LoginRegister

പാപമോചനങ്ങളുടെ നേതാവ്‌

നദീര്‍ കടവത്തൂര്‍

Feed Back


അല്ലാഹുവേ, നീയാണ് എന്റെ രക്ഷിതാവ്. നീയല്ലാതെ ആരാധനയ്ക്ക് അര്‍ഹനായി മറ്റാരുമില്ല. നീയാണ് എന്നെ സൃഷ്ടിച്ചത്. ഞാന്‍ നിന്റെ ദാസനാണ്. ഞാന്‍ നിന്നോടുള്ള കരാറും വാഗ്ദാനവും കഴിയുന്നത്ര പാലിക്കുന്നു. ഞാന്‍ ചെയ്തുപോയ എല്ലാ തിന്മയില്‍ നിന്നും നിന്നോട് ശരണം തേടുന്നു. എനിക്ക് നീ അനുഗ്രഹം ചെയ്തത് ഞാന്‍ അംഗീകരിക്കുന്നു. എന്റെ പാപങ്ങള്‍ ഞാന്‍ നിന്നോട് സമ്മതിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തു തരേണമേ. തീര്‍ച്ചയായും നീയല്ലാതെ പാപങ്ങള്‍ പൊറുക്കുകയില്ല (സ്വഹീഹുല്‍ ബുഖാരി 6323).

പാപങ്ങള്‍ ചെയ്യുക എന്നത് മനുഷ്യസഹജമാണ്. ദുഷ്പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതാണ് മനസ്സെന്ന് യൂസുഫ് നബിയുടെ കഥ പ്രതിപാദിക്കുന്നിടത്ത് ഖുര്‍ആന്‍ സൂചന നല്‍കിയിട്ടുണ്ട് (ഖുര്‍ആന്‍ 12:53). ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്‍ പാപം ചെയ്താല്‍ ഉടനെ അതിന്റെ ഗൗരവം മനസ്സിലാക്കുകയും തിന്മയില്‍ നിന്ന് പിന്തിരിഞ്ഞ് നാഥനിലേക്ക് പാപമോചനം തേടുകയും ചെയ്യുമെന്ന് വിശ്വാസികളുടെ സ്വഭാവത്തെപ്പറ്റി ഖുര്‍ആന്‍ പറയുന്നുണ്ട്. ”വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോടു തന്നെ വല്ല ദ്രോഹവും ചെയ്തുപോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പു തേടുകയും ചെയ്യുന്നവര്‍ക്കു വേണ്ടി പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?” (ഖുര്‍ആന്‍ 3:135).
പാപമോചന പ്രാര്‍ഥനകളായി ഖുര്‍ആനിലും ഹദീസുകളിലും ധാരാളം പ്രാര്‍ഥനകള്‍ വന്നിട്ടുണ്ട്. അവയില്‍ ഏറെ പ്രധാനപ്പെട്ടതാണ് പാപമോചന പ്രാര്‍ഥനകളുടെ നേതാവ് എന്നറിയപ്പെടുന്ന പ്രാര്‍ഥന. ഒരാള്‍ രാവിലെ ഇത് ചൊല്ലി വൈകുന്നേരത്തിനുള്ളില്‍ മരണപ്പെട്ടാലും വൈകുന്നേരം ഇത് പ്രാര്‍ഥിച്ച് രാവിലെയാവുന്നതിനിടയില്‍ മരണപ്പെട്ടാലും അവനു സ്വര്‍ഗമുണ്ടെന്ന് പ്രവാചകന്‍ (സ) പഠിപ്പിച്ചിട്ടുണ്ട്. അത്രയും പ്രാധാന്യം നല്‍കപ്പെട്ട പ്രാര്‍ഥനയാണിത്.
മറ്റു പാപമോചന പ്രാര്‍ഥനകളില്‍ നിന്ന് ഈ പ്രാര്‍ഥനയെ വ്യത്യസ്തമാക്കുന്ന ധാരാളം കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് വിശ്വാസത്തെ പുതുക്കുക എന്നുള്ളതാണ്. അല്ലാഹു മാത്രമാണ് ആരാധനയ്ക്ക് അര്‍ഹനെന്ന വിശ്വാസത്തിന്റെ അടിത്തറയെ ഉറപ്പിക്കുകയാണ് പ്രാര്‍ഥനയുടെ പ്രാരംഭം.
പാപം ചെയ്യുന്ന സമയത്ത് മനുഷ്യന്റെ ബോധമണ്ഡലത്തില്‍ നിന്ന് മാഞ്ഞുപോയിട്ടുള്ളതായ ചില കാര്യങ്ങള്‍ ഓര്‍മിക്കാനാണ് പ്രാര്‍ഥനയുടെ തുടര്‍ന്നുള്ള ഭാഗത്ത് പ്രവാചകന്‍ പഠിപ്പിക്കുന്നത്. അല്ലാഹുവാണ് സ്രഷ്ടാവ്, ഞാന്‍ അടിമ മാത്രമാണ്. നാഥനോട് ഞാന്‍ ചില കരാറുകള്‍ ചെയ്തിട്ടുണ്ട്. അവ പാലിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. നാഥന്‍ തന്ന അനുഗ്രഹങ്ങളിലാണ് എന്റെ ജീവിതം മുമ്പോട്ടുപോവുന്നത്. അതിനാല്‍ തന്നെ ചെയ്ത പാപങ്ങള്‍ ഞാന്‍ സമ്മതിക്കുന്നു. ആ പാപത്തില്‍ പാപമോചനം തേടുകയും ചെയ്യുന്നു.
മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ മനുഷ്യമനസ്സില്‍ സജീവമായി നിലനില്‍ക്കുന്ന സമയത്ത് തിന്മകളിലേക്ക് കടന്നുചെല്ലാന്‍ ആര്‍ക്കും കഴിയില്ല. അവ മറന്നുപോവുമ്പോഴാണ് നാഥനെ മറക്കുകയും തിന്മയിലേക്ക് കടക്കുകയും ചെയ്യുന്നത്. അതുകൊണ്ടാവാം ആ ഒരു ബോധത്തെ വീണ്ടും ഊട്ടിയുറപ്പിക്കാന്‍ പ്രാര്‍ഥനയിലൂടെ പ്രവാചകന്‍ പഠിപ്പിച്ചത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top