പിറന്ന നാട്ടിലേക്ക് ഇനിയൊരിക്കലും തിരിച്ചുവരാനാവാതെ ഈ ലോകത്തു നിന്ന് വിടവാങ്ങിയ ആയിരക്കണക്കിന് പ്രവാസികള്‍ അന്ത്യനിദ്രയിലാഴ്ന്ന മണ്ണിലേക്കായിരുന്നു ജൂലൈയിലെ അവസാന ഞായറാഴ്ച ഞങ്ങളുടെ യാത്ര. ഉച്ചക്ക് ഒരു മണിയോടടുത്ത സമയത്തും ദോഹയിലെ റോഡുകളില്‍ വാഹനവ്യൂഹങ്ങള്‍ക്ക് ഒട്ടും കുറവില്ല. സൂര്യന് അപ്പോള്‍ ഞങ്ങള്‍ക്കു മുന്നിലായിരുന്നു. ഖത്തറിലെ നീണ്ടുവളഞ്ഞു കിടക്കുന്ന നിരത്തുകളിലൂടെ ഞങ്ങളുടെ കാര്‍ എത്തിനിന്നത് അബൂഹമൂറിലെ ശ്മശാനത്തിനു മുമ്പില്‍.
സുഡാനിയായ സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് അനുമതി വാങ്ങിയ ശേഷം ഞങ്ങള്‍ അകത്തേക്ക് പ്രവേശിച്ചു. മൗനത്തിന്റെ ഭീതിദമായ വ്യത്യസ്ത ഭാവങ്ങള്‍ പുതപ്പിട്ട് ശാന്തമായി ഉറങ്ങുന്ന അന്തരീക്ഷം. മണല്‍ത്തരികള്‍ക്ക് വിട്ടുമാറാത്ത മരണത്തിന്റെ മണം മാത്രം! സ്വന്തമായ സംസ്കാരങ്ങളും ഭാഷകളും സമ്പാദ്യങ്ങളും ജീവിതരീതികളും കുടുംബങ്ങളും എല്ലാം ഉണ്ടായിരുന്ന അനേകായിരങ്ങള്‍ ഇവിടെ അന്ത്യനിദ്രയിലാണ്.
മരണാനന്തര
കര്‍മത്തിന്റെ മഹിത മാതൃക
മനുഷ്യന്റെ മൃതദേഹം എന്തു ചെയ്യണമെന്നതിന് ഉത്തരം ആലോചിച്ച ആദിപിതാവ് ആദമിന്റെ മകന് ഖാബീലിന് ദൈവം നല്കിയ ബോധനം എന്തായിരുന്നു എന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്:
”അപ്പോള്‍ തന്റെ സഹോദരന്റെ മൃതദേഹം മറവു ചെയ്യേണ്ടത് എങ്ങനെയെന്ന് അവനു കാണിച്ചുകൊടുക്കാനായി നിലത്ത് മാന്തി കുഴിയുണ്ടാക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു. അവന് പറഞ്ഞു: എന്തൊരു കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെ ആകാന്‍ പോലും എനിക്ക് കഴിയാതെപോയല്ലോ. അങ്ങനെ അവന് ഖേദക്കാരുടെ കൂട്ടത്തിലായിത്തീര്‍ന്നു” (അല്‍മാഇദ 31).
പിന്നീട് ഓരോ ജനതതിയും ഇതില്‍ നിന്ന് പാഠങ്ങള്‍ നുകര്‍ന്നു. പില്ക്കാലത്ത് വിവിധ സമൂഹങ്ങളും മതങ്ങളും സംസ്കാരങ്ങളും പിറന്നപ്പോള്‍ സ്വാഭാവികമായും വ്യത്യസ്ത രീതികളില്‍ മരണാനന്തര സംസ്കാര ചടങ്ങുകള്‍ ഉടലെടുത്തു. മൃതശരീരം ആറടി ആഴത്തില്‍ മണ്ണില്‍ അടക്കം ചെയ്യുന്നതു മുതല്‍ അഗ്നിനാളങ്ങളില്‍ കരിച്ചുകളയുന്ന രീതി വരെ ഓരോരുത്തരും അവരവരുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് പ്രാവര്‍ത്തികമാക്കി. ലോകത്ത് മരണാനന്തര കര്‍മങ്ങള്‍ ഒട്ടേറെ രൂപത്തില്‍ നടന്നുവരുന്നു.
നമ്മുടെ നാട്ടില്‍ മൃതദേഹം അടക്കംചെയ്യുന്നതിന് മുന്‍കാലങ്ങളില്‍ ചിലര്‍ നന്നങ്ങാടി എന്ന വലിയ മണ്‍പാത്രം ഉപയോഗിച്ചിരുന്നു. മൃതദേഹം ഭരണികളിലാക്കി മണ്ണിനടിയില്‍ കുഴിച്ചിടുകയായിരുന്നു പതിവ്. കൂടെ ആയുധങ്ങള്‍, പാത്രങ്ങള്‍ എന്നിവയും അടക്കം ചെയ്യും. മഹാശിലാ സംസ്കാരകാലത്തെ ഒരു രീതിയായിരുന്നു ഇത്.
മിസൈമീറിലെ
കദന കാഴ്ചകള്‍
ഖത്തറിലെ അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെട്ട അബൂഹമൂര്‍ ഏരിയയിലെ മിസൈമീര്‍ പ്രദേശത്താണ് ഖത്തറിലെ ഏറ്റവും വലിയ ശ്മശാനം സ്ഥിതിചെയ്യുന്നത്. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ ഒന്നിച്ചു മരിച്ചാലും സംസ്കരിക്കാനുള്ള വിശാലമായ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. 2005ലാണ് മിസൈമീറിലെ ശ്മശാനം ആരംഭിച്ചത്. മൃതശരീരങ്ങള്‍ കുളിപ്പിക്കാനും മറ്റുമുള്ള മികച്ച സംവിധാനങ്ങളും അനുബന്ധ പള്ളിയും പിന്നീട് പൂര്‍ത്തിയാക്കി. വിശാലമായ പ്രദേശം വിവിധ ബ്ലോക്കുകളായി തരം തിരിച്ചിട്ടുണ്ട്. ഓരോ ഖബറിനും ക്രമനമ്പറുകളും രേഖപ്പെടുത്തിയിരിക്കുന്നു.
മരണപ്പെട്ടവരുടെ പേരുവിവരങ്ങള്‍ കൃത്യമായി ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട്. ആര്‍ക്കും എപ്പോഴും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനും സന്ദര്‍ശകര്‍ക്ക് വേണ്ടപ്പെട്ടവരുടെ ഖബറുകള്‍ തിരിച്ചറിയാനും അതിവേഗം സാധിക്കും. എല്ലാത്തിനും വിദഗ്ധമായ ശാസ്ത്രീയ സംവിധാനങ്ങളാണ് അവലംബിക്കുന്നത്.
ഖത്തറുകാരുടെ
സ്വന്തം ഹാജിക്ക
ഖത്തറിന്റെ ചരിത്രത്തില്‍ മറക്കാനാവാത്ത നാമമാണ് ഹാജിക്ക. സമാനതകളില്ലാത്ത കര്മസപര്യയാണ് ഹാജിക്കയെ ഖത്തര്‍ പ്രവാസികളുടെ പ്രിയങ്കരനാക്കിയത്. തൃശൂര്‍ ചാവക്കാട് സ്വദേശിയായിരുന്ന എം പി അബ്ദുല്‍ ഖാദര്‍ എന്ന ഹാജിക്കയുടെ ചരിത്രം മിസൈമീര്‍ ശ്മശാനത്തിന്റേതു കൂടിയാണ്. ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും ഹാജിക്ക സഹിച്ച ത്യാഗത്തിന് തിളക്കം കൂടുകയാണ്. അതിന്റെ മൂല്യവും ആഴവും മിസൈമീറിലെ ശ്മശാനത്തില്‍ എത്തുന്നവരുടെ മനസ്സില്‍ കയറിക്കൂടും. നാലര പതിറ്റാണ്ടോളം ഖത്തറിലെ സാമൂഹിക സേവന-ജീവകാരുണ്യ മേഖലയില്‍ വലിയ സേവനങ്ങള്‍ അര്‍പ്പിച്ച ശേഷമാണ് അദ്ദേഹം യാത്രയായത്.
ഖത്തറില്‍ മരണപ്പെടുന്ന വിദേശികളുടെ ഖബറടക്കവും നാട്ടിലേക്ക് അയക്കുന്നതും സംബന്ധിച്ച നടപടിക്രമങ്ങള്‍ ഉണ്ടാക്കിയത് ഹാജിക്കയാണ്. മിസൈമീറില്‍ പ്രവാസികളുടെ മൃതദേഹം ഖബറടക്കാന്‍ ഖത്തര്‍ സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത് അദ്ദേഹത്തിന്റെ ഇടപെടലിലൂടെയാണ്.
ചെറുപ്പത്തില്‍ നാട് വിട്ട് ബോംബെയിലെത്തിയ ഹാജിക്ക 1965ലെ റമദാനിലാണ് ലോഞ്ച് മാര്‍ഗം ദുബൈയില്‍ എത്തിയത്. ലോഞ്ച് നടുക്കടലില്‍ അപകടത്തില്‍ അകപ്പെട്ടെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. അന്ന് അദ്ദേഹമെടുത്ത പ്രതിജ്ഞ പൂര്‍ണാര്‍ഥത്തില്‍ തന്നെ നിറവേറ്റുകയും ചെയ്തു. തന്റെ ശിഷ്ടജീവിതം ജനസേവനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നീക്കിവെക്കും എന്നായിരുന്നു ആ പ്രതിജ്ഞ. നാലു മാസത്തിനു ശേഷം ഹാജിക്ക ദുൈബയില്‍ നിന്നു ഖത്തറിലേക്കു വന്നു. ഹോട്ടല്‍ തൊഴിലാളിയായി പ്രവാസം ആരംഭിച്ച അദ്ദേഹം പിന്നീട് എസി വര്‍ക്ഷോപ്പ് മേഖലയില്‍ ജീവിതം ഐശ്വര്യപൂര്‍ണമാക്കി.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെയായിരുന്നു ഹാജിക്ക എന്നും മുന്‍ഗണന നല്‍കിയത്. ആദ്യകാലങ്ങളില്‍ കാല്‍നടയായി ദീര്‍ഘദൂരം സഞ്ചരിച്ചാണ് അദ്ദേഹം മരണാനന്തര കര്‍മങ്ങള്‍ ചെയ്തത്. പിന്നീട് സാധാരണ സൈക്കിളിലായി യാത്രകള്‍. വഴിയെ 2868 നമ്പര്‍ ടൊയോട്ട പിക്കപ്പിലായിരുന്നു ഇതിനായുള്ള സഞ്ചാരം. ഇതിനായി സങ്കീര്‍ണമായ നടപടിക്രമങ്ങളും യാത്രാബുദ്ധിമുട്ടുകളും പുഞ്ചിരിയോടെയാണ് അദ്ദേഹം അതിജീവിച്ചത്.
ഒരു സ്വദേശി പൗരന്റെ ആകസ്മിക മരണത്തെ തുടര്‍ന്ന് ഹാജിക്ക വലിയ കടക്കെണിയില്‍ അകപ്പെട്ടു. 14 വര്‍ഷം ലീവിനു പോലും നാട്ടില്‍ പോവാന്‍ കഴിയാതെ കഠിനാധ്വാനം ചെയ്താണ് ആ സാമ്പത്തിക ബാധ്യത അദ്ദേഹം തീര്‍ത്തത്. മാനസികമായും സാമ്പത്തികമായും വളരെയേറെ കഷ്ടപ്പാടുകള്‍ സഹിച്ച ആ കാലത്തുപോലും മരണാനന്തര കര്‍മങ്ങള്‍ സമയബന്ധിതമായി നിര്‍വഹിക്കുന്നതില്‍ അദ്ദേഹം ഒരു വീഴ്ചയും വരുത്തിയില്ല. മൃതദേഹം കുളിപ്പിക്കുക മാത്രമല്ല നാട്ടിലേക്ക് കയറ്റി അയക്കുന്നതു വരെയുള്ള നടപടിക്രമങ്ങള്‍ എല്ലാം ഹാജിക്കയാണ് ചെയ്തിരുന്നത്; ഒരു പ്രതിഫലവും വാങ്ങാതെ. അതേസമയം മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ സാധിക്കാത്ത ദരിദ്ര കുടുംബങ്ങള്‍ക്കു വേണ്ടി അദ്ദേഹം സ്വന്തം പണം ചെലവഴിച്ചു മാതൃകയായി.
ഹാജിക്കയുടെ നിസ്വാര്‍ഥ സേവനം ഏഷ്യന്‍ അംബാസഡര്‍മാരുടെയും സാരഥികളുടെയും പ്രശംസ നേടി. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍മാരായിരുന്ന രഞ്ജന്‍ മത്തായി, ജോര്‍ജ് ജോസഫ്, ശ്രീലങ്കന്‍ അംബാസഡറായിരുന്ന എ എല്‍ എം യൂസുഫ്, നേപ്പാള്‍ അംബാസഡറായിരുന്ന ഡോ. സൂര്യനാഥ് മിശ്ര തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ജനസേവന പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു. പ്രവാസികളുടെ ദുരിതങ്ങള്‍ എംബസി അധികൃതരിലേക്ക് എത്തിക്കുന്നതിനു ഹാജിക്ക പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. പ്രധാനമന്ത്രി മന്മോഹന് സിങുമായി സാധാരണ പ്രവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദോഹയില്‍ വെച്ച് അവസരം ലഭിച്ച ഒരേയൊരാള്‍ ഇദ്ദേഹമായിരുന്നു.
1968 മുതല്‍ 2013 ഡിസംബര്‍ 21ന് മരിക്കുന്നതു വരെ കര്‍മനിരതനായിരുന്നു ഹാജിക്ക. ഖത്തറില്‍ നിന്ന് മരിച്ച നിരവധി പേരുടെ മൃതദേഹങ്ങള്‍ രാജ്യത്തെ വിവിധ ശ്മശാനങ്ങളില്‍ സംസ്കരിക്കാനും 3,000ല്‍ അധികം പ്രവാസികളുടെ മൃതദേഹങ്ങള്‍ വിവിധ നാടുകളിലേക്ക് അയക്കാനും അദ്ദേഹത്തിന് നിയോഗമുണ്ടായി. അവസാനം 64ാം വയസ്സില്‍ നിര്യാതനായ ഹാജിക്കയുടെ ഭൗതിക ശരീരം മിസൈമീറിലെ ആറടി മണ്ണില്‍ തന്നെ ഖബറടക്കി.
2005ല്‍ ഹാജിക്ക രൂപംനല്കിയ ഓള് ഇന്ത്യ ചാരിറ്റി ഫ്രണ്ട്ഷിപ്പ് എന്ന സംഘടന അദ്ദേഹത്തിന്റെ മരണശേഷം എംബസി ഹാജിക്ക ഹ്യൂമാനിറ്റേറിയന്‍ സര്‍വീസ് ഫൗണ്ടേഷന് എന്നാക്കി മാറ്റി. ഇന്ത്യന്‍ എംബസിയുടെ കീഴിലെ ഐസിബിഎഫ് എല്ലാ വര്‍ഷവും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഹാജിക്ക മെമ്മോറിയല്‍ പ്രബന്ധ മത്സരം നടത്താറുണ്ട്.
ഡോ. യൂസുഫുല്‍ ഖറദാവിയും
ശിഷ്യന് അബ്ദുല്ല സാഹിബും
ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനും വാഗ്മിയുമായിരുന്ന ഡോ. യൂസുഫ് അബ്ദുല്ല അല്‍ ഖറദാവിയും ഖത്തറും തമ്മിലുള്ള ആത്മബന്ധം ആഴമേറിയതാണ്. ഈജിപ്തുകാരനായ ഖറദാവി 1961ല്‍ ഖത്തറില്‍ സ്ഥിരതാമസമാക്കി. 1968ല്‍ ഖത്തര്‍ അദ്ദേഹത്തിന് പൗരത്വം നല്കി ആദരിച്ചു. ഖത്തര്‍ സെക്കന്‍ഡറി റിലീജ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായി പ്രവര്‍ത്തിച്ച ഖറദാവി 96ാം വയസ്സില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് നിര്യാതനായത്. അദ്ദേഹത്തിന്റെ ഭൗതികശരീരം വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് മിസൈമീര്‍ ശ്മശാനത്തില്‍ സംസ്കരിച്ചത്.
ഖറദാവിയുടെ പ്രിയ ശിഷ്യനായിരുന്ന ഒരു മലയാളിയും ഇതേ ശ്മശാനത്തില്‍ അന്ത്യനിദ്രയിലുണ്ട്. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ സ്വദേശി ടി പി അബൂല്ല സാഹിബ്. 1972ല്‍ ദോഹയില്‍ എത്തിയ അദ്ദേഹം ഖത്തര്‍ അറബിക് ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒന്നാം റാങ്കോടെ അറബിഭാഷയില്‍ ബിരുദം നേടിയ പ്രതിഭയായിരുന്നു. ഖത്തര്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ഇസ്ലാമിക് ശരീഅഃ കോഴ്സിലും അദ്ദേഹം ഉന്നത വിജയം നേടി. ഈ സ്ഥാപനത്തില്‍ വകുപ്പ് മേധാവിയായിരുന്ന ഖറദാവിയുടെ പ്രിയ ശിഷ്യനായിരുന്ന അദ്ദേഹം ഗുരുനാഥനുമായി ഗാഢമായ ആത്മബന്ധം സ്ഥാപിച്ചു.
ദീര്‍ഘകാലം ഖത്തര്‍ ശരീഅഃ കോടതിയില്‍ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച ടി പി അബ്ദുല്ല സാഹിബ് 2017 ജൂലൈ 2ന് നിര്യാതനായപ്പോള്‍ ഭൗതികശരീരം ഗുരുനാഥന് അന്ത്യനിദ്രയിലാണ്ട മിസൈമീര്‍ ശ്മശാനത്തില്‍ തന്നെയാണ് സംസ്കരിച്ചത്.
മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരുടെ ഭൗതിക ശരീരം ഇവിടെ സംസ്കരിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് ഷോപ്പിങിനു വേണ്ടി കുടുംബാംഗങ്ങളോടൊന്നിച്ച് പുറത്തിറങ്ങിയ സമയത്ത് റോഡിലെ മാന്‍ഹോളില്‍ വീണു മരിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി ബഷീറിന്റെ പിഞ്ചുകുഞ്ഞ്, ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ച തൃശൂര്‍ കല്‍പ്പള്ളി പെരിഞ്ഞനം സ്വദേശി പി മുഹമ്മദ് നാസര്‍… അങ്ങനെ ഒരുപാട് മലയാളികളാണ് ഇവിടെ അന്ത്യനിദ്രയിലുള്ളത്.
കെഎംസിസിയുടെ
സേവനമുദ്രകള്‍
സാമൂഹിക സേവന-ജീവകാരുണ്യ മേഖലയില്‍ വേറിട്ട വിപ്ലവങ്ങള്‍ രചിച്ച ഖത്തര്‍ കെഎംസിസിയാണ് ഇപ്പോള്‍ പ്രവാസികളുടെ മരണാനന്തര കര്‍മങ്ങള്‍ക്ക് മുഖ്യമായും നേതൃത്വം നല്‍കുന്നത്. ഈ മേഖലയിലെ വ്യത്യസ്ത തലങ്ങളില്‍ വളരെ വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സുസജ്ജമായ വോളന്റിയര്‍ വിഭാഗം സംഘടനയ്ക്ക് കീഴില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ (മയ്യിത്ത് പരിപാലനം) സബ് കമ്മിറ്റി ചെയര്മാന് മന്‍സൂര്‍ എലത്തൂര്‍, കണ്‍വീനര്‍ ഷഫീഖ് പൊന്നാനി എന്നിവരാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഖത്തറിലെ സാംസ്കാരിക കൂട്ടായ്മയായ കള്‍ചറല്‍ ഫോറവും ഐ സി ബി എഫും ഈ രംഗത്ത് സേവനമനുഷ്ഠിക്കുന്നു.
”ഒരിടത്തു ജനനം ഒരിടത്തു മരണം
ചുമലില്‍ ജീവിതഭാരം
വഴിയറിയാതെ മുടന്തി നടക്കും
വിധിയുടെ ബലിമൃഗങ്ങള്‍- നമ്മള്
വിധിയുടെ ബലിമൃഗങ്ങള്‍”
എന്നെഴുതിയത് വയലാര്‍ രാമവര്‍മയാണ്. ആ വരികളിലെ പൊരുള്‍ പോലെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ജനിച്ചു വളര്‍ന്ന എത്രയോ പ്രവാസികള്‍ ഖത്തറില്‍ അന്ത്യനിദ്രയിലാണ്.
മിസൈമീര്‍ ശ്മശാനം സന്ദര്‍ശിക്കുന്ന വിവരം എന്റെ സഹപാഠിയും ഖത്തറിലെ റിജന്‍സി ഗ്രൂപ്പിലെ ഗ്രാന്‍ഡ് മാള്‍ പിആര്‍ മാനേജറുമായ എം എന്‍ സിദ്ദീഖിനെ നേരത്തേ അറിയിച്ചിരുന്നു. ജോലിത്തിരക്കു കാരണം വൈകിയാണ് അദ്ദേഹത്തിന് ഞങ്ങളുടെ അടുത്ത് എത്താനായത്. കെഎംസിസി സാരഥിയായ സിദ്ദീഖ് മിസൈമീര്‍ ശ്മശാനത്തില്‍ സംസ്കരിച്ച പല മലയാളി പ്രവാസികളെയും കുറിച്ചുള്ള ദുഃഖാര്‍ദ്രമായ ഓര്‍മകള്‍ പങ്കുവെച്ചു. അത്രമേല്‍ കണ്ണീരില്‍ കുതിര്‍ന്ന ആ കഥകള്‍ അധികനേരം കേട്ടുനില്ക്കാന് ആവുമായിരുന്നില്ല. ഞങ്ങളുടെ വാഹനം മരണഗന്ധം തളംകെട്ടിനില്ക്കുന്ന ആ അന്തരീക്ഷത്തില്‍ നിന്ന് പതിയെ ദോഹയുടെ തിരക്കുപിടിച്ച നഗരപാതകളിലേക്ക് നീങ്ങി.