LoginRegister

മഴക്കാലത്തെ ആരോഗ്യപ്രശ്‌നങ്ങള്‍

ഡോ. ടി ഗീത

Feed Back


മഴ മനസ്സിനെയും ഭൂമിയെയും ഒരുപോലെ തണുപ്പിക്കും. പക്ഷേ, പെട്ടെന്നു പെയ്യുന്ന മഴയും അതിനോടനുബന്ധിച്ചുള്ള കാലാവസ്ഥാ വ്യത്യാസങ്ങളും തീര്‍ത്തും കരുതിയിരിക്കേണ്ടതാണ്.
മഴക്കാലമെന്നല്ല, ഓരോ കാലാവസ്ഥാ മാറ്റവും ശാരീരികമായും മാനസികമായും ഓരോ മനുഷ്യനിലും ഒരുപാട് വ്യതിയാനങ്ങളുണ്ടാക്കും. വര്‍ഷം അഥവാ മണ്‍സൂണ്‍ ശരീരത്തിന്റെ അപചയ പ്രക്രിയകളുടെ വേഗം കുറയ്ക്കുന്നതിനാല്‍ ഈ സമയത്ത് ആരോഗ്യകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം.
ശ്രദ്ധിക്കേണ്ടവ
ശിരസ്സു മുതല്‍ പാദം വരെ ഏറെ ശ്രദ്ധ നല്‍കേണ്ട ഒരു കാലമാണിത്. മുടികൊഴിച്ചില്‍ മുതല്‍ നഖങ്ങളിലുണ്ടാകുന്ന അണുബാധകള്‍ വരെ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണരീതികള്‍ ശീലിക്കണം. ദാഹം കുറവാണെങ്കില്‍ നേര്‍ത്ത കഞ്ഞിവെള്ളം, സൂപ്പുകള്‍, നാരങ്ങാവെള്ളം എന്നിവ ഇടക്കിടെ കുടിച്ച് നിര്‍ജലീകരണം തടയേണ്ടതാണ്. പഴകിയതും വൃത്തിഹീനവുമായ സാഹചര്യങ്ങളില്‍ നിന്നുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണം. പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ നിരവധി തവണ കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. ദഹിക്കാന്‍ വിഷമമുള്ള ഭക്ഷണങ്ങള്‍ നിരന്തരം കഴിക്കുന്നത് ഒഴിവാക്കുക.
പാദരക്ഷകള്‍ വൃത്തിയുള്ളതായിരിക്കാന്‍ ശ്രദ്ധിക്കുക. പുറത്തു പോയിവന്നാല്‍ ഇളംചൂടുള്ള വെള്ളത്തില്‍ കാലും കൈകളും കഴുകി തുടയ്ക്കാന്‍ ശ്രദ്ധിക്കുക. ചെറിയ ചൂടുവെള്ളത്തിലുള്ള കുളി രക്തചംക്രമണം കൂട്ടാന്‍ സഹായിക്കും. ആഴ്ചയില്‍ ഒരിക്കലെങ്കിലും എണ്ണയോ തൈലങ്ങളോ തേച്ചുള്ള ചെറുചൂടുവെള്ളത്തിലെ കുളി പേശികളെ ബലപ്പെടുത്തും. കുളി കഴിഞ്ഞാല്‍ മുടി നന്നായി തോര്‍ത്തി ഉണക്കി സൂക്ഷിക്കുന്നത് മുടിക്കായ, മുടികൊഴിച്ചില്‍, താരന്‍ എന്നിവ തടയും. നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതും രോഗങ്ങളെ ക്ഷണിച്ചുവരുത്തും. പുറത്തുപോയി വന്ന ഉടനെ ഏതെങ്കിലും അണുനാശിനികള്‍ ചേര്‍ത്ത ചെറുചൂടുവെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്.
സ്വതവേ അലസത കൂടുന്ന സമയമാണ് മഴക്കാലം. ശരീരത്തിന് ഈ സമയത്തും മതിയായ വ്യായാമം നല്‍കുന്നതില്‍ ശ്രദ്ധ വേണം. വൃത്തിയുള്ള, ശാന്തമായ സാഹചര്യത്തില്‍ മതിയായ ഉറക്കവും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
പ്രാണികള്‍ മൂലം പകരുന്ന രോഗങ്ങള്‍ കൂടുന്ന സമയം കൂടിയാണ് വര്‍ഷകാലം. ഈച്ചകള്‍ മൂലവും കൊതുകുജന്യ രോഗങ്ങളും തടയാന്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളണം. രോഗികളുമായുള്ള നേരിട്ടും നിരന്തരവുമായ സമ്പര്‍ക്കങ്ങള്‍ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ഒഴിവാക്കുന്നതാണ് നല്ലത്. പൊതുവെ രോഗപ്രതിരോധശേഷി കുറഞ്ഞ സമയം കൂടിയാണ് വര്‍ഷകാലം.
രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗപ്രതിരോധമാണെന്ന് നമുക്കെല്ലാം അറിയാം. എങ്ങനെ പ്രതിരോധിക്കാന്‍ ശ്രമിച്ചാലും രോഗങ്ങള്‍ ഇടയ്‌ക്കെങ്കിലും നമ്മെ ആക്രമിക്കാതിരിക്കില്ല.
ജലദോഷം, കഫക്കെട്ട്, പല തരം വൈറല്‍ പനികള്‍ എന്നിവയാണ് വര്‍ഷകാലത്ത് കണ്ടുവരുന്ന പ്രധാന രോഗാവസ്ഥകള്‍. നേരിയ പനി, ദേഹാസ്വാസ്ഥ്യം, സന്ധിവേദനകള്‍, വിശപ്പില്ലായ്മ, അരുചി, കഫത്തോടെയോ അല്ലാതെയോ ഉള്ള ചുമ, തലവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇതെല്ലാം 5-7 ദിവസത്തിനുള്ളില്‍ സ്വയം ശമിക്കുന്ന ലക്ഷണങ്ങള്‍ ആണെന്നാണ് വെപ്പ്. (ഒരു പറച്ചില്‍ തന്നെയുണ്ടല്ലോ, ജലദോഷം മരുന്നു കഴിച്ചാല്‍ 7 ദിവസം കൊണ്ടും അല്ലെങ്കില്‍ ഒരാഴ്ച കൊണ്ടും മാറുമെന്ന്). പക്ഷേ, നമുക്ക് അജ്ഞാതമായ നിരവധി ശ്വാസജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ എല്ലാ പനികളും സാധാരണ ജലദോഷപ്പനിയായി തള്ളിക്കളയാതിരിക്കുന്നതാണ് നല്ലത്. നിര്‍ജലീകരണം ഒഴിവാക്കുക, ആവി പിടിക്കുക എന്നതു കൂടാതെ ഡോക്ടറുടെ ഉപദേശാനുസരണം മരുന്നുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
വയറിളക്ക രോഗങ്ങളാണ് മഴക്കാലത്ത് നമ്മെ ആക്രമിക്കുന്ന മറ്റൊരു വില്ലന്‍. സാധാരണ വയറിളക്കം മുതല്‍ കോളറ, ടൈഫോയ്ഡ് വരെ ഈ കാലാവസ്ഥയില്‍ സാധാരണമാണ്. നിര്‍ജലീകരണം ഒഴിവാക്കുന്നതിനാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. അനുബന്ധ ലക്ഷണങ്ങള്‍ക്ക് അനുസൃതമായി രോഗചികിത്സയും നടത്തേണ്ടതാണ്. ജന്തുക്കള്‍ വഴി പകരുന്ന ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി തുടങ്ങിയവും വര്‍ഷകാലത്താണ് കൂടുതല്‍ കണ്ടുവരുന്നത്. അതോടൊപ്പം തന്നെ ഓരോ വര്‍ഷത്തിലും ഇനിയും പേരിടാത്ത പല രോഗങ്ങളും പ്രത്യക്ഷപ്പെടുന്നതായി കണ്ടുവരുന്നു. അതുകൊണ്ടുതന്നെ നേരിയതാണെങ്കില്‍ പോലും ഒരു ലക്ഷണത്തെയും നിസ്സാരവത്കരിക്കാതെ വിദഗ്‌ധോപദേശം തേടേണ്ടതാണ്.
രോഗപ്രതിരോധത്തില്‍ ഹോമിയോപതി മരുന്നുകള്‍ക്കുള്ള പ്രാധാന്യം ശ്രദ്ധേയമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ഏകോപിപ്പിക്കാനും സര്‍ക്കാര്‍ തണലില്‍ തന്നെ രൂപീകൃതമായ പ്രതിരോധ സെല്‍ ‘റീച്ച്’ ഹോമിയോപതിക്കുണ്ട്. നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്ത എല്ലാ ഹോമിയോപതി ഡോക്ടര്‍മാരും ഈ സംഘടനയിലുണ്ട്. ഒരു സ്ഥലത്ത് പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ അത് ജില്ലാ സെല്ലിന്റെയും തുടര്‍ന്ന് സംസ്ഥാന സെല്ലിന്റെയും ശ്രദ്ധയില്‍ പെടുത്തുകയും അതുവഴി അനുയോജ്യമായ മരുന്നുകളും അനുബന്ധമായ മറ്റു കാര്യങ്ങളും ഈ പ്രദേശങ്ങളില്‍ ത്വരിതഗതിയില്‍ പ്രാവര്‍ത്തികമാക്കാനും ‘റീച്ചി’ന് കഴിയുന്നുണ്ട്.
രോഗാവസ്ഥകളെ പൊരുതി തോല്‍പിച്ച് ഇനിയുള്ള വര്‍ഷകാലങ്ങളെ ഭീതിയില്ലാതെ നമുക്ക് വരവേല്‍ക്കാം. .
(കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയിലെ സൂപ്രണ്ട് ഇന്‍ചാര്‍ജ് ആണ് ലേഖിക.)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top