ഒാരോ നിമിഷവും മരണത്തിലേക്കുള്ള ചുവടുകള്‍ ആണെന്നറിയാവുന്ന ഒന്നാണ് ജീവിതം. എങ്കിലും ഒരിക്കലും ഈ ലോകം വിട്ടുപോവില്ല എന്ന രീതിയില്‍ മനുഷ്യര്‍ പെരുമാറുന്നത് കാണുമ്പോള്‍ അതിയായ പ്രയാസം തോന്നും.
വായില്‍ തോന്നുന്ന എന്തും അത് എത്ര നീചവും അറപ്പുളവാക്കുന്നതുമാണെങ്കിലും തൊടുത്തുവിടുമ്പോള്‍, അപ്പുറത്തു നില്ക്കുന്നതും മജ്ജയും മാംസവുമുള്ള മനുഷ്യനാണെന്നും അവര്‍ക്കും കുടുംബവും കൂട്ടവുമുണ്ടെന്നും ഓര്‍മിക്കുന്നേയില്ല.
അത് പൊതുസമൂഹത്തില്‍ വെള്ളിവെളിച്ചത്തില്‍ തിളങ്ങിനില്ക്കുന്നവര്ക്കു നേരെയാവുമ്പോള്‍ ക്രൂരമായ ഒരാനന്ദം അത്തരം വാചാടോപക്കാര്‍ നിര്‍ലോഭം അനുഭവിക്കുകയും ചെയ്യുന്നു. യാതൊരു കാമ്പുമില്ലാതെ പടച്ചുവിടുന്ന വിഡ്ഢിത്തങ്ങള്‍ പുറത്തെത്തിക്കഴിഞ്ഞാല്‍ മീഡിയ അത് യാതൊരു ഉളുപ്പുമില്ലാതെ ഏറ്റുപിടിച്ചു കൊഴുപ്പിച്ച് താന്താങ്ങളുടെ റേറ്റിങ് കൂട്ടാന്‍ മത്സരിക്കുന്നു.
മരണപ്പെട്ടവരെ കുറിച്ച് നല്ലത് പറയാനാണ് പൊതുവെ ആളുകള്‍ ശ്രമിക്കുക. അവര്‍ ചെയ്ത നന്മകള് ഒളിപ്പിച്ചുവെച്ചാലും ഒളിച്ചിരിക്കാനാവാതെ സ്വയം പുറത്തേക്ക് ആര്‍ത്തലച്ചു തള്ളിവരുന്നതാണത്. ജീവിച്ചിരിക്കുമ്പോള്‍ ഒരു ചെറുവിരല്‍ അനക്കിയാല്‍ രക്ഷപ്പെട്ടേക്കാമായിരുന്ന പലതും സ്വന്തം സുരക്ഷിത താവളത്തില്‍ നിന്നു പുറത്തേക്കു കടക്കാന്‍ മടിയുള്ളവന്റെ കുംഭകര്‍ണസേവ കൊണ്ട് തകിടം മറിയുന്നു എന്നതാണ് യാഥാര്‍ഥ്യം.
പ്രിയ ഉമ്മന്‍ചാണ്ടിയുടെ വിയോഗം അത്തരത്തില്‍ നെഞ്ച് തകര്‍ത്ത ഒരു നോവായിരുന്നു. രാഷ്ട്രീയത്തില്‍ എന്ത് കൊള്ളരുതായ്മയും പറയും, പ്രവര്‍ത്തിക്കും എന്ന് തോന്നുംവിധമായിരുന്നു അന്ന് അദ്ദേഹം രാഷ്ട്രീയ മേലാളന്മാരുടെ തരംതാഴ്ന്ന ആരോപണത്തിന്റെ ബലിയാടായത്.
ജനങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. അത് നാനാതരം മനുഷ്യര്‍ക്കും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും സ്നേഹവും ചേര്‍ന്നതായിരുന്നു എന്നതിന്, മണിക്കൂറുകളോളം വെയിലും മഴയും വിശപ്പും ദാഹവും തളര്‍ച്ചയും ഒന്നും ഗൗനിക്കാതെ അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാന്‍ ജനങ്ങള്‍ കാത്തുനിന്നതുതന്നെ തെളിവ്.
ലോകത്തെ കുറിച്ചോ രാഷ്ട്രീയ കുതികാല്‍വെട്ടിനെ കുറിച്ചോ വലിയ ധാരണയൊന്നും ഇല്ലാതിരുന്നിട്ടും ആ രംഗം ടിവിയില്‍ കണ്ടുകൊണ്ടിരുന്ന എന്റെ ഉമ്മ പോലും കോപത്തോടെ പറഞ്ഞുപോയി, ‘ആ മനുഷ്യനു നേരെ അനാവശ്യങ്ങള്‍ പറഞ്ഞുപരത്തുമ്പോള്‍ ഈ ജനങ്ങളൊക്കെ എവിടെയായിരുന്നു’വെന്ന്.
നമ്മള് എന്തുകൊണ്ടാണ് ജീവിച്ചിരിക്കുമ്പോള്‍ ചെയ്യേണ്ടത് മരണശേഷം ചെയ്യുന്നത്? എതിര്‍ക്കേണ്ടതിനെ എതിര്‍ക്കാത്തത്? രാഷ്ട്രീയ പാര്‍ട്ടികളും മറ്റും ഇത് തങ്ങളുടെ ധര്‍മമെന്ന വ്യാജേന ചെയ്യുന്ന തരം താഴ്ന്ന പ്രവൃത്തികള്‍ക്കു നേരെ നാം സാധാരണ മനുഷ്യര്‍, ആത്മാഭിമാനവും ബോധവും വ്യക്തിത്വവും ഉള്ളവര്‍ നിര്‍വികാരതയോടെ കണ്ണടയ്ക്കുന്നത് എന്താണ്? അതോ ‘ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം’ എന്നതായോ നമ്മുടെ മുദ്രാവാക്യം?
തെളിയിക്കപ്പെടാത്ത ഒരു കാര്യം സത്യം എന്ന മട്ടില്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന മീഡിയയുടെ ദുഃസ്വാതന്ത്ര്യം നിയമപരമായി തന്നെ തടഞ്ഞേ പറ്റൂ എന്നു തോന്നിപ്പോകുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്ക് ഏറെ പ്രിയപ്പെട്ട ലോക സാഹിത്യകാരി കമലാ സുരയ്യ, കൊച്ചി വിട്ട് പൂനെയിലേക്കു പോയപ്പോള്‍, ”എന്റെ നാട് എന്നെ മനസ്സിലാക്കുന്നില്ല. ഇനിയും ഇവിടെ പിടിച്ചുനില്ക്കാന് ആവില്ല. ഈ വാര്‍ധക്യവും രോഗവും ബാധിച്ച എന്നെ അര്‍ധരാത്രി പോലും ഉറക്കമിളച്ചിരുന്ന് ഫോണില്‍ വിളിച്ച് ആളുകള്‍ അശ്ലീലവും തെറിയും ഭീഷണിയുടെ സ്വരത്തില്‍ പറയുന്നു” എന്ന് ഹൃദയം കലങ്ങി പറഞ്ഞത് ഇന്നും ചങ്കില് ഇരുന്നു വിങ്ങുന്നുണ്ട്.
പേഴ്സണല്‍ സ്പേസ് എന്നൊന്നുണ്ട്. അതില്‍ കയറി കളിക്കാനും കൈകടത്താനുമുള്ള അവകാശം ഒരുത്തനുമില്ല. അത് മറ്റൊരാള്‍ ചെയ്യുന്നത് കണ്ടാല്‍ അതിനെതിരെ പ്രതികരിക്കാനുള്ള പക്വതയെങ്കിലും നാം കാണിക്കണം. മറ്റൊരാളെ നന്നാക്കാന്‍ കഷ്ടപ്പെടാതെ സ്വയം നന്നാവാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യുക.
മാഹാത്മ്യത്തെ, നന്മയെ, കലയെ ഉള്‍ക്കൊള്ളാന്‍ ഇനിയും എത്ര ദൂരം നാം താണ്ടണമെന്ന് വ്യസനപൂര്‍വം ഓര്‍ത്തുപോകുന്നു. നമ്മുടെ സ്വതന്ത്ര ബുദ്ധിയെ ഇനിയെങ്കിലും തക്കസമയത്ത് എടുത്തുപയോഗിക്കാന്‍ നമുക്കു സാധിക്കണം. ഇന്ന് നാം കല്ലേറ് നല്കുമ്പോള് നാളെ അത് നമുക്കും തിരിച്ചുകിട്ടാം എന്ന ബോധം ഉണ്ടായിരിക്കണം.
സ്വയം വിശ്വസിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍, സാമുദായിക-സാമൂഹിക സംസ്കാരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ആരായാലും ശക്തിയുക്തം വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ഇനിയെങ്കിലും നമുക്കു സാധിക്കണം.
രാഷ്ട്രീയം ഒരു വ്യക്തിയല്ല, മനുഷ്യരാശിയാണ്.