നിങ്ങള്‍ ജോലിയില്‍ നിന്ന് ബ്രേക്ക് എടുക്കാറുണ്ടോ എന്ന ചോദ്യം ഈ തലമുറയോട് പ്രത്യേകം ചോദിക്കേണ്ട ഒന്നാണെന്ന് തോന്നുന്നുണ്ടോ? തൊഴിലില്ലായ്മ രൂക്ഷമാവുകയും ജോലി ലഭിക്കാന്‍ ഏറെ പ്രയാസപ്പെടുകയും ചെയ്യുന്ന ഒരു കാലമാണിത്. പക്ഷെ, ലഭിച്ച തൊഴില്‍ ജീവിതത്തിന് ഉപകാരപ്പെടുന്ന വിധം ഫലപ്രദമായി കൊണ്ടുനടക്കാന്‍ പലരും പ്രയാസപ്പെടുന്നുവെന്നതാണ് യാഥാര്‍ഥ്യം. പാഷനെന്നോ ഇഷ്ടമെന്നോ വിളിക്കാവുന്നോ തൊഴില്‍ ലഭിച്ചാല്‍ പോലും ഇടക്കിടെ തൊഴിലിന് വിശ്രമം നല്‍കി മറ്റു കാര്യങ്ങളില്‍ വ്യാപൃതമാകണം. ബ്രേക്ക് എടുക്കുക എന്നാല്‍ ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല, മറിച്ച് കൂടുതല്‍ ഉല്‍പ്പാദനക്ഷമത കൈവരിക്കാനുള്ള എളുപ്പവഴിയാണ്.
ജോലി സമയവും വിശ്രമവേളയും സംബന്ധിച്ച് കൃത്യമായ അതിര്‍വരമ്പുകള്‍ സൂക്ഷിക്കുക, വീട്ടുകാര്യങ്ങളും തൊഴിലും വെവ്വേറെയായി കൈകാര്യം ചെയ്യുക, കൃത്യമായ ഉറക്കം പരിശീലിക്കുക, മുന്‍ഗണനകളുടെ ലിസ്റ്റ് തയ്യാറാക്കുക, സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സമയം കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളാണ് ജോലിയും ജീവിതവും സന്തുലിതമായി കൊണ്ടുപോകുവാന്‍ വേണ്ടി വിദഗ്ധര്‍ നിർദേശിക്കുന്നത്. വര്‍ക്ക് ലൈഫ് ബാലന്‍സിലെ ഏറ്റവും പ്രധാന ചേരുവ കുടുംബ ബന്ധവും സാമൂഹിക ഇടപാടുകളുമാണ്. തൊഴില്‍ ജീവിതത്തിനിടയില്‍ ഇത് മറന്നുപോയ്ക്കൂടാ.
വലിയ അക്കങ്ങളില്‍ ശമ്പളം പറ്റുന്ന പലരും വീണ്ടും വീണ്ടും പണം ഉണ്ടാക്കാനുള്ള ഓട്ടത്തിലാണ്. അതിനിടയില്‍ ജീവിക്കാനും സ്വന്തത്തിന് വേണ്ടി സമയം മാറ്റിവെക്കാനും മറക്കുന്നു. പിന്നീട് തിരിഞ്ഞുനോക്കുമ്പോഴാണ് ജീവിതത്തിലെ വിലപ്പെട്ട പലതും നഷ്ടമായതായി മനസ്സിലാവുക. ഒരാള്‍ക്ക് എന്ത് ലഭിച്ചാലാണ് സന്തോഷം കണ്ടെത്താനാവുക എന്ന ചോദ്യത്തിന് പലരും മറുപടി പറയാന്‍ ശ്രമിച്ചിട്ടുണ്ട്. സന്തോഷം ലഭിക്കുന്ന പല ഘടകങ്ങള്‍ ഉണ്ടെങ്കിലും ഒറ്റ ഘടകത്തിലേക്ക് അത് ചുരുക്കിയാല്‍ ബന്ധങ്ങള്‍ എന്ന ഉത്തരമാണ് ലഭിക്കുക. കുടുംബ ബന്ധവും സൗഹൃദവും സാമൂഹിക ഇടപഴകലും മറന്നുകൊണ്ടുള്ള കരിയര്‍ സ്വപ്‌നങ്ങള്‍ താത്കാലിക നേട്ടം മാത്രമാണ് സമ്മാനിക്കുക. ലൈഫിനെ ബാലന്‍സ് ചെയ്യാതെ തൊഴിലിടത്തെ പ്രമോഷനും പദവിയും മാത്രം ഉന്നമാക്കിയവര്‍ നിരാശയിലേക്ക് ആഴ്ന്നുപോകുന്നുവെന്നതാണ് പുതിയ കാലത്തെ അനുഭവ സത്യം.
ദൈവത്തോടും സഹജീവികളോടുമുള്ള ഉത്തരവാദിത്തം നിറവേറ്റുന്ന ഒരാള്‍ക്ക് മാത്രമാണ് ജീവിതത്തിന്റെ സൗന്ദര്യം കണ്ടത്താനാവുക. കേവലം ഭോഗതല്‍പരമായ ഘടകങ്ങളില്‍ മാത്രം ശ്രദ്ധയൂന്നുന്ന ആളുകള്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് തന്നെ വിരസത അനുഭവിക്കുന്നു. കണ്‍കുളിര്‍മ എന്നത് ഭൗതികമായ വിഭവങ്ങള്‍ കൊണ്ട് മാത്രം സാധ്യമാകുന്ന ഒന്നല്ല. ആത്മാവിന്റെ ചോദനകളും സഹജീവികളുടെ സ്‌നേഹവും കുടുംബത്തിന്റെ പരിഗണനയും സമര്‍പ്പണത്തിന് വഴിതുറക്കുന്ന സേവനങ്ങളും കൂടിച്ചേരുമ്പോഴാണ് ജീവിതത്തില്‍ സന്തോഷം കണ്ടെത്താനാവുക. സംതൃപ്തിയുള്ള ജീവിതം നേടാനാവുക എന്നത് ദൈവികമായ ഒരനുഗ്രഹം കൂടിയാണ്. .