LoginRegister

നിറഞ്ഞു ജീവിക്കുക

സഹീറാ തങ്ങള്‍

Feed Back


പുതുവര്‍ഷം വരുമ്പോള്‍ നാം പലരും പല പുതിയ തീരുമാനങ്ങളും എടുക്കാറുണ്ട്. അതില്‍ കൂടുതലും ദുശ്ശീലങ്ങള്‍ പാടേ നിര്‍ത്തുന്നതിനെക്കുറിച്ചായിരിക്കും. പുകവലി, മദ്യപാനം ഇത്യാദി സംഭവബഹുല സംഗതികള്‍.
മറ്റുള്ളവരെ ഉപദേശിച്ചു നന്നാക്കാനും ഇമോഷണലി ബ്ലാക്‌മെയില്‍ ചെയ്യാനും ഈ സമയം പലരും ഉപയോഗിക്കുന്നു. ചെയ്തുപോയ കാര്യങ്ങളെക്കുറിച്ച് സ്വയം കുറ്റപ്പെടുത്തി, പരിതപിച്ചു നീറുന്നു.
‘അങ്ങനെ സംഭവിക്കാതിരുന്നെങ്കില്‍’ എന്ന് വിലപിക്കുന്നു. അല്ലെങ്കില്‍, ‘ഞാന്‍ ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു’ എന്ന് വിഷണ്ണരാവുന്നു. ‘സംഭവിച്ചുപോയതും സംഭവിക്കുന്നതും ഇനി സംഭവിക്കാനിരിക്കുന്നതും നല്ലത്’ എന്ന ആശ്വാസവചനങ്ങളില്‍ അള്ളിപ്പിടിച്ചു സ്വയം ന്യായീകരിച്ചു തൃപ്തിപ്പെടുന്നു.
നമ്മള്‍ പലപ്പോഴും സൂചനകളെ ശ്രദ്ധിക്കുന്നില്ല എന്നതാണ് പല അനിഷ്ട സംഭവങ്ങള്‍ക്കും ഹേതുവാകുന്നത് എന്നറിയുക.
ശരീരത്തില്‍ ഏതെങ്കിലും തരത്തിലുള്ള അണുബാധയേറ്റു പഴുക്കുമ്പോഴാണ് നമുക്കു പനിക്കുന്നത് എന്നറിയാമല്ലോ. പനി ഒരു രോഗമല്ല, രോഗലക്ഷണമാണ്. അതുപോലെ തന്നെയാണ് നമ്മുടെ ജീവിത പന്ഥാവില്‍ നമുക്കു മുമ്പിലെത്തുന്ന ഒാരോ അടയാളങ്ങളും!
നിമിത്തമോ നിയോഗമോ സൂചനകളോ എന്നു വിളിക്കാവുന്ന അത്തരം വഴികാട്ടികളെ പലപ്പോഴും നമ്മള്‍ കാണുന്നില്ല. പലപ്പോഴും കണ്ടാലും കണ്ടില്ലെന്നു നടിക്കുന്നു, അല്ലെങ്കില്‍ അവഗണിക്കുന്നു. നമ്മുടെ ഉള്ളം നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ക്ക് വിലകല്‍പിക്കാതെ മുന്നോട്ടു നടക്കുന്നു.
നമ്മുടെ മനസ്സ് നമ്മെ നിരുത്സാഹപ്പെടുത്താനാണ് കൂടുതലും ശ്രമിക്കുക. ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കത് മനസ്സിലാവും. കാരണം വ്യത്യസ്തമായി ജീവിതത്തെ സമീപിക്കണമെങ്കില്‍ മനസ്സുറപ്പു വേണം. ധീരമായ തീരുമാനങ്ങള്‍ എടുത്താല്‍ മാത്രം പോരാ, അത് നടപ്പില്‍ വരുത്തുമെന്ന ധൈര്യമാണത്. നമ്മുടെ സുരക്ഷിതമായ ഇടങ്ങളെ ഉപേക്ഷിക്കാന്‍ സ്വതവേ മനുഷ്യര്‍ ശ്രമിക്കില്ല.
ഒരു അധ്യാപകനാകാന്‍ ഒട്ടും താല്‍പര്യം ഇല്ലാതിരുന്ന ആള്‍, ഗവണ്മെന്റ് തലത്തില്‍ ജോലി തരപ്പെട്ടപ്പോള്‍ ഒരായുഷ്‌കാലം മുഴുവന്‍ അധ്യാപകവൃത്തി ചെയ്തുപോന്ന കഥ എനിക്കറിയാം. അസംതൃപ്തനായും നിരാശനായും സ്വയം കുറ്റപ്പെടുത്തിയും റിട്ടയര്‍മെന്റ് വരെ അദ്ദേഹം ആ ജോലിയില്‍ തന്നെ തുടര്‍ന്നു. കുടുംബ സുരക്ഷിതത്വത്തിനു വേണ്ടി സ്വന്തം സ്വപ്‌നങ്ങളും ജീവിതവും ബലികഴിച്ചവനാണ് ഞാനെന്ന്, കാണുമ്പോഴൊക്കെ പതം പറഞ്ഞു.
അദ്ദേഹത്തിന്റെ അതൃപ്തി, മുന്‍കോപവും പൊട്ടിത്തെറികളും കുറ്റപ്പെടുത്തലുകളുമായി അദ്ദേഹത്തിന്റെ യാതൊരു തെറ്റും ചെയ്യാത്ത ഭാര്യയും രണ്ട് മക്കളും ദിനേന അനുഭവിച്ചു, തളര്‍ന്നു, മടുത്തു.
ഫലമോ, ആര്‍ക്കു വേണ്ടിയാണോ അദ്ദേഹം എല്ലാം ത്യജിച്ചുവെന്നു പറഞ്ഞുകൊണ്ടിരുന്നത് അവര്‍ തന്നെ അദ്ദേഹത്തെ വെറുത്തു. ആരു പറഞ്ഞു ഞങ്ങള്‍ക്കു വേണ്ടി എല്ലാം വേണ്ടെന്നുവെക്കാന്‍ എന്ന ചോദ്യം ചെയ്യലായി അത് മാറി.
നാം മനസ്സിലാക്കേണ്ടത്, നമുക്ക് ആരെയും പൂര്‍ണമായും മനസ്സിലാക്കാനാവില്ല. ആര്‍ക്കു വേണ്ടിയും പൂര്‍ണമായും ഒന്നും നല്‍കാനാവില്ല.
അവനവന്റെ ജീവിതം ജീവിക്കാതെ മറ്റുള്ളവര്‍ക്കു വേണ്ടി ‘മാത്രം’ ജീവിക്കുന്നത് അവസാനം എത്തിനില്‍ക്കുന്നത് നിരാശാപൂര്‍ണമായ ഒരു വാര്‍ധക്യത്തിലായിരിക്കും.
ജീവിതം തിരിഞ്ഞുനടക്കാനോ മാറ്റിയെഴുതാനോ പറ്റാത്ത ഒരു നിഗൂഢ രഹസ്യമാണ്. നമ്മള്‍ ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നത് നമ്മുടെ ഇച്ഛയ്‌ക്കൊത്തല്ല. ഇതിനിടയില്‍ എത്ര കാലം എന്നറിയാത്ത ആയുഷ്പേജുകള്‍ മനോഹരമാക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കണം. കവിതാമയമാവട്ടെ ഈ ആയുഷ്പേജുകള്‍.
അവനും അവള്‍ക്കും അവര്‍ക്കും ലോകത്തിനും നമ്മെ കൊടുക്കുന്നതോടൊപ്പം നമുക്കും നമ്മെ നല്‍കണം!
‘നിറഞ്ഞു ജീവിക്കുക’ എന്നതാവട്ടെ നമ്മുടെ പുതുവര്‍ഷ നിശ്ചയം. മുമ്പിലെത്തുന്ന അടയാള നക്ഷത്രത്തെ കാണാതെപോവരുത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top