LoginRegister

പൂവാറിലെ ഒഴുകുന്ന കോട്ടേജുകള്‍

നിഗാര്‍ ബീഗം

Feed Back


നിലാവുള്ള രാത്രിയില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒന്നോ രണ്ടോ ദിവസം ചെലവിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പൂവാറിലെ ഈ ഒഴുകുന്ന കോട്ടേജുകളിലേക്ക് പോകൂ. രണ്ടു ദിവസം നമ്മള്‍ ശരിക്കും മറ്റൊരു ലോകത്തായിരിക്കും. കാറുകള്‍, ബൈക്കുകള്‍ തുടങ്ങി ഒരു മോട്ടോര്‍ വാഹനങ്ങളും കാണാത്ത മനോഹരമായ ഒരു ദ്വീപില്‍..
കായലിലൂടെ അര മണിക്കൂര്‍ ബോട്ടിലൂടെ സഞ്ചരിച്ച് കായലും കടലും നദിയും കൂടിച്ചേരുന്നിടത്താണ് കണ്ണിനും മനസ്സിനും കൗതുകം സമ്മാനിക്കുന്നു മനോഹരമായ ഈ ദ്വീപ്.
ഇടക്കെങ്കിലും നമുക്ക് കരയില്‍ നിന്ന് ഒന്നപ്പുറത്തേക്ക് നീങ്ങാം. ഈ മാറ്റങ്ങള്‍ പുതിയ ഊര്‍ജവും തെളിഞ്ഞൊരു മനസ്സും നമ്മില്‍ നിറയാന്‍ വഴിവെക്കും.
തിരുവനന്തപുരത്തിന്റെ തെക്കേയറ്റത്തുള്ള സ്ഥലമാണ് പൂവാര്‍. കായലും കടലും പുഴയും ചേരുന്നയിടം. പൂവാര്‍ ഐലന്റിലേക്ക് ബോട്ടിലൂടെ വേണം എത്തിച്ചേരാന്‍. തെങ്ങിന്‍തോപ്പിലൂടെയും കണ്ടല്‍കാടുകളുടെ ഇടയിലൂടെയും ബോട്ടിലൂടെയുള്ള യാത്ര തന്നെ വല്ലാത്തൊരനുഭവമാണ്. സ്പ്രിങ് സീസണിലാണെങ്കില്‍ ഈ കായലില്‍ (കായലാണെന്ന് തോന്നില്ല, യാത്ര തുടങ്ങുമ്പോള്‍ ഒരു വലിയ തോട്ടിലൂടെ പോവുന്നതാണെന്നേ തോന്നൂ) പലതരം പൂക്കളെയും കാണാം. കായലിന്റെ വീതി കൂടിയ ഭാഗത്തെത്തിക്കഴിഞ്ഞാല്‍ പിന്നെ കുറേ ഫ്‌ളോട്ടിങ് റസ്റ്ററന്റുകളെ കാണാം. ഈ റസ്റ്ററന്റുകളിലെ പ്രധാന വിഭവവും മീന്‍ തന്നെ. മീനിനെ വിവിധ രൂപങ്ങളിലും ഭാവങ്ങളിലും ഇവിടെ കിട്ടും.
പൂവാര്‍ ഐലന്റില്‍ എത്തി ഒരു കോട്ടേജൊക്കെയെടുത്ത് അല്‍പം വിശ്രമിച്ച് നമുക്ക് പൊഴിമുഖം കാണാന്‍ വീണ്ടും റിസോട്ടുകാരുടെ ബോട്ടില്‍ തന്നെ പോവാം. കായലും നദിയും കടലും ബീച്ചും ചേരുന്നയിടം. അതൊരു അത്ഭുതം തന്നെയാണ്. അവിടത്തെ കാറ്റാണ് കാറ്റ്. ഈ ബീച്ചിനെ ഗോള്‍ഡന്‍ ബീച്ചെന്നാണ് പറയുന്നത്.

ഐലന്റ് റിസോട്ടുകളിലെ ഭക്ഷണവും അപാരം തന്നെ. നാടന്‍ മുതല്‍ എല്ലാ വിദേശികളുമുണ്ട്. രണ്ടുദിനം ഒരു ബഹളങ്ങളുമില്ലാതെ ശാന്തിയും സമാധാനവും നി്റഞ്ഞ ഒരിടത്ത്. അത് നമ്മള്‍ നമ്മള്‍ക്കു തന്നെ കൊടുക്കുന്ന ഒരു ഗിഫ്റ്റാണ്.
തിരയും തീരവും ചുംബിച്ചുറങ്ങുന്ന പൂവാറിനെക്കുറിച്ച് ഒരുപാട് ചരിത്രകഥകളുണ്ട്. ഒരുകാലത്ത് പൂവാര്‍ ആനക്കൊമ്പ്, ചന്ദനം, സുഗന്ധ വ്യഞ്ജനങ്ങള്‍ , തടി എന്നിവയുടെ കച്ചവടം നടന്നിരുന്ന സ്ഥലമായിരുന്നത്ര. 1000 ബീസിയില്‍ ഇസ്രാഈലിലെ സോളമന്‍ രാജാവിന്റെ കപ്പലുകള്‍ പൂവാറില്‍ വന്നിട്ടുണ്ടെന്ന് കരുതപ്പെടുന്നു.
ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ഏറ്റവും പഴക്കം ചെന്ന മുസ്‌ലിം പ്രദേശമാണിതെന്നും അതിനാലാണ് എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മുസ്‌ലിം പ്രചാരകനായ മാലിക് ദീനാര്‍ പൂവാറില്‍ മുസ്‌ലിം പള്ളി പണിതത് എന്നും മറ്റൊരു ചരിത്ര കഥ. ചരിത്രകഥകള്‍ ഇനിയും ധാരാളമുണ്ട്.
ഇന്റര്‍നെറ്റില്‍ നോക്കി സൗകര്യങ്ങള്‍ മനസ്സിലാക്കി നമ്പര്‍ തരപ്പെടുത്തി വിളിച്ച് ബുക്കിംഗ് നടത്തിയ ശേഷം പൂവാറിലെത്തുന്നതാണ് ഉത്തമം. ബോട്ടിന്റെ വലിപ്പമനുസരിച്ച് 750 രൂപ മുതല്‍ 2000 രൂപ വരെ ഒരു മണിക്കൂറിന് ചാര്‍ജ് ഈടാക്കാറുണ്ട്. റിസോട്ട് ബുക്കിങും ഓണ്‍ലൈനില്‍ ചെയ്യാം. കുട്ടികളെ ആകര്‍ഷിക്കാനുള്ള പല പരിപാടികളും ഇവിടെയുണ്ട്.
എന്തായാലും ബോട്ടില്‍ മാത്രം എത്താന്‍ കഴിയുന്ന പൂവാര്‍ ഒരു അനുഭവം തന്നെയാണ്. ഞാനത് അനുഭവിച്ചതാണ്. രണ്ടു ദിവസം എന്റെ നക്ഷത്രക്കുരുന്നുകള്‍ക്കൊപ്പം മറക്കാത്ത നിമിഷങ്ങള്‍. ശരിയാണ് അവിടം മറ്റൊരു ലോകം തന്നെയായിരുന്നു.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top