LoginRegister

നീതി തേടി കത്രിക കീറിമുറിച്ച ഒരു ജീവിതം

വി കെ ജാബിര്‍

Feed Back


മൂന്നു മക്കളെ പ്രസവിച്ച ഒരമ്മ വയറ്റില്‍ കത്രികയും ചുമന്നു നടന്നത് അഞ്ചു വര്‍ഷം. ശസ്ത്രക്രിയക്ക് ഉപയോഗിച്ച മൂര്‍ച്ചയുള്ള ഉപകരണം വയറ്റില്‍ കിടപ്പുണ്ടെന്നറിയാതെ വേദന തിന്ന് വര്‍ഷങ്ങള്‍. നിരന്തരമായ ശാരീരിക പ്രശ്നങ്ങളെയും വേദനയെയും തുടര്‍ന്നു നടന്ന പരിശോധനകളിലാണ് വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കിടക്കുന്നു എന്നറിയുന്നത്. പിന്നീട് വലിയൊരു ശസ്ത്രക്രിയയിലൂടെ അത് എടുത്തുമാറ്റേണ്ടിവരുന്നു. പ്രയാസങ്ങള്‍ക്കു മേല്‍ വീണ്ടുമൊരു പ്രയാസം. കോഴിക്കോട് അടിവാരം സ്വദേശിനി ഹര്‍ഷിനയാണ് ആരോഗ്യപ്രവര്‍ത്തകരുടെ ശ്രദ്ധക്കുറവിന്റെ ദുരന്തവും പേറി വര്‍ഷങ്ങള്‍ ജീവിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 2017 നവംബര്‍ 30ന് നടന്ന ശസ്ത്രക്രിയയെ തുടര്‍ന്നാണ് വയറ്റില്‍ കത്രിക പെട്ടതെന്ന് കേസില്‍ അന്വേഷണം നടത്തിയ മെഡിക്കല്‍ കോളജ് പൊലീസ് കുന്ദമംഗലം കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത് 2023 സെപ്തംബര്‍ ആദ്യത്തിലാണ്. സംഭവം കഴിഞ്ഞ് അഞ്ചു വര്‍ഷവും മാസങ്ങളും പിന്നിട്ട ശേഷം.
നേരത്തെ മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിയിലുണ്ടായിരുന്ന പ്രഫ. ഡോ. സി കെ രമേശന്‍, ഡോ. ഷഹാന എം, നഴ്‌സുമാരായ എം രഹ്‌ന, മഞ്ജു കെ ജി എന്നിവര്‍ക്കെതിരെയാണ് മെഡിക്കല്‍ കോളജ് എസിപി കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിപ്പട്ടിക തയ്യാറാക്കിയത്. നിയമത്തിന്റെ നൂലാമാലകള്‍ പിന്നിട്ട്, വൈകിയെങ്കിലും നീതി അവരെ തേടിയെത്തുമെന്നു പ്രതീക്ഷിക്കാം.
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍, കടുത്ത ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രയാസങ്ങള്‍ക്കപ്പുറം നീതിക്കു വേണ്ടി നിരന്തര പോരാട്ടങ്ങളാണ് ഹര്‍ഷിന നടത്തിക്കൊണ്ടിരിക്കുന്നത്. മെഡിക്കല്‍ കോളജിനു മുന്നില്‍ നടന്ന സമരം 104 ദിവസം നീണ്ടു. പൊലീസ് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാസം തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരു ദിവസത്തെ ഉപവാസ സമരം നടത്തി. നഷ്ടപരിഹാരവും നീതിയും തേടി അലയുന്ന ഹര്‍ഷിനയുടെ സംഘര്‍ഷഭരിതമായ യാത്ര തുടരുകയാണ്. നീതി ലഭിക്കാന്‍ എന്തൊക്കെ സമരങ്ങള്‍ ഇനിയും നടത്തേണ്ടിവരുമെന്ന ആശങ്കയിലാണ് ഹര്‍ഷിനയ്‌ക്കൊപ്പമുള്ളവര്‍.
വേദന തിന്നു കഴിഞ്ഞ
അഞ്ചു വര്‍ഷം

2017 നവംബര്‍ 30ന് പുലര്‍ച്ചെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് ശസ്ത്രക്രിയ നടന്നത്. നല്ല വേദനയും ശാരീരിക ബുദ്ധിമുട്ടും ബ്ലീഡിങുമൊക്കെ ഉണ്ടായിരുന്നു. അഞ്ചു ദിവസം കഴിഞ്ഞിട്ടും ഒറ്റയ്ക്ക് നടക്കാന്‍ വയ്യ. പരിശോധനയ്ക്കു പോകുമ്പോള്‍ പോലും വീല്‍ചെയറില്‍ പോകേണ്ട അവസ്ഥ. അപ്പോഴൊക്കെ കരുതിയത് മൂന്നാമത്തെ സിസേറിയനായതുകൊണ്ടുള്ള പ്രശ്‌നമാണെന്നു തന്നെയാണ്.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബുദ്ധിമുട്ടും വേദനയും പ്രശ്നങ്ങളും കുറഞ്ഞില്ലെന്നു മാത്രമല്ല, കൂടുകയായിരുന്നു. സ്റ്റിച്ചിട്ട ഭാഗത്തു തൊടാന്‍ പറ്റാത്ത വേദന. തുടര്‍ന്ന് ഇന്‍ഫെക്ഷന്‍ വന്നിട്ട് രണ്ടുമൂന്നു സര്‍ജറികള്‍ വേണ്ടിവന്നു. വേദനയും പ്രയാസങ്ങളും സഹിച്ച് വര്‍ഷങ്ങള്‍. കുട്ടികളെ നോക്കാനും സ്‌കൂളില്‍ വിടാനും കഴിയുന്നില്ല. ഭര്‍ത്താവിന്റെ ജോലിസ്ഥലമായ കൊല്ലത്തേക്കു പോയെങ്കിലും അസുഖം കാരണം നാട്ടിലേക്കു മടങ്ങേണ്ടിവന്നു. അദ്ദേഹത്തിന്റെ ജോലി പ്രയാസത്തിലായി.
കുടുംബക്കാരോടു പോലും പറയാന്‍ പറ്റാത്ത മാനസികാവസ്ഥയിലായിരുന്നു. കടുത്ത രോഗം എന്തെങ്കിലുമാകുമെന്നു കരുതി കാന്‍സര്‍ രോഗനിര്‍ണയം വരെ നടത്തി. യൂറിനല്‍ ഇന്‍ഫെക്ഷന്‍ വന്നു. നോമ്പുകാലമായിരുന്നു അത്. നോമ്പു കഴിഞ്ഞിട്ടും മാറാത്തപ്പോഴാണ് ഗൗരവത്തിലെടുത്തത്. ഡോക്ടറെ കണ്ടപ്പോള്‍ മൂത്രത്തില്‍ പഴുപ്പാണെന്നു പറഞ്ഞു. മെഡിസിന്‍ എടുത്തു. ഇന്‍ഫെക്ഷന്‍ മാറുന്നില്ല. വേദന കുറയുന്നില്ല. നിരന്തരമായ ചികിത്സ. സഹിക്കാന്‍ കഴിയാതായി. നീരിറങ്ങി കാല്‍ അനക്കാന്‍ പറ്റാതാകുന്ന അവസ്ഥയിലായി. കാര്യമായെന്തോ കുഴപ്പമുണ്ടെന്ന് ഉറപ്പിച്ചു.
ഡോക്ടറെ വീണ്ടും കാണിച്ചു. വയറിന്മേല്‍ തൊട്ടപ്പോള്‍ തുള്ളിപ്പോകുന്ന വേദന കണ്ട് മൂത്രക്കല്ലുമായി ബന്ധപ്പെട്ട വേദനയല്ലെന്ന് ഇഖ്‌റഅ് ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. വയറ്റില്‍ നീര്‍ക്കെട്ടു കണ്ട് സിടി സ്‌കാന്‍ ചെയ്യാന്‍ തീരുമാനിച്ചു. സ്‌കാനിങിനിടെ ശരീരത്തില്‍ പിന്നോ മറ്റോ ഉണ്ടോ എന്നു നഴ്‌സുമാര്‍ ചോദിച്ചിരുന്നു. തുടര്‍ന്ന് അവര്‍ തന്ന ഡ്രസ്സുമായി സ്‌കാനിങിനു വിധേയയായി. സ്റ്റോണ്‍ ഇല്ല. പക്ഷേ, വയറ്റില്‍ എന്തോ ഒരു മെറ്റല്‍ ഉണ്ട്. ഓപറേഷന്‍ ചെയ്ത് എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു.
വീണ്ടും മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായി. ഗൈനക്കോളജിയിലെ കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് സന്തോഷ് സ്‌കാനിങ് നോക്കി സംഗതി സീരിയസാണെന്നു വിലയിരുത്തി. പിന്നെ കാര്യങ്ങള്‍ പെട്ടെന്നായി.
2022 സെപ്തംബര്‍ 17നായിരുന്നു ശസ്ത്രക്രിയ. മെഡിക്കല്‍ കോളജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു ഓപറേഷന്‍. 12 സെ.മീ നീളവും ആറു സെ.മീ വീതിയും ഉള്ള കത്രികയാണ് അഞ്ചു വര്‍ഷമായി തന്റെ വയറ്റില്‍ കിടക്കുന്നത്! ആശ്വാസവും സങ്കടവും ഒരുമിച്ചാണ് ഉണ്ടായത്. കടുത്ത രോഗമൊന്നുമില്ലല്ലോ എന്ന സന്തോഷം. മെഡിക്കല്‍ അനാസ്ഥയുടെ ഫലമായാണല്ലോ അഞ്ചു കൊല്ലമായി താന്‍ കടുത്ത ശാരീരിക-മാനസിക പീഡനവും വേദനയും അനുഭവിച്ചതെന്ന സങ്കടവും.
തന്നെ ശസ്ത്രക്രിയ നടത്തിയത് മെഡിക്കല്‍ കോളജില്‍ നിന്നാണ്. അവിടെ നിന്നുതന്നെയാണ് കത്രിക കുടുങ്ങിയത്. കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരാതി നല്‍കി. മന്ത്രി രണ്ടു തവണ വിദഗ്ധ സമിതിയെ നിയോഗിച്ചു. കത്രിക മെഡിക്കല്‍ കോളജിലേതല്ലെന്നായിരുന്നു സമിതിയുടെ വിചിത്രമായ കണ്ടെത്തല്‍! ഫോറന്‍സിക് പരിശോധനയ്ക്കയച്ച് കാലപ്പഴക്കം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഒടുവില്‍ പൊലീസ് അന്വേഷണത്തിന് മന്ത്രിസഭ ഉത്തരവിടുകയും മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷിക്കുകയും ചെയ്തു. താന്‍ നേരത്തേ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണം നീണ്ടുപോവുകയും നടപടികളൊന്നും ഉണ്ടാകാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് 2023 ഫെബ്രുവരി 27ന് മെഡിക്കല്‍ കോളജില്‍ ആദ്യം നിരാഹാര സമരം നടത്തിയിരുന്നു. വിഷയം വാര്‍ത്തയായി. മാര്‍ച്ച് നാലിന് ആരോഗ്യമന്ത്രി കാണാനെത്തി. നീതി ലഭിക്കുമെന്ന് ഉറപ്പു നല്‍കിയതോടെ സമരം നിര്‍ത്താന്‍ തീരുമാനിച്ചു. രണ്ടാഴ്ചയ്ക്കകം നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നു രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചെങ്കിലും അതു കൈപ്പറ്റിയില്ല. ഭര്‍ത്താവിന്റെ ജോലിയും ബിസിനസും ചികിത്സാ കാലയളവില്‍ അവതാളത്തിലായിരുന്നു. ഫര്‍ണിച്ചര്‍ വിതരണക്കാരനാണ് ഭര്‍ത്താവ് പന്തീരാങ്കാവ് സ്വദേശി എം കെ അഷ്‌റഫ്.
സമരത്തെ സര്‍ക്കാര്‍ അവഗണിച്ചതിനെ തുടര്‍ന്ന് മെയ് 22നാണ് മെഡിക്കല്‍ കോളജിനു മുന്നില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. വനിതാ കമ്മീഷന്‍ പോലും കൂടെയുണ്ടായില്ല. വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി വീട്ടില്‍ വന്നു കണ്ടെങ്കിലും അനുകൂലമായ യാതൊരു നടപടിയുമുണ്ടായില്ല.
ബ്ലാഡറിലേക്ക് കുത്തിനില്‍ക്കുന്ന രൂപത്തിലായിരുന്നു കത്രിക. അതുകൊണ്ടാണ് മാറാത്ത ഇന്‍ഫെക്ഷന്‍ വന്നത്. അഞ്ചു വര്‍ഷമായി ഒരു അമ്മ അനുഭവിക്കുന്ന വേദന പലര്‍ക്കും പറഞ്ഞാല്‍ മനസ്സിലാകും. എന്നാല്‍ താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷം പറഞ്ഞറിയിക്കാനാവില്ല. സാമ്പത്തികമായും ശാരീരികമായും മാനസികമായും അനുഭവിച്ചത് കണക്കുകൂട്ടാന്‍ പറ്റാത്തതാണ്.
ഒരു സര്‍ജിക്കല്‍ ഇന്‍സ്ട്രുമെന്റ് മിസ്സായതു പോലും ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചില്ല. ചെറിയൊരു അനാസ്ഥ തന്നെ അഞ്ചു വര്‍ഷമാണ് കണ്ണീരു കുടിപ്പിച്ചത്. അന്വേഷണസംഘം റിപോര്‍ട്ട് സമര്‍പ്പിച്ചതോടെ വ്യക്തത വന്നു. വലിയ ആശ്വാസമുണ്ട്. എവിടെ നിന്നാണ് കത്രിക വയറ്റിലെത്തിയത് എന്ന നിര്‍ണായക ചോദ്യത്തിന് ഉത്തരമായി.
ആരോഗ്യമന്ത്രി ഉള്‍പ്പെടെ തുടക്കം മുതല്‍ പറഞ്ഞിരുന്നത് ഹര്‍ഷിനയ്ക്ക് നീതി ലഭിക്കണം എന്നു തന്നെയായിരുന്നു. അതിനു തടസ്സമായി പറഞ്ഞ ന്യായം, കത്രിക എവിടെ നിന്ന് വന്നു എന്ന് കൃത്യമായി തെളിയിക്കപ്പെട്ടില്ല എന്നായിരുന്നു. അതു വ്യക്തമായിക്കഴിഞ്ഞിട്ടും ആരോഗ്യ വകുപ്പില്‍ നിന്നോ ഗവണ്‍മെന്റില്‍ നിന്നോ വ്യക്തമായ ഒരു പ്രതികരണവും വന്നിട്ടില്ല. അതുകൊണ്ടാണ് അവരുടെ ശ്രദ്ധയില്‍ പെടുത്താന്‍ ആരോഗ്യം പരിഗണിക്കാതെ തിരുവനന്തപുരത്ത് എത്തി സമരം ചെയ്തത്.
നഷ്ടപരിഹാരം കൂടി ലഭിക്കുമ്പോഴേ പൂര്‍ണമായ നീതിയാവുകയുള്ളൂ. ഞാന്‍ അനുഭവിച്ച വേദനയ്‌ക്കോ മാനസിക പിരിമുറുക്കത്തിനോ എന്തു പരിഹാരമാണ് ചെയ്യാന്‍ കഴിയുക? എത്ര കോടികള്‍ തന്നാലാണ് പരിഹാരം ചെയ്യാന്‍ കഴിയുക? അതു സാധ്യമല്ല.
പല കാര്യങ്ങളിലൂടെ ഉണ്ടായ സാമ്പത്തിക നഷ്ടം നികത്താനാണ് അമ്പതു ലക്ഷം രൂപ ആവശ്യപ്പെട്ടത്. എല്ലാവരും സമ്മതിച്ച കാര്യമാണത്. ഡോക്ടര്‍മാര്‍ മനഃപൂര്‍വം ചെയ്തതല്ല. പക്ഷേ സംഭവിച്ചു. അതിന്റെ പ്രയാസങ്ങള്‍ ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു.
കേസും തുടര്‍നടപടികളും
പൊലീസ് പ്രതി ചേര്‍ത്ത നാലു പേര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഈ മാസം തുടക്കത്തില്‍ നോട്ടീസ് നല്‍കുകയും സര്‍ക്കാര്‍ സര്‍വീസിലുള്ള മൂന്നു പേര്‍ ഹാജരാവുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരായ ഇവര്‍ ഇപ്പോള്‍ സ്റ്റേഷന്‍ ജാമ്യത്തിലാണ്. ഇവരുടെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. തുടര്‍വിചാരണയ്ക്കുള്ള അനുമതി കിട്ടിയിട്ടില്ല. ശാസ്ത്രീയ തെളിവുകള്‍ കൈവശമുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്.
കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിയമപരമായ സംരക്ഷണം ലഭിക്കണമെന്നും പൊലീസ് നടപടിക്കെതിരെ നിയമപരമായി പോരാടുമെന്നും ഡോക്ടര്‍മാരുടെ സംഘടന ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് റിപോര്‍ട്ട് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് തള്ളിക്കളഞ്ഞിരിക്കുന്നു. സാങ്കേതികതയുടെ പേരില്‍ കൂടെയുള്ളവരെ പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്താനുള്ള വ്യഗ്രതയ്ക്കിടയില്‍ ഒരമ്മയുടെ വേദനയും നൊമ്പരവും അന്തരീക്ഷത്തില്‍ കറുത്ത മേഘമായി ഉരുണ്ടുകിടക്കുന്നുണ്ട്.
അശ്രദ്ധയുടെ വില വളരെ വലുതായിരുന്നു. അഞ്ചു വര്‍ഷത്തിലേറെയായി ഹര്‍ഷിന അത് അനുഭവിക്കുകയാണ്. വയറ്റിലെ ദഹിക്കാത്ത കത്രികയായി, മരവിച്ച ഔദ്യോഗിക സംവിധാനങ്ങള്‍ ഇപ്പോഴും അവരെ തുറിച്ചുനോക്കുകയാണ്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top