LoginRegister

മുണ്ടക്കൈ കേരളത്തിൻ്റെ കണ്ണീർക്കയം

ഹാസിൽ മുട്ടിൽ

Feed Back


സ്വ ര്‍ഗസമാനമായ സൗന്ദര്യഭൂമികയില്‍ പ്രകൃതി കലിതുള്ളിപ്പാഞ്ഞതിന്റെ ആഘാതത്തില്‍ തകര്‍ന്നു നില്‍ക്കുകയാണ് വയനാട്.പ്രകൃതിസൗന്ദര്യം പൂത്തുലഞ്ഞുനില്‍ക്കുന്ന വയനാട് ജില്ലയിലെ വൈത്തിരി താലൂക്കില്‍ മേപ്പാടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ചൂരല്‍മല-മുണ്ടക്കൈ പ്രദേശങ്ങളില്‍ ഇക്കഴിഞ്ഞ ജൂലൈ 30ന് പുലര്‍ച്ചെ 2 മണിക്കും 4.10നുമുണ്ടായ ഉരുൾപ്പൊട്ടലിന്റെ ഭീകരത അവാച്യമാണ്. പ്രകൃതി ദുരന്തമുണ്ടായ പുത്തുമല ഉരുള്‍പൊട്ടലിന്റെ അഞ്ചാം വാര്‍ഷികത്തിന് എട്ട് ദിവസങ്ങള്‍ മാത്രം ശേഷിക്കവെയാണ്, പുത്തുമലയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ചൂരല്‍മലയില്‍ കേരളം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലുണ്ടായത്.
ഒരു രാത്രി കൊണ്ട് ഒരു ഗ്രാമം തന്നെ ഒലിച്ചുപോയ ഹൃദയഭേദകമായ കാഴ്ചയാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലും കണ്ടത്. ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും വിളിച്ചോതുന്ന ഭീകര കാഴ്ചകളാണ് ദുരന്തഭൂമിയിലെവിടെയും ദൃശ്യമാകുന്നത്. പ്രഭവകേന്ദ്രത്തില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരത്തിലുള്ള ജനവാസ കേന്ദ്രങ്ങളില്‍ 247 ഏക്കര്‍ വിസ്തൃതിയില്‍ ദുരിതം നാശം വിതച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 236 കെട്ടിടങ്ങള്‍ പൂർണമായും 400ലധികം ഭാഗികമായും ഉരുളെടുത്തെന്ന് കണക്കുകള്‍ പറയുന്നു. ഇതെഴുതുന്നതുവരെ ദുരന്തത്തില്‍ 437 മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. 119 പേരെ ഇനിയും കണ്ടെത്താനുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ളവരും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരും നിരവധിയാണ്.
ദുരന്തം നടന്ന് രക്ഷാദൗത്യം ആരംഭിച്ചതു മുതല്‍ കരളുലക്കുന്ന കാഴ്ചകളാണ് എവിടെയും കാണാനായത്. പുഞ്ചിരിമട്ടത്തു നിന്ന് ഉദ്ഭവിച്ച് അട്ടമല, മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലൂടെ ഇരമ്പിപ്പാഞ്ഞ്, സൂചിപ്പാറ വെള്ളച്ചാട്ടം മറികടന്ന് പുന്നപ്പുഴയിലൂടെ 40 കിലോമീറ്റര്‍ ദൂരത്തുള്ള ചാലിയാറില്‍ നിന്ന് ധാരാളം മൃതദേഹങ്ങള്‍ കണ്ടെത്തിയത് ദുരന്തത്തിന്റെ ഭീകരത വിളിച്ചോതുന്നതാണ്. ശക്തമായ അലര്‍ച്ചയോടെ ചീറിപ്പായുന്ന ആംബുലന്‍സുകള്‍, ചേതനയറ്റ് ഛിന്നഭിന്നമായ മനുഷ്യ ശരീരങ്ങള്‍, മോര്‍ച്ചറിയില്‍ ഉറ്റവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാൻ എത്തിയവരുടെ തിരക്ക്, കാണാതായവരെ തിരഞ്ഞെത്തിയ ബന്ധുക്കള്‍, കുതിച്ചെത്തുന്ന ആംബുലന്‍സുകളില്‍ ഉറ്റവരുണ്ടാവുമെന്ന പ്രതീക്ഷയില്‍ അതിനു ചുറ്റും ഓടിക്കൂടുന്നവര്‍, ജീവിതത്തിലെ സകല സമ്പാദ്യങ്ങളും നഷ്ടപ്പെട്ട് ഇട്ടുടുത്ത വസ്ത്രം മാത്രം ബാക്കിയായി നിർവികാരരായി നില്‍ക്കുന്നവര്‍, ഇതിനിടയിലൂടെ ഓടിപ്പാഞ്ഞു നടക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധസേവകരും… ഇങ്ങനെയുള്ള ഉള്ള് തകര്‍ക്കുന്ന കാഴ്ചകളായിരുന്നു മേപ്പാടിയിൽ ഉണ്ടായത്.

കർമനിരതരായി
സന്നദ്ധസേവകര്‍

ദുരന്തഭൂമിയിലെ ഹൃദയം തകര്‍ക്കുന്ന കാഴ്ചകള്‍ക്കിടയിലും കുളിര്‍മയേകുന്നതാണ് സന്നദ്ധസേവകരുടെ കര്‍മോല്‍സുകത. ദുരന്തം നടന്നത് അറിഞ്ഞതു മുതല്‍ സേവനസന്നദ്ധരായി ധാരാളം ആളുകള്‍ അങ്ങോട്ടേക്കൊഴുകി. തങ്ങള്‍ക്കറിയാത്ത, തങ്ങളുടെ ആരുമല്ലാത്ത മനുഷ്യര്‍ക്കു വേണ്ടിയാണ് ആയിരക്കണക്കിന് ആളുകള്‍ ദുരന്തഭൂമിയിലേക്ക് പ്രവഹിച്ചത്. മണ്ണിലമര്‍ന്ന ജീവനുകളെ കണ്ടെടുക്കുന്നതിലും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിലും സ്വന്തം ജീവന്‍ പണയം വെച്ച് അവര്‍ സേവനനിരതരായി. വ്യത്യസ്ത മത-രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെ വോളന്റിയര്‍ വിഭാഗങ്ങള്‍ വ്യത്യസ്ത മേഖലകളില്‍ സേവനത്തിനുണ്ടായിരുന്നു. മൃതദേഹങ്ങളുടെ തിരച്ചില്‍, രക്ഷാദൗത്യം, വസ്ത്രവും ഭക്ഷണവും എത്തിച്ചുനല്‍കല്‍, മൃതദേഹങ്ങള്‍ കുളിപ്പിക്കല്‍, ഖബർ കുഴിക്കല്‍, ട്രാഫിക് നിയന്ത്രണം തുടങ്ങി നിരവധി മേഖലകളില്‍ വോളന്റിയര്‍മാരുണ്ടായിരുന്നു.
മുണ്ടക്കൈയിലും മേപ്പാടിയിലും മാത്രമല്ല ചാലിയാറിലും നിലമ്പൂരിലും രക്ഷാപ്രവര്‍ത്തനങ്ങളിലും ബോഡി ക്ലീനിംഗിലും സന്നദ്ധസേവകരുണ്ടായിരുന്നു. മയ്യിത്തുകള്‍ ക്ലീന്‍ ചെയ്യുന്ന വോളന്റിയര്‍മാര്‍ പങ്കുവെച്ച അനുഭവങ്ങള്‍ ഏറെ സങ്കടകരമാണ്. തലയില്ലാത്തതും കൈകാലുകള്‍ മാത്രമുള്ളതും ചില ശരീര ഭാഗങ്ങള്‍ മാത്രമുള്ളതുമായ ബോഡികളാണ് അവര്‍ക്ക് വൃത്തിയാക്കേണ്ടിവന്നത്. മനുഷ്യന്റെ നിസ്സാരതയും നിസ്സഹായാവസ്ഥയും കൂടുതല്‍ ബോധ്യപ്പെടുത്തുന്നതായിരുന്നു തങ്ങളുടെ മുമ്പിലെത്തിയ ഓരോ മയ്യിത്തുകളും എന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ അഴുകുകയും രൂക്ഷഗന്ധം വമിപ്പിക്കുകയും ചെയ്യുന്ന മൃതദേഹങ്ങള്‍ ഒട്ടും മടിയില്ലാതെയാണ് വോളന്റിയര്‍മാര്‍ ക്ലീന്‍ ചെയ്തത്. വോളന്റിയര്‍ മാര്‍ക്ക് ആവശ്യമായ ഭക്ഷണങ്ങളും മറ്റ് സഹായങ്ങളുമായി നിരവധി സേവകര്‍ മുണ്ടക്കൈയിലും മേപ്പാടിയിലുമുണ്ടായിരുന്നു. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട് ഭക്ഷണം കിട്ടാതെ വലഞ്ഞ മൃഗങ്ങള്‍ക്കു തീറ്റയെത്തിക്കുന്നതിലും സന്നദ്ധസേവകരുടെ ശ്രദ്ധ പതിഞ്ഞിട്ടുണ്ടായിരുന്നു. മത-ജാതി-വര്‍ണ-വര്‍ഗ-രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായ മനുഷ്യസ്‌നേഹത്തിന്റെ മനോഹരമായ കാഴ്ചയാണ് ദുരന്തഭൂമിയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തീര്‍ത്തത്.

ദുരന്തങ്ങള്‍
നല്‍കുന്ന പാഠം

ഏറെ കഴിവുകളുള്ള മനുഷ്യന്‍ അതിലേറെ ദുര്‍ബലനാണെന്ന് ബോധ്യപ്പെടുത്തുന്നവയാണ് ഓരോ ദുരന്തങ്ങളും. ഉരുളെടുത്ത പ്രദേശങ്ങളും കെട്ടിടങ്ങളും ജീവനുകളും മനുഷ്യന്‍ നിസ്സാരനും നിസ്സഹായനുമാണെന്ന യാഥാർഥ്യത്തെ അടയാളപ്പെടുത്തുന്നവയാണ്. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച പടച്ചവന്‍ തന്നെയാണ് പ്രാപഞ്ചിക നിയമങ്ങളും ഉണ്ടാക്കിയത്. ഈ പ്രാപഞ്ചിക നിയമത്തിന്റെ ഭാഗമാണ് നമുക്ക് ദുരന്തമായി ഭവിക്കുന്ന സംഭവങ്ങളും. പ്രകൃതിദുരന്തങ്ങള ദൈവത്തിന്റെ കോപമായും ശിക്ഷയായും വിധിക്കുന്നത് ശരിയല്ല.
ദുരന്തമുഖത്തു നിന്ന് നാം പഠിക്കേണ്ട ചില പാഠങ്ങളുണ്ട്. അല്ലാഹുവിന്റെ തീരുമാനങ്ങള്‍ക്കും വിധിക്കും മുമ്പില്‍ നാം നിസ്സാരരാണ്. അഹങ്കാരവും ഗര്‍വും വെടിഞ്ഞ് പടച്ചവന്റെ മുന്നില്‍ വിനയാന്വിതരായി ജീവിക്കാന്‍ നാം സന്നദ്ധരാകണമെന്നാണ് ദുരന്തങ്ങള്‍ നല്‍കുന്ന ഒന്നാമത്തെ പാഠം. സ്വന്തം ജീവിതത്തെപ്പറ്റി പുനര്‍വിചിന്തനം നടത്തി മനുഷ്യന്റെ ഇഹ-പര ജീവിത സുരക്ഷക്കും സ്വസ്ഥതക്കുമായി മതം നിശ്ചയിച്ച ധര്‍മപാതയിലൂടെ ജീവിതം ചിട്ടപ്പെടുത്താന്‍ മനുഷ്യനെ ഓര്‍മപ്പെടുത്തുകയെന്ന ദൗത്യമാണ് രണ്ടാമതായി ദുരന്തങ്ങള്‍ നല്‍കുന്ന പാഠം. മനുഷ്യനും ഇതര ജീവജാലങ്ങള്‍ക്കുമായി പ്രപഞ്ചനാഥന്‍ സംവിധാനിച്ചിരിക്കുന്ന മനോഹരമായ ഈ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന നാശോന്മുഖമായ ഒരു പ്രവര്‍ത്തനവും നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top