LoginRegister

പരീക്ഷണം ബാധിച്ചവരെ കണ്ടാൽ

നദീർ കടവത്തൂർ

Feed Back


الحَمْدُ للهِ الّذِي عَافَانِي مِمَّا ابْتلاكَ بِه ، وَ فَضَّلَنِي عَلَى كَثيرٍ مِمَّنْ خَلَقَ تَفضِيلًا

”നിന്നെ ബാധിച്ചതുപോലുള്ള പരീക്ഷണത്തില്‍ നിന്ന് എനിക്ക് സൗഖ്യവും വിട്ടുവീഴ്ചയും രക്ഷയും നല്‍കുകയും, സൃഷ്ടികളില്‍ പല ആളുകളേക്കാളും എന്നെ ഉത്കൃഷ്ടനാക്കുകയും ചെയ്ത അല്ലാഹുവിനാണ് സ്തുതിയും നന്ദിയും” (തിര്‍മിദി: 3431, ഇബ്‌നുമാജ: 3892).

അല്ലാഹു നല്‍കിയ ധാരാളം അനുഗ്രഹങ്ങള്‍ ആസ്വദിച്ചു കൊണ്ടാണ് ജീവിതത്തിലെ ഓരോ നിമിഷവും കടന്നു പോവുന്നത്. ഈ അനുഗ്രഹങ്ങള്‍ നമുക്ക് എണ്ണി ത്തിട്ടപ്പെടുത്താന്‍ കഴിയില്ലെന്ന് ഖുര്‍ആനിലൂടെ നാഥന്‍ ഓര്‍മിപ്പിക്കുന്നുണ്ട്. വിശ്വാസികളെന്ന നിലയ്ക്ക് നമ്മുടെ ബാധ്യത ഈ അനുഗ്രഹങ്ങള്‍ തിരിച്ചറിയുകയും അതിനു നന്ദി കാണിക്കുകയും ചെയ്യുക എന്നതാണ്. നന്ദി കാണിക്കുന്നവര്‍ക്ക് കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കുമെന്നും ഇല്ലാത്തവരെ ശിക്ഷിക്കുമെന്നുകൂടി അല്ലാഹു പറയുന്നു.
”നിങ്ങള്‍ നന്ദി കാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് അനുഗ്രഹം വർധിപ്പിച്ചു തരുന്നതാണ്. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും” (ഖുര്‍ആന്‍ 14:7).
നമ്മള്‍ അനുഭവിക്കുന്ന അനുഗ്രഹങ്ങളെ യാഥാര്‍ഥ്യ ബോധത്തോടെ മനസ്സിലാക്കുന്ന സന്ദര്‍ഭങ്ങളാണ് ഏതെങ്കിലും തരത്തില്‍ പരീക്ഷണങ്ങള്‍ അനുഭവിക്കുന്നവരെ കാണല്‍. ശാരീരികമായ വൈകല്യം ബാധിച്ചവര്‍, ജന്മനാ വലിയ രോഗങ്ങള്‍ പിടിപെട്ടവര്‍, അപകടങ്ങളില്‍ ജീവിതം പരീക്ഷിക്കപ്പെടുന്നവര്‍, പ്രകൃതിക്ഷോഭങ്ങളില്‍ വീടും കുടുംബവും സ്വത്തുമെല്ലാം ഒന്നിച്ച് ഇല്ലാതായവര്‍, മക്കള്‍ കാരണം പരീക്ഷിക്കപ്പെടുന്നവര്‍ തുടങ്ങി നിത്യജീവിതത്തില്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന ധാരാളം മനുഷ്യരുണ്ട്. ഈ രൂപത്തില്‍ പരീക്ഷണങ്ങള്‍ അനുഭവിക്കുന്നവരെ കാണുമ്പോള്‍, റബ്ബേ, ഇങ്ങനെയൊന്നും പരീക്ഷിക്കല്ലേ എന്ന് മനസ്സറിഞ്ഞു തേടാത്തവര്‍ ആരുമുണ്ടാവില്ല.
ജീവിതത്തില്‍ പരീക്ഷണങ്ങളോ വിപത്തോ നേരിട്ടവരെ കാണുമ്പോള്‍ പ്രാര്‍ഥിക്കാന്‍ പ്രവാചകന്‍(സ) പഠിപ്പിച്ച പ്രാര്‍ഥനയാണിത്.
പ്രാര്‍ഥനയിലൂടെ നാഥന്‍ സ്വന്തത്തിനു നല്‍കിയ അനുഗ്രഹങ്ങള്‍ ഓര്‍മപ്പെടുത്തുകയും അതിന് അല്ലാഹുവിനെ സ്തുതിക്കുകയുമാണ് ചെയ്യുന്നത്. അനുഗ്രഹങ്ങളെ ഓര്‍മിക്കുകയും അതിനു നന്ദിയും സ്മരണയും ഉണ്ടാവുക എന്ന ഖുര്‍ആനിക പാഠങ്ങളുടെ ആവര്‍ത്തനമാണ് ഇവിടെയും കാണാന്‍ കഴിയുക.
ഈ പ്രാര്‍ഥനയുമായി ബന്ധപ്പെട്ട് നബി(സ) പറഞ്ഞു: “ഒരു പരീക്ഷണമോ വിപത്തോ ബാധിക്കപ്പെട്ടവനെ ആരെങ്കിലും കണ്ടാല്‍ അയാള്‍ ഇപ്രകാരം ചൊല്ലിയാല്‍ ആ വിപത്തില്‍ നിന്ന് അല്ലാഹു അയാള്‍ക്ക് സംരക്ഷണം നല്‍കും.”
പരീക്ഷണം ബാധിച്ച വ്യക്തി കേള്‍ക്കാതെ മനസ്സില്‍ അല്ലാഹുവിനോട് അഭയം തേടുകയാണ് വേണ്ടതെന്ന് വിശദീകരണമായി പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നു. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top