ആദ്യ പ്രസവവും മോനുമായുള്ള പ്രസവാനന്തര നാളുകളുമൊക്കെയും കടുത്ത വേദനകളും പ്രയാസങ്ങളും പ്രതിസന്ധികളും മാത്രമായിരുന്നു സമ്മാനിച്ചത്. അങ്ങനെയാണ് ഒരു ദിവസം, ഇനി ജീവിതം മതി എന്നങ്ങ് തീരുമാനിച്ചത്. ഡ്രൈവറില്‍ നിന്ന് അപ്പോഴേക്കും വിഷ്ണുവേട്ടന് ഏഴാം തരം വരെയുള്ള കുട്ടികളെ പഠിപ്പിക്കുന്ന മാഷായിക്കഴിഞ്ഞിരുന്നു.
അധ്യാപകനായതോടെ വിഷ്ണുവിന് വീട്ടില്‍ നിന്ന് യാത്ര പ്രയാസമായി. അങ്ങനെയാണ് വിഷ്ണു മാത്രം ബാച്ചിലേഴ്സ് ക്വാര്‍ട്ടേഴ്സില്‍ വാടകക്കാരനായത്. അധ്യാപകനാണ് എന്നു പറയാന്‍ എന്തുകൊണ്ടോ അയാള്‍ മടിച്ചു. ഓഫീസ് എന്ന വാക്കും ഓഫീസ് ജോലി എന്ന കൃത്രിമ നാട്യവും അയാളും വീട്ടിലുള്ളവരും കൃത്യമായി പാലിച്ചുപോന്നു. ഇപ്പോഴും മക്കള്‍ക്കു പോലും അയാള്‍ സ്കൂളില്‍ ജോലി ചെയ്യുന്നു എന്നോ അധ്യാപകനാണെന്നോ അറിയില്ലെന്നതായിരുന്നു വാസ്തവം.
എന്തായാലും വിഷ്ണു ഓഫീസിനടുത്തേക്ക് താമസം മാറിയതോടെ നാലു രാത്രികളില്‍ കൃഷ്ണയ്ക്ക് ഉറക്കം മുറിയാതെ രക്ഷപ്പടാനായി. മൂക്കിന്റെ പാലം പൊട്ടിയ ശേഷം രവിയേട്ടനാകട്ടെ അവളെ നേരിട്ട് ആക്രമിച്ചതുമില്ല. എങ്കിലും വിഷ്ണുവിന്റെ ഉപദ്രവങ്ങളില്‍ തളര്‍ന്ന് ബോധംകെട്ടു വീണ ദിവസങ്ങളില്‍ പലപ്പോഴും വസ്ത്രങ്ങളില്‍ അങ്ങിങ്ങായുള്ള വെറ്റിലക്കറയുടെ അടയാളങ്ങളും, പാക്കും കളഭവും ചേര്‍ന്ന മണവും അവളില്‍ സംശയമായി പടര്‍ന്നു. അത്തരമൊരു ദിവസമാണ് അവള് ജീവിതം മതിയെന്നു തീരുമാനിച്ചത്.
വീടു മുഴുവന്‍ അരിച്ചുപെറുക്കിയ അവള്‍ക്ക് ലഭിച്ചത് രണ്ടു സ്ട്രിപ് പാരസെറ്റമോള്‍ ഗുളികകളാണ്. പനിക്കും മേലുവേദനയ്ക്കും മാസാമാസമുള്ള വയറുവേദനക്കും ഒരുപോലെ പരിഹാരമായി കണ്ടിരുന്ന ഗുളികകള്‍. അവള് മുപ്പതു ഗുളികകളാണ് വിഴുങ്ങിയത്.
പിന്നെ സുഖമായങ്ങ് കിടന്നുറങ്ങി. കുഞ്ഞിനെ എന്തു ചെയ്യും എന്നുപോലും ചിന്തിക്കാതെയായിരുന്നു അന്നേരത്തെ പ്രവൃത്തി. മയക്കത്തില്‍ അവള് കുഞ്ഞ് ഉണര്‍ന്നു കരയുന്നത് കേട്ടു. പക്ഷേ ശരീരത്തിന്റെ ഒരണുപോലും അനക്കാന്‍ അവള്‍ക്കായില്ല. അന്നേരം അവള്, താന്‍ മരിച്ചുവെന്നുതന്നെ വിശ്വസിച്ചു. കുഞ്ഞിന്റെ കരച്ചില് കേട്ട് വിഷ്ണുവും അമ്മയും തന്നെ ശകാരിക്കുന്നതും കുഞ്ഞിനെ ആരോ റൂമില്‍ നിന്ന് കൊണ്ടുപോകുന്നതും അവള് അറിഞ്ഞു. പക്ഷേ, ആരും അവളുടെ അടുത്തേക്കു വന്നില്ല.
മരിച്ചുകിടക്കുന്ന തന്നെ എന്താണ് ആരും തൊടാത്തത്, ഇനി അതിനായി പോലീസ് വരുമായിരിക്കും എന്നൊക്കെ പ്രതീക്ഷിച്ച് അവള് ആ കിടപ്പു കിടന്നു. ഇടയ്ക്ക് എപ്പോഴോ ആ മയക്കം മാറി അബോധാവസ്ഥയിലായി. ആ അവസ്ഥ എത്ര നേരം തുടര്‍ന്നു എന്നവള്‍ക്ക് ഒട്ടും നിശ്ചയമില്ല. പക്ഷേ, അവള് എഴുന്നേറ്റു. ആരും അതേപ്പറ്റി ഒന്നും ചോദിച്ചില്ല, പറഞ്ഞുമില്ല.
അങ്ങനെയൊരു ദിവസമാണ് അവളെ തേടി പോസ്റ്റ്മാന് വന്നത്. വിവാഹത്തിനു മുമ്പേ എഴുതിയിരുന്ന ഒരു പി എസ് സി പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഓര്‍ഡര്‍. അവള് ആരോടും ഒന്നും പറഞ്ഞില്ല. വിഷ്ണു ഇല്ലാതിരുന്ന ദിവസം കൊച്ചിനു കുത്തിവെപ്പ് എടുക്കാന്‍ പോവുകയാണെന്നും പറഞ്ഞ് അവള് വീട്ടില്‍ നിന്നിറങ്ങി. ആദ്യം ചെയ്തത് അടുത്തുള്ള ജ്വല്ലറിയില്‍ പോയി സ്വന്തമെന്നു പറയാന്‍ ആകെയുള്ള കമ്മലുകളില്‍ ഒരെണ്ണം വില്‍ക്കലാണ്. ആ പണവുമായി അവള് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനു പോയി.
തിരിച്ച് വീട്ടിലെത്തിയപ്പോള്‍, ഇത്രയും നേരം എവിടായിരുന്നു എന്ന ചോദ്യത്തിനു മുന്നില്‍ ആശുപത്രിയിലെ തിരക്കും മറ്റും പറഞ്ഞ് അവള് പിടിച്ചുനിന്നു. ഒപ്പം വീട്ടില്‍ കാണിക്കാനായി, ബാക്കി വന്ന രൂപ കൊടുത്ത് ഒരു പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറുടെ അടുത്തു നിന്നെടുത്ത വാക്സിന്റെ അടയാളവും അവളെ തുണച്ചു.
ആ ആഴ്ച വീട്ടില്‍ വന്ന വിഷ്ണു അക്കാര്യം പറഞ്ഞ് അവളെ ഒത്തിരി ഉപദ്രവിച്ചു. ദിവസങ്ങള്‍ ആഴ്ചകളും മാസങ്ങളുമായി. വീണ്ടും ഒരിക്കല്‍ കൂടി അവളെ തേടി വന്ന പോസ്റ്റ്മാന് അവള്‍ക്കുള്ള അപ്പോയ്ന്മെന്റ് ഓര്‍ഡര്‍ സമ്മാനിച്ചപ്പോഴും വലിയ സന്തോഷമൊന്നും തോന്നിയില്ല. പക്ഷേ, ഒരു പ്രതികാരം കണക്കെ വീട്ടില്‍ മിണ്ടാതെ ആ കവര്‍ അവള് ഒളിപ്പിച്ചുവെച്ചു. ആ രണ്ട് തവണയും അമ്മയും രവിയേട്ടനും പൂജാമുറിയില്‍ പോയ നേരമായതിനാല്‍ പോസ്റ്റ്മാന് വന്നത് ആരും അറിഞ്ഞില്ല. അവളുടെ കൈകളിലും മുഖത്തുമുള്ള അടയാളങ്ങള്‍ കണ്ടതിനാല്‍ പോസ്റ്റ്മാന് അക്കാര്യം ആരോടും പറഞ്ഞതുമില്ല.
”എങ്ങനെയെങ്കിലും ഈ നരകത്തില്‍ നിന്ന് രക്ഷപ്പെട് മോളേ” എന്ന പ്രാര്ഥനാതുല്യമായ വാക്കുകളോടെ അയാള്‍ തിരിച്ചുപോയി. വിഷ്ണു സ്കൂളിലേക്ക് ഇറങ്ങിയതിനു ശേഷം പതിവില്ലാതെ അവളും ഒരുങ്ങി ഇറങ്ങി. എങ്ങോട്ടെന്ന ചോദ്യത്തിന് മറുപടി പറയാതെ, കുഞ്ഞിനെ പോലും എടുക്കാതെ, അവള് പോയി ജോലിക്കു ചേര്‍ന്നു. തന്റെ സകല സര്‍ട്ടിഫിക്കറ്റുകളും ഓഫീസില്‍ സൂക്ഷിക്കണമെന്ന് അവിടത്തെ സീനിയറായ മാഡത്തോട് പറയുമ്പോള്‍ കരഞ്ഞുപോയി അവള്. അന്ന് വേണുവിനു മുമ്പില്‍ വെച്ചാണ് അവള് കാര്യങ്ങള്‍ മാഡത്തോട് പറഞ്ഞത് എന്നതിനാല്‍ തന്നെ, വേണുവിന് അവളുടെ ജീവിതം അവിശ്വസനീയമല്ലാത്ത വിധം അറിയാന്‍ സാധിച്ചു. അന്ന് അവള് വീട്ടിലെത്തും മുമ്പേ പോലീസ് വീട്ടിലെത്തി. മാഡം പറഞ്ഞതനുസരിച്ച് വന്നതായിരുന്നു ആ പോലീസുകാര്‍. അവരില്‍ നിന്നാണ് അവള് ജോലിക്കാരിയായതും അവളെ തൊട്ടാല്‍ അകത്താവുമെന്നും ആ വീട്ടിലുള്ളവര്‍ അറിഞ്ഞത്. അതിന്റെയൊക്കെ തുടര്‍ച്ചയായാണ് അവളും വിഷ്ണുവും കുഞ്ഞും വിഷ്ണുവിന്റെയും അവളുടെയും ജോലിസ്ഥലങ്ങളുടെ ഇടയിലുള്ള ഒരു വാടകവീട്ടിലേക്കു മാറിയത്. കുഞ്ഞിനെ നോക്കാന്‍ ഒരു ജോലിക്കാരിയെ പകല്‍ ഏര്‍പ്പാടാക്കിയതും വീട്ടുവാടകയും ചെലവും നടത്തിയതും അവളാണ്. ആ വര്‍ഷം തന്നെ അവള് വീണ്ടും പെറ്റു. പ്രസവാവധിയിലും പ്രസവസമയത്തും അവള് അയാളുടെ വീട്ടിലേക്ക് പോയില്ല. അതിനാല്‍ തന്നെ വീട്ടുകാരുടെ ഉപദ്രവം പിന്നീട് കാര്യമായി ഉണ്ടായില്ലെങ്കിലും വിഷ്ണു തന്റെ ശീലം തെറ്റിച്ചില്ല. ഉറങ്ങിയ മക്കളെ അപ്പുറത്തെ റൂമിലാക്കി അടച്ചിട്ട ശേഷം അയാള്‍ അവളെ മതിവരുവോളം ഉപദ്രവിച്ചു.
അങ്ങനെയൊരു ദിവസം രാത്രിയിലാണ് അവള്‍ക്ക് കടുത്ത വയറുവേദന വന്നത്. ട്രാന്‍സ്ഫര്‍ നൂലാമാലകളില്‍ പെട്ട് അവളും വേണുവും ഓഫീസ് മാറിയിരുന്നെങ്കിലും രണ്ടു പേരും തിരിച്ച് അതേ ഓഫീസിലെത്തിയിട്ട് അപ്പോഴേക്കും വീണ്ടും ഒരു വര്‍ഷം തികഞ്ഞിരുന്നു. ഏതാണ്ട് അതേ സമയത്താണ് സതീഷും അതേ ഓഫീസില്‍ എത്തിയത്. സതീഷിന്റെ നെഞ്ചുവേദനയ്ക്കു ശേഷം കൃഷ്ണയും വേണുവും സതീഷും തമ്മില്‍ നല്ലൊരു സൗഹൃദം ഉണ്ടാവുകയും അതിനിടെ കൃഷ്ണ അറിയാതെ അവളുടെ മുഴുവന്‍ കഥകളും വേണു സതീഷിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു.
ഏതാണ്ട് പുലര്‍ച്ചെ രണ്ടരയോടെയാണ് വേദന കടുത്തതും ഒരു തുള്ളി മൂത്രം പുറത്തുപോവാതായതും. വേദന സഹിക്കാനാവാതെ അവള് കിടന്നു പിടഞ്ഞു. അവളുടെ കരച്ചില് കേട്ട് കുട്ടികള്‍ ഉണര്‍ന്നു കരയാന്‍ തുടങ്ങി. തന്നെ ഒന്ന് ആശുപത്രിയില്‍ കൊണ്ടു പോവാന്‍ അവള് കാലുപിടിച്ചു കരഞ്ഞിട്ടും വിഷ്ണു തയ്യാറായില്ല. അയാള്‍ കുട്ടികളെയും കൂട്ടി അപ്പുറത്തെ റൂമിലേക്കു നടന്നു. കുട്ടികളുടെ കരച്ചിലോ അപേക്ഷയോ പോലും അയാള്‍ വകവെച്ചില്ല.
ഒടുവില്‍ ഗതികെട്ട് അവള് വേണുവിനെയും സതീഷിനെയും വിളിച്ചു. സതീഷ് ഉടന്‍ തന്നെ കാറുമായി വേണുവിന്റെ വീട്ടില്‍ ചെന്ന് വേണുവിനെയും ഭാര്യയെയും കൂട്ടി കൃഷ്ണയുടെ വീട്ടിലെത്തി. സ്ത്രീകളാരും ഇല്ലാതെ സതീഷിനൊപ്പം അവള് ആ രാത്രി ഇറങ്ങിയാല്‍ സംഭവിക്കാന്‍ പോകുന്ന അക്രമങ്ങള്‍ ഓര്‍ത്താണ് അയാള്‍ അത് ചെയ്തത്. എന്നാല്‍ അവര്‍ എത്തുമ്പോള്‍ കൃഷ്ണ വീണ്ടും മരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. സാരിയില്‍ കുരുക്കിടാനുള്ള അവളുടെ ശ്രമത്തിനിടെയാണ് കാര്‍ ഹോണടിച്ചത്.
ഹാളില്‍ തന്നെയുള്ള ടേബിളിനു മുകളിലെ കസേരയും ഫാനിലെ കുരുക്കും കണ്ട സതീഷിന് കാര്യം പിടികിട്ടി. മൂത്രത്തിലെ കല്ല് പുറത്തുവരുന്നതിന്റെ വേദനയായിരുന്നു കൃഷ്ണയ്ക്ക്. ആശുപത്രിയും ട്യൂബിടലും ഇഞ്ചക്ഷനും. ഒടുവില്‍ വേദന അല്പം കുറഞ്ഞ സമയത്ത് സതീഷ് ചോദിച്ചു: ”ഞങ്ങള്‍ വരാന്‍ വൈകിയിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു?”
”എങ്കില്‍ ഞാനിപ്പോള്‍ മരിച്ചുകഴിഞ്ഞിരുന്നേനെ…” അവള് ശൂന്യതയില്‍ കണ്ണുനട്ട് പറഞ്ഞു.
”എങ്കില്‍ ആ ഉപേക്ഷിച്ചുകളയുന്ന ജീവന് എനിക്ക് തന്നൂടേ? ഞാന്‍ പൊന്നു പോലെ നോക്കാം…” സതീഷിന്റെ വാക്കുകള്‍ അവള്‍ക്ക് അവിശ്വസനീയമായി തോന്നി.
”തമാശയായി പറഞ്ഞതല്ല. തന്നേക്കാള്‍ പത്തു പതിനേഴ് വയസ്സു കൂടുതലുണ്ടാവും എനിക്ക്. ഇടയ്ക്കിടെ അറ്റാക്കുകള്‍ വന്നു ചിതറിയ ഹൃദയമാണ്. നിയമപരമായി ഒരു ഭാര്യയും രണ്ട് ആണ്‍മക്കളുമുണ്ട്. അവര്‍ക്ക് വീടു വെച്ച് കൊടുത്തിട്ടുണ്ട്, ചെലവിനും കൊടുക്കണം. പക്ഷേ, അവളും ഞാനും വര്‍ഷങ്ങളായി അകന്നാണ് കഴിയുന്നത്. സര്‍ക്കാര്‍ ജോലിക്കാരനായതിനാല്‍ രണ്ടാം വിവാഹത്തിന് നിയമപരമായി പ്രശ്നങ്ങളുണ്ടെന്നറിയാം. എങ്കിലും ഇതൊക്കെ അറിഞ്ഞ് കൂടെ വരാമെങ്കില്‍ വരാം. എപ്പോള്‍ വേണമെങ്കിലും അണയാവുന്ന വിളക്കാണ്. പക്ഷേ, അണയും വരെ വെട്ടമായി കൂടെ കാണും.”
അവള്‍ക്ക് മറ്റൊന്നും ചിന്തിക്കാന്‍ ഉണ്ടായിരുന്നില്ല. മരിക്കും മുമ്പേ ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം; അത്രയും നേരം സമാധാനമായൊന്ന് കഴിയണമെന്നു തോന്നിയ നിമിഷങ്ങള്‍. എന്നിട്ടും അവള്‍ക്ക് സംശയമായിരുന്നു: എങ്ങനെ വിഷ്ണുവില് നിന്നു രക്ഷപ്പെടും? എങ്ങനെ മക്കളെ പറഞ്ഞു മനസ്സിലാക്കും?
വേദന മാറിയ അവളെ തിരികെ വീട്ടില്‍ കൊണ്ടുവിടാന്‍ സതീഷ് തനിച്ചാണ് പോയത്. കുട്ടികള്‍ രണ്ടു പേരും നല്ല ഉറക്കമായിരുന്നു. സതീഷ് ഇറങ്ങിയ പാടെ വിഷ്ണു കുട്ടികള്‍ കിടക്കുന്ന റൂമിന്റെ വാതില്‍ പുറത്തു നിന്നു പൂട്ടി. പതിവു പോലെ കൃഷ്ണയെ കെട്ടിയിട്ട് അടിച്ചു. അവളുടെ വസ്ത്രങ്ങളും ഡയറികളും കൂട്ടിയിട്ട് കത്തിച്ചു. കുട്ടികളെ ഇനി കാണാന്‍ കിട്ടില്ലെന്ന് ഭീഷണി മുഴക്കി. വൈകീട്ട് സതീഷ് വന്നാണ് അവളെ കെട്ടഴിച്ചുവിട്ടത്. നിഭമോള് മുറിക്കകത്തു നിന്ന് ഉറക്കെ അമ്മയെ വിളിച്ച് കരയുന്നുണ്ടായിരുന്നു. സതീഷിന്റെ ഇടപെടലും പോലീസിനെ വിളിക്കുമെന്ന ഭീഷണിയും ഫലിച്ചു. നിഭമോളെ കൃഷ്ണയ്ക്ക് കിട്ടി. അന്ന് ഉടുതുണിയോടെ ഇറങ്ങിപ്പോന്നതാണ്. പിന്നീട് മോനെ കാണാനും കഴിഞ്ഞില്ല.
ടൗണിലെ ഫ്ളാറ്റില്‍ താങ്ങാവുന്ന വാടകയില്‍ കൃഷ്ണയ്ക്കും മക്കള്‍ക്കും സൗകര്യമൊരുക്കിയിരുന്നു സതീഷ്. വിഷ്ണുവിനടുത്തു നിന്ന് ഇറങ്ങിയ ഉടനെ ആദ്യം സതീഷ് നല്ലൊരു റസ്റ്റോറന്റിലേക്കാണ് അവരെ കൊണ്ടുപോയത്. വയറു നിറയെ നല്ല ഭക്ഷണം. പിന്നെ അടുത്തുള്ള മാളില്‍ കയറി വസ്ത്രങ്ങളും വീട്ടിലേക്കു വേണ്ട അത്യാവശ്യം സാധനങ്ങളും. അവരെ ഫ്ളാറ്റില്‍ കൊണ്ടുവന്നു വിട്ട് തിരിച്ചിറങ്ങവെ സതീഷ് പറഞ്ഞു:
”ഒരുപക്ഷേ, നാളെ രാവിലെ ഞാന്‍ നിങ്ങളെ കാണാന്‍ വന്നില്ലെന്നു വരാം. ജീവിതമാണ്, എപ്പോള്‍ വേണമെങ്കിലും അണയാം. ജീവിതത്തില്‍ എന്തുതന്നെ വന്നാലും ആത്മഹത്യ എന്ന ചിന്ത പോലും വരരുത്. ധൈര്യമായി മുന്നോട്ടു പോകണം. കൂലിപ്പണി ചെയ്തെങ്കിലും മക്കളെ പോറ്റണം. ആരില്ലെങ്കിലും ജീവിക്കണം…”
(തുടരും)