ഇന്നലെ വരെ
പ്രണയികളായിരുന്നവർ
അങ്ങനെയല്ലാതാവും
തൊട്ടുമുമ്പ് വരെ
കണ്ണുകൊണ്ട് പ്രണയിച്ചിരുന്നവർ
ഓർമകളിലേക്ക് മടങ്ങും.
അതിരുനട്ട
സീമക്കൊന്നയുടെ
പച്ചത്തണ്ടുകളിൽ തളിർത്ത
ഇലമണം
മുറുക്കിച്ചുവപ്പിച്ച്
മരിച്ചു കിടക്കും.
ഇതിലെ പോവരുതെന്നും
അവളെ നോക്കരുതെന്നും
അത് കഴിക്കരുതെന്നും
അതിരുകടക്കരുതെന്നും
അത് പാടില്ലെന്നും
പറഞ്ഞ തിട്ടൂരങ്ങളുടെ
പൊടി കാണില്ല.
പ്രിയപ്പെട്ടൊരാൾക്കായി
എഴുതി വെച്ച വാക്കുകൾ,
ഫോണിന്റെ ഡ്രാഫ്റ്റിൽ
പരത്തി വെച്ച
ചുടാ വർത്തമാനങ്ങൾ
പൊട്ടിപ്പരന്ന്
വെയിൽ കായും.
ഓരം ചേർന്ന്
തിരക്കിട്ടോടിയവർക്കു വേണ്ടി
അവർ പെയ്തൊഴിച്ചിട്ട
നിശ്വാസങ്ങൾക്കു വേണ്ടി
കിഴിച്ചിട്ട വിഹിതങ്ങൾക്കു വേണ്ടി
നിശിതമായി പറഞ്ഞ
മുറിവാക്കുകൾക്കു വേണ്ടി
പിന്നെ പറയാമെന്നു വെച്ച
നല്ലവാക്കുകൾക്കു വേണ്ടി
യന്ത്രവിരലുകൾ
കരഞ്ഞുകൊണ്ട് പരതും.
ഒരു പൊട്ടൽ മതി
നിനക്ക് തൽക്കാലത്തേക്ക്
എല്ലാം മറക്കാൻ.
എന്നാലും
എനിക്കതൊന്നും
ഓർമ കാണില്ല.
.