LoginRegister

ചിന്ത

സുഹാന പി

Feed Back


ചിന്തകളുടെ ചതവിലും
മുറിവിലും തൊടാതെ
ഞാനെന്നെ ചേര്‍ത്തു
പിടിക്കുന്നത് കാണുമ്പോള്‍
ഇപ്പുറത്തിരിക്കുന്ന രാത്രി
ചോദിക്കാറുണ്ട്
ഒറ്റക്കാണോ വന്നതെന്ന്.
കൂട്ടിരിക്കാന്‍ ഒരാളുണ്ടെങ്കിലേ
അസുഖം ഭേദമാകൂ
എന്നില്ലെന്ന് പറയാന്‍
തുടങ്ങിയെങ്കിലും
തിരിഞ്ഞു കിടന്നു.
പൊള്ളുന്ന വെയിലിലേക്ക്
ജനാല തുറന്നിട്ട്
വിളിച്ചു വരുത്തിയ രാത്രി
തണുപ്പിന്റെ
പുതപ്പിട്ടു തന്നു.
ഉണരുമെന്ന് ഉറപ്പില്ലാഞ്ഞിട്ടാവണം
ഉറക്കം വന്നു നോക്കിയതേ ഇല്ല.
മൗനം കനക്കുന്നു.
ഓര്‍മകള്‍ മണക്കുന്നു.
എന്റെ താളത്തോട്
ചേര്‍ന്നു പാടാതെ
ഹൃദയം മിടിക്കുന്നു.
ഇറങ്ങിപ്പോയ ശ്വാസങ്ങളില്‍
തിരിച്ചുവിളിക്കാതെ
കയറിവരുന്ന നിശ്വാസങ്ങള്‍.
സന്ദര്‍ശകരെ പുറത്തുനിര്‍ത്തി
വാതിലടച്ച്
നീണ്ടു നിവര്‍ന്നു
വെറുതെ കിടക്കുന്ന വേദനകള്‍.
എപ്പോള്‍ വേണമെങ്കിലും
പൊട്ടിപ്പോയേക്കാവുന്ന
ഒരു ചരടില്‍ കോര്‍ത്തു വെച്ച
മനസാണ്..
മരുന്ന് കുറിച്ചു തന്നിട്ടും
കഴിക്കാന്‍ മടിച്ചു നില്‍ക്കുന്ന
പക്വത വരാത്ത കുട്ടിയെ പോലെ
ഞാനെന്നെ തന്നെ
ചതവിലും മുറിവിലും
തൊടാതെയിങ്ങനെ
ചേര്‍ത്തു പിടിച്ച്
എന്നോട് ചേര്‍ക്കുന്നു.

categories
categories
കൂടുതൽ പംക്തികൾ
Back to Top