ജനാധിപത്യം
നമ്മുടെ ജനാധിപത്യത്തിന്റെ തിരശ്ശീലയ്ക്ക് പിന്നില്‍ ഫ്യൂഡല്‍ ചിന്താഗതികളും പ്രവര്‍ത്തനങ്ങളും മറഞ്ഞിരിക്കുന്നു. അവ പതുക്കെ ഒളിമറ നീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഫാസിസത്തിന് ചുരുണ്ടുകൂടാനും കൊത്തിവീഴ്ത്താനുമുള്ള മണ്ണ് ജനാധിപത്യത്തിലെ ഫ്യൂഡലിസം ഒരുക്കിക്കഴിഞ്ഞു. വീടകങ്ങളിലും സമൂഹത്തിലും ഇപ്പോഴും ഫ്യൂഡലിസത്തിന്റെ അവശിഷ്ടമുണ്ട്. ജനാധിപത്യത്തെ കൂടുതല്‍ നവീകരിക്കാനും ശാസ്ത്രീയമാക്കാനും കഴിഞ്ഞാല്‍ മാത്രമേ ഫ്യൂഡലിസം പൂര്‍ണമായും ഇല്ലാതാകൂ. ജനാധിപത്യത്തെ പൂര്‍ണാര്‍ഥത്തില്‍ നമുക്ക് ഏറ്റെടുക്കാന്‍ സാധിച്ചിട്ടില്ല.
കുട്ടികളുടെ ലോകം
ജുവൈനല്‍ ഹോമില്‍ 15 വയസ്സിനു താഴെയുള്ള കുട്ടികളാണ് കൂടുതല്‍. അവര്‍ക്ക് സ്‌നേഹം, കരുതല്‍, പരിഗണന വേണ്ട രീതിയില്‍ കിട്ടുന്നില്ല. വീടുകളിലെ സംസാരങ്ങള്‍ ഇല്ലാതായിരിക്കുന്നു. കുട്ടികള്‍ മുതിര്‍ന്നവരെ പോലെ പെരുമാറുന്നു. ലഹരി ഉപയോഗക്കാരും വിതരണക്കാരും കുട്ടികളായിരിക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ പ്രതിസ്ഥാനത്ത് വരുന്നു. മുതിര്‍ന്നവര്‍ കാണിച്ചുകൊടുത്ത വഴിതെറ്റിയ ഇടങ്ങള്‍ പതുക്കെ കുട്ടികളുടെ അധോലോകമാകുന്നു. കുട്ടികളില്‍ ജാതിയുടെ, മതത്തിന്റെ, വര്‍ഗത്തിന്റെ കൊടുംവിഷം കുത്തിവെക്കാന്‍ മത്സരിക്കുന്ന ‘കൂട്ടങ്ങളും’ രൂപപ്പെട്ടിരിക്കുന്നു.
എഴുത്തിന്റെ ശക്തി
സാഹിത്യകൃതികളാണ് ഓരോ കാലഘട്ടത്തിലെയും അപചയങ്ങള്‍ക്കെതിരെ നിന്നത്. അവ പ്രതിരോധങ്ങള്‍ തീര്‍ത്തു. ഏകാധിപതികള്‍ വാക്കുകളെ ഭയന്നു. മനുഷ്യമൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത കൃതികള്‍ കാലത്തെ അതിജീവിച്ചു. മനുഷ്യന്റെ ജീവിതവീക്ഷണങ്ങളെ രൂപപ്പെടുത്താന്‍ നല്ല സാഹിത്യരചനകള്‍ക്കായി.
മഹദ് വാക്യം
അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോട് ‘സന്തോഷമുള്ളപ്പോള്‍ നോക്കിയാല്‍ സങ്കടവും സങ്കടമുള്ളപ്പോള്‍ നോക്കിയാല്‍ സന്തോഷവും നല്‍കുന്ന ഒരു വാചകം’ എഴുതാന്‍ ആവശ്യപ്പെട്ടു. അദ്ദേഹമെഴുതിയ വാക്യമാണ് എന്റെ മഹദ് വാക്യം:
”ഈ സമയവും കടന്നുപോകും…”