LoginRegister

മനസ്സൊരുക്കാം പുണ്യനാളുകള്‍ക്കായ്

ആയിശ സി ടി

Feed Back


വീണ്ടും റമദാനിനെ സ്വീകരിക്കാന്‍ വിശ്വാസികള്‍ ഒരുങ്ങുകയാണ്. ഇനിയും ജീവിതത്തില്‍ ഒരുപാട് റമദാനുകള്‍ കടന്നുവരാനുള്ള ആശയോടെയും പ്രാര്‍ഥനയോടെയുമാണ് ഓരോ വര്‍ഷവും റമദാനിനെ നാം യാത്രയാക്കുന്നത്. പുണ്യങ്ങളേറെ നേടാനുള്ള അനുഗൃഹീത ദിനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ അനുകൂലമായി സാക്ഷി പറയാനുണ്ടാവുക എന്നതാണ് വിശ്വാസിയുടെ ജീവിതത്തിലെ മഹാഭാഗ്യം. അതിനായി ഏത് വേനലിലും വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും വ്രതമനുഷ്ഠിക്കാന്‍ വിശ്വാസി കാത്തിരിക്കും. പാപങ്ങളെ കരിച്ചുകളയാനും സ്വര്‍ഗത്തിലേക്ക് അടുപ്പിക്കാനുമുള്ള വഴികളെ ഒരുപാട് ഇഷ്ടത്തോടെ പുണരാനായി വിശ്വാസി സമൂഹം അനുഗൃഹീത മാസത്തെ വരവേല്‍ക്കുകയാണ്.
വ്രതം മനുഷ്യന്റെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ ശുദ്ധീകരിക്കുന്നു. വ്രതകാലത്തെ ചിന്തകള്‍ പോലും എത്ര സുന്ദരമാണ്. നിഷ്‌കളങ്കമാണ്. അന്നപാനീയങ്ങളില്‍ നിന്നകന്ന് മണിക്കൂറുകള്‍ കഴിച്ചുകൂട്ടുമ്പോള്‍ ആഗ്രഹങ്ങളെയും വികാരങ്ങളെയും നിയന്ത്രിച്ച് ദേഹേച്ഛകളോട് സമരം ചെയ്യുകയാണ് വിശ്വാസി. എന്തും ത്യജിക്കാനും ദൈവമാര്‍ഗത്തില്‍ മുന്നേറാനും തനിക്കു സാധിക്കുമെന്ന് ഓരോ വിശ്വാസിയും പ്രഖ്യാപിക്കുകയാണ്. പതറിപ്പോകാത്ത മനസ്സും തളര്‍ച്ചയില്ലാത്ത ശരീരവും വ്രതം വിശ്വാസിയില്‍ നിര്‍മിച്ചെടുക്കുന്നു. തന്റെ മുന്നില്‍ ജീവിതത്തിന്റെ എല്ലാ ആസ്വാദനങ്ങളും നിറഞ്ഞുനില്‍ക്കെ തന്നെ അതിനോടെല്ലാം, താന്‍ പ്രവേശിച്ചിരിക്കുന്ന വ്രതമാകുന്ന പരിശീലനക്കളരിയെക്കുറിച്ച് മന്ത്രിക്കുന്ന, വിശ്വാസിക്ക് വ്രതനാളുകള്‍ അനുഗൃഹീത നാളുകളായി കാണുന്ന ഭയഭക്തന് കാരുണ്യവാന്‍ സ്വര്‍ഗമല്ലാതെന്തു പകരം നല്‍കും!
റമദാന്‍ ആഗതമാകുന്നതിനു മുമ്പുതന്നെ ഓരോ വിശ്വാസിയും റമദാനിനായി ഒരുങ്ങുന്നു. നോറ്റു വീട്ടാന്‍ ബാക്കിയായ നോമ്പുകള്‍ വീട്ടിയും മുദ്ദ് നല്‍കിയും തയ്യാറാവുകയാണ്. വരും വ്രതനാളുകള്‍ ആരോഗ്യത്തോടെ സ്വന്തമാക്കാനുള്ള പ്രാര്‍ഥനയിലാണ് ഓരോരുത്തരും. പരിശുദ്ധമായ അതിഥി എത്തുമ്പോള്‍ വൃത്തിയുള്ള ഭവനങ്ങളും പരിസരങ്ങളും സ്വാഗതമോതാനായി തയ്യാറെടുക്കുകയാണ്. എല്ലാറ്റിനുമുപരി വിശുദ്ധമായ മനസ്സോടെയാണ് വിശുദ്ധ റമദാനിനെ നാം കാത്തിരിക്കേണ്ടത്. മനസ്സിന്റെ നന്മയും വിശാലതയും കാത്തുസൂക്ഷിക്കുന്നതില്‍ വിശ്വാസിയെ ഒന്നാമതാക്കുന്നതില്‍ ഏറ്റവും പ്രയോജനപ്പെടുന്നു വ്രതാനുഷ്ഠാനം.
ഏത് ജീവിയോടും കനിവാര്‍ന്ന പെരുമാറ്റം ശീലിപ്പിക്കുന്നതില്‍ വ്രതത്തിന് നല്ല പങ്കുണ്ട്. വിശന്നിരിക്കുമ്പോള്‍ മറ്റുള്ളവരുടെ വിശപ്പും ദാഹവും ക്ഷീണവും നോവും ഉള്‍ക്കൊള്ളാനാകുന്നു. അതിനാല്‍ കഷ്ടത അനുഭവിക്കുന്നവരുടെ പ്രശ്നങ്ങള്‍ വളരെ പെട്ടെന്ന് ഉള്‍ക്കൊള്ളാനും ദാനധര്‍മങ്ങളില്‍ ഒട്ടും ലുബ്ധ് കാണിക്കാതെ നല്‍കാനുമുള്ള മനസ്സും സ്വന്തമാകുന്നു.
വ്രതം വെറുതെ അന്നപാനീയം ഉപേക്ഷിക്കലല്ല. മറിച്ച് മനുഷ്യനെ, മനുഷ്യത്വം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാനുള്ള തീവ്ര പരിശീലനക്കളരിയാണ്. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചുള്ള പരിശീലനത്തിന് അധികമാളുകളും താല്‍പര്യപ്പെടുകയില്ല. ആ പരിശീലനത്തിന് അചലഞ്ചലമായ ദൈവവിശ്വാസവും പ്രതിഫലേച്ഛയും വേണം. പരമകാരുണികന്‍ ഒന്ന് കല്‍പിച്ചാല്‍ അതില്‍ നന്മകളാണുണ്ടാവുക എന്ന ഉറച്ച വിശ്വാസത്തിലാണ് ഓരോ വിശ്വാസിയും വ്രതത്തെ സ്വീകരിക്കുന്നതും പുണ്യനാളുകളെ പ്രണയിക്കുന്നതും.
അഞ്ചു നേരത്തെ നമസ്‌കാരം ഓരോ ദിവസവും പാപങ്ങളില്‍ നിന്ന് വിശ്വാസിയെ ശുദ്ധീകരിച്ചെടുക്കുന്നു. വര്‍ഷം തോറുമുള്ള വ്രതാനുഷ്ഠാനം സമൂലമായി പരിവര്‍ത്തിപ്പിക്കുകയും മാലിന്യമൊട്ടും അവശേഷിക്കാത്ത വിധത്തില്‍ വിശ്വാസിയെ കഴുകിയെടുക്കുകയും ചെയ്യുന്നു. ഏതു പ്രതിസന്ധികളെയും അതിജീവിക്കാനുള്ള ത്യാഗോജ്ജ്വല മനസ്സും കരുത്തും വ്രതം പ്രദാനം ചെയ്യുന്നു.
പരിപാവനമായ നാളുകളില്‍ അന്നപാനീയം ഉപേക്ഷിച്ചാല്‍ മാത്രം സിദ്ധിക്കുന്നതല്ല പരലോക മോക്ഷം. വ്രതം ഒരു പരിചയാണ്. മോശമായതിനെയെല്ലാം തടുക്കുന്ന പരിച. അനാവശ്യ സംസാരം ഉപേക്ഷിക്കാത്തവന്റെ വ്രതം അല്ലാഹുവിന് സ്വീകാര്യമല്ലെന്ന് റസൂല്‍ (സ) വ്യക്തമാക്കുന്നു.
വിശ്വാസിയിലെ ഭക്തിയും സൂക്ഷ്മഭാവവും വര്‍ധിപ്പിക്കാനാണ് ‘മുമ്പുള്ള സമുദായങ്ങളില്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നോമ്പ് നിയമമാക്കപ്പെട്ടിരിക്കുന്നത്’ എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. വിശ്വാസി ഭയഭക്തിയുടെയും പ്രാര്‍ഥനയുടെയും പാരമ്യത്തിലേക്കെത്തുന്ന പൂക്കാലമാണ് റമദാന്‍. നോമ്പെടുത്തും ഖുര്‍ആന്‍ പാരായണം ചെയ്തും ദാനം നല്‍കിയും തറാവീഹിലും ഇഅ്തികാഫിലും പങ്കെടുത്തും മുഴുവന്‍ സമയവും അവനോട് തേടിക്കൊണ്ടിരിക്കുന്നു. നോമ്പിന്റെ പകല്‍ സമയം ലഭിക്കുന്ന ജീവിതത്തിലെ ശാന്തതയില്‍ ലോകം മുഴുവന്‍ മുങ്ങിക്കിടക്കും. രാത്രികളില്‍ ശാന്തഭാവം കൈവെടിഞ്ഞു ജീവിതത്തിന്റെ ഒച്ചയനക്കവും പ്രാര്‍ഥനകളുമായി ലോകമുണരുന്നു. എന്തൊരു സുന്ദരമായ കാഴ്ചയാണിത്! പകലിനെ ഇത്രത്തോളം ശാന്തതയണിയിക്കാന്‍ റമദാനിനല്ലാതെ പിന്നെയെന്തിനാണ് സാധിക്കുക!
സമാധാനത്തിന്റെ ദിനങ്ങള്‍ നമ്മിലേക്ക് വീണ്ടുമണയുമ്പോള്‍ അതിനെ പ്രാപിക്കാന്‍ നമ്മുടെ കൈയിലെന്താണുള്ളത്? വരവേല്‍ക്കാന്‍ യഥാര്‍ഥത്തില്‍ നാം ഒരുങ്ങിയോ? നല്ല ആരോഗ്യത്തോടെ റമദാനില്‍ പുണ്യങ്ങള്‍ വാരിക്കൂട്ടാന്‍ സര്‍വശക്തന്‍ കനിയട്ടെ.
വീടുകളില്‍ റമദാനിനു വേണ്ടിയുള്ള മനസ്സൊരുക്കമാണ് നടക്കേണ്ടത്. പക്ഷേ ഇന്ന് കാണുന്നത് റമദാന്‍ വരുന്നുണ്ടെന്ന് ആധിപിടിച്ച് വീടുകളില്‍ റമദാന്‍ സ്‌പെഷ്യല്‍ തയ്യാറാക്കാനുള്ള സാധനങ്ങള്‍ കുത്തിനിറയ്ക്കുന്നതാണ്. ജീവിതച്ചെലവ് കുറയാന്‍ സാധ്യതയുള്ളൊരു മാസത്തില്‍ ജീവിക്കാന്‍ വലിയ ചെലവുള്ള മാസമായി സമൂഹത്തില്‍ വിലയിരുത്തപ്പെടുന്നു. വീടും പരിസരവും പള്ളികളും എല്ലാം ഒരുങ്ങുന്നു. പുതുക്കിയെടുക്കുന്നു. ആരോഗ്യപരമായും സാമ്പത്തികമായും തയ്യാറെടുക്കുന്നു. പഠന ക്ലാസുകളും തിയ്യതികളും കുറിച്ചിട്ടുകഴിഞ്ഞു. ഇഫ്താര്‍ പാര്‍ട്ടികളും അതിലേക്കുള്ള തുകയും ചര്‍ച്ചയിലാണ്. പള്ളികളില്‍ തറാവീഹിനുള്ള നല്ല ഖാരിഉകളെ ഉറപ്പിച്ചുകഴിഞ്ഞു. ഭൗതികമപ്രിയപ്പെട്ട അതിഥിയെ മനസ്സകത്തേക്കാണ് നാം സ്വീകരിക്കേണ്ടത്. ഏറെ ഭയഭക്തിയോടെ ഹൃദയത്തിലേക്ക് എതിരേല്‍ക്കണം. വ്രതകാലത്ത് വേണ്ടതെല്ലാം തയ്യാറാക്കി കാത്തിരിക്കുമ്പോള്‍ പ്രിയപ്പെട്ട അടിമയുടെ മനസ്സ് അതിനു തയ്യാറായിട്ടുണ്ടോ എന്നതിലേക്കാണ് അല്ലാഹുവിന്റെ നോട്ടം. ഒരുക്കത്തിനായുള്ള ചര്‍ച്ചകളും നെട്ടോട്ടവുമല്ല, മറിച്ച്, വിശ്വാസിയുടെ മനസ്സില്‍ പ്രിയ റമദാനിന് അത്രമേല്‍ സ്ഥാനവും സ്‌നേഹവും ഉണ്ടോയെന്നാണ് പരമകാരുണികന്റെ പരിശോധന. കൊട്ടിഘോഷിക്കുന്ന പ്രിയം ആ നാളുകളോട് യഥാര്‍ഥത്തില്‍ നമ്മിലുണ്ടോ? പകലിലെ ത്യജിക്കലില്‍, രാത്രിയെ ജീവിപ്പിക്കലില്‍, നന്മയും പുണ്യവും മുഴുവനായും നാമവനോട് ചോദിക്കുന്നുണ്ടോ? ഭക്തി നിറഞ്ഞ ദിനരാത്രങ്ങള്‍, ഉന്നതമായ പ്രതിഫലം നമുക്ക് രേഖപ്പെടുത്തി പോകണം. ആരാധനകളിലും സേവനങ്ങളിലും മുഴുകി പാപ്പരായി പോകുന്നവരല്ല. മറിച്ച്, നേടിയതൊന്നും ചോര്‍ന്നുപോകാതെ എന്നേക്കും കാത്തുവെക്കാനും നമുക്കാകണം.
റമദാനെന്ന അതിഥിയെ സ്വന്തമാക്കാന്‍ റയ്യാന്‍ കവാടത്തിലൂടെ ദാഹം തീര്‍ത്ത് സ്വര്‍ഗത്തിലേക്ക് കടന്നുപോകാന്‍, നോമ്പ് അനുകൂലമായി സാക്ഷി പറയുന്നവരുടെ കൂട്ടത്തില്‍ പെടാന്‍ നമുക്കാകണം.
അതിനു വരുംതലമുറയെയും വ്രതത്തിന്റെ പൊരുള്‍ നാം അറിയിക്കണം. ആരാധനകളെല്ലാം വെറും ചടങ്ങുകളായി, കാട്ടിക്കൂട്ടലുകളായി നടക്കുമ്പോള്‍, വിശ്വാസം നമ്മുടെ മക്കളുടെ മനസ്സുകളില്‍ വേരുറക്കണം. ദൃശ്യവും അദൃശ്യവും ഒരുപോലെ അറിയുന്നത് സൂക്ഷ്മ ജ്ഞാനിയായ റബ്ബാണെന്നും അവനാണ് അജയ്യനെന്നും ദൃഢമായ ബോധ്യത്തിലേക്ക് ചെറിയ പ്രായത്തില്‍ തന്നെ മക്കളെ എത്തിക്കുന്നതില്‍ വിജയിക്കണം. അതിന് മാതാക്കള്‍ക്ക് ഏറെ ചെയ്യാനാകും.
നോമ്പ് മക്കളുടെ മനസ്സുകളില്‍, വളരെ ഇഷ്ടത്തോടെ നിര്‍വഹിക്കുന്ന ആരാധനയാക്കി മാറ്റാനും വരും വര്‍ഷങ്ങളില്‍ വ്രതകാലത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന തലമുറയെ വാര്‍ത്തെടുക്കാനും പ്രിയപ്പെട്ട ഉമ്മമാര്‍ക്ക് സാധിക്കും. അത്താഴത്തിനു വിളിക്കുന്നതു മുതല്‍ നോമ്പുതുറക്ക് അവരെ ഇരുത്തുന്നതും, തറാവീഹിനു ഒന്നിച്ചു കൊണ്ടുപോകുന്നതും മക്കളുടെ മനസ്സുകളില്‍ നല്ല ഓര്‍മകളും താല്‍പര്യവും ഉണര്‍ത്താന്‍ പര്യാപ്തമാകേണ്ടതുണ്ട്.
പ്രതിഫലാര്‍ഹമായ ഒരുപാട് നോമ്പുകള്‍ അനുഷ്ഠിക്കാന്‍, റമദാനുകള്‍ നമുക്ക് അനുകൂല സാക്ഷിയാകാന്‍ നമുക്ക് ഭാഗ്യമുണ്ടാവട്ടെ. തുര്‍ക്കിയും സിറിയയും പോലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് റമദാന്‍ ശമനവും ശാന്തിയുമാകട്ടെ. പുണ്യദിനങ്ങളുടെ വസന്തവും സുഗന്ധവും അനുഭവിക്കാന്‍ നമുക്കേവര്‍ക്കും സാധിക്കട്ടെ.

categories
categories
കൂടുതൽ പംക്തികൾ
Back to Top