LoginRegister

കൂട്ടും കാവലുമൊരുക്കി സഫിയ

വി എസ് എം കബീര്‍

Feed Back


അബ്ദുല്ല അതീവ സുന്ദരനായിരുന്നു, പ്രവാചകന്‍ യൂസുഫിനെപ്പോലെ. മകന് 25 വയസ്സ് തികഞ്ഞപ്പോള്‍ തന്നെ അവനൊരു ഇണയെ തേടിത്തുടങ്ങിയിരുന്നു അബ്ദുല്‍ മുത്തലിബ്. സൗന്ദര്യവും കുടുംബമഹിമയും ഒത്തിണങ്ങിയ അബ്ദുല്ലയുടെ മണവാട്ടിയാകാന്‍ അന്നാട്ടിലെ പല കൗമാരക്കാരികളും കൊതിച്ചിരുന്നു. അവരില്‍ പലരുടെയും പിതാക്കള്‍ വിവാഹാലോചനയുമായി അബ്ദുല്‍ മുത്തലിബിനെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അബ്ദുല്‍ മുത്തലിബിന്റെ അന്വേഷണം ചെന്നെത്തിയത് ബനൂസുഹ്‌റയിലാണ്. സുഹ്‌റ ഗോത്രമുഖ്യന്‍ വഹബിന്റെ മകള്‍ ആമിനയില്‍. വഹബ് മരിച്ചിരുന്നു. പിതൃവ്യന്‍ വുഹൈബിന്റെ സംരക്ഷണത്തിലാണപ്പോള്‍ ആമിന. സൗന്ദര്യത്തിലും കുടുംബമഹിമയിലും അബ്ദുല്ലക്ക് ചേരുന്നവള്‍ തന്നെയായിരുന്നു അവള്‍.
ആമിനയെ പെണ്ണുകാണാനായി വുഹൈബിന്റെ വീട്ടിലെത്തിയ അബ്ദുല്‍ മുത്തലിബ് പക്ഷേ ആദ്യം കണ്ടത് വുഹൈബിന്റെ മകള്‍ ഹാലയെയാണ്. ആമിനയെപ്പോലെ തന്നെ അവളും സുന്ദരിയായിരുന്നു.
ആമിനയെ അബ്ദുല്ലക്കു വേണ്ടി പറഞ്ഞുറപ്പിച്ച് വീട്ടില്‍ നിന്നിറങ്ങും മുമ്പ് അദ്ദേഹം വുഹൈബിനോട് മറ്റൊരു കാര്യം കൂടി പറഞ്ഞു. മകള്‍ ഹാലയെ തനിക്ക് വിവാഹം ചെയ്തുതരാമോ എന്ന്. ഖുറൈശി ഗോത്രമുഖ്യനും മക്കയുടെ നേതാവുമാണ് അബ്ദുല്‍ മുത്തലിബ്. അദ്ദേഹത്തിന്റെ ആഗ്രഹം കേട്ട വുഹൈബിന് എന്തെന്നില്ലാത്ത സന്തോഷം. വിഷയം മകള്‍ ഹാലയുടെ മുമ്പാകെ അവതരിപ്പിച്ചു. വയസ്സ് 70ല്‍ എത്തിയെങ്കിലും അബ്ദുല്‍ മുത്തലിബ് കാഴ്ചയില്‍ ആരോഗ്യവാനും സൗന്ദര്യം ചോര്‍ന്നുപോകാത്ത വ്യക്തിയുമായിരുന്നു. അതുകൊണ്ടാവാം ഹാല സമ്മതം മൂളി. അങ്ങനെ പിതാവിന്റെയും മകന്റെയും വിവാഹം ഒരേ ദിവസം നിശ്ചയിക്കപ്പെട്ടു. മണവാട്ടിമാരാകട്ടെ സഹോദരിമാരും. സാഘോഷം ആ മംഗളകര്‍മം നടന്നു. ഹാല അബ്ദുല്‍ മുത്തലിബിന്റെയും ആമിന അബ്ദുല്ലയുടെയും ജീവിതസഖിമാരായി. നിറഞ്ഞ ആനന്ദങ്ങളോടെ ആ ദാമ്പത്യം മുന്നോട്ടുനീങ്ങി.
തൊട്ടടുത്ത വര്‍ഷം തന്നെ ആമിന ഗര്‍ഭിണിയുമായി. അതിനിടെയാണ് അബ്ദുല്ലയുടെ ആകസ്മിക വേര്‍പാടുണ്ടായത്. എന്നാല്‍ ആശ്വാസമെന്നോണം വൈകാതെ ആമിന പ്രസവിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ അബ്ദുല്‍ മുത്തലിബ് എന്തെന്നില്ലാത്ത ആഹ്ലാദത്തോടെ പൈതലിനെ വാരിയെടുത്ത് ഉമ്മകള്‍ നല്‍കി. ശേഷം പേരും വിളിച്ചു: മുഹമ്മദ്.
പിന്നെയും രണ്ടു വര്‍ഷം കഴിഞ്ഞാണ് ഹാല ഗര്‍ഭിണിയായത്. അടുത്ത വര്‍ഷം അവളും മാതാവായി. പിറന്നത് പെണ്‍കുഞ്ഞ്. ഉപ്പ തന്നെ അവള്‍ക്കും പേരിട്ടു: സഫിയ. മൂന്നു വയസ്സിന് ഇളയവളായ സഫിയ മുഹമ്മദിന്റെ അമ്മായിയായിരുന്നു.
മുലകുടിപ്രായം കഴിഞ്ഞ് ഹലീമയുടെ വീട്ടില്‍ നിന്ന് തിരികെയെത്തിയ മുഹമ്മദിന് കളിക്കൂട്ടുകാരായത് അഞ്ചു വയസ്സിനു മൂപ്പുള്ള പിതൃവ്യന്‍ അബ്ബാസും മൂന്നു വയസ്സിന് ഇളയ സഫിയയുമായിരുന്നു. ഉമ്മയുടെ മരണത്തോടെ മുഹമ്മദിനോടുള്ള പിതാമഹന്റെ സ്‌നേഹം പതിന്മടങ്ങ് കൂടി. മക്കളായ സഫിയ, അബ്ബാസ്, ഹംസ എന്നിവരെക്കാളെല്ലാം അദ്ദേഹം മുഹമ്മദിന് സ്വാതന്ത്ര്യവും ലാളനയും നല്‍കി. സഫിയയും മുഹമ്മദും തമ്മിലായിരുന്നു കൂടുതല്‍ കൂട്ട്. ഇവര്‍ തമ്മിലുള്ള വഴക്ക് തീര്‍ത്തിരുന്നത് അബ്ബാസായിരുന്നു. ഈ കളിക്കൂട്ടുകാര്‍ തന്നെയാണ് പില്‍ക്കാലത്ത് നബിക്ക് പലപ്പോഴും തണലായി നിന്നതും, വിശേഷിച്ച് സഫിയ.
കാലം കടന്നുപോയി. കൗമാരത്തിലെത്തിയ സഫിയയെ ഹാരിസുബ്‌നു ഹര്‍ബ് വിവാഹം കഴിച്ചു. എന്നാല്‍ ആ ദാമ്പത്യം കൂടുതല്‍ കാലം നീണ്ടില്ല. ഹാരിസ് മരിച്ചു. വിധവയായ അമ്മായിക്കു വേണ്ടി മറ്റൊരു ആലോചന മുഹമ്മദാണ് കൊണ്ടുവന്നത്. തന്റെ പത്‌നി ഖദീജയുടെ സഹോദരന്‍ അവ്വാമുബ്‌നു ഖുവൈലിദായിരുന്നു വരന്‍. ഈ ഇണജീവിതത്തിലാണ് അവര്‍ക്ക് സുബൈര്‍ ജനിക്കുന്നത്.
വര്‍ഷങ്ങള്‍ കഴിഞ്ഞു. മക്കയുടെ പ്രയാണഗതി മാറ്റി മുഹമ്മദ് പ്രവാചകനായി നിയോഗിക്കപ്പെട്ടു. ദിവ്യവെളിപാടിന്റെ ആരംഭദിനങ്ങളില്‍ ഭയാശങ്കകള്‍ ബാധിച്ച നബി വീട്ടില്‍ തന്നെയായിരുന്നു. ഈ വേളയില്‍ പലപ്പോഴും സഫിയ നബിയെ കാണാനെത്തി. കളിക്കൂട്ടുകാരന് ആശ്വാസം പകര്‍ന്നാണ് അവള്‍ മടങ്ങിയിരുന്നത്. രഹസ്യ പ്രബോധനം തുടങ്ങിയതോടെ നബി പറഞ്ഞ കാര്യങ്ങളെല്ലാം സമൂഹം തള്ളി. എന്നാല്‍ സഫിയ അതിനെ ഹൃദയത്തില്‍ സ്വീകരിച്ചിരുന്നു. കാരണം അല്‍അമീനിനെ മറ്റാരേക്കാളും അവള്‍ക്ക് അറിയാമായിരുന്നു.
അതിനിടെയാണ് ദൈവിക കല്‍പനയിറങ്ങുന്നത്. പരസ്യബോധനം തുടങ്ങണം. അത് കുടുംബത്തില്‍ നിന്ന് ആരംഭിക്കുകയും വേണം. ഇതിനു പിന്നാലെ അലി മുന്‍കൈയെടുത്ത് കുടുംബയോഗം വിളിച്ചു. ഭക്ഷണവും ഒരുക്കിയിരുന്നു. തിരുനബി സംസാരം തുടങ്ങി: ”നിങ്ങളെ സത്യമതത്തിലേക്ക് ക്ഷണിക്കാന്‍ അല്ലാഹു എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ എന്റെ സഹായികളാവണം…”
നീണ്ട നിശ്ശബ്ദതയ്ക്കിടയില്‍ അലി എഴുന്നേറ്റുനിന്നു പറഞ്ഞു: ”നബിയേ, ഞാന്‍ നിങ്ങളുടെ സഹായിയാകും.”
ഇതോടെ സദസ്സ് ഇളകി. പലരും എഴുന്നേറ്റു. പരിഹാസവാക്കുകളും ഗോഷ്ടികളുമായി ചിലര്‍ പിരിഞ്ഞുപോയി. പിതൃവ്യരായ അബൂത്വാലിബും ഹംസയും അബ്ബാസും ഒന്നും മിണ്ടിയില്ല. ഇവരുടെ അഞ്ച് സഹോദരിമാരും നിലപാട് എടുക്കാന്‍ കഴിയാതെ നിന്നു. എന്നാല്‍ സഫിയ മാത്രം ഉറച്ച തീരുമാനമെടുത്തു. മുഹമ്മദ് പറയുന്നത് സത്യമാണെന്ന് അംഗീകരിക്കാന്‍ അവള്‍ക്ക് ഒരാളുടെയും കൂട്ട് വേണ്ടായിരുന്നു.
മകന്‍ സുബൈറിനെയും കൂട്ടി അവള്‍ നബിയെ കണ്ടു. സത്യദീനില്‍ കൂടെയുണ്ടെന്ന് ദൂതരെ അറിയിച്ചു. അത് കേട്ട കളിക്കൂട്ടുകാരന്റെ മുഖത്ത് പരന്ന ആശ്വാസപ്പുഞ്ചിരി സഫിയയെ ആഹ്ലാദവതിയാക്കി. സഫിയയുടെ പാത പിന്തുടര്‍ന്നാണ് പിന്നീട് അബ്ബാസിന്റെ ഭാര്യ ഉമ്മുല്‍ ഫദ്ല്‍ ഉള്‍പ്പെടെ നിരവധി കുടുംബാംഗങ്ങള്‍ ഇസ്‌ലാമിലേക്ക് വന്നത്.
ഇസ്‌ലാമിനു വേണ്ടി ഉറച്ചുനിന്നു പോരാടിയ ഈ മഹതി ഹിജ്‌റയിലും ആരെയും കാത്തുനിന്നില്ല. മകനെയും ഒപ്പം കൂട്ടിയാണ് അവര്‍ മദീനയണഞ്ഞത്.
തിരുനബിക്ക് താങ്ങായും തണലായും രക്ഷാകവചമായും പലയിടത്തും സഫിയ കടന്നുവരുന്നുണ്ട്. ഉഹ്ദിലും ഖന്‍ദഖിലും ഖൈബറിലും അവളെ കാണാം. തിരുനബി സൈന്യസമേതം പുറത്തുപോകുമ്പോള്‍ മദീനയുടെ കാവല്‍ക്കാരിയായും സഫിയയെ നാം കാണും. മകന്‍ സുബൈറിനെയും ഇതേ വികാരത്തോടെയാണ് അവര്‍ വളര്‍ത്തിക്കൊണ്ടുവന്നത്. ജീവിതത്തില്‍ സഫിയയെ കരയിച്ചത് ഒന്ന് മാത്രമാണ്. പ്രിയ നബിയുടെ വേര്‍പാട്. ദുഃഖസാന്ദ്രമായ ആ വേളയില്‍ അവര്‍ രചിച്ച വിലാപകാവ്യം ചരിത്രപ്രസിദ്ധമാണ്. അത് തുടങ്ങുന്നത് ഇങ്ങനെ:
”സ്‌നേഹദൂതരെ നഷ്ടപ്പെട്ട ദിനമേ,
നീയൊരു വല്ലാത്ത നാളാണ്
നയനങ്ങള്‍ നനവിലലിയുന്ന നാള്‍
പ്രകാശിക്കുന്നുണ്ടെങ്കിലും സൂര്യന്‍
സങ്കടപ്പുതപ്പ് മൂടിയിരിക്കുന്നു.”
മകനെ ഇസ്‌ലാമിന് സമര്‍പ്പിച്ച് സഫിയ പിന്നെയും പത്ത് വര്‍ഷം ജീവിച്ചു. ഉമറിന്റെ ഭരണകാലത്ത് ഹിജ്‌റ 20ലാണ് അവരുടെ വിയോഗം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top