LoginRegister

ഡിജിറ്റല്‍ അഡിക്ഷന്‍ കുട്ടികളിലും മുതിര്‍ന്നവരിലും

സീതാലക്ഷ്മി എന്‍ എസ്‌

Feed Back


”എന്റെ കുട്ടിക്കു മൊബൈല്‍ ഫോണില്‍ അറിയാത്തതായി ഒന്നും തന്നെയില്ല. ഒരു ദിവസം ഭക്ഷണമോ വെള്ളമോ കിട്ടിയില്ലെങ്കില്‍ പോലും ഒരു പ്രശ്‌നവുമില്ല. പക്ഷേ മൊബൈല്‍ ഫോണില്ലാതെ ഒരു നിമിഷം പോലും അവനു പറ്റില്ല” – പല രക്ഷിതാക്കളില്‍ നിന്നും തന്റെ കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെപ്പറ്റി പതിവായി ഉയര്‍ന്നു കേള്‍ക്കുന്ന പരാതിയാണിത്.
മക്കളുടെയും കൊച്ചുമക്കളുടെയും മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തെ ചില അവസരങ്ങളില്‍ അന്തസ്സായും മറ്റു ചിലപ്പോള്‍ തീര്‍ത്തും നിസ്സഹായാവസ്ഥയായും കാണുന്ന, സാങ്കേതികവിദ്യാ സാക്ഷരത ഇനിയും കൈവന്നിട്ടില്ലാത്ത പിന്‍തലമുറ ഇങ്ങനെ പറയുമ്പോള്‍ അവിടെ പതിയിരിക്കുന്ന അപകടം ചെറുതൊന്നുമല്ല. മൊബൈല്‍ ഫോണ്‍/ടാബ്, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് തുടങ്ങിയവ ഇന്ന് ഒരു ശരാശരി മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ അവിഭാജ്യ ഘടകമായി തീര്‍ന്നിരിക്കുന്നു. എന്നാല്‍ ഇത്തരം ടെക്‌നോളജിയുടെ അനിയന്ത്രിത/ അപകടകരമായ ഉപയോഗം തീര്‍ത്തും ചര്‍ച്ച ചെയ്യേണ്ടതും പ്രതിരോധ നടപടികള്‍ സ്വീകരിക്കപ്പെടേണ്ടതുമായ ഒന്നാണ്. എന്തുകൊണ്ടെന്നാല്‍, ആധുനിക സമൂഹത്തില്‍ ഏറ്റവും പ്രസക്തമായ വെല്ലുവിളികളില്‍ ഒന്നാണ് അനിയന്ത്രിതവും ഉത്തരവാദിത്തരഹിതവുമായ ഇത്തരം ടെക്‌നോളജികളുടെ ദുരുപയോഗം. അതു ക്രമേണ ഡിജിറ്റല്‍ അഡിക്ഷനിലേക്കു നയിക്കും.
ഡിജിറ്റല്‍ അഡിക്ഷന്‍?
അടിമത്ത രോഗങ്ങള്‍ പ്രധാനമായി രണ്ടു വിധമുണ്ട്: ലഹരി പദാര്‍ഥങ്ങള്‍ക്ക് അടിമപ്പെടുക (substance use disorder), സ്വഭാവസംബന്ധിയായ അടിമത്തം (behavioural addiction) എന്നിവയാണവ. സ്വഭാവസംബന്ധിയായ അടിമത്തം എന്തെന്നാല്‍, നമ്മള്‍ ഒരു പ്രവൃത്തി ചെയ്യുകയും അതില്‍ നിന്ന് നമുക്ക് ആനന്ദം ലഭ്യമാവുകയും ചെയ്യുന്നു. പിന്നീട് അതേ ആനന്ദം കിട്ടാന്‍ വേണ്ടി നമ്മള്‍ ആ പ്രവൃത്തിയില്‍ കൂടുതല്‍ മുഴുകേണ്ടിവരുകയും, ക്രമേണ ആനന്ദം എന്തെന്നാല്‍ ആ പ്രവൃത്തി മാത്രമാണ് എന്ന സ്ഥിതിവിശേഷത്തിലേക്ക് ഒതുങ്ങുകയും ചെയ്യുക എന്നതാണ്. ബിഹേവിയറല്‍ അഡിക്ഷനെത്തന്നെ പല വിധത്തില്‍ തരം തിരിക്കാം. ഇന്റര്‍നെറ്റ് അഡിക്ഷന്‍, ചൂതാട്ടം, സെക്‌സ്, പോര്‍ണോഗ്രഫി എന്നിവയിലെ അഡിക്ഷന്‍, ഫോണ്‍ അഡിക്ഷന്‍, ഗെയിം അഡിക്ഷന്‍ എന്നിവയാണ് അവയില്‍ ചിലത്.
ഡിജിറ്റല്‍ അഡിക്ഷന്‍ കുട്ടികളിലും മുതിര്‍ന്നവരിലും വ്യത്യസ്തമായ രീതിയിലാണ് കണ്ടുവരുന്നത്. കുട്ടികള്‍ അവരുടെ ബാല്യകാലം മുതല്‍ ഏറ്റവും കൂടുതല്‍ കാണുന്ന വസ്തുക്കളില്‍ ഒന്നായി മൊബൈല്‍ ഫോണ്‍ ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. കുട്ടികളുടെ കരച്ചില്‍ മാറ്റാനോ മറ്റോ ഒരു ഉപാധി എന്നോണമാണ് തുടക്കകാലഘട്ടങ്ങളില്‍ മാതാപിതാക്കള്‍ മൊബൈല്‍ ഫോണിനെ കുഞ്ഞുങ്ങള്‍ക്കു പരിചയപ്പെടുത്തുന്നത്. കുട്ടികള്‍ ഒരു പ്രായം പിന്നിടുമ്പോള്‍ ക്രമേണ അവര്‍ മൊബൈല്‍ ഗെയിമുകളിലേക്കും മറ്റും വ്യാപൃതരാകാന്‍ തുടങ്ങുന്നു. കൗമാരപ്രായത്തിലേക്കു കടക്കുന്നവരില്‍ മുഖ്യധാരാ സാമൂഹിക മാധ്യമ സങ്കേതങ്ങളുടെ ദുരുപയോഗം വ്യാപകമായി കണ്ടുവരാറുണ്ട്. ഡേറ്റിങ് ആപ്പുകള്‍, യൂട്യൂബ്, ഫേസ്ബുക്ക്, അശ്ലീല വീഡിയോ സൈറ്റുകള്‍, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് എന്നിവ അവയില്‍ ചിലതാണ്.

എന്തുകൊണ്ട്
ഡിജിറ്റല്‍ അഡിക്ഷന്‍?

ജനിതകവും പാരമ്പര്യവും മനഃശാസ്ത്രപരവും സാമൂഹികവുമായ പലതും ഡിജിറ്റല്‍ അഡിക്ഷന് കാരണമാവുന്നുണ്ട്. അതായത് കുടുംബത്തില്‍ ആര്‍ക്കെങ്കിലും അഡിക്ഷന്‍ ഡിസോര്‍ഡര്‍ ഉണ്ടെങ്കില്‍ -മനോരോഗങ്ങള്‍, വ്യക്തിത്വപരമായ പ്രശ്‌നങ്ങള്‍ (personality traits/ temperament issues/ ADHD etc) അതൊരു കാരണമാണ്. ബാല്യകാലത്ത് ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങളോ അവഗണനകളോ നേരിട്ടുള്ള വ്യക്തികളില്‍ ഡിജിറ്റല്‍ അഡിക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കലുഷിതമായ കുടുംബ സാഹചര്യത്തില്‍ വളരുന്ന കൗമാരപ്രായക്കാരായ കുട്ടികളില്‍ ഡിജിറ്റല്‍ അഡിക്ഷന്‍ കൂടുതലായി കണ്ടുവരുന്നുണ്ട്.
ഡിജിറ്റല്‍ അഡിക്ഷന്റെ
പ്രശ്‌നങ്ങള്‍

ജൈവശാസ്ത്രവുമായി ബന്ധപ്പെട്ടു പറയുകയാണെങ്കില്‍, ഒരു വസ്തുവിനോട് അടിമപ്പെടുന്നതിനു പിറകില്‍ നമ്മുടെ മസ്തിഷ്‌കവുമായി ബന്ധപ്പെട്ട ചില സവിശേഷതകള്‍ കൂടിയുണ്ട്. തലച്ചോറിന്റെ മുന്‍ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സ് (prefrontal cortex) മനുഷ്യനില്‍ ആത്മനിയന്ത്രണം, ശ്രദ്ധ, തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷി, ഉള്‍ക്കാഴ്ച തുടങ്ങിയവയെ സഹായിക്കുന്നു. കൂടാതെ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിലുള്ള ഡോപമിന്‍ (റീുമാശില) എന്ന രാസവസ്തുവിന്റെ നിശ്ചിത അളവിലുള്ള പ്രവര്‍ത്തനം ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് ഏകാഗ്രത സാധ്യമാകൂ. അനിയന്ത്രിതമായ ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ ദുരുപയോഗം മനുഷ്യരില്‍ ഡോപമിനിന്റെ അളവ് കുറയ്ക്കാന്‍ കാരണമാവുകയും തുടര്‍ന്ന് ഇവരില്‍ ശ്രദ്ധക്കുറവ് ഉണ്ടാവുകയും ചെയ്യുന്നു. ഇത് പഠനം, ജോലി, വ്യക്തിജീവിതം തുടങ്ങിയ മേഖലകളില്‍ ഉണ്ടാക്കുന്ന ഉലച്ചിലുകള്‍ ചെറുതൊന്നുമല്ല.
സാധാരണഗതിയില്‍ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഡോപമിനിന്റെ അളവ് ചെറിയൊരു അളവില്‍ കൂടുന്നു. എന്നാല്‍ ഡിജിറ്റല്‍ അഡിക്ഷന്‍ സംഭവിച്ച രോഗിയില്‍ ഏതൊരു പ്രവൃത്തിയിലാണോ അവനില്‍ അത്യന്തം ആഹ്ലാദം ജനിപ്പിച്ചത് അതേ ആഹ്ലാദം അതേ അളവില്‍ നിലനിര്‍ത്താന്‍ കൂടുതല്‍ സമയം രോഗി അതേ പ്രവൃത്തിയില്‍ ഏര്‍പ്പെടേണ്ടിവരുന്നു. ഇവിടെ അനിയന്ത്രിതമായ ഉപയോഗം നിമിത്തം കൂടുതല്‍ സന്തോഷവും വിനോദമൂല്യവും നിലനിര്‍ത്താനായി പതിവില്‍ കൂടുതല്‍ സമയം ഇത്തരം സാങ്കേതികവിദ്യകളില്‍ ചെലവഴിക്കേണ്ടതായി വരുന്നു. സ്‌ക്രീന്‍ ടൈം കൂടുതല്‍ എടുക്കുന്നവരില്‍ ഡോപമിന്‍ എന്ന രാസവസ്തുവിന്റെ അളവ് ഗണ്യമായി കുറയുന്നതായി കണ്ടുവരുന്നുണ്ട്. എന്നാല്‍, ഡോപമിനിന്റെ അളവ് കൂടുന്നപക്ഷം രോഗിയില്‍ മറ്റു ചില മനോരോഗങ്ങളും സ്ഥാനമുറപ്പിക്കുന്നു.
ഉറക്കക്കുറവാണ് മറ്റൊരു അനന്തരഫലം. ഒരു മനുഷ്യന് ശരാശരി ഏഴു മണിക്കൂര്‍ നേരമെങ്കിലും തടസ്സമില്ലാതെയുള്ള നിദ്ര അത്യന്താപേക്ഷിതമാണ്. ഡിജിറ്റല്‍ അഡിക്ഷന്‍ സംഭവിച്ച ഒരു രോഗിക്ക് ഉറക്കക്കുറവ് സംജാതമാവുകയും തുടര്‍ന്ന് ഓര്‍മക്കുറവ് ഉണ്ടാവുകയും ചെയ്യുന്നു. ക്രമേണ അവനവന്റെ കര്‍മമണ്ഡലത്തില്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കാനോ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനോ സാധ്യമല്ലാതായിത്തീരുകയും ചെയ്യുന്നു.
പെരുമാറ്റ സംബന്ധമായി അമിതമായ ദേഷ്യം, നിസ്സാര കാര്യങ്ങള്‍ക്കു കോപിഷ്ഠരാവുക, സാധനങ്ങള്‍ എടുത്തെറിയുക തുടങ്ങിയവ ഇവര്‍ പ്രകടിപ്പിക്കുന്നു. കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, തലപെരുപ്പ്, നടുവേദന, കൈവേദന എന്നീ ശാരീരിക അസ്വസ്ഥതകളും ഇവരില്‍ കണ്ടുവരുന്നു.

ലക്ഷണങ്ങള്‍ എന്തെല്ലാം?
മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ലാപ്‌ടോപ് തുടങ്ങിയ ഗാഡ്ജറ്റുകളില്‍ അനിയന്ത്രിതമായി സമയം ചെലവഴിക്കുക. അതായത് ഒരു വ്യക്തി ഒരു ദിവസം ശരാശരി ആറു മണിക്കൂറോ അതിലധികമോ സമയം മേല്‍പ്പറഞ്ഞ ഉപകരണങ്ങളില്‍ ചെലവിടുക. ഈ സ്‌ക്രീനുകള്‍ ദൈനംദിന ജീവിതത്തില്‍ നന്നേ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്നും അവ നിരന്തരം ഉപയോഗിച്ചെങ്കില്‍ മാത്രമേ ജീവിതം സുഗമമായി പോകൂ എന്നുള്ള തോന്നലുകള്‍ ഉണ്ടാവുക.
ഇത്തരം സാങ്കേതികവിദ്യകളില്‍ അമിതമായി സമയം ചെലവഴിക്കുന്നത് തടയാനായോ കുറയ്ക്കാനായോ ശ്രമം നടത്തിയാലും നിരന്തരമായി അതില്‍ പരാജിതനാവുക.
മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ലാപ്‌ടോപ് തുടങ്ങിയവ നല്‍കുന്ന അമിത വിനോദമൂല്യങ്ങളെക്കുറിച്ചുള്ള അനിയന്ത്രിതമായ ചിന്തകളും പിന്നീട് ഇവ തുടര്‍ന്നും ഉപയോഗിക്കണമെന്നുള്ള ഉള്‍പ്രേരണകളും മറ്റും ഉണ്ടാവുക.
ഇത്തരം കാര്യങ്ങളുടെ ദുരുപയോഗം മൂലം ജീവിതത്തിലെ മറ്റു പല ഉത്തരവാദിത്തങ്ങളും നിറവേറ്റാന്‍ സാധിക്കാതെ വരുക. കുടുംബം, തൊഴില്‍, സാമൂഹിക ബന്ധങ്ങള്‍, മറ്റു വിനോദപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വേണ്ട രീതിയിലുള്ള ഇടപെടലുകള്‍ നടത്താന്‍ സാധിക്കാതെ വരുകയോ തന്റെ കര്‍മമണ്ഡലങ്ങളില്‍ നിന്ന് പൂര്‍ണമായ പിന്‍വലിയല്‍ ഉണ്ടാവുകയോ ചെയ്യുക.
ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരം സാങ്കേതിക പ്രതലങ്ങള്‍ ലഭ്യമാകാതെ വരുന്ന ഘട്ടങ്ങളില്‍ പിന്‍വാങ്ങല്‍ (withdrawal symptoms) ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക. അമിതമായ ദേഷ്യം, ഉറക്കക്കുറവ്, തലവേദന, തലപെരുപ്പ്, ചെറിയ കാര്യങ്ങള്‍ക്കു കോപിഷ്ഠരാവുക, ശ്രദ്ധക്കുറവ് എന്നിവയാണ് അവയില്‍ ചിലത്.
നേരത്തേ കണ്ടെത്താം
ഡിജിറ്റല്‍ അഡിക്ഷന്‍ ബാധിതനായ വ്യക്തിക്ക് എന്തിനോടാണോ അഡിക്ഷന്‍ രൂപപ്പെട്ടിരിക്കുന്നത്, അതില്‍ നിന്ന് പിന്‍വലിയാന്‍ സാധിക്കാതെ വരുമ്പോള്‍ കാലക്രമേണ രോഗി തന്റെ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും തന്റെ ഡിജിറ്റല്‍ ദുരുപയോഗത്തെ മറയ്ക്കാനായുള്ള ശ്രമങ്ങള്‍ നടത്തുന്നു.
ഇവ തുടര്‍ച്ചയായി ഉപയോഗിക്കാനുള്ള ആസക്തി നിയന്ത്രണാതീതമാകുന്നു.
താന്‍ അനുഭവിക്കുന്ന ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദം (stress) ഒഴിവാക്കുന്നതിനോ, ബുദ്ധിമുട്ടുള്ള വികാരങ്ങളെ (negative emotions) നേരിടുന്നതിനോ ഇത്തരം വസ്തുക്കളില്‍ ആശ്രയം കണ്ടെത്തുന്നു.
മറ്റുള്ളവര്‍ രോഗിയുടെ ഇത്തരത്തിലുള്ള പെരുമാറ്റ വ്യത്യാസങ്ങളെ ചൂണ്ടിക്കാണിക്കുകയോ വിമര്‍ശിക്കുകയോ ചെയ്താല്‍ രോഗി പെട്ടെന്നുതന്നെ ദേഷ്യപ്പെടുന്നു.
ഇത്തരം സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച ശേഷം രോഗിയില്‍ അമിതമായ കുറ്റബോധം അനുഭവപ്പെടുന്നു.
നിരന്തരവും അനിയന്ത്രിതവുമായി ഉപയോഗിച്ചുകൊണ്ടിരുന്ന സംവിധാനങ്ങള്‍ പെട്ടെന്ന് ഇല്ലാതാകുമ്പോള്‍ പ്രകോപിതനാവുകയോ അസ്വസ്ഥനാവുകയോ ചെയ്യുന്നു.
മുന്‍കരുതലുകള്‍
കുട്ടികളിലും മുതിര്‍ന്നവരിലും ഗാഡ്ജറ്റുകളുടെ നിയന്ത്രിത ഉപയോഗത്തിന്റെ സമയപരിധിയെക്കുറിച്ച് ഇനിയും അറിയേണ്ടിയിരിക്കുന്നു. മൂന്നു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഒരു കാരണവശാലും മൊബൈല്‍ ഫോണ്‍ പോലുള്ള ഗാഡ്ജറ്റുകള്‍ നല്‍കരുത് എന്നാണ് പഠനങ്ങള്‍ പറയുന്നത്. മൂന്നു വയസ്സ് മുതല്‍ എട്ടു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം ഒരു ദിവസത്തില്‍ അര മണിക്കൂറും, 8 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഒരു മണിക്കൂര്‍ വരെയും ഗാഡ്ജറ്റുകള്‍ അനുവദിക്കാവുന്നതാണ്.
സന്തോഷം നല്‍കുന്ന മറ്റേതെങ്കിലും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് മുേഖന ഇത്തരം അടിമത്ത രോഗങ്ങളില്‍ നിന്ന് കാലക്രമേണ വിടുതല്‍ സാധ്യമാകുന്നു. ഉദാഹരണത്തിന് കായിക വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് തലച്ചോറില്‍ ഡോപമിനിന്റെ അളവ് ആവശ്യമായ തോതില്‍ കൂടാന്‍ സഹായിക്കുന്നു. ഇത് നമ്മില്‍ ഏകാഗ്രത കൂട്ടാനും ഫലപ്രദമായി ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാനും സഹായിക്കുന്നു.
മറ്റുള്ളവര്‍ക്ക് സ്വയം മാതൃകയാവുക എന്നതാണ് രണ്ടാമത്തെ പ്രതിവിധി. അതായത് വീട്ടില്‍ കുട്ടികളുണ്ടെങ്കില്‍ മാതാപിതാക്കള്‍ തങ്ങളുടെ ഡിജിറ്റല്‍ ഉപയോഗം പരിമിതപ്പെടുത്തുക. പകരം കുഞ്ഞുങ്ങളുമായി മറ്റു വിനോദങ്ങളില്‍ ഏര്‍പ്പെടുക. ഉപയോഗത്തിനു ശേഷം ഗാഡ്ജറ്റുകള്‍ ഒരിടത്തു മാറ്റിവെക്കുക. അനാവശ്യമായി അവ തങ്ങളുടെ കൈവശം വെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
കുട്ടികള്‍ക്കിടയിലെ ഡിജിറ്റല്‍ ഉപയോഗത്തില്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടം എപ്പോഴും ഉണ്ടാകണം. നിശ്ചിത സമയപരിധിയോ ഡാറ്റ നിയന്ത്രണമാര്‍ഗങ്ങളോ ക്രമപ്പെടുത്തി ഇത്തരം ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുക. സൈബര്‍ സുരക്ഷിതത്വവുമായി ബന്ധപ്പെട്ടു മാതാപിതാക്കള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണ്. ഉദാഹരണമായി (mSpy), ഗൂഗിള്‍ ഫാമിലി ലിങ്ക് ഫോര്‍ പാരെന്റ്‌സ് (google family link for parents) തുടങ്ങിയ ആപ്പുകള്‍ കുട്ടികളുടെ അറിവോടുകൂടി അവരുടെ ഗാഡ്ജറ്റില്‍ സ്ഥാപിക്കാവുന്നതാണ്. എന്നാല്‍ ചില കുട്ടികളില്‍ അപകടകരമായ വിധത്തിലുള്ള ഡിജിറ്റല്‍ ദുരുപയോഗങ്ങള്‍ നിലനില്‍ക്കെ മുതിര്‍ന്നവര്‍ കുട്ടികളുടെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരം ആപ്പുകള്‍ സ്ഥാപിക്കാന്‍ നിര്‍ബന്ധിതരാകാറുണ്ട്.
കുട്ടികളുമായി അപ്പോഴും നല്ല ആത്മബന്ധവും (bonding) ആശയവിനിമയവും (communication) സൂക്ഷിക്കുക. മുതിര്‍ന്നവര്‍ കുട്ടികളെ അനുതാപപൂര്‍വം (empathy) മുന്‍വിധികളില്ലാതെ കേള്‍ക്കുകയും പറയുന്ന കാര്യങ്ങളെ നിസ്സാരവത്കരിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ടതാണ്.
കുട്ടികള്‍ വാശി പിടിക്കുമ്പോഴോ കരയുമ്പോഴോ ഗാഡ്ജറ്റുകള്‍ കൊടുത്തു കുട്ടിയുടെ വാശിയെയോ കരച്ചിലിനെയോ ശമിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുക. അല്ലെങ്കില്‍ കുട്ടി തന്റെ വൈകാരിക നിയന്ത്രണങ്ങളുടെ ഉപാധി ഇത്തരം ഗാഡ്ജറ്റുകള്‍ മാത്രമാണെന്ന ചിന്തകളിലേക്ക് പോവുകയും തുടര്‍ന്ന് പ്രശ്‌നപരിഹാരശേഷി (problem solving skill), വൈകാരിക ബുദ്ധി (emotional quotient) എന്നിവയെ സാരമായി ബാധിക്കുകയും ചെയ്യും.
എന്താണ് പ്രതിവിധി?
ഔഷധ ചികിത്സയും പെരുമാറ്റ ചികിത്സയും സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സയിലൂടെ ഡിജിറ്റല്‍ അഡിക്ഷന്‍ പരിഹരിക്കാന്‍ സാധിക്കും. ഇതിനായി മനഃശാസ്ത്രജ്ഞന്റെയോ മനഃശാസ്ത്ര മേഖലയില്‍ പ്രാവീണ്യം നേടിയ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറുടെയോ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെയോ സേവനം സ്വീകരിക്കാവുന്നതാണ്.
സര്‍ക്കാര്‍ ആശുപത്രികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിന്റെ വിമുക്തി ഡി-അഡിക്ഷന്‍ സെന്ററില്‍ സൗജന്യ ചികിത്സ ലഭ്യമാണ്.
ഡിജിറ്റല്‍ അഡിക്ഷനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട നടപടി. രോഗപ്രതിരോധം രോഗപ്രതിവിധികളെക്കാള്‍ മികച്ചതാണല്ലോ. ഒരു വ്യക്തിയുടെ തലച്ചോര്‍ വളര്‍ച്ച പ്രാപിക്കുന്നത് 23 വയസ്സിലാണ്. നിരന്തരമായ ഗാഡ്ജറ്റുകളുടെ ദുരുപയോഗം തലച്ചോറിന്റെ വികാസത്തെ പ്രതികൂലമായി ബാധിക്കുന്നു.
കോവിഡ് മഹാമാരി നമ്മുടെ സാമൂഹിക ജീവിതത്തിലും വ്യക്തിജീവിതത്തിലും ഉണ്ടാക്കിയ പ്രഹരം ചെറുതൊന്നുമല്ല. പഠനം, തൊഴില്‍, മറ്റുള്ളവരുമായി സംവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ബന്ധപ്പെട്ടു മൊബൈല്‍ ഫോണ്‍ പോലുള്ള ഗാഡ്ജറ്റുകളുടെ ഉപയോഗം സമൂഹത്തില്‍ വര്‍ധിച്ചുവരുന്നു എന്നത് നമുക്കു മുന്നിലെ ഒരു യാഥാര്‍ഥ്യവുമാണ്. പക്ഷേ അനാരോഗ്യപരമായുള്ള ഇത്തരം ഗാഡ്ജറ്റുകളുടെ ഉപയോഗം ഒരു വ്യക്തിയില്‍ ഉണ്ടാക്കുന്ന ആരോഗ്യ-കുടുംബ-സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചും ബോധവാന്മാരായി പ്രശ്‌നങ്ങളില്‍ ചെന്നുപെടാതിരിക്കാന്‍ നമ്മള്‍ ജാഗരൂഗരാകേണ്ടതുണ്ട്. .
(മെന്റല്‍ ഹെല്‍ത്ത് കണ്‍സള്‍ട്ടന്റാണ്
ലേഖിക.

ഇ-മെയില്‍: seethalakshmins92@gmail.com)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top