സമൂഹം
മറവി ഒരു അനുഗ്രഹമാണ് എന്നു പറയാറുണ്ട്. വലിയ രീതിയില്‍ അത് ശരിയാണ്. എന്നാല്‍ അത് ഒട്ടും ശരിയാകാത്ത ചില സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടാകാറുണ്ട്. ഉദാഹരണത്തിന് കോവിഡ് കാലം. നമ്മള്‍ അതിവിദഗ്ധമായി അതിനെ അതിജീവിച്ചിട്ട് അധികം കാലമായിട്ടില്ല. ഏറെ വിപുലമെന്ന് ചിന്തിക്കുന്ന മനുഷ്യജീവിതം എത്ര തുച്ഛമായിരുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തിയ നിമിഷങ്ങളായിരുന്നു കടന്നുപോയിക്കൊണ്ടിരുന്നത്. മനുഷ്യന്‍ നേടിയെടുത്തു എന്ന് അഹങ്കരിച്ചിരുന്ന പുരോഗതിയുടെ മറ്റൊരു വശം കൂടി കാണാന്‍ പര്യാപ്തമായ ഒരു സാഹചര്യം നമുക്കു മുന്നില്‍ രൂപപ്പെട്ടുവന്നു. ഏറെക്കാലം മുമ്പ് ഇവിടെ നിലനിന്നിരുന്ന തൊട്ടുകൂടായ്മയുടെ ഒരു പുതിയ ‘വേര്‍ഷന്‍’ അനുഭവിക്കാന്‍ പുതിയ തലമുറയ്ക്ക് സാധിച്ചു. അകന്നുനിന്നുകൊണ്ടുള്ള ഒരുമയുടെ പാഠം എത്ര പെട്ടെന്നാണ് നാം മറന്നുകളഞ്ഞത്.
നവസാഹിത്യം
നവസാഹിത്യം പരമ്പരാഗതമായ എല്ലാ ചിട്ടവട്ടങ്ങളെയും ഉല്ലംഘിച്ചിരിക്കുന്നു. തെറ്റ് പറയാന്‍ പറ്റില്ല. എന്നാല്‍ പുതിയ മീഡിയ ‘സാഹിത്യം’, ‘കവിത’ എന്നിങ്ങനെയുള്ള ടൈറ്റിലുകള്‍ക്കപ്പുറം ‘സോഷ്യല്‍ മീഡിയ എഴുത്ത്’ എന്ന നിലയില്‍ മാത്രം വിരാജിക്കുന്ന മറ്റൊരു സര്‍ഗാത്മക മേഖലയായി മാറ്റപ്പെട്ടിരിക്കുന്നു. നല്ലതെന്നോ മോശമെന്നോ പറയാന്‍ കഴിയാത്ത എത്ര സാക്ഷാത്കാരങ്ങളാണ് ഇന്ന് ദിനംപ്രതി സാഹിത്യമായും കവിതയായും നമ്മുടെ മുന്നിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നത്.
മാനവികത
സമൂഹത്തിന്റെ എല്ലാ മേഖലകളിലും മതത്തിന്റെ ഇടപെടലുകള്‍ വലിയ അളവില്‍ ഉറപ്പിച്ചിരിക്കുന്ന ഒരു കാലമാണിത്. കലയിലും സാഹിത്യത്തിലും തൊഴിലിലും രാഷ്ട്രീയത്തിലും മാത്രമല്ല, മനുഷ്യന്‍ പെരുമാറുന്ന എല്ലാ ഇടങ്ങളിലും മതം ഇടപെടുന്ന അവസ്ഥയുണ്ട്. ജനാധിപത്യത്തിന്റെ നിസ്സഹായ മുഖത്തേക്കു നോക്കി മാനവികത കണ്ണീരൊഴുക്കുകയാണ്. മതവും മതമില്ലായ്മയും ജനാധിപത്യ ശരീരത്തിലെ തിളങ്ങുന്ന രണ്ടു കണ്ണുകള്‍ മാത്രമാകണം.
സാരോപദേശം
നിങ്ങള്‍ ഒരാള്‍ക്ക് സാരോപദേശം പകര്‍ന്നുനല്‍കുമ്പോള്‍ അത് സ്വയം സ്വായത്തമാക്കിയെന്ന് വീണ്ടും വീണ്ടും ഉറപ്പു വരുത്തുക.