ഒരു ലോണെടുക്കാന്‍ മാസങ്ങളോളം നടന്ന് കാലു കുഴഞ്ഞ ആ കാലം ഇപ്പോള്‍ ഓര്‍മയാണ്. വീടുവെക്കാനും മക്കളുടെ പഠനത്തിനും മറ്റും ലോണ്‍ എടുക്കാനായി പ്രമാണങ്ങള്‍ ശരിയാക്കി മടുത്തവരാണ് അധികവും. എന്നാല്‍ ഇന്ന് ആ കഥയൊക്കെ ഓര്‍മ മാത്രമാണ്. ഇന്ന് ലോണ്‍ എന്നത് വന്ന് വന്ന് പേഴ്സണലായിരിക്കുന്നു. ആരും അറിയാതെ ആവശ്യത്തിനും അനാവശ്യത്തിനും വായ്പ സുലഭമാണ്. മൊബൈല്‍ ആപ്പുകള്‍ വിരിക്കുന്ന ലോണ്‍ കെണിയില്‍ പെട്ട് സമ്പത്തും മാനവും പോയവര്‍ ഏറെയാണ്. ലോണ്‍ ആപ്പ് കെണിയില്‍ കുടുങ്ങി കുടുംബമടക്കം ആത്മഹത്യ ചെയ്ത വാര്‍ത്തയും നമ്മള്‍ കേട്ടു.
ലോണ്‍ എടുക്കാനുള്ള പ്രയാസങ്ങള്‍ ലഘൂകരിച്ച് മൊബൈല്‍ ആപ്പുകള്‍ വഴി വരെ നിമിഷ നേരം കൊണ്ട് ലോണ്‍ കയ്യിലെത്തുന്ന അവസ്ഥയായി. ആവശ്യങ്ങള്‍ എന്തുമാകട്ടെ വായ്പ റെഡിയെന്ന പരസ്യവാചകത്തില്‍ മയങ്ങുകയാണ് മലയാളി ഇന്ന്.
വ്യക്തിഗത വിവരങ്ങളായ ആധാര്‍, പാന്‍കാര്‍ഡ്, എന്നിവയും മൊബൈല്‍ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള വിവരങ്ങളും വ്യാപകമായി ലഭ്യമായതോടെയാണ് അവ ഉപയോഗിച്ച് തട്ടിപ്പുകളും ആരംഭിച്ചത്. മൊബൈല്‍ ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ അയാളുടെ വ്യക്തിവിവരങ്ങള്‍ ആപ്പുകളുടെ കയ്യിലെത്തുന്നു. മൊബൈല്‍ ഫോണ്‍ നമ്പര്‍ ബാങ്കുമായും ആധാറുമായും മറ്റു രേഖകളുമായും ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ വിവരങ്ങളും ആപ്പുകളിലൂടെ മറുതലക്കലെത്തുന്നു. ഇങ്ങനെ ലഭിക്കുന്ന ലക്ഷക്കണക്കിന് വിവരങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തുന്നവരുമുണ്ട്. സൗജന്യമായി ലഭിക്കുന്ന വ്യക്തിവിവരങ്ങള്‍ ലക്ഷങ്ങള്‍ക്കാണ് വില്‍ക്കുന്നത്.
വേഗം ലഭിക്കും എന്നു മാത്രമല്ല ആരും അറിയില്ല എന്നതും ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള വായ്പ എടുക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. ഓണ്‍ലൈന്‍ ഷോപ്പിങിനും പണമായി ലഭിക്കാനും വായ്പയെടുക്കുന്നു. ഓണ്‍ലൈനില്‍ ചീട്ടുകളിക്കാനും പന്തയം വെക്കാനും ഗെയിമുകളില്‍ മുടക്കാനും പേഴ്സണല്‍ ലോണ്‍ എടുക്കുന്നവരുണ്ട്. ഇത് ആളുകളുടെ സാമ്പത്തിക അച്ചടക്കത്തെയാണ് തകിടം മറിക്കുന്നത്. ഉള്ളത് കൊണ്ട് കഴിയണമെന്ന തത്വം മറികടക്കുന്നതിനാല്‍ വലിയ സാമ്പത്തിക ബാധ്യതയാണ് ഓരോ വായ്പയും ഉണ്ടാക്കുന്നത്.
ആദ്യം ഭീഷണി
പിന്നെ അപമാനം
മൊബൈല്‍ഫോണില്‍ വായ്പ തരാം എന്ന മെസേജ് വരുന്നതാണ് ആദ്യഘട്ടം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താന്‍ ആപ്പ് ഡൗണ്‍ലോഡ് ആവും. വ്യക്തിവിവരങ്ങള്‍ നല്‍കിക്കഴിയുമ്പോള്‍ മാത്രമാണ് നിയമവും നിബന്ധനയും വരുന്നത്. അതും കടന്നാണ് പലിശയും മറ്റു ചെലവുകളും കാണിക്കുക. ലോണ്‍ എടുക്കുന്നതോടെ ഫോണിലുള്ള കോണ്‍ടാക്റ്റ് നമ്പറുകള്‍ മുഴുവന്‍ അവര്‍ ചോര്‍ത്തും. ലോണ്‍ അടവ് മുടങ്ങുമ്പോള്‍ അവന്‍ ഈ നമ്പറുകളില്‍ വിളിച്ചാണ് വായ്പാ വിവരം പരസ്യപ്പെടുത്തുന്നത്. ആരെയും അറിയിക്കാതെ എടുത്ത ലോണ്‍ വിവരം ഇതോടെ പരസ്യമാവും. ഇത് പലര്‍ക്കും താങ്ങാവുന്നതിലധികമാണ്. മാത്രമല്ല ബന്ധുക്കള്‍, മക്കളുടെ അധ്യാപകര്‍, സഹ ജോലിക്കാര്‍ എന്നിവരെ വിളിച്ച് ശല്യപ്പെടുത്തുകയും നിങ്ങളുടെ പേരു പറഞ്ഞാണ് ലോണ്‍ എടുത്തതെന്ന് വിശ്വസിപ്പിക്കുകയും ചെയ്യും. ജാമ്യക്കാര്‍ എന്ന നിലയില്‍ സഹായിക്കണമെന്ന് സമ്മര്‍ദം ചെലുത്തും. ഇത് വായ്പയെടുത്തവന്റെ കുടുംബ സാമൂഹിക ജീവിതത്തെ ബാധിക്കുന്നു. മാത്രമല്ല വ്യായ്പ എടുത്താല്‍ പകുതി പണം പോലും കിട്ടില്ല എന്നതാണ് സത്യം. 10000 രൂപക്ക് 6800 രൂപയാണ് ആപ്പിലുടെ കിട്ടുക. പ്രൊസസിങ് ഫീസിന്റെയും ഇന്‍ഷൂറന്‍സ്, ഡോക്യുമെന്റ് ചാര്‍ജ് എന്നിങ്ങനെയും പണം പിടുങ്ങും. തിരിച്ചടവാകട്ടെ മുതല്‍ കഴിഞ്ഞാലും അടക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. മാത്രമല്ല അടവ് തീര്‍ന്നതിന്റെ രേഖ നല്‍കുകയുമില്ല.
ഞൊടിയിടയില്‍ വായ്പ;
അടച്ചിട്ടും തീരാത്ത കെണി
പേഴ്സണല്‍ ലോണ്‍ അഥവാ വ്യക്തിഗത വായ്പയെന്നത് അടുത്ത കാലം വരെ സാധാരണക്കാര്‍ക്ക് അന്യമായിരുന്നു. ജോലിയോ സ്ഥിരമായ സാമ്പത്തിക വരുമാനമോ ആസ്തിയോ ഉള്ളവര്‍ക്ക് മാത്രമേ ബാങ്കുകളില്‍ നിന്ന് പേഴ്സണല്‍ ലോണ്‍ ലഭിച്ചിരുന്നുള്ളൂ. അതിനുതന്നെ സാധാരണയില്‍ കവിഞ്ഞ പലിശയും ഈടാക്കിയിരുന്നു. പ്രമാണം ശരിയാക്കാനുള്ള പ്രയാസം വേറെയും.
വ്യക്തിവിവരങ്ങളുടെ അടിസ്ഥാനത്തില്‍ വായ്പ അനുവദിക്കാന്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാണ് ആദ്യം മുന്നോട്ടുവന്നത്. സിബില്‍ സ്‌കോര്‍ പ്രകാരം വായ്പ അനുവദിക്കാന്‍ ആദ്യം രേഖകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ അതില്ല. ആധാര്‍, പാന്‍ കാര്‍ഡുകളുടെ വെരിഫിക്കേഷനാണ് പ്രധാനമായും നടക്കുന്നത്. വലിയ ലോണ്‍ തുക എടുക്കുന്നവരെ കുറിച്ച് സ്വകാര്യ ഏജന്‍സികളെ വെച്ച് അന്വേഷണം നടത്തുന്നത് ഇപ്പോഴുമുണ്ട്.
കൊല്ലുന്ന പലിശയാണ് പേഴ്സണല്‍ ലോണിന് ഈടാക്കുന്നത്. മുന്‍നിര ബാങ്കുകള്‍ 12 ശതമാനത്തില്‍ തുടങ്ങി 16 ശതമാനം പലിശക്കാണ് വായ്പ അനുവദിക്കുന്നത്. 18, 22, 26, 38, 44 ശതമാനം വരെ പലിശ ഈടാക്കുന്നവരാണ് ആപ്പുകളും സ്വകാര്യബാങ്കുകാരും. നിശ്ചയിച്ച അടവില്‍ മാറ്റം വരുമ്പോള്‍ പലിശ നിരക്ക് ഇരട്ടിയാവും. വായ്പയുടെ അടവ് കാലാവധി ഏഴു ദിവസം മുതല്‍ തുടങ്ങും. ലോണുകള്‍ പുനര്‍ നിശ്ചയിക്കുന്നതിന്റെ പേരില്‍ അനന്തമായി നീട്ടുന്നതാണ് ഒരു ചതിക്കുഴി. വ്യക്തമായ വിവരങ്ങള്‍ ആപ്പിലൂടെ കൈമാറാതെയാണ് ഈ ചതി. ഇതിനാല്‍ അടച്ച തുകയെ കുറിച്ചോ ഇനി അടക്കാനുള്ള തുകയെ കുറിച്ചോ ഇടപാടുകാരന് ധാരണയുണ്ടാവില്ല. സ്ഥിരവരുമാനം ഇല്ലാത്തവരാണ് പേഴ്സണല്‍ ലോണില്‍ അകപ്പെടുക. കൃത്യമായ തിരിച്ചടവ് മുടങ്ങുമ്പോള്‍ അതിനുള്ള പിഴ കമ്പനി കൂട്ടിയിടുമെങ്കിലും അത് പരിശോധിക്കാതെ അടവു തുടരുന്നവര്‍ക്കാണ് പണി കിട്ടുക.
മൊബൈലില്‍ മെസേജ് ആയാണ് വായ്പയുടെ ഓഫര്‍ ലഭിക്കുക. റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തോടെയല്ല ഇവയില്‍ ഭൂരിപക്ഷവും പ്രവര്‍ത്തിക്കുന്നത്. മുടക്കുന്ന മുതലും അതിന്റെ മൂന്നിരട്ടിയും കിട്ടിയാലും ഭീഷണിപ്പെടുത്തിയും ശല്യപ്പെടുത്തിയും പണം കൈക്കലാക്കുന്നവരാണ് മൊബൈല്‍ ആപ്പുകാര്‍. കേന്ദ്ര സര്‍ക്കാറിന്റെ ആദ്യഘട്ട പരിശോധനയില്‍ 234 ലോണ്‍ ആപ്പുകള്‍ തട്ടിപ്പെന്ന് കണ്ടെത്തി നിരോധിച്ചു. പട്ടികയില്‍ ഇനി 300 എണ്ണം കൂടി നടപടി കാത്തു കഴിയുന്നുണ്ട്.
ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ക്ക് പിന്നില്‍ ചൈനീസ് സംഘങ്ങളാണെന്ന വാര്‍ത്തയുണ്ടായിരുന്നു. ഇവര്‍ക്ക് കുട പിടിക്കുന്നത് ഉത്തരേന്ത്യന്‍ ഏജന്റുമാരാണ്. രാജ്യത്തിനു പുറത്തുനിന്നുള്ളവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പരിമിതികളുണ്ട്. ഇതിനകം സംസ്ഥാനത്ത് 1440 പേര്‍ ഓണ്‍ലൈന്‍ വായ്പാ ആപ്പ് തട്ടിപ്പുകള്‍ക്ക് ഇരയായി എന്നാണ് കണക്ക്. ഇതില്‍ 24 കേസില്‍ മാത്രമാണ് നടപടിയുണ്ടായത്. കെണിയില്‍ പെട്ടവരില്‍ പകുതിയും സ്ത്രീകളാണ് എന്നതിനാല്‍ പരാതിപ്പെടുന്നവരുടെ എണ്ണവും കുറവാണ്.
വായ്പയെടുക്കും മുമ്പ്
അത്യാവശ്യഘട്ടത്തില്‍ പേഴ്സണല്‍ വായ്പകള്‍ സഹായമാണ്. പെട്ടെന്നുള്ള ആവശ്യവും ശമ്പളവും മറ്റു വരുമാനവും വൈകുമ്പോളുള്ള ആശ്വാസമായിട്ടും വായ്പയെ കാണാം. പ്രമുഖ ബാങ്കുകള്‍ എല്ലാവരും അവരുടെ ഇടപാടുകാര്‍ക്ക് വ്യക്തിഗത വായ്പ നല്‍കാറുണ്ട്. പലിശ 14 ശതമാനവും അതിനു മുകളിലുമാണ്. വായ്പയായി ഒരോരുത്തര്‍ക്കും അര്‍ഹിച്ച തുക മാത്രമേ കിട്ടുകയുള്ളൂ. ഇത് അറിയാന്‍ ബാങ്കുകള്‍ക്ക് ആപ്പ് ഉണ്ട്. അതില്‍ മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ വായ്പാ പരിധിയും മറ്റു വിവരങ്ങളും അറിയാം. അടുത്തിടെ പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളെല്ലാം പേഴ്സണല്‍ ലോണ്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, ഗൂഗില്‍പേ, ഫോണ്‍പേ എന്നിവരൊക്കെ അവരുടെ ഇടപാടുകാര്‍ക്ക് ലോണ്‍ നല്‍കുന്നുണ്ട്. ബജാജ് ഫിന്‍സര്‍വ് നല്‍കുന്ന കാര്‍ഡ് വഴി വായ്പ എടുക്കാം. എടുക്കുന്നവര്‍ അതിനെ കുറിച്ച് ബോധവാന്‍മാരാകുകയും നിബന്ധനങ്ങള്‍ പാലിക്കാന്‍ തയ്യാറാവുകയും ചെയ്താന്‍ ദു:ഖിക്കേണ്ടി വരില്ല. ലാഘവത്തോടെ കാണുന്നവര്‍ക്ക് ഇത് കെണിയാണ്. ഒരു അടവ് തെറ്റുമ്പോള്‍ തന്നെ അതിനുള്ള പിഴയായി മാത്രം 750 മുതല്‍ 1400 രൂപ വരെ ഈടാക്കുന്നവരുണ്ട്. മാത്രമല്ല പലിശയുടെ നിരക്ക് ഇരട്ടിയായി മാറുകയും ചെയ്യും. മറ്റൊരു ചതിക്കുഴി ബാക്കിയുള്ള തുക ഒന്നിച്ച് അടക്കാന്‍ പറ്റില്ല എന്നതാണ്. ആപ്പുകള്‍ വഴിയുള്ള ലോണുകളില്‍ തിരിച്ചടവിന്റെ എണ്ണം പാലിക്കണമെന്നാണ് അവരുടെ ന്യായം. അടവ് തീര്‍ക്കുന്നവരോട് കൊള്ളക്കണക്കിനാണ് പലിശ ഈടാക്കുന്നത്.
ബദല്‍ സംവിധാനങ്ങള്‍
ആരൊരുക്കും?
മറ്റൊരു നിര്‍വാഹമില്ലാതെ വരുമ്പോള്‍ ലോണെടുക്കാന്‍ നിര്‍ബന്ധിതരാവുന്ന പാവപ്പെട്ട മനുഷ്യരുണ്ട്. അവര്‍ പ്രതിസന്ധിഘട്ടത്തില്‍ മറ്റൊന്നും ആലോചിക്കാതെ കിട്ടുന്നിടത്ത് നിന്ന് വായ്പയെടുക്കുന്നത് പലപ്പോഴും കെണിയായി മാറാറുണ്ട്. മുന്‍കാലങ്ങളില്‍ അത്യാവശ്യത്തിന് കൈവായ്പ കിട്ടുന്ന സാമൂഹിക ചുറ്റുപാട് ഉണ്ടായിരുന്നു. ഇന്ന് കടം കൊടുക്കാന്‍ പലര്‍ക്കും മടിയാണ്. കഷ്ടപ്പെടുന്നവര്‍ക്ക് മറ്റു ബദല്‍ സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയുള്ള തട്ടിപ്പുകളിലൊക്കെ അകപ്പെടുന്നത്. സമൂഹത്തിനും അതില്‍ ഉത്തരവാദിത്തമുണ്ട്. പ്രാദേശികമായി പലിശ രഹിത വായ്പാ സംവിധാനങ്ങളുണ്ടെങ്കില്‍ ഇത്തരക്കാര്‍ക്ക് അത് ഗുണകരമാവും. മഹല്ല് കമ്മിറ്റികളും പ്രാദേശിക കൂട്ടായ്മകളും അത്തരം സംവിധാനങ്ങള്‍ ഒരുക്കാന്‍ തയ്യാറായാല്‍ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കുന്ന ആത്മഹത്യകള്‍ ഒരു പരിധി വരെ തടയാനാവും.