LoginRegister

ഞാനും നീയും തമ്മില്‍

ഷെരീഫ് സാഗര്‍

Feed Back


‘സ്ത്രീ’ എന്ന പേരില്‍ എസ് കെ പൊറ്റെക്കാട്ടിന്റെ ഒരു കഥയുണ്ട്. പ്രേമിച്ച പുരുഷനെ മറ്റാരും സ്വന്തമാക്കരുത് എന്ന വാശിയില്‍ ഒരു സ്ത്രീ ചെയ്തുകൂട്ടുന്ന തെറ്റുകളാണ് കഥയില്‍ വിവരിക്കുന്നത്. സ്ത്രീകളുടെ മനഃശാസ്ത്രത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച ഒരു പ്രൊഫസറാണ് കഥയിലെ നായകന്‍. ക്ഷയരോഗം ബാധിച്ച് ജീവിതം നശിക്കാറായ ഭാര്‍ഗവിയാണ് അയാളുടെ കാമുകി. എന്നാല്‍ താന്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന സുനന്ദ എന്ന പെണ്‍കുട്ടിയെ പ്രൊഫസര്‍ക്ക് ഇഷ്ടമാണ്. ഇക്കാര്യം സഹിക്കാനാവാത്ത ഭാര്‍ഗവി താന്‍ മരിച്ചുപോയാലും പ്രൊഫസര്‍ സുനന്ദയെ കല്യാണം കഴിക്കാതിരിക്കാനുള്ള കുരുക്കൊരുക്കി. തന്റെ പിറന്നാളാഘോഷ ചടങ്ങിനിടെ തന്റെ പൊന്‍മാലയും വൈരപ്പതക്കവും സുനന്ദയ്ക്ക് കൊടുത്തു. പിന്നീട്, അത് നഷ്ടപ്പെട്ടിരിക്കുന്നു എന്നും അതെടുത്തത് സുനന്ദയാണെന്നു സംശയിക്കുന്നതായും ഭാര്‍ഗവി പ്രൊഫസറോട് പറഞ്ഞു. സുനന്ദയുടെ മുറി പരിശോധിച്ച പ്രൊഫസര്‍ തുണിപ്പെട്ടിയില്‍ നിന്ന് തൊണ്ടി കണ്ടെടുത്തതോടെ സുനന്ദയെ അയാള്‍ വെറുത്തു.
പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ‘സ്ത്രീ’ എന്ന പേരില്‍ പെണ്ണുങ്ങളുടെ മനോവ്യാപാരങ്ങളെപ്പറ്റിയുള്ള മനഃശാസ്ത്ര ഗ്രന്ഥം പ്രൊഫസര്‍ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുമ്പോഴാണ് സംഗതികളുടെ സത്യാവസ്ഥ ബോധ്യപ്പെടുന്നത്. പ്രൊഫസര്‍ അപ്പോഴും അവിവാഹിതനായിരുന്നു, സുനന്ദയും. സുനന്ദ മരണശയ്യയിലാണ്. പിറന്നാള്‍ ദിവസം ഭാര്‍ഗവി തനിക്കു സമ്മാനിച്ച മാലയെക്കുറിച്ചും വിവാഹ മംഗളാശംസയെക്കുറിച്ചും അറിയിച്ച ശേഷം അവള്‍ മരണത്തിനു കീഴടങ്ങി. ഇക്കാര്യം കല്യാണത്തിന്റെ പിറ്റേന്നു മാത്രമേ പറയാവൂ എന്ന് ഭാര്‍ഗവി സത്യം ചെയ്യിച്ചതുകൊണ്ടാണ് ഒന്നും തുറന്നുപറയാതിരുന്നതെന്ന് അവള്‍ പറഞ്ഞതു കേട്ട് രണ്ടു ജീവിതങ്ങളെ നിഷ്ഫലമാക്കിയ ഭാര്‍ഗവിയെ പ്രൊഫസര്‍ മനസാ ശപിച്ചു.
ഭാര്‍ഗവി സുനന്ദയോട് ചെയ്തതൊക്കെ ഇന്നത്തെ അവസ്ഥ വെച്ചുനോക്കുമ്പോള്‍ വളരെ ചെറുത്. സ്‌നേഹിച്ച പെണ്ണിനെ നഷ്ടപ്പെടുമെന്ന് തോന്നുന്ന ഘട്ടത്തില്‍ പെട്രോളൊഴിച്ച് കത്തിക്കുന്നതാണ് പുതിയ കാലത്തെ സ്ഥിരം വാര്‍ത്ത. ഒരാളോട് പ്രേമം തോന്നിയാല്‍ അയാള്‍ തിരിച്ചും പ്രേമിക്കണം. അല്ലെങ്കില്‍ പെട്രോളൊഴിച്ച് കത്തിക്കും! എന്തൊരു ഭയാനകമായ പ്രേമം! പ്രേമിച്ചാല്‍ അച്ഛന്മാര്‍ വെട്ടിക്കൊല്ലും; പ്രേമിച്ചില്ലെങ്കില്‍ കാമുകന്‍ കത്തിച്ചുകൊല്ലും. കല്യാണം കഴിച്ചാലോ, ആങ്ങള കുത്തിക്കൊല്ലും. ഇവരൊക്കെ അവളെ കൊല്ലുന്നതിന് ഒരു കാരണമേയുള്ളൂ. അവളോടുള്ള അടങ്ങാത്ത ഇഷ്ടം. പ്രേമരോഗികള്‍ക്കിടയിലെ ഒരു ശരാശരി പെണ്ണിന്റെ ദുരവസ്ഥ പരിതാപകരമാണ്.
പൊസസ്സീവ്‌നെസ് എന്ന ശരിയായ ഇംഗ്ലീഷ് വാക്ക് കൊണ്ട് ഈ രോഗത്തെ നിര്‍ണയിക്കാം. ഉടമസ്ഥതാഭാവം, അധീനത എന്നു തുടങ്ങി ചെകുത്താന്‍ ബാധ എന്നുവരെ അര്‍ഥങ്ങളുള്ള ഒരു വാക്കാണത്. പ്രേമം ചിലരെ ചിത്തരോഗികളാക്കുന്നു. അതിനെയാണ് ചെകുത്താന്‍ ബാധ എന്നു വിളിക്കുന്നത്. പ്രേമിച്ചയാളുടെ സമ്പൂര്‍ണ ഉടമസ്ഥത തനിക്കാണെന്നും മറ്റാരും അത് തട്ടിയെടുക്കാന്‍ പാടില്ലെന്നും അവര്‍ കരുതുന്നു. ഏറ്റവും പ്രിയപ്പെട്ടത് നഷ്ടപ്പെട്ടുപോകുമോ എന്ന ഭയമാണ് പൊസസ്സീവ്‌നെസ് ആയി മാറുന്നത്. അതൊരുപക്ഷേ നല്ല കൂട്ടുകാരനാകാം, കാമുകിയാകാം, ഭാര്യയാകാം, ഭര്‍ത്താവാകാം. പൊസസ്സീവ്‌നെസ് കൂടിക്കൂടി സംശയരോഗവും ഭയവും ഉത്കണ്ഠയുമൊക്കെ വര്‍ധിച്ച് ആശുപത്രിയില്‍ അഭയം തേടുന്നവര്‍ വരെ നമുക്കിടയിലുണ്ട്.
ഈ രോഗം നമുക്കുണ്ടോ എന്ന് പരിശോധിക്കാന്‍ ഇപ്പോള്‍ ഒരെളുപ്പവഴിയുണ്ട്. നിങ്ങള്‍ ഭര്‍ത്താവോ ഭാര്യയോ ആകട്ടെ. പരസ്പരം മൊബൈല്‍ ഫോണുകളുടെ കോള്‍ലിസ്റ്റും മെസേജ് ബോക്‌സും സെര്‍ച്ച് ഹിസ്റ്ററിയും സ്ഥിരമായി പരിശോധിക്കാറുണ്ടെങ്കില്‍ നിങ്ങളില്‍ ഈ രോഗം പിടികൂടിയിരിക്കുന്നു എന്നാണ് അര്‍ഥം. വിശ്വാസമില്ലായ്മയും സംശയവുമാണ് ഈ രോഗത്തിന്റെ അടിസ്ഥാന കാരണം. അത് പിന്നീട് പകയും വിദ്വേഷവുമായി വളരുന്നു. അഭിമാനബോധത്തെ ബാധിക്കുന്നു. ദുരഭിമാനക്കൊലകള്‍ സംഭവിക്കുന്നു. വിവാഹത്തിനു ശേഷം ചില ഭര്‍ത്താക്കന്മാരെ സ്വന്തം കുടുംബത്തില്‍ നിന്ന് അകറ്റാന്‍ ചില സ്ത്രീകള്‍ പാടുപെടുന്നതും ഈ പൊസസ്സീവ്‌നെസിന്റെ ഭാഗമാണ്. തനിക്ക് മാത്രം അനുഭവിക്കേണ്ടതിനെ മറ്റാരും പങ്കിട്ടെടുക്കേണ്ടതില്ല എന്ന ഭാവം. ഇത് ചികിത്സിച്ച് മാറ്റേണ്ട രോഗമാണെന്ന് പലരും തിരിച്ചറിയുന്നില്ല എന്നുമാത്രം.

”നിങ്ങളില്‍ ഏറ്റവും നല്ലവന്‍ ഭാര്യയോട് ഏറ്റവും നന്നായി പെരുമാറുന്നവനാകുന്നു” എന്ന നബിവചനം ഏറെ പ്രസക്തമാണ്. തിരിച്ചും അങ്ങനെത്തന്നെ. ഓരോ വ്യക്തികള്‍ക്കും അവരുടേതായ വ്യക്തിത്വവും സ്വകാര്യതകളുമുണ്ട് എന്ന തിരിച്ചറിവാണ് മനുഷ്യന് ഉണ്ടാകേണ്ട ഏറ്റവും വലിയ തിരിച്ചറിവുകളില്‍ ഒന്ന്. ആ വ്യക്തിത്വത്തെയും അവരുടെ സ്വകാര്യതകളെയും മാനിക്കാന്‍ മനുഷ്യന് സാധിക്കണം. മറ്റുള്ളവരുടെ രഹസ്യങ്ങളിലേക്ക് ചുഴിഞ്ഞുനോക്കുക എന്നത് ഏറ്റവും മോശപ്പെട്ട പ്രവൃത്തിയാണ്.
‘ഞാനും നീയും തമ്മില്‍ രക്തബന്ധത്തിന്റെയോ സുഹൃദ്ബന്ധത്തിന്റെയോ വിവാഹബന്ധത്തിന്റെയോ ഉടമ്പടികളുണ്ടാകാം. പക്ഷേ, ഞാന്‍ ഞാനും നീ നീയുമാണ്. നീ എനിക്ക് ആരുമായിക്കൊള്ളട്ടെ, നിന്റെ സ്വകാര്യതകളെയും വ്യക്തിത്വത്തിന്റെ അന്തസ്സിനെയും ഞാന്‍ മാനിക്കുക തന്നെ ചെയ്യും. നിന്റെയും എന്റെയും യഥാര്‍ഥ ഉടമ സ്രഷ്ടാവ് മാത്രമാണ്. താല്‍ക്കാലികമായ ഉടമസ്ഥാവകാശത്തിന്റെ പേരില്‍ നിന്റെ അന്തസ്സിനെ കെടുത്തിക്കളയാനുള്ള യാതൊരു അധികാരവും എനിക്കില്ല’- ഇത്രയും കാര്യങ്ങള്‍ മനസ്സില്‍ ഇടക്കിടെ പറഞ്ഞുറപ്പിച്ചാല്‍ പൊസസ്സീവ്‌നെസ് എന്ന രോഗത്തിന്റെ പിടിയില്‍നിന്ന് കുറച്ചൊക്കെ രക്ഷപ്പെടാം.
പൊസസ്സീവ്‌നെസ് വളരെ സാധാരണമെന്ന് തോന്നുന്ന ഒരു കാര്യമാണെങ്കിലും കുടുംബം, സൗഹൃദം എന്നിങ്ങനെയുള്ള മാനുഷിക ബന്ധങ്ങള്‍ പൊളിച്ചടുക്കാന്‍ അതു മതിയാകും. ഒരളവുവരെ അതു നമ്മോടൊപ്പം ഉണ്ടാകണമെങ്കിലും അതിനപ്പുറത്തേക്ക് പോയാല്‍ ബന്ധങ്ങള്‍ തന്നെ കൈവിട്ടുപോയേക്കാം. പൊസസ്സീവ്‌നെസ് കൂടുതലാണെന്ന കാരണം പറഞ്ഞ് പങ്കാളികളെ വരെ ഒഴിവാക്കുന്ന കാലമാണിത്. കുടുംബ കോടതികളിലെത്തുന്ന പല കേസുകളും ഓവര്‍ പൊസസ്സീവ്‌നെസ് എന്ന അസുഖം കൊണ്ട് വിള്ളലുണ്ടായ സംഭവങ്ങളാണ്.
നിങ്ങള്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നത് പങ്കാളിക്ക് തീരെ പിടിക്കുന്നില്ലെങ്കില്‍ അതിനെ ഒറ്റവാക്കില്‍ പൊസസ്സീവ്‌നെസ് എന്നു വിളിക്കാം. പങ്കാളിയുടെ ഈ അസുഖം കൊണ്ട് കുടുംബത്തെയും സുഹൃത്തുക്കളെയുമൊക്കെ ഉപേക്ഷിക്കേണ്ട ഗതികേട് പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ‘ഞാനാണോ അവരാണോ നിങ്ങള്‍ക്ക് വലുത്’ എന്ന ചോദ്യം കേട്ടാല്‍ ആരായാലും കുഴങ്ങിപ്പോകും. അവള്‍ക്കു വേണ്ടി ഭര്‍ത്താവോ, അവനു വേണ്ടി ഭാര്യയോ അപ്പോള്‍ പൂര്‍ണമായും വിധേയപ്പെടും. വിവാഹം കഴിയുന്നതോടെ ചിലര്‍ മറ്റെല്ലാ സൗഹൃദങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതിന്റെ കാരണം ഈ പൊസെസ്സീവ് പ്രയോഗങ്ങളാണ്.
എല്ലാവരും വ്യത്യസ്തരാണ്. ഓരോരുത്തര്‍ക്കും അവരുടേത് മാത്രമായ ഒരു വ്യക്തിത്വമുണ്ട്. ഈ തിരിച്ചറിവോടെ വേണം ഒരു കുട്ടിയോടു പോലും പെരുമാറാന്‍. സ്‌നേഹം ദിവ്യമായ വികാരമാണ്. അതൊരിക്കലും സ്വാര്‍ഥതയാകരുത്. താന്‍ സ്‌നേഹിക്കുന്ന ഓരോന്നിനെയും മറ്റൊരാള്‍ കൂടി സ്‌നേഹിക്കുന്നുണ്ട് എന്ന തിരിച്ചറിവ് വേണം. കാമുകിക്ക് അച്ഛനും ആങ്ങളയുമുണ്ട്. ഭര്‍ത്താവിന് മാതാവും പിതാവുമുണ്ട്. അവരെല്ലാം അവരുടേതായ തലങ്ങളില്‍ സ്‌നേഹിക്കുന്നു. എല്ലാം തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന മിഥ്യാധാരണ ഒഴിവാക്കിയാല്‍ മാത്രമേ പൊസസ്സീവ്‌നെസ് എന്ന രോഗത്തെ അതിജീവിക്കാന്‍ സാധിക്കുകയുള്ളൂ. അപ്പോള്‍ മാത്രമേ സമാധാനത്തോടെ ജീവിക്കാനും കഴിയൂ.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top