LoginRegister

മുസ്‌ലിമിന്റെ കലാലോകം

എ ജമീല ടീച്ചര്‍

Feed Back


മനുഷ്യ മനസ്സില്‍ ആഴത്തില്‍ വേരൂന്നാന്‍ സാധിക്കുന്ന ഒന്നാണ് സാഹിത്യവും കലകളും. പലപ്പോഴും സമൂഹത്തില്‍ മാറ്റത്തിന്റെ പടവാളായി മാറാറുള്ളതും അവ തന്നെ. നോവലുകള്‍, കഥകള്‍, കവിതകള്‍, ഗാനങ്ങള്‍, നാടകങ്ങള്‍, സിനിമകള്‍, യാത്രാവിവരണങ്ങള്‍, പെയിന്റിങുകള്‍- ഇങ്ങനെ പടര്‍ന്നു പന്തലിച്ചുകിടക്കുകയാണ് കലയുടെ ശാഖകള്‍. മലയാള ചരിത്രത്തില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയ ഒരുപാട് കവികളും സാഹിത്യകാരന്മാരുമൊക്കെയുണ്ട്. ബാലാമണിയമ്മ, കമലാ സുരയ്യ, സുഗതകുമാരി എന്നിങ്ങനെ എടുത്തുപറയാവുന്ന സ്ത്രീകളുമുണ്ട് അക്കൂട്ടത്തില്‍. ഒരുകാലത്ത് സമൂഹത്തില്‍ നിലനിന്നിരുന്ന തെറ്റായ സാമൂഹിക നീതിക്കെതിരെ തൂലിക കൊണ്ട് പടപൊരുതിയിരുന്നത് ഇവരൊക്കെയായിരുന്നു.
അറബി ഭാഷയിലുമുണ്ട് അങ്ങനെ എടുത്തുപറയാന്‍ ധാരാളം കവികള്‍. ജാഹിലിയ്യാ സമൂഹത്തില്‍ കവികള്‍ക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. കവികളിലൂടെയായിരുന്നു വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. കവികള്‍ വിചാരിച്ചാല്‍ ഏതെങ്കിലുമൊരു ഗോത്രത്തെ വാനോളം ഉയര്‍ത്താം. മെച്ചപ്പെട്ട ഗോത്രങ്ങളെ അപമാനിച്ച് തരംതാഴ്ത്തി കാണിക്കാനും കവികള്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല. ഗോത്രങ്ങളില്‍ ചെന്ന് അവരുടെ സ്തുതി പാടി കൈ നിറയെ പണം മേടിക്കാന്‍ കവികള്‍ മടികാണിച്ചിരുന്നില്ല. പ്രതിഫലം കുറഞ്ഞുപോയാല്‍ ഗോത്രത്തെ ഇകഴ്ത്തിപ്പാടുകയും ചെയ്യും.
അറബി ചരിത്രത്തില്‍ കൗതുകകരമായ ഒരു കഥ ഇങ്ങനെ കാണാം: ‘അല്‍ഫുന്നാഖ’ എന്ന പേരില്‍ ഒരു ഗോത്രം അന്നുണ്ടായിരുന്നു. ഒട്ടകമൂക്കന്‍ എന്നായിരുന്നു ആ വാക്കിന്റെ പേര്. ഈ പേര് അവര്‍ക്ക് മറ്റ് ഗോത്രങ്ങള്‍ക്കിടയില്‍ പരിഹാസത്തിനിടയായി. തങ്ങളുടെ പേരിന്റെ നാണക്കേട് മാറ്റിത്തരാന്‍ അവര്‍ ഹുതൈമ എന്ന കവിയെ സമീപിച്ചു. വലിയ സമ്മാനവും പ്രഖ്യാപിച്ചു. കവി ഉടനെ ഇങ്ങനെ പാടി:
”ഒരു മഹാ സമുദായം, അവരാണ് മൂക്ക് / മറ്റ് സമുദായങ്ങളൊക്കെയും വാലുകള്‍ മാത്രം / ഒട്ടകത്തിന്റെ വാലിനെ മൂക്കിനു തുല്യമായി / കാണുന്നവരാര്?”
ഗോത്രങ്ങളെ പരസ്പരം വാശിപിടിച്ച് യുദ്ധത്തിലെത്തിക്കാന്‍ കവികള്‍ക്ക് സാധിക്കുമായിരുന്നു. പ്രശസ്ത അറബി കവി മുഹല്‍ഹല്‍ ഇതില്‍പെട്ട ആളായിരുന്നു.
യുദ്ധവര്‍ണനകളും വീരഗാഥകളും വര്‍ണിക്കുന്നതും മദ്യം, മദിരാക്ഷികള്‍ മുതലായ ശ്ലീലതയുടെ എല്ലാ അതിരുകളും ഭേദിക്കുന്നതുമായ കവിതകള്‍ അന്ന് സുലഭമായിരുന്നു. ജീവിതമൂല്യങ്ങള്‍, ധാര്‍മിക പാഠങ്ങള്‍, സദാചാര മുറകള്‍ മുതലായവ വളരെ കുറച്ച് മാത്രമേ കവികള്‍ പ്രമേയമാക്കുമായിരുന്നുള്ളൂ. സപ്ത മഹാകാവ്യം ‘സബ്ഉല്‍ മുഅല്ലഖ’ എന്ന പേരില്‍ കഅ്ബയില്‍ തൂക്കിയിട്ടിരുന്നു. അതുകൊണ്ടെല്ലാമായിരിക്കാം വിശുദ്ധ ഖുര്‍ആന്‍ സൂറഃ അശ്ശുഅറാഅ് 224-226 ആയത്തുകളില്‍ അത്തരം കവികളെക്കുറിച്ച് അധിക്ഷേപിച്ചു സംസാരിച്ചത്. ”ഇനി ഈ കവികളുടെ കാര്യമോ, അവരെ പിന്‍പറ്റുന്നത് വഴിപിഴച്ചവരാകുന്നു. നീ കാണുന്നില്ലേ അവര്‍ ദേശങ്ങളിലൊക്കെയും അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. തങ്ങള്‍ പ്രവര്‍ത്തിക്കാത്തത് പാടിപ്പരത്തുന്നതും.”

വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുധ്യമായിരുന്നു ജാഹിലിയ്യാ കവികളുടെ മറ്റൊരു ദുഃസ്വഭാവം. ജാഹിലിയ്യാ കവികളുടെ ഈ സ്വഭാവദൂഷ്യങ്ങള്‍ അന്ന് ചില മുസ്ലിം കവികളെയും ബാധിച്ചിരുന്നു. കവി അഹമ്മദുബ്‌നുല്‍ ഹുസൈനുല്‍ കിദ്ദീ ഇതിനൊരു ഉദാഹരണമായിരുന്നു. ഹിജ്‌റ നാലാം നൂറ്റാണ്ടുകാരനായ ഇദ്ദേഹം അറബി ഭാഷയിലും സാഹിത്യത്തിലും ആചാരനൈപുണി നേടി ആ പേരില്‍ അയാള്‍ പ്രവാചകത്വം തന്നെ വാദിച്ചു. പക്ഷേ, അതിന് അനുയായികളെ കിട്ടാതായപ്പോള്‍ അത് ഉപേക്ഷിച്ചു.
ഇസ്‌ലാമും കലകളും
ഇസ്‌ലാം കലകളെ പാടേ നിരോധിക്കുന്നില്ല. യുദ്ധവേളകളിലും മറ്റും പാട്ടു പാടുന്നതും ചെണ്ടയും മദ്ദളവും ഉപയോഗിക്കുന്നതും ഇസ്‌ലാമില്‍ അനുവദനീയമാണ്. നബി(സ) മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ വന്ന അവസരത്തില്‍ മദീനക്കാര്‍ ദഫ് മുട്ടി പാട്ട് പാടിക്കൊണ്ടാണ് നബിയെ സ്വീകരിച്ചിരുന്നത്. അബൂബക്കര്‍(റ) വിലക്കാന്‍ ശ്രമിച്ചപ്പോള്‍ നബി അദ്ദേഹത്തെ തടഞ്ഞു. ”അവരെ വിട്ടേക്കൂ അബൂബക്കര്‍, നമ്മുടെ ദീന്‍ വിശാലമാണെന്ന് യഹൂദര്‍ മനസ്സിലാക്കട്ടെ” എന്നു പറയുകയും ചെയ്തു.
കല്യാണാഘോഷങ്ങളിലും പെരുന്നാള്‍ ദിനങ്ങളിലുമെല്ലാം ദഫ് മുട്ടുന്നതും ആഭാസകരമല്ലാത്ത ഗാനങ്ങള്‍ ആലപിക്കുന്നതും ഇസ്ലാമില്‍ അനുവദനീയമാണ്. ഇസ്‌ലാം പ്രകൃതിമതമാണ്. പാട്ടു പാടാനും ആഘോഷിക്കാനും മറ്റുമുള്ള വാസന മനുഷ്യമനസ്സിന്റെ തേട്ടമാണ്. അതുകൊണ്ടുതന്നെ ഇതിനെ ഇസ്ലാം നിരുപാധികമായി നിരോധിക്കുകയോ അനുവദിക്കുകയോ ചെയ്യുന്നില്ല. വിവാഹസദസ്സില്‍ പാട്ടു പാടുന്നതിനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ‘വിവാഹത്തിന്റെ സന്ദര്‍ഭത്തില്‍’ എന്നൊരു അധ്യായം തന്നെ ബുഖാരിയില്‍ കാണാം.
”മുഅവുദിന്റെ പുത്രി റുബയ്യിഅ്(റ) പറയുന്നു: ഞാന്‍ വിവാഹിതയായ സന്ദര്‍ഭത്തില്‍ നബി എന്റെയടുത്ത് കയറിവന്നു. എന്റെ വിരിപ്പില്‍ ഇരുന്നു. അപ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലെ കൊച്ചുപെണ്‍കുട്ടികള്‍ ദഫ് മുട്ടി ബദ്ര്‍ യുദ്ധത്തില്‍ മരിച്ചുപോയ എന്റെ പിതാക്കന്മാരെ അനുസ്മരിച്ച് പാട്ട് പാടുകയായിരുന്നു. നബിയെ കണ്ടപ്പോള്‍ അവരില്‍ ഒരുവള്‍ ഇപ്രകാരം പാടി: ‘നാളത്തെ മറഞ്ഞുകിടക്കുന്ന കാര്യങ്ങള്‍ അറിയുന്ന ഒരു പ്രവാചകന്‍ ഞങ്ങള്‍ക്ക് വന്നിട്ടുണ്ട്.’ ഇത് കേട്ടപ്പോള്‍ നബി പറഞ്ഞു: ഈ വര്‍ണന നീ ഉപേക്ഷിക്കുക. മുമ്പ് പാടിയത് പാടിക്കൊള്ളുക” (ബുഖാരി).
വിവാഹത്തിന് പുതുപെണ്ണിനെ ഭര്‍തൃ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനെ പുതുക്കം എന്നു പറയുന്നു. ഇതിനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുകയും പാട്ട് പാടുന്നതിനെ അനുവദിക്കുകയും ചെയ്തിരിക്കുന്നു.
നിഷിദ്ധമാക്കിയ വിനോദങ്ങള്‍
ലൈംഗിക വികാരം ഉത്തേജിപ്പിക്കുന്നതും സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്നതുമായ കവിതകളും ഗാനങ്ങളുമെല്ലാം ഇസ്‌ലാമില്‍ നിഷിദ്ധമാണെന്ന് പറയേണ്ടതില്ലല്ലോ. വിശ്വാസത്തില്‍ നിന്ന് വഴിതെറ്റിക്കുന്ന സകലമാന കലകളും ഇസ്‌ലാമില്‍ നിഷിദ്ധം തന്നെയാണ്. ഇതേക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ സൂറഃ ലുഖ്മാനിലെ 6-7 ആയത്തുകളില്‍ പറയുന്നുണ്ട്: ”ചില ആളുകള്‍ തമാശ വര്‍ത്തമാനങ്ങള്‍ വില കൊടുത്തുവാങ്ങുന്നു. ഒരു വിവരവുമില്ലാതെ ദൈവിക സരണിയില്‍ നിന്ന് ജനത്തെ പിഴപ്പിക്കാനും ആ സരണിയെ പരിഹാസപാത്രമാക്കാനും. അത്തരക്കാര്‍ക്കുള്ളത് നിന്ദ്യമായ ശിക്ഷയത്രേ. നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍ അവര്‍ അഹന്തയോടെ പിന്മാറിക്കളയുന്നു. അവനത് കേള്‍ക്കുന്നേയില്ല എന്നവണ്ണം, ചെവികളില്‍ അടപ്പിട്ടതുപോലെ. അവനെ വേദനയേറിയ ശിക്ഷയുടെ സുവിശേഷം അറിയിച്ചുകൊള്ളുക.”
വ്യാപാരാവശ്യാര്‍ഥം പേര്‍ഷ്യയില്‍ പോകാറുണ്ടായിരുന്ന നഈമുബ്‌നുല്‍ ഹാരിസ് അവിടെ നിന്ന് പേര്‍ഷ്യന്‍ രാജാക്കന്മാരുടെ കഥകള്‍ വിലയ്ക്കു വാങ്ങി, അത് അറബിയിലേക്ക് വിവര്‍ത്തനം ചെയ്യിച്ചു കൊണ്ടുവരാറുണ്ടായിരുന്നു. ”മുഹമ്മദ് ആദ്-സമൂദ് ഗോത്രത്തിന്റെ കഥയല്ലേ പറയുന്നത്? ഞാനിതാ നിങ്ങള്‍ക്ക് അതിലും രസകരമായ പേര്‍ഷ്യന്‍ രാജാക്കന്മാരുടെ കഥ പറഞ്ഞുതരാം, ഇങ്ങോട്ട് വരിന്‍” എന്നു പറഞ്ഞ് അയാള്‍ കഥകള്‍ പറയാന്‍ നിശാ ക്ലബ്ബുകള്‍ സംഘടിപ്പിച്ചു. ഖുറൈശികളെ ആകര്‍ഷിക്കാന്‍ ഇബ്‌നു ഖതല്‍ എന്ന ഒരാള്‍ പാട്ടുകാരികളെയും സംഘടിപ്പിച്ചു. മുഹമ്മദ് നബിയില്‍ നിന്നും ഖുര്‍ആനില്‍ നിന്നും ജനങ്ങളെ തെറ്റിക്കുകയായിരുന്നു ഇതിന്റെയൊക്കെ ഉദ്ദേശ്യം. ഈ സാഹചര്യത്തിലാണ് പ്രസ്തുത ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചത്.
ഫുഖഹാക്കളുടെ അഭിപ്രായങ്ങള്‍
ഇസ്‌ലാമിലെ ആദ്യകാല നൂറ്റാണ്ടുകളിലെ ഫുഖഹാക്കള്‍ സുകുമാരകലകളെ നിഷേധിക്കുകയാണ് ചെയ്തത്. പ്രവാചകന്റെ കാലശേഷം ഈജിപ്ത്, ഇറാന്‍, സിറിയ മുതലായ രാജ്യങ്ങള്‍ ഇസ്ലാമിക രാഷ്ട്രത്തിനു കീഴിലായി. അവിടെ നിന്നുള്ള കലകളും സാഹിത്യങ്ങളുമെല്ലാം മക്കയിലും മദീനയിലും മറ്റ് അറബ് നാടുകളിലും പ്രചാരത്തിലായി. ഇതില്‍ ആകൃഷ്ടരായ ചിലര്‍ വെറും സംഗീതാദി കലകളില്‍ മാത്രം മുഴുകി സമയം കഴിച്ചു. അതിനെതിരെ ഫുഖഹാക്കളുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണമാണ് സംഗീതകലകളോടുള്ള കര്‍ശനമായ നിലപാട്.
അതല്ലാതെ, വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും പരിശോധിച്ചാല്‍ കലകള്‍ക്കും സാഹിത്യത്തിനുമൊന്നും അത്ര വലിയ നിഷിദ്ധം ഇസ്‌ലാമിലില്ല. കലകളുടെ ആഖ്യാനം മഹത്തരവും സദാചാര മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവയും ഇസ്‌ലാമിന് എതിരില്ലാത്തതുമായിരിക്കണം. അശ്ലീലച്ചുവയുള്ളതും മ്ലേച്ഛസംസ്‌കാരം ഉള്‍ക്കൊള്ളുന്നവയുമായിരിക്കരുത്. സംഗീതാദി കാര്യങ്ങളുടെ ആസ്വാദനത്തിനായി മാത്രം സമയം നശിപ്പിച്ചു കളയുകയും ചെയ്യരുത്. കാരണം ആയുസ്സും സമയവുമെല്ലാം ചോദ്യം ചെയ്യപ്പെടുന്ന അനുഗ്രഹങ്ങളാണല്ലോ.

categories
categories
കൂടുതൽ പംക്തികൾ
Back to Top