LoginRegister

മീന്‍ കച്ചവടക്കാരിയുടെ കുട്ട

സി കെ റജീഷ്‌

Feed Back


ദുശ്ശീലങ്ങള്‍ക്ക് അടിപ്പെട്ടുപോയ ഒരു മകന്‍. എത്ര ഉപദേശിച്ചിട്ടും ഒരു മാറ്റത്തിന് അവന്‍ തയ്യാറാകുന്നില്ല. ദുശ്ശീലങ്ങളില്‍ നിന്ന് അവനെ ഒന്ന് രക്ഷപ്പെടുത്തിയെടുക്കാന്‍ പിതാവ് മകനെയും കൂട്ടി ഗുരുവിനെ സമീപിച്ചു. അല്‍പ നേരം സംസാരിച്ച ശേഷം ഗുരു പറഞ്ഞു: ”നമുക്ക് ആ കാണുന്ന വലിയ തോട്ടത്തിലേക്ക് പോകാം.”
ഗുരുവിന്റെ കൂടെ പിതാവും മകനും ആ വലിയ തോട്ടത്തിലെത്തി. അവിടെയുള്ള തീരെ ചെറിയ ഒരു ചെടി പിഴുതെടുക്കാന്‍ പറഞ്ഞു. കുട്ടി അത് നിഷ്പ്രയാസം പിഴുതെടുത്തു. അല്‍പനേരം കഴിഞ്ഞ ശേഷം വലിയ ഒരു ചെടി വേരോടെ പിഴുതെടുക്കാന്‍ ഗുരു ആവശ്യപ്പെട്ടു. കുട്ടി കുറേ ശ്രമിച്ചുനോക്കി. പിതാവും അവനെ സഹായിച്ചു. എങ്കിലും അവര്‍ക്ക് അതിന് സാധിച്ചില്ല. ഗുരു കുട്ടിയോട് പറഞ്ഞു: ”കുട്ടിയായിരിക്കുമ്പോള്‍ ശീലങ്ങള്‍ മാറ്റിയെടുക്കാം. പക്ഷേ, നീ വളര്‍ന്ന് ദുശ്ശീലങ്ങള്‍ക്കെല്ലാം വേരുറച്ചു കഴിഞ്ഞാല്‍ അവ മാറ്റാന്‍ കഴിയില്ല.”
‘ചൊട്ടയിലെ ശീലം ചുടല വരെ’ എന്നാണല്ലോ. ആവര്‍ത്തിച്ചുള്ള പെരുമാറ്റമാണ് ശീലമായി മാറുന്നത്. ഒരു ഹരത്തിനോ രസത്തിനോ തുടങ്ങിയത് ശീലമായി വളരുന്നതോടെ അതിന്റെ തടവറയില്‍ നിന്ന് മോചിതമാവുക അത്ര എളുപ്പമല്ല. ശീലങ്ങളെ നാം നിയന്ത്രിച്ചില്ലെങ്കില്‍ ശീലങ്ങള്‍ നമ്മെ നിയന്ത്രിക്കും.
നമ്മുടെ ശീലങ്ങളാണ് വ്യക്തിത്വത്തെ രൂപപ്പെടുത്തിയെടുക്കുന്നത്. നല്ല ശീലങ്ങളെ തിരിച്ചറിഞ്ഞ് നമുക്ക് അവയെ വളര്‍ത്താം. നമ്മുടെ ശീലങ്ങളെക്കുറിച്ച് നമുക്കു തന്നെ തിരിച്ചറിവില്ലെങ്കില്‍ ദുശ്ശീലങ്ങളെ വര്‍ജിക്കല്‍ ക്ലേശകരമാണ്. നമ്മുടെ ശീലങ്ങളെ രൂപപ്പെടുത്തുന്നതില്‍ ചിന്തകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. വിശ്വാസത്തിന്റെ ഭദ്രമായ അടിത്തറയില്‍ നല്ല ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാവുകയാണ് വേണ്ടത്. കണ്ടും കേട്ടും നാം പരിചയിച്ച ശീലങ്ങള്‍ എളുപ്പം മാറ്റാന്‍ സാധിക്കില്ല.
ഗ്രാമത്തില്‍ മീന്‍ വില്‍പന നടത്തുന്ന ഒരു സ്ത്രീ പട്ടണത്തിലുള്ള അവരുടെ കൂട്ടുകാരിയെ സന്ദര്‍ശിച്ചു. പൂക്കച്ചവടമായിരുന്നു കൂട്ടുകാരിയുടെ തൊഴില്‍. വ്യത്യസ്ത നിറവും സുഗന്ധവുമുള്ള ധാരാളം പൂക്കള്‍ കൊണ്ട് വീട്ടിലെ മുറി അലങ്കരിച്ചിരുന്നു. രാത്രിയായപ്പോള്‍ അതിഥിയായ മീന്‍കാരി സ്ത്രീക്ക് നിറയെ പൂക്കളുള്ള ആ മുറിയില്‍ ഉറങ്ങാനുള്ള സൗകര്യം ചെയ്തുകൊടുത്തു. പക്ഷേ, അതിഥിക്ക് ഉറക്കം വരുന്നില്ല. സ്വന്തം വീട്ടില്‍ നിന്ന് ആ സ്ത്രീ മീന്‍ കച്ചവടത്തിന് ഉപയോഗിക്കുന്ന കുട്ട കൊണ്ടുവരാന്‍ ഏര്‍പ്പാട് ചെയ്തു. തന്റെ മീന്‍കുട്ട അടുത്തു വെച്ചപ്പോള്‍ മാത്രമാണ് മീന്‍കാരി സ്ത്രീക്ക് ഉറങ്ങാനായത്. നല്ലതായാലും ചീത്തയായാലും ശീലങ്ങള്‍ എളുപ്പം നമുക്ക് മാറ്റിയെടുക്കാനാവില്ല.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top