ബിരുദ വിദ്യാർഥിനിയാണ്. മാനേജ്മെന്റ് മേഖലയാണ് താൽപര്യം. പ്രധാന പ്രവേശന പരീക്ഷകളെ പരിചയപ്പെടുത്താമോ?
– ഫാത്തിമ, തിരുത്തിയാട്
മത്സരാധിഷ്ഠിതമായ ആധുനിക ലോകത്ത് സാഹചര്യങ്ങൾ പഠിക്കാനും വ്യക്തമായ തീരുമാനങ്ങളെടുക്കാനും വൈദഗ്ധ്യമുള്ള മാനേജ്മെന്റ് പ്രൊഫഷണലുകളുടെ ആവശ്യം വർധിച്ചുവരികയാണ്. ഒരു മികച്ച മാനേജ്മെന്റ് പ്രൊഫഷണലാകാൻ വേണ്ട അവശ്യയോഗ്യതയാണ് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ).
ബിരുദപഠനത്തിനു ശേഷമുള്ള രണ്ടു വർഷ എംബിഎ പ്രോഗ്രാമുകൾക്കു പുറമേ പ്ലസ്ടുവിനു ശേഷം പഠിക്കാവുന്ന പഞ്ചവർഷ ഇന്റഗ്രേറ്റഡ് എംബിഎ പ്രോഗ്രാമുകളും ലഭ്യമാണ്. മിക്ക എംബിഎ പ്രോഗ്രാമുകൾക്കും പ്രവേശന പരീക്ഷകളുണ്ട്. ചേരാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച്, പ്രവേശനത്തിന് ആവശ്യമായ പരീക്ഷ ഏതെന്ന് ഉറപ്പുവരുത്തണം.
ബിരുദ വിദ്യാർഥികൾക്ക് പരിഗണിക്കാവുന്ന രണ്ട് വർഷ എംബിഎ പ്രവേശനത്തിനുള്ള പ്രധാന പ്രവേശന പരീക്ഷകളെ പരിചയപ്പെടാം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റുകൾ പരിശോധിക്കേണ്ടതാണ്.
കോമണ്‍ അഡ്മിഷന്
ടെസ്റ്റ് (CAT)
മാനേജ്മെന്റ് പഠനമേഖലയിൽ രാജ്യത്തെ അഭിമാനാർഹമായ സ്ഥാപനങ്ങളായ ഐഐഎമ്മു (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) കളിലെ പോസ്റ്റ് ഗ്രാജുവേറ്റ്,
ഫെല്ലോ, ഡോക്ടറേറ്റ് തല മാനേജ്മെന്റ് പ്രോഗ്രാമുകളുടെ പ്രവേശനപരീക്ഷയാണ് കാറ്റ് (CAT).
ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കു പുറമെ സിഎ/സിഎസ്/സിഎംഎ/എഫ്ഐഎഐ തുടങ്ങിയ പ്രൊഫഷണൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
അഹ്മദാബാദ്, അമൃത്സർ, ബംഗളൂരു, ബോധ്ഗയ, കൽക്കത്ത, ഇൻഡോർ, ജമ്മു, കാശിപൂർ, കോഴിക്കോട്, മുംബൈ, ലഖ്നൗ, നാഗ്പൂർ, റായ്പൂർ, റാഞ്ചി, രോഹ്തക്, സമ്പൽപൂർ, ഷില്ലോംഗ്, സിർമോർ, തിരുച്ചിറപ്പള്ളി, ഉദയ്പൂർ, വിശാഖപട്ടണം എന്നീ 21 ഐഐഎമ്മുകളിലെയും പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (പിജിപി)/എംബിഎ പ്രവേശനം കാറ്റ് സ്കോർ പരിഗണിച്ചാണ്. കൂടാതെ നിരവധി ഇതര മാനേജ്മെന്റ് സ്ഥാപനങ്ങളിലേക്കും ‘കാറ്റ്’ സ്കോർ പരിഗണിക്കുന്നുണ്ട്.
‘കാറ്റ്’ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. വെർബൽ എബിലിറ്റി ആന്റ് റീഡിങ് കോംപ്രിഹെൻഷൻ, ഡാറ്റാ ഇന്റർപ്രറ്റേഷൻ ആന്റ് ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നീ വിഭാഗങ്ങളിൽ നിന്ന് ചോദ്യങ്ങളുണ്ടാകും. പ്രത്യേക സിലബസില്ല. നവംബർ 14നാണ് ഈ വർഷത്തെ പരീക്ഷ. സപ്തംബർ 13 വരെ അപേക്ഷിക്കാം.
വെബ്സൈറ്റ്: www.iimcat.ac.in
കോമണ്‍ മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (CMAT)
എഐസിടിഇ അഫിലിയേഷൻ ഉള്ളതടക്കം രാജ്യത്തെ ആയിരത്തിലേറെ മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ എംബിഎ/പിജിഡിഎം പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) നടത്തുന്ന പൊതു പ്രവേശന പരീക്ഷ.
വെബ്സൈറ്റ്: cmat.nta.nic.in
മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (MAT)
വിവിധ സ്വകാര്യ/സ്വാശ്രയ മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ എംബിഎ, അനുബന്ധ മാനേജ്മെന്റ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓള് ഇന്ത്യാ മാനേജ്മെന്റ് അസോസിയേഷന് (AIMA) നടത്തുന്ന അഭിരുചി പരീക്ഷ.
വെബ്സൈറ്റ്: mat.aima.in
കേരള മാനേജ്മെന്റ്
ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KMAT)
കേരളത്തിലെ വിവിധ മാനേജ്മെന്റ് സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള പരീക്ഷയാണ് കെമാറ്റ്. കേരള എന്‍ട്രന്‍സ് കമ്മീഷണറാണ് പരീക്ഷ നടത്തുന്നത്.
വെബ്സൈറ്റ്: www.cee.kerala.gov.in.
സേവിയര്‍ അഡ്മിഷൻ
ടെസ്റ്റ് (XAT)
ജംഷഡ്പൂരിലെ XLRI (സേവിയര്‍ സ്കൂള്‍ ഓഫ് മാനേജ്മെന്റ്) നടത്തുന്ന മാനേജ്മെന്റ് പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷ. അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന ഈ പരീക്ഷയുടെ സ്കോര്‍ രാജ്യത്തെ വിവിധ മാനേജ്മെന്റ് സ്ഥാപനങ്ങളുടെ പ്രവേശനത്തിനായി പരിഗണിക്കാറുണ്ട്. 2025 ജനുവരി 5നാണ് പരീക്ഷ. നവംബർ 30 വരെ അപേക്ഷിക്കാം.
വെബ്സൈറ്റ്: xatonline.in
അസോസിയേഷന് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് സ്കൂള്‍സ് (AIMS), ടെസ്റ്റ് ഫോർ മാനേജ്മെന്റ് അഡ്മിഷൻസ് (ATMA), മാനേജ്മെന്റ് അടക്കം വിവിധ പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി അസോസിയേഷന് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് സ്കൂള്‍സ് (AIMS) രാജ്യാന്തര തലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷ. രാജ്യത്തെ വിവിധ മാനേജ്മെന്റ് സ്ഥാപനങ്ങൾ പ്രവേശനത്തിനായി ‘ആത്മ’ സ്കോര്‍ പരിഗണിക്കാറുണ്ട്. വെബ്സൈറ്റ്: www.atmaaims.com.
ഗ്രാജ്വേറ്റ് മാനേജ്മെന്റ് അഡ്മിഷന് ടെസ്റ്റ് (GMAT)
രാജ്യാന്തരതലത്തില്‍ മാനേജ്മെന്റ് പഠനത്തിനുള്ള യോഗ്യതാ പരീക്ഷയാണ് ‘ജിമാറ്റ്.’ അമേരിക്കയിലെ ഗ്രാജ്വേറ്റ് മാനേജ്മെന്റ് അഡ്മിഷന് കൗണ്‍സില്‍ (GMAC) ആണ് പരീക്ഷ നടത്തുന്നത്. ഇന്ത്യയിലെ വിവിധ മാനേജ്മെന്റ് സ്ഥാപനങ്ങളുടെ പ്രവേശനത്തിനും ‘ജിമാറ്റ്’ സ്കോർ പരിഗണിക്കാറുണ്ട്.
വെബ്സൈറ്റ്: www.mba.com.
ചില വിദേശ ബിസിനസ് സ്കൂളുകൾ ഗ്രാജ്വേറ്റ് റെക്കോഡ് എക്സാമിനേഷൻസ് (ജിആർഇ) സ്കോറും മാനേജ്മെന്റ് പ്രവേശനത്തിന് പരിഗണിക്കാറുണ്ട്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ട്രേഡി (IIFT)െന്റ വിവിധ കാമ്പസുകളിലുള്ള എംബിഎ (ഇന്റര്‍നാഷണല്‍ ബിസിനസ്) പ്രോഗ്രാമിനുള്ള പ്രവേശന പരീക്ഷ (iift.nta.nic.in), പൂനെയിലെ സിംബയോസിസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയിലെ വിവിധ മാനേജ്മെന്റ് പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയായ SNAP (www.snaptest.org), സ്വകാര്യ മേഖലയിലെ വിവിധ ബിസിനസ് സ്കൂളുകൾ പരിഗണിക്കുന്ന ഗ്രാജ്വേറ്റ് മാനേജ്മെന്റ് അഡ്മിഷൻ കൗൺസിൽ (GMAC) നടത്തുന്ന NMAT (www.gmac.com) തുടങ്ങി നിരവധി പ്രവേശന പരീക്ഷകളും നിലവിലുണ്ട്. .