കുന്നു. നബി(സ) സുന്നത്തായി പ്രഖ്യാപിച്ച വിവാഹങ്ങളിലും മതം അനുവദിക്കുന്ന കച്ചവടങ്ങളിലും മറ്റും ഇക്കാലത്ത് പ്രവേശിക്കാന്‍ അവര്‍ ഭയപ്പെടുന്നു. പുരോഹിത വര്‍ഗമാണെങ്കില്‍ ഇത്തരം ശിര്‍ക്കുപരമായ വിശ്വാസങ്ങള്‍ക്കു നേരെ കണ്ണടച്ച് അജ്ഞത നടിക്കുന്നു.
അല്ലാഹു പറയുന്നു: ”എന്നാല്‍ തങ്ങള്‍ക്ക് വല്ല നന്മയും ലഭിച്ചാല്‍ ഇതു നമുക്ക് അവകാശപ്പെട്ടതാണ് എന്ന് അവര്‍ പറയും. വല്ല തിന്മയും ബാധിച്ചാലോ അത് മൂസയുടെയും കൂട്ടുകാരുടെയും ദുശ്ശകുനമാണെന്നും പറയും. അറിയുക: അവരുടെ ദുശ്ശകുനം അല്ലാഹുവിങ്കല്‍ തന്നെയാണ്. പക്ഷേ അവരില്‍ അധികപേരും അതറിയുന്നില്ല” (അഅ്റാഫ് 131).
മനുഷ്യര്‍ക്ക് എന്തെങ്കിലും തിന്മ സംഭവിക്കുന്നുണ്ടെങ്കില്‍ അത് കാലത്തിന്റെയോ വ്യക്തിയുടെയോ ദുശ്ശകുനം കൊണ്ടല്ല. അവന്റെ കര്‍മഫലമായി അല്ലാഹുവിങ്കല്‍ നിന്ന് സംഭവിക്കുന്നതാണ്. ഈ യാഥാര്‍ഥ്യം അല്ലാഹു സൂറഃ അല്‍ഖമര്‍ 19ാം വചനത്തില്‍ പറയുന്നു: ”നിശ്ചയം, അവരുടെ മേല്‍ (ആദ് സമുദായം) മുറിഞ്ഞുപോകാത്ത നഹ്സ് ദിവസം നാം ഒരു കൊടുങ്കാറ്റയച്ചു.”
ദിവസങ്ങള്‍ക്കല്ല നഹ്സ്, മറിച്ച് മനുഷ്യന്റെ കര്‍മങ്ങള്‍ക്കാണെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു. ഈ ദിവസം തന്നെയാണ് സത്യവിശ്വാസികളെ അല്ലാഹു രക്ഷപ്പെടുത്തുകയും സഹായിക്കുകയും ചെയ്തത്. അതിനാല്‍ അവരെ സംബന്ധിച്ച് ഈ ദിനം നന്മയായിരുന്നു. തഫ്സീര്‍ സ്വാവിയില്‍ എഴുതുന്നു: ”സത്യനിഷേധികളുടെ മേല്‍ ആ ദിവസം നഹ്സിന്റെ ദിവസവും സത്യവിശ്വാസികള്‍ക്ക് ബര്‍കത്തിന്റെ ദിവസവുമായിരുന്നു” (സ്വാവി, വാള്യം 7, പേജ് 6306).
അബൂഹുറയ്‌റയില്‍ നിന്ന് നിവേദനം. തിരുമേനി(സ) അരുളി: ”അല്ലാഹു പറഞ്ഞു: ആദമിന്റെ മക്കള്‍ എന്നെ ഉപദ്രവിക്കുന്നു. അവര്‍ കാലത്തെ ശകാരിക്കുന്നു. ഞാനാണ് കാലം. രാപകലുകള്‍ മാറ്റിമറിക്കുന്നത് ഞാനാണ്.” മറ്റൊരു നിവേദനത്തില്‍ പറയുന്നു: നബി പറഞ്ഞു: ”നിങ്ങള്‍ കാലത്തെ ശകാരിക്കരുത്. നിശ്ചയം കാലം അല്ലാഹുവാണ്” (ബുഖാരി, മുസ്‌ലിം).
അപ്പോള്‍ ഏതെങ്കിലും മാസങ്ങള്‍ക്കു നഹ്സും ദുശ്ശകുനവും സങ്കല്‍പിക്കല്‍ അല്ലാഹുവിനെ ശകാരിക്കലും അവനെ ഉപദ്രവിക്കലുമാണ്. ഒരു ദിവസത്തിനും ഒരു മാസത്തിനും യാതൊരു ന്യൂനതയും കുറവും നഹ്‌സുമില്ല. ഇവയെല്ലാം മനുഷ്യന് ഏതെങ്കിലും തരത്തില്‍ ദോഷമായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതവന്റെ കര്‍മഫലമാണ്. മാസം കാരണമോ ദിവസം കാരണമോ സമയം കാരണമോ സംഭവിക്കുന്നതല്ല.
ഈ വിശ്വാസം ജൂതന്മാരുടേതാണ്. ഇബ്നു ഹജറുല്‍ ഹൈത്തമി എഴുതുന്നു: ”തീര്‍ച്ചയായും നഹ്‌സ് നോക്കല്‍ ജൂതന്മാരുടെ രീതിയാണ്. സ്രഷ്ടാവായ രക്ഷിതാവില്‍ വിശ്വസിക്കുന്ന മുസ്ലിംകളുടെ മാര്‍ഗത്തില്‍ പെട്ടതല്ല” (ഫതാവല്‍ ഹദീസിയ്യ, പേജ് 23).
ഇബ്നു ഉമര്‍(റ) നിവേദനം ചെയ്യുന്നു. തിരുമേനി അരുളി: ”രോഗം പിശാചുക്കളാല്‍ പകരലും ഹാമത്ത് (കൂമന്‍) സ്വഫര്‍ മാസവും (അതില്‍ നഹ്‌സും) ഇല്ല” (ബുഖാരി).
മുഹര്‍റം മാസമെന്നത് നബി മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്റ പോയ മാസമാണ്. മക്കയിലെ ജീവിതം ഇനിയൊരിക്കലും തുടരാനാകാത്ത വിധം ദുസ്സഹമായി മാറിയപ്പോഴാണ് നബി അബൂബക്കറിനൊപ്പം മദീനയിലേക്ക് യാത്ര പുറപ്പെട്ടത്. വിശുദ്ധ ഖുര്‍ആനിലെ സൂറഃ ഇസ്രാഈല്‍ 80-ാം വചനം ഇതുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചതായിരുന്നു:
”പ്രവാചകരേ, പ്രാര്‍ഥിച്ചുകൊള്ളുക. നാഥാ, എന്നെ എവിടെ പ്രവേശിപ്പിച്ചാലും സത്യസന്ധമായി അഥവാ മാന്യമായി പ്രവേശിപ്പിക്കേണമേ. എവിടെ നിന്ന് പുറപ്പെടുവിച്ചാലും മാന്യമായി പുറപ്പെടുവിപ്പിക്കേണമേ. നിന്നില്‍ നിന്നുള്ള അധികാരശക്തി എനിക്ക് തുണയാക്കിത്തരുകയും ചെയ്യേണമേ.”
ഹിജ്റയുടെ സമയം അടുത്തു കഴിഞ്ഞിരിക്കുന്നു എന്ന ആദ്യത്തെ അറിയിപ്പായിരുന്നു ഇത്. ഇതില്‍ ഹിജ്റക്കു ശേഷമുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചുള്ള ശുഭസൂചനയുണ്ട്. തിരുമേനി മക്കയില്‍ നിന്ന് പുറപ്പെടുന്നതിനു മുമ്പുതന്നെ അദ്ദേഹം എത്തിച്ചേരേണ്ട സ്ഥലം നിര്‍ണയിക്കുകയും അവിടം അന്തസ്സോടെ സ്വാഗതം ചെയ്യപ്പെടാന്‍ സജ്ജമാക്കുകയും ചെയ്തിരുന്നു. മക്കയില്‍ നിന്നുള്ള പുറപ്പാടും മദീനയിലേക്കുള്ള പ്രവേശനവും ഗംഭീരവും സുരക്ഷയും മഹനീയവുമായിരുന്നു. ഒളിച്ചോടിപ്പോകുന്ന കുറ്റവാളിയെപ്പോലെ അരക്ഷിതാവസ്ഥയിലായിരുന്നില്ല. ഒരു പ്രവാചകനെന്ന നിലയ്ക്ക് മാന്യമായ അംഗീകാരത്തോടെയും സുരക്ഷിതത്വത്തോടും കൂടിയായിരുന്നു നബിയുടെ മദീനാ പ്രവേശനം. കൈകൊട്ടി പാട്ടുപാടിക്കൊണ്ടായിരുന്നു അദ്ദേഹത്തെ മദീനാ നിവാസികള്‍ വരവേറ്റത്.
ഈ യാത്രയില്‍ അബൂബക്കറും നബിയോടൊപ്പം കൂട്ടിനുണ്ടായിരുന്നു. നബിയെ കൊല്ലാന്‍ വേണ്ടി അദ്ദേഹത്തിന്റെ വീട് വളഞ്ഞിരുന്ന ശത്രുക്കള്‍ക്കിടയിലൂടെ തന്നെയാണ് തിരുമേനി ആ രാത്രിയില്‍ മക്കയില്‍ നിന്ന് രക്ഷപ്പെട്ടത്. അല്ലാഹു ശത്രുക്കളുടെ കണ്ണില്‍ ഒരുതരം മറയിട്ടുകൊടുത്തു. ഖുറൈശികള്‍ അവരുടെ തീരുമാനം നടപ്പാക്കാന്‍ തയ്യാറായിരുന്ന ഒരു രാത്രിയിലായിരുന്നു അത്. യാത്രയ്ക്കു വേണ്ടി രണ്ട് ഒട്ടകങ്ങളെയും തിരുമേനി മുന്‍കൂട്ടി കണ്ടുവെച്ചിട്ടുണ്ടായിരുന്നു. ഭക്ഷണസാധനങ്ങള്‍ ഒരു തോല്‍സഞ്ചിയിലാക്കി ഒരുക്കിക്കൊടുത്തത് അബൂബക്കര്‍ സിദ്ദീഖിന്റെ മകള്‍ അസ്മ(റ)യാണ്. ഭക്ഷണപ്പാത്രത്തിന്റെ വായ കെട്ടാന്‍ കയറിന്റെ കഷണം അന്നേരം അവര്‍ക്ക് കിട്ടിയില്ല. ഉടനെ താന്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ഭാഗം കീറി അസ്മ ഭക്ഷണപ്പാത്രം മൂടിക്കെട്ടി. തന്മൂലം നബി ഇരട്ടപ്പട്ടക്കാരി എന്ന പേര് അസ്മയ്ക്കു നല്‍കി. വഴി കാണിച്ചുകൊടുക്കുന്നതിനു വേണ്ടി അബ്ദുല്ല എന്ന ഒരു അവിശ്വാസിയെയാണ് അവര്‍ കൂട്ടിനു വിളിച്ചിരുന്നത്. വഴിയില്‍ വെച്ച് സൗര്‍ ഗുഹയില്‍ ദിവസങ്ങളോളം അവര്‍ക്ക് താമസിക്കേണ്ടിവന്നു. ശത്രുക്കളുടെ അരിച്ചുപെറുക്കിയുള്ള തിരച്ചിലിലൊന്നും സൗര്‍ ഗുഹ അവര്‍ ശ്രദ്ധിച്ചിരുന്നില്ല. അല്ലാഹു അവിടെയും അവരെ സംരക്ഷിച്ചു. ഈ സംഭവം കഴിഞ്ഞിട്ട് 1444 വര്‍ഷം പിന്നിട്ടിരിക്കുന്നു.