LoginRegister

ദയ എന്നു പേരുള്ള ഒരാൾ

റഷീദ് പരപ്പനങ്ങാടി; വര: റിജ്ഞു വെള്ളില

Feed Back


കാല്‍വിരലില്‍ കുടുക്കിയിട്ട നൂലുകള്‍ക്കിടയിലൂടെ പുറം കരുവാളിച്ച മെഴുകുകട്ട വലിച്ചുനീക്കുമ്പോഴാണ് തൊട്ടടുത്തുനിന്ന് ‘റാംബയ്യ’ നീട്ടി വിളിച്ചത്:
”കാസിം ഭായ്… ഇന്ന് രാത്രിയോടെ ഞാന്‍ സ്ഥലം വിടും. സാധനങ്ങള്‍ എടുത്തുവെച്ച് പോവുമ്പോള്‍ പേരക്കുട്ടിക്കുള്ള ഉടുപ്പ് കൊണ്ടുപോകാന്‍ മറക്കണ്ട.”
ഓര്‍മപ്പെടുത്താതെ തന്നെ അയാള്‍ കരുതിവെച്ചതാണ് ആ കൊച്ചുടുപ്പ്. അയയില്‍ തൂക്കിയിട്ട അനേകം ഉടുപ്പുകളിലൊന്ന് പേരക്കുട്ടി സൈനബിന് നല്ല ചേര്‍ച്ചയാവുമെന്ന് അയാള്‍ക്ക് തോന്നിയിരുന്നു.
”ഭയ്യാ, ഇതിനെന്ത് വില വരും…?” വില പറയുന്നതിനു മുമ്പ് അയാള്‍ മറ്റൊരു ചോദ്യം മുന്നിലേക്കിട്ടു:
”കുട്ടിക്ക് എത്ര പ്രായം വരും?”
ചോദ്യം പെട്ടെന്ന് അയാളെ ഉലച്ചു.
മനസ്സില്‍ ഒരു കണക്കുകൂട്ടല്‍ നടത്തി.
മകളുടെ കല്യാണം കഴിഞ്ഞത്, അവള്‍ ഗര്‍ഭിണിയായത്, ആശുപത്രിയില്‍ പ്രസവത്തിന് അഡ്മിറ്റ് ചെയ്തത്, കുഞ്ഞിനെ നഴ്‌സ് ഭാര്യയെ ഏല്‍പിച്ചത്…
അതിനപ്പുറം ആലോചിക്കാന്‍ അയാള്‍ മിനക്കെടാറില്ല. കൊടുങ്കാറ്റ് പിടിച്ച മരം പോലെ ആടിയുലഞ്ഞ കുറേ ദിവസങ്ങള്‍…
മുഖത്ത് തുണിയിട്ട് സ്‌ട്രെച്ചറില്‍ ഉന്തി പുറത്തേക്ക് കൊണ്ടുവരുമ്പോള്‍…
അത്രയും ആലോചിച്ച ശേഷം ആ ഓര്‍മകള്‍ക്ക് തടയിട്ട് അയാള്‍ പറഞ്ഞു:
”നാല് വയസ്സ് കഴിഞ്ഞു.”
ഭയ്യ ഉടുപ്പെടുത്ത് കുടഞ്ഞ് മാറിനോട് ചേര്‍ത്ത് തൂക്കിയിട്ട് പറഞ്ഞു:
”അഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് നല്ല പാകമാവും.”
”വെല…?”
”വില നൂറ്റമ്പത് രൂപ. കടയില്‍ പോയാല്‍ മുന്നൂറു രൂപ കൊടുക്കേണ്ടിവരും.”
”എന്നാ… ഇതാര്‍ക്കും വില്‍ക്കണ്ട. ഞാന്‍ വാങ്ങിച്ചോളാം. പെരുന്നാള്‍ രാവാകട്ടെ, അപ്പോഴേക്കും…”
മാറില്‍ വലിയ പൂവ് തുന്നിപ്പിടിപ്പിച്ച ഉടുപ്പ് എന്തൊരു ഭംഗി! അയാള്‍ മനസ്സില്‍ ഓര്‍ത്തു.
പണം ശേഖരിച്ചുവെക്കാനുള്ള ഒരു സാവകാശം…? ഇനിയും ഒരാഴ്ചയുണ്ടല്ലോ…
റാംബയ്യ ഇവിടെ വന്നിറങ്ങിയത് രണ്ടാഴ്ച മുമ്പാണ്. നോമ്പ് രണ്ടാമത്തെ പത്തിലെ ഏതോ ഒരു ദിവസം. വേവുന്ന മീനവെയില്‍ മുറിഞ്ഞുവീഴുന്ന ഒരു ഉച്ചക്ക്.
വിയര്‍ത്തു കുളിച്ച് മൂന്നു കനത്ത ബാഗുകള്‍ തലയിലേറ്റി കൈയില്‍ കുറേ പലകകള്‍ അട്ടിയാക്കി ചാക്കില്‍ കെട്ടിയിട്ടത് തൂക്കിപ്പിടിച്ച് മുന്നില്‍ വന്നുനിന്നു.
”ഒന്ന് കൈ വെക്ക്വോ…?”
കുത്തുളി താഴെ വെച്ച് എഴുന്നേറ്റ് ഭാരം ഇറക്കാന്‍ സഹായിക്കുമ്പോള്‍ പറഞ്ഞു:
”പെരുന്നാള്‍ വരെ ഇവിടെ എവിടെയെങ്കിലും കൂടണം. എങ്ങനെ, ആള്‍ക്കാരൊക്കെ കൂട്ണ സ്ഥലാണോ? ഞാന്‍ പണ്ടൊരിക്കല്‍ ഇവിടെ വന്നിരുന്നു. അന്ന് ബസ്സ്റ്റാന്റിനും അപ്പുറത്ത്…”
”ങാ… ഇപ്പം അവിടൊക്കെ മാറി. ഇവിടെ എപ്പോഴും ആളുകളുണ്ടാവും. പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍. ഗേറ്റ് അടച്ച് കിടന്നാല്‍ തുറക്കുന്നതുവരെ വാഹനങ്ങളും ആള്‍ക്കൂട്ടവും പതിവാണ്. പിന്നെ നിരത്തോരത്ത് പഴക്കച്ചവടക്കാരും മരുന്നു വില്‍പനക്കാരുമായി ചിലരുമുണ്ട്. വൈകുന്നേരം നോമ്പ് തുറക്കാനാവുന്നതുവരെ പൊരിക്കടികളുമായി വരുന്നവരും… എല്ലാം ചേര്‍ന്ന് ഒരു വലിയ ആള്‍ക്കൂട്ടം…”
പിന്നെ അയാള്‍ ഇറക്കിവെച്ച ഒരു ബാഗിന്റെ മുകളില്‍ തന്നെ ഇരുന്നു. ആ ക്ഷീണമകറ്റലിന്റെ സമയപരിധിയില്‍ തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നൊന്നായി അയാള്‍ ചോദിച്ചറിയുകയായിരുന്നു.
വലിയ സംസാരപ്രിയനാണെന്ന് കാസിം ഭായ് അറിഞ്ഞു.
”ചെരുപ്പ് തുന്നുന്ന പണി കൊണ്ട് ഒരു ദിവസം എന്ത് കിട്ടും? ഇപ്പോ മുമ്പത്തെപ്പോലെ തുന്നുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യുന്നവര്‍ കുറവല്ലേ? പണ്ടൊക്കെ…”
ശരിയായിരുന്നു.

പണ്ട് ‘വാസന്‍ ലെതര്‍വര്‍ക്സി’ലായിരുന്നു ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്നത്. തോല്‍ ചെരിപ്പുകള്‍ പല വലുപ്പത്തിലും രൂപത്തിലും നിര്‍മിച്ച് ചുവരില്‍ ആണിയടിച്ച് തൂക്കിയിടുകയായിരുന്നു പതിവ്.
ആവശ്യക്കാര്‍ അളവും ഭംഗിയും നോക്കി വില പറഞ്ഞ് വാങ്ങിക്കുന്നു. അതിനിടയില്‍ പൊട്ടിയ വാറുകള്‍ തുന്നിച്ചേര്‍ക്കാന്‍, അടര്‍ന്നുപോയ അടി ഒട്ടിച്ചുചേര്‍ക്കാന്‍- പണി വേറെയും. ആളൊഴിഞ്ഞ നേരമുണ്ടാവില്ല. വൈകുന്നേരം എണ്‍പത് രൂപ കൂലി വാങ്ങി വീട്ടിലേക്കു പോവാം.
മേല്‍ത്തരം കമ്പനി ചെരുപ്പുകള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ അട്ടിയിട്ട കടകള്‍ എമ്പാടും വന്നതോടെ തുന്നിയുണ്ടാക്കിയ ചെരുപ്പുകള്‍ക്ക് ആവശ്യക്കാരില്ലാതായി. ചെരുപ്പുകള്‍ നിറഞ്ഞു തൂങ്ങിയിരുന്ന ചുവരുകള്‍ ശൂന്യമായിത്തുടങ്ങിയതോടെ കടവിറ്റു.
പണിസാധനങ്ങള്‍ എടുക്കാന്‍ മുതലാളി അനുവാദം തന്നപ്പോള്‍ പുറത്തിറങ്ങിയതായിരുന്നു. ഇന്ന് ചെരുപ്പുകടയില്‍ ചെരുപ്പുകുത്തി വേണ്ട. ആവശ്യക്കാര്‍ക്ക് കൂടില്‍ നിന്ന് വലിച്ചൂരിയെടുത്തു കാണിക്കാന്‍ ആര്‍ക്കും കഴിയും. തുന്നുകയോ ഒട്ടിക്കുകയോ ചെയ്യുന്ന പണി കടകളിലില്ല.
മരത്തിന്റെ പലകകള്‍ക്കു കൊളുത്തിട്ട് തട്ടുകളാക്കി എത്ര വേഗമാണ് ഭയ്യ ഒരു താല്‍ക്കാലിക കട നിര്‍മിച്ചുണ്ടാക്കിയത്! അയ കെട്ടി ഉടുപ്പുകള്‍ വെവ്വേറെ തൂക്കിയിട്ടു. വൈകുന്നേരങ്ങളില്‍ ഭയ്യയുടെ ചുറ്റും ഉടുപ്പുകളും ഷര്‍ട്ടുകളും പാകം നോക്കി വിലയുറപ്പിക്കാന്‍ ആളുകള്‍ കൂടിനിന്നു.
അയാള്‍ നേരെ എതിര്‍വശത്തുള്ള ഹോട്ടലില്‍ ചായയോ ഊണോ കഴിക്കാന്‍ പോകുമ്പോള്‍ വിളിച്ചു പറയും:
”കാസിം ഭായ്… പണിക്കിടയില്‍ ഇങ്ങോട്ടൊരു കണ്ണു വേണം.”
തൊട്ടടുത്ത് ഒരു കടയെങ്കിലും തുറന്നത് ഇല്ലായിരുന്നെങ്കില്‍ നോമ്പിന് വല്ലതും കഴിക്കാന്‍ അയാള്‍ ബുദ്ധിമുട്ടിയേനെ.
വെയില്‍ ചാഞ്ഞുതുടങ്ങുന്നു. ആറു മണിക്കു മുമ്പേതന്നെ വരണമെന്ന് ഓര്‍മപ്പെടുത്തി വിട്ടവരുടെ രണ്ടു ജോഡി ചെരുപ്പുകള്‍ അടിയില്‍ കഷണം വെക്കാന്‍ വജ്രപ്പശയിട്ട് ഈര്‍പ്പം വലിയാന്‍ മാറ്റിവെച്ചിരുന്നു.
പാകത്തിന് അടി മുറിച്ചെടുത്ത് ഒട്ടിച്ചപ്പോള്‍ പുറത്തേക്കു തള്ളിനില്‍ക്കുന്ന അരികുകള്‍ വീതുളി ഉപയോഗിച്ച് അരിഞ്ഞിട്ടു. ഉരക്കടലാസിട്ട് മിനുസം വരുത്തി മാറ്റിവെച്ചതോടെ പണി അവസാനിച്ചു.
പഴയ ചെരുപ്പുകള്‍ അട്ടിയാക്കി ചാക്ക് കൊണ്ട് പൊതിഞ്ഞ് പണിയായുധങ്ങള്‍ പെറുക്കിവെക്കാന്‍ തുടങ്ങുമ്പോഴാണ് ഒരാള്‍ മുന്നില്‍ വന്നുനിന്നത്. നിന്നേടത്തു നിന്ന് ഷൂ അഴിച്ച് അയാള്‍ മുന്നിലേക്ക് കുടഞ്ഞിട്ടു. പോളിഷ് ചെയ്യാനാണ്. കറുത്ത പോളിഷ് ഡെപ്പി തുറക്കുന്നതിനു മുമ്പ് തുണിയെടുത്ത് പൊടി തുടച്ചപ്പോള്‍ പോളീഷ് ചെയ്തതുപോലെ തിളക്കം.
”ഒന്നു വെറുതെ പൂശിയാല്‍ മതി.”

ബ്രഷിന്റെ തുമ്പുകള്‍ കുത്തിത്തേച്ച് രണ്ട് ഷൂകളും മിനുക്കിക്കൊടുത്തു. അയാള്‍ ബാഗില്‍ കൈയിട്ട് ഏറെ നേരം തിരച്ചില്‍ നടത്തി, ഒരു നോട്ട് വലിച്ചെടുത്ത് നീട്ടി.
ഭയ്യയുടെ മുന്നില്‍ തിരക്കാണ്… ഇരുപത് രൂപയെടുത്ത് ബാക്കി കൊടുക്കാന്‍…
ആ വിഷമം മുഖത്തു നിന്നു വായിച്ചെടുത്തിട്ടാവാം അയാള്‍ പറഞ്ഞു:
”വെച്ചോളൂ… ബാക്കി വേണ്ട…!”
അഞ്ഞൂറു രൂപയുടെ ഒരു ഒറ്റ നോട്ട്!
”പോളീഷ് ചെയ്യാന്‍ എന്താ വാങ്ങ്വാ…?”
”ഇരുപത്…”
അയാള്‍ ഇരുപത് രൂപ കൂടി ഏല്‍പിച്ചിട്ട് പറഞ്ഞു: ”വെച്ചോളൂ… റമദാന്‍ ഇന്ന് അവസാനിക്കുകയല്ലേ…”
കാസിം ഭായിക്ക് വിശ്വസിക്കാനായില്ല. ആ വെപ്രാളത്തില്‍ തരിച്ചുനില്‍ക്കേ സ്യൂട്ട്‌കേസ് തൂക്കി അയാള്‍ തിരിഞ്ഞുനടന്നു.
അയാള്‍ ആരാണ്…? എന്തായിരിക്കും അയാളുടെ പേര്…? ഒന്നും ചോദിക്കാനോ ഒരു നന്ദിവാക്കു പറയാന്‍ പോലുമോ ആയില്ല.
തന്നോട് ഇത്രയും ദയ കാണിക്കാന്‍…! ഒരുപക്ഷേ, ‘ദയ’ എന്നുതന്നെയായിരിക്കുമോ അയാളുടെ പേര്?
സൂചിയും നൂലുണ്ടയും കുത്തുളിയും ബാണവുമെല്ലാം പെറുക്കി തകരപ്പെട്ടിയില്‍ അടുക്കി. പൊടി തട്ടി, പെട്ടിക്കു മുകളില്‍ ചാക്കുകള്‍ മടക്കി മൂടിയിട്ട് അയാള്‍ എഴുന്നേറ്റു. അപ്പോഴേക്കും രണ്ടു ചെരുപ്പിന്റെ ഉടമകള്‍ കൂടി വന്നെത്തി.
ഇനി പുറപ്പെടാം.
ഭയ്യയുടെ കടയില്‍ രണ്ടുമൂന്നു പേര്‍ ഷര്‍ട്ടുകള്‍ മറിച്ചിട്ട് നോക്കിനില്‍ക്കുന്നുണ്ട്.
”ഭയ്യാ… മോളെ ഉടുപ്പ് ഒന്നു പൊതിഞ്ഞുതരീം…”
അയാള്‍ കാഴ്ചപ്പുറത്തിനപ്പുറം മാറ്റിവെച്ച ഉടുപ്പെടുത്തു കുടഞ്ഞ് ഒരിക്കല്‍ കൂടി കാണിച്ച് ഉറപ്പുവരുത്തി പൊതിഞ്ഞു.
അഞ്ഞൂറിന്റെ ഒരൊറ്റനോട്ടെടുത്ത് നീട്ടുമ്പോള്‍ ഭയ്യ പറഞ്ഞു:
”ഇതിനു കാശ് വേണ്ട… ഇത് പേരക്കുട്ടിക്ക്… ന്റെ വക… ഇനി നമുക്ക് അടുത്ത നോമ്പിന് കാണാ… രാത്രി പത്ത് മണിയുടെ എക്‌സ്പ്രസിന് സ്ഥലം വിടണം.”
എത്ര ശ്രമിച്ചിട്ടും അയാള്‍ കാശ് വാങ്ങിയില്ല. തിരിച്ചു നടക്കുമ്പോള്‍ കാസിം ഭായിക്ക് ഉറക്കെ വിളിച്ചുപറയണമെന്നു തോന്നി:
നാളെ എനിക്കും പെരുന്നാളാണ്. ബല്ല്യ ചെറിയ പെരുന്നാള്‍… .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top